ഗ്വാദലൂപേ മാതാവ്

1531 ഡിസംബറിൽ മരിയൻ പ്രത്യക്ഷീകരണം
(Our Lady of Guadalupe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പെ മെക്സിക്കോയിലെ ഒരു പ്രധാന സാംസ്കാരികവും മതപരവുമായ പ്രതീകമായാണ് കരുതപ്പെടുന്നത്,ഇത് രാജ്യത്തിൻ്റെ രക്ഷാധികാരിയായി കന്യകാമറിയത്തെ പ്രതിനിധീകരിക്കുന്നത്തിനു ക്രൈസ്തവ സഭയ്ക്ക് പ്രേചോധനമായ ചരിത്ര സംഭവമാണ്. 1531-ൽ മെക്സിക്കോ സിറ്റിക്ക് സമീപം ജുവാൻ ഡീഗോയ്ക്ക് പരിശുദ്ധ മറിയത്തിന്റെ രൂപം കാട്ടികൊടുതുകൊണ്ട് കത്തോലിക്കാ വിശ്വാസത്തിലേക്ക് അയിരങ്ങളെ അക്കർഷിക്കാൻ ഈ അത്ഭുതം കാരണമായി. ദശലക്ഷക്കണക്കിന് വിശ്വാസികൾക്കിടയിൽ ഭക്തിയും ആഘോഷവും പ്രചോദിപ്പിക്കുന്ന മെക്സിക്കോപ്രേതിക്കമാണ് ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പ്.വിശ്വാസം, പ്രതിരോധശേഷി, സംരക്ഷണം എന്നിവയുടെ ശക്തമായ ഒരു ചിഹ്നമായി ഗ്വാഡലൂപ്പിലെ പരിശുദ്ധ മറിയത്തെ വിശ്വാസിക്കൾ കാണുന്നു

ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പ്
ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പെയുടെ യഥാർത്ഥ രൂപമായി കരുതുന്ന ചിത്രം
 
ഗ്വാദലൂപേ മാതാവ് - മുഖരൂപം

ദർശനത്തിന്റെ കഥ ഹുവാനിൽ നിന്നു കേട്ട മെക്സിക്കോയിലെ സ്പെയിൻകാരൻ മെത്രാപ്പോലീത്ത ഫ്രേ ഹുവാൻ ഡി സുമരാഗാ, തെപ്പെയാക് മലയിലേക്ക് തിരികെ പോയി, ദർശനം നൽകിയ പെൺകുട്ടിയോട് അവളുടെ തിരിച്ചറിവിനായി അത്ഭുതാംശമുള്ള ഒരടയാളം ആവശ്യപ്പെടാൻ നിർദ്ദേശിച്ചു. ഹുവാന്റെ ആവശ്യം കേട്ട വിശുദ്ധകന്യക അയാളോട് മലമുകളിൽ നിന്ന് പൂക്കൾ ശേഖരിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അത് പൂക്കാലം അല്ലാതിരുന്നിട്ടും, സാധാരണ വരണ്ടുകിടക്കുന്ന മലമുകളിൽ ഹുവാൻ, മെക്സിക്കോയിൽ ഇല്ലാത്ത കാസ്റ്റിലിയൻ റോസാപ്പൂക്കൾ അപ്പോൾ കണ്ടെത്തിയത്രെ. ഹുവാന്റെ മേൽക്കുപ്പായത്തിനു താഴെ അയാൾ ശേഖരിച്ചു കൊണ്ടുവന്ന പൂക്കൾ ക്രമപ്പെടുത്തി വച്ച ശേഷം മാതാവ് അയാളെ തിരികെ അയച്ചു. മെത്രാപ്പോലീത്തയുടെ മുൻപിൽ 1531 ഡിസംബർ 12-ന് ഹുവാൻ മേൽക്കുപ്പായം നീക്കിയപ്പോൾ, പൂക്കൾ താഴെ വീണു. കുപ്പായത്തിൽ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ഹുവാനു പ്രത്യക്ഷപ്പെട്ട രൂപത്തിൽ വിശുദ്ധകന്യകയുടെ ചിത്രം അപ്പോൾ അത്ഭുതകരമായി ആലേഖനം ചെയ്യപ്പെട്ടിരുന്നു.[1] ലോകത്തിലെ ഏറ്റവും പേരുകേട്ട മരിയൻ തീർത്ഥകേന്ദ്രങ്ങളിൽ ഒന്നായ മെക്സിക്കോയിലെ ഗ്വാദലൂപേ മാതാവിന്റെ ബസിലിക്കായിൽ സൂക്ഷിച്ചിരിക്കുന്ന ദൈവമാതൃചിത്രം ഇങ്ങനെ ഉണ്ടായതാണെന്നു വിശ്വാസികൾ കരുതുന്നു. [2].

ഈ ചിത്രം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത് 1556-ൽ ആണ്. ഡൊമനിക്കൻ സഭാംഗമായിരുന്ന ദെ മൊന്റുഫർമെത്രാപ്പോലീത്ത ചിത്രത്തെയും അതിനെ സംബന്ധിച്ച അത്ഭുതങ്ങളേയും കുറിച്ച് ഒരു മതപ്രഭാഷണത്തിൽ വിവരിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കു ശേഷം തെപ്പെയാകിലെ പള്ളിയുടെ ചുമതലക്കാരനായ ഫ്രാൻസിസ്കൻ വൈദികൻ ഫ്രാൻസിസ്കോ ദെ ബസ്റ്റാമന്റെ, ഇത്തരം 'അന്ധവിശ്വാസങ്ങളുടെ' പ്രചരണത്തിൽ തനിക്കുള്ള ആശങ്ക വൈസ്രോയിക്ക് മുൻപിൽ പ്രകദിപ്പിക്കുകയുണ്ടായി. മാക്കോസ് സിപക് ദെ അക്നോഎന്ന ഒരു പൂർവനിവാസി വരച്ച ചിത്രത്തിന്റെ പേരിൽ ഇത്തരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് പൂർവ്വനിവാസികളെ പ്രതികൂലമായ് ബാധിക്കും എന്നും അദ്ദേഹം ഭയപ്പെട്ടു. [3]

അടുത്തദിവസം മെത്രാപ്പോലീത്ത ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോഴും ഫ്രാൻസിസ്കന്മാർ അവരുടെ നിലപാട് ആവർത്തിച്ചു. ചിത്രം വരച്ചത് പൂർവനിവാസിയായ ഒരു ചിത്രകാരനാണെന്നതിന് അവർ ചില സാക്ഷികളേയും അവതരിപ്പിച്ചു. അതേസമയം മെത്രാപ്പോലീത്തയും മറ്റു ഡൊമിനിക്കൻ സന്യാസികളും, ഗ്വാദലൂപേ മാതാവ് എന്ന പേരിൽ ചിത്രത്തെ വണങ്ങാൻ ദേശവാസികളെ അനുവദിക്കണം എന്ന നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് മെത്രാപ്പോലീത്ത, ദേവാലയത്തെ ഫ്രാൻസിസ്കന്മാരുടെ മേൽനോട്ടത്തിൽ നിന്നു വിടുവിക്കാനും വലിയ മറ്റൊരു ദേവാലയം നിർമ്മിച്ച് അവിടെ ചിത്രം പ്രതിഷ്ഠിക്കാനും തീരുമാനിച്ചു.

