ഒറിജിൻ ഓഫ് സ്പീഷീസ്

(On the Origin of Species എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീവപരിണാമശാസ്ത്രത്തിന്റെ അടിസ്ഥാനപാഠമായി കരുതപ്പെടുന്ന പ്രസിദ്ധരചനയാണ് ഒറിജിൻ ഓഫ് സ്പീഷീസ് അല്ലെങ്കിൽ "വംശോല്പത്തി". ചാൾസ് ഡാർവിൻ ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഈ വിഖ്യാതഗ്രന്ഥം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 1859 നവംബർ 24-നാണ്. "പ്രകൃതിനിർദ്ധാരണം വഴിയുള്ള വംശോല്പത്തി, അല്ലെങ്കിൽ ജീവിതസമരത്തിൽ തെരഞ്ഞെടുക്കപ്പെട്ടവയുടെ നിലനിൽപ്പ്" എന്നായിരുന്നു ആദ്യപതിപ്പുകളുടെ മുഴുവൻ പേര്. "വംശോല്പത്തി" എന്ന ചെറിയ പേര് ആദ്യമായി സ്വീകരിച്ചത് ആറാം പതിപ്പിലാണ്. ജീവിസമൂഹങ്ങൾ തലമുറകളിലൂടെ പ്രകൃതിനിർദ്ധാരണപ്രക്രിയ മുഖേന പരിണമിക്കുന്നു എന്ന സിദ്ധാന്തം ഈ കൃതി മുന്നോട്ടു വച്ചു. ഒരേ ആരംഭത്തിൽ നിന്ന് ശാഖകളായി പിരിഞ്ഞുള്ള പരിണാമത്തിലൂടെയാണ് പ്രകൃതിയിലെ ജീവവൈവിദ്ധ്യം ഉണ്ടായതെന്നതിന് ഈ കൃതി ഒരുപറ്റം തെളിവുകൾ അവതരിപ്പിച്ചു. ഈ തെളിവുകളിൽ 'ബീഗിൾ' എന്ന ബ്രിട്ടീഷ് പര്യവേഷണക്കപ്പലിൽ 1830-കളിൽ നടത്തിയ യാത്രക്കിടെ ഡാർവിൻ ശേഖരിച്ചവയും, അന്വേഷണങ്ങളും, കത്തിടപാടുകളും, പരീക്ഷണങ്ങളും വഴി പിൽക്കാലങ്ങളിൽ അദ്ദേഹം നടത്തിയ കണ്ടെത്തലുകളും ഉൾപ്പെടുന്നു.[1]

"ഒറിജിൻ ഓഫ് സ്പീഷീസ്" - 1859-ലെ ആദ്യപതിപ്പിന്റെ പുറംചട്ട

ജീവശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകളെ വിശദീകരിക്കാൻ ജീവപരിണാമത്തെ സംബന്ധിച്ച പലതരം ആശയങ്ങൾ നേരത്തേ അവതരിപ്പിക്കപ്പെട്ടിരുന്നു. അത്തരം ആശയങ്ങൾക്ക് വിമതശാസ്ത്രജ്ഞന്മാർക്കും സാമാന്യജനത്തിനും ഇടയിൽ ഒരളവുവരെ സ്വീകൃതി ലഭിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിൽ ശാസ്ത്രരംഗത്തെ ആധികാരികസ്ഥാപനങ്ങൾ ആംഗ്ലിക്കൻ സഭയുടെ വരുതിയിൽ ആയിരുന്നതും, ഭൗതികശാസ്ത്രം തന്നെ ദൈവശാസ്ത്രത്തിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടിരുന്നതും പുത്തൻ ആശയങ്ങളുടെ സാമാന്യസ്വീകൃതിക്കു തടസ്സമായി. ജീവിവർഗ്ഗങ്ങൾ ആസൂത്രിതമായ ഒരു ശ്രേണീവ്യവസ്ഥയുടെ ഭാഗമായി മാറ്റമില്ലാതെ നിലനിൽക്കുന്നവയാണെന്നും മറ്റു ജീവജാതികളുമായി ബന്ധമില്ലാത്ത അതുല്യസൃഷ്ടിയാണ് മനുഷ്യൻ എന്നും മറ്റുമുള്ള ധാരണകളുമായി പരിണാമാശയങ്ങൾക്ക് പൊരുത്തം ഇല്ലായിരുന്നു. അതിനാൽ, പുതിയ കണ്ടെത്തലുകളുടെ രാഷ്ട്രീയ, ദൈവശാസ്ത്രമാനങ്ങൾ തീവ്രമായി ചർച്ചചെയ്യപ്പെട്ടെങ്കിലും അവയ്ക്ക് ശാസ്ത്രമുഖ്യധാരയുടെ അംഗീകാരം കിട്ടിയില്ല.

സാമാന്യജനങ്ങൾക്കു വേണ്ടി എഴുതപ്പെട്ട ഡാർവിന്റെ കൃതി, ഈ സാഹചര്യങ്ങൾ നിലനിൽക്കെയും, വ്യാപകമായ ശ്രദ്ധ നേടി. ഗ്രന്ഥകർത്താവ് ഒരു പ്രഗല്ഭശാസ്ത്രജ്ഞൻ ആയിരുന്നതിനാൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ഗൗരവപൂർവം പരിഗണിക്കപ്പെടുകയും അദ്ദേഹം മുന്നോട്ടുവച്ച തെളിവുകൾ ശാസ്ത്ര-ദാർശനിക-ധാർമ്മിക മേഖലകളിൽ സമഗ്രമായി ചർച്ചചെയ്യപ്പെടുകയും ചെയ്തു. ശാസ്ത്രീയമായ പ്രകൃതിദർശനത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഭൗതികശാസ്ത്രത്തെ മതേതരമാക്കാനുള്ള ടി.എച്ച്. ഹക്സ്‌ലിയുