പെരുമൺ ദുരന്തം

(Peruman railway accident എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വൻ അപകടമാണ് പെരുമൺ ദുരന്തം എന്നു വിളിക്കുന്നത്. കേരളത്തിൽ നടന്ന വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പെരുമൺ റെയിൽവേ ദുരന്തം
പെരുമൺ ദുരന്തസ്മാരകം
വിവരണം
ദിവസം ജൂലൈ 8, 1988
സ്ഥലം അഷ്ടമുടി, കൊല്ലം, കേരളം
രാജ്യം ഇന്ത്യ
റയിൽ പാത കൊല്ലം - കായങ്കുളം
പ്രവർത്തകൻ ദക്ഷിണ റെയിൽവേ
അപകട രീതി തീവണ്ടി പാളം തെറ്റി
സ്ഥിതിവിവരക്കണക്കുകൾ
തീവണ്ടി(കൾ) 1
മരിച്ചവർ 105
പരിക്കേറ്റവർ 200


ദുരന്തത്തിൽ മരിച്ച 17 പേർക്ക് യഥാർത്ഥ അവകാശികളില്ലെന്ന കാരണം പറഞ്ഞ് റെയിൽവെ അധികാരികൾ നഷ്ടപരിഹാരം നൽകിയിട്ടില്ല. സ്വജീവൻ അവഗണിച്ച് നാല്പതോളം പേരെ മരണവക്കിൽ നിന്ന് രക്ഷിച്ച് രോഗിയായി മാറിയ കൊടുവിള സ്വദേശി വിജയൻ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർക്ക് അന്നത്തെ റെയിൽവെ മന്ത്രി മാധവറാവു സിന്ധ്യ വാഗ്ദാനം ചെയ്ത പാരിതോഷികം ഇനിയും പൂർണമായും നൽകിയിട്ടില്ല. മരിച്ച മുതിർന്നവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് 50,000 രൂപയുമായിരുന്നു നഷ്ടപരിഹാരം. [1]

എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ അഷ്ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു. അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്ന് ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പട്ടെങ്കിലും, യഥാർത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ് [2].റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണർ സൂര്യനാരായണൻ ആദ്യം സൂചിപ്പിച്ചിരുന്നു. പീന്നീട് റയിൽവേയുടെ മുഖം രക്ഷിക്കാനായി കുറ്റം ചുഴലിക്കാറ്റിൽ ആരോപിക്കുകയായിരുന്നു. [3] തീവണ്ടിയുടെ 10 ബോഗികളാണ് കായലിൽ വീണത്. 200-ഓളം പേർക്ക് പരിക്കേറ്റു[4].ദുരന്തം നടന്ന ദിവസം പാലത്തിലും പാലത്തിനു സമീപത്തും പാളത്തിൽ ജോലികൾ നടക്കുകയായിരുന്നു. [5] എൻജിൻ പാളം തെറ്റിയത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബോഗികൾ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്ക് വീഴുകയാണുണ്ടായതെന്ന് റെയിൽവേ അധികൃതർ ഒഴികെ ബാക്കിയെല്ലാവരും വിശ്വസിക്കുന്നു. തീവണ്ടി അമിത വേഗത്തിൽ വന്നുവെന്നോ പരിചയമില്ലാത്ത ആരോ ആണ് തീവണ്ടി ഓടിച്ചിരുന്നു എന്നും അവിദഗ്ദ്ധമായി ബ്രേക്കിട്ടതാണ് അപകട കാരണമെന്നും മറ്റും രഹസ്യമായി പലരും ചർച്ച ചെയ്തിരുന്നു [1] അന്നൊരു ചെറിയ മഴയും[6] നേരിയ കാറ്റും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സമീപവാസികൾ ആവർത്തിച്ചു പറഞ്ഞതാണ്.[7] പിന്നെയും അന്വേഷണം നടന്നു. മുൻ വ്യോമസേനാ ഉദ്യൊഗസ്ഥനായ സി.എസ്. നായിക് നടത്തിയ അന്വേഷണത്തിലും ടൊർണാഡോ കാര്യം അടിവരയിട്ടതോടെ പിന്നെ അന്വേഷണമൊന്നും നടന്നില്ല. [8] ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട്‌ പാർലമെന്റിൽ പോലും വെക്കേണ്ട എന്ന കീഴ്‌വഴ്ക്കം ഇത്‌ തങ്ങളിൽ തന്നെ ഒതുക്കിതീർക്കാൻ റെയിൽവെക്ക്‌ സഹായകമായി.

ദുരന്തദിനത്തിൽ കോരിച്ചൊരിയുന്ന മഴയിൽ പതിവിലും നേരത്തെയാണ്‌ ഐലന്റ്‌ എക്സ്പ്രസ്‌ എത്തിയിരുന്നത്‌. സംഭവ ദിവസം രാവിലെ തന്നെ പെരുമൺ പാലത്തിന്‌ സമീപം വളവുകളിൽ ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ പാളം തെറ്റാതിരിക്കാനായുള്ള പണികൾ നടന്നിരുന്നു. ജാക്കി വെച്ച്‌ പാളം ഉയർത്തിയ ശേഷം മെറ്റൽ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്‌. ഈ സമയം ട്രെയിനുകൾ വന്നാൽ ജീവനക്കാരൻ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച്‌ എഞ്ചിൻ ഡ്രൈവർ ട്രെയിനിന്റെ വേഗത പത്ത്‌ കിലോമീറ്ററിൽ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നാണ്‌ നിയമം. എന്നാൽ അപകടസമയം ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ അടുത്ത കടയിൽ പോയിരുന്നതായാണ്‌ അറിയുന്നത്‌. ഐലന്റ്‌ എക്സ്പ്രസ്‌ 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക്‌ സ്പീഡ്‌ മീറ്ററിൽ ഇത്‌ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിൻ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങൾ അന്നത്തെ തടി സ്ലീപ്പറിൽ ഉണ്ടായിരുന്നു.

മാപ്പിള ഖലാസികൾ ഉള്ളതുകൊണ്ടാണ് കായലിൽ വീണ ബോഗികൾ എടുക്കാൻ കഴിഞ്ഞത്. അപകടത്തിനു ശേഷം റെയിൽവെ പെരുമണിൽ ഒരു പുതിയ പാലം നിർമ്മിച്ചു. ദുരന്തം നടന്ന് അഞ്ച് വർഷത്തിനു ശേഷമാണ് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇവിടെ പുതിയ പാലം വന്നത്. എറണാകുളത്തെ സ്വകാര്യ കമ്പനിക്കായിരുന്നു നിർമ്മാണ ചുമതല. ഇവിടെ ഒരു ദുരന്തസ്മാരകം സ്ഥാപിച്ചിട്ടുണ്ട്. ദുരന്തം നടന്ന സ്ഥലത്ത് റെയിൽവേ നിർമിച്ച സ്മൃതി മണ്ഡപം വർഷങ്ങളായി കാടുപിടിച്ച് കിടക്കുകയായിരുന്നു. റെയിൽവേയുടെ കൈവശമുള്ള ഈഭൂമി തങ്ങൾക്ക് കൈമാറണമെന്ന് സംഘടനകൾ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഇതെല്ലാം അവഗണിച്ചു. മാത്രമല്ല വികസനമെന്ന പേരിൽ അധികൃതർ സ്മൃതി മണ്ഡപം പലതവണ മാറ്റിസ്ഥാപിക്കുകയും ചെയ്തു. റെയിൽവേ അധികൃതർ പെരുമൺ ദുരന്തത്തെ മറന്നുകഴിഞ്ഞു. ദുരന്തത്തിന്റെ വാർഷികദിനാചരണങ്ങളിൽ റെയിൽവേയുമായി ബന്ധപ്പെട്ട ആരും പങ്കെടുക്കാറില്ല. [1]