 
ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പെയുടെ ഒരു ദേവാലയ പുനച്ചിത്രികരണം

ഈ ചിത്രം മെക്സിക്കോയുടെ ഏറ്റവും പേരുകേട്ട ധാർമ്മിക-സാംസ്കാരിക പ്രതീകമാണ്. "മെക്സിക്കോയുടെ റാണി"[4] എന്നു പുകഴ്ത്തപ്പെടുന്ന ഈ ദൈവമാതൃസങ്കല്പത്തിന് "ഫിലിപ്പീൻസിന്റെ മദ്ധ്യസ്ഥ" തുടങ്ങിയ ഇതര വിശേഷണങ്ങളും പിൽക്കാലങ്ങളിൽ നൽകപ്പെട്ടു. 1999-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഗ്വാദലൂപേ മാതാവിനെ "അമേരിക്കകളുടെ മദ്ധ്യസ്ഥ", "ലത്തീൻ അമേരിക്കയുടെ രാജ്ഞി", "ഗർഭസ്ഥശിശുക്കളുടെ സംരക്ഷക"[5][6][7] എന്നീ പേരുകൾ നൽകിയും ബഹുമാനിച്ചു..

പക്ഷാന്തരം

തിരുത്തുക

പശ്ചിമാർദ്ധഗോളത്തിലെ കൊളംബിയൻ യുഗത്തിന്റെ തുടക്കത്തിനു മുൻപ്, മെക്സിക്കോ നഗരത്തിനടുത്തുള്ള തെപ്പെയാക് മലയടിവാർത്തിൽ ഉണ്ടായിരുന്ന ടൊനാന്റ്സിൻ ദേവിയുടെ ആരാധന പരിണമിച്ചുണ്ടായതാണ് ഗാദലൂപേ പ്രതിഭാസം എന്നു കരുതപ്പെടുന്നു. ഈ വാദമനുസരിച്ച്, നവ്വാട്ടിൽ ഭാഷയിൽ സർപ്പത്തെ തകർക്കുന്നവൾ എന്നർത്ഥമുള്ള 'കോട്‌ലാഹോപ്വേ' (Coatlaxopeuh) എന്ന, വാക്കിൽ നിന്നാകാം ഗ്വാദലൂപേ എന്ന പേരുണ്ടായത്.

തേക്കേ അമേരിക്കയിൽ അധിനിവേശം നടത്തിയ സ്പെയിൻകാർ, തെപ്പെയാകിൽ നിലനിന്നിരുന്ന ടൊനാൻസിയൻ ദേവീ ക്ഷേത്രം തകർക്കുകയും തൽസ്ഥാനത്ത് കന്യാമറിയത്തിന്റെ പള്ളി പണിയുകയുമാണുണ്ടായതെന്നു ചിലർ വാദിക്കുന്നു. അമേരിക്കയിലെ പൂർവനിവാസികൾ അവരുടെ മാതൃദേവിയായ ടൊനാൻസിയൻ ദേവിയുടെ ആരാധനയ്ക്ക് ഉപയോച്ചിരുന്നതായിരുന്നു ആ ക്ഷേത്രം. ഇക്കഥയനുസരിച്ച്, മതപരിവർത്തനത്തിനു വിധേയരാക്കപ്പെട്ട അമേരിക്കൻ പൂർവ്വനിവാസികൾ തുടർന്നും അവിടെ ആരാധനയ്ക്കായ് എത്തുകയും, തങ്ങളുടെ പഴയ ദേവിയുടെ സ്മരണയിൽ കന്യാ മറിയത്തെ പലപ്പോഴും ടൊനാൻസിയൻ എന്നു തന്നെ വിളിക്കുകയും ചെയ്തു.[8]

  1. "English translation of the account in Nahuatl". Archived from the original on 2007-10-22. Retrieved 2007-10-22.
  2. EWTN.com
  3. Poole, Stafford. Our Lady of Guadalupe. The Origins and Sources of a Mexican National Symbol, 1531–1797, Tucson: University of Arizona Press, 1997
  4. Marys-Touch.com
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-26. Retrieved 2012-07-22.
  6. "CatholicFreeShipping.com". Archived from the original on 2012-03-21. Retrieved 2012-07-22.
  7. Britannica.com
  8. D. A. Brading, Mexican Phoenix: Our Lady of Guadalupe, (Cambridge University Press, 2001,) pp.1–2
"https://ml.wikipedia.org/w/index.php?title=ഗ്വാദലൂപേ_മാതാവ്&oldid=4119822" എന്ന താളിൽനിന്ന് ശേഖരിച്ചത്