ദുരന്തത്തെക്കുറിച്ച്‌ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും ഇതുവരെയും ഫലം കണ്ടിട്ടില്ല. മരണപ്പെട്ടവരുടെ ബന്ധുക്കളിൽ പലർക്കും അർഹമായ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന പരാതി ഇന്നും നിലനിൽക്കുന്നു. 105 പേരാണ്‌ ദുരന്തത്തിൽ മരണപ്പെട്ടതെന്നിരിക്കെ ഇതിൽ മുപ്പതോളം പേർക്ക്‌ ഇനിയും നഷ്ട പരിഹാരം ലഭിച്ചിട്ടില്ല. ഇത്‌ സംബന്ധിച്ച നടപടികൾ സർക്കാർ ഉപേക്ഷിച്ച നിലയിലാണ്‌. പെരുമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 1990ൽ നിർമിച്ച പെരുമൺ ദുരന്ത റിലീഫ്‌ കേന്ദ്രം 23 വർഷമായിട്ടും അടഞ്ഞുകിടക്കുകയാണ്‌.


വിമർശനം

തിരുത്തുക

നാട്ടുകാരും സന്നദ്ധസംഘടനകളും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായാണ് പെരുമൺ ദുരന്തത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാൻ കഴിഞ്ഞത്. ആ ദുരന്തത്തോടൊപ്പം മനുഷ്യത്വം മരവിക്കുന്ന മറ്റൊരു വാർത്ത കൂടി കേട്ടു കേരളം. ശവത്തിൽ നിന്ന് മനുഷ്യൻ ധനം കവർന്ന് അറപ്പ്‌ മാറിയ രാത്രി ആയിരുന്നു അത്‌ എന്ന്. രാത്രിയുടെ മറവിൽ ഒരോ മൃതദേഹത്ത്‌ നിന്നും പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടു. ജീവനു വേണ്ടി യാചിച്ചവരുടെ ഇടയിലൂടെ നന്മയുടെ നീരുറവ വറ്റിയ ഒരു കൂട്ടർ കൊള്ള നടത്തി. അപകടത്തിൽപ്പെട്ട ബോഗികൾ ഉയർത്തുന്നതിനുള്ള റെയിൽവേയുടെ ശ്രമങ്ങൾ വേണ്ട പോലെ വിജയം കണ്ടില്ല. അപകടം കാണാൻ കൊല്ലത്തേക്കെത്തിയ ജനങ്ങൾ അന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാക്കി. ദുരന്തമാസ്വാദിക്കാൻ വേണ്ടി മാത്രം ദൂരെ ദിക്കിൽ നിന്നും കൊല്ലത്ത് തമ്പടിച്ചവർ പെരുമണിൽ തടിച്ചുകൂടി. പിന്നീട് ശവത്തിന്റെ ദുർഗന്ധം പരന്ന്നു തുടങ്ങിയപ്പോൾ പതുക്കെ കാഴ്ചക്കാർ പിൻവാങ്ങി തുടങ്ങി. ദിനങ്ങൾ അഞ്ച് കഴിഞ്ഞിട്ടും വെള്ളത്തിലാണ്ട് കിടന്നിരുന്ന ബോഗികളിൽ നിന്നും മൃതശരീരങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

  1. 1.0 1.1 1.2 [പെരുമൺ ദുരന്തത്തിന് 25 വയസ് www.malayalamemagazine.com/peruman-train-tragedy]
  2. http://malayalam.webdunia.com/newsworld/news/keralanews/0907/08/1090708003_1.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-15. Retrieved 2013-07-08.
  4. http://malayalam.webdunia.com/newsworld/news/keralanews/0907/08/1090708003_1.htm
  5. http://www.madhyamam.com/news/177488/120708
  6. http://www.reporteronlive.com/2013/07/08/31560.html
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-10. Retrieved 2013-07-08.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-07-08.
"https://ml.wikipedia.org/w/index.php?title=പെരുമൺ_ദുരന്തം&oldid=3938881" എന്ന താളിൽനിന്ന് ശേഖരിച്ചത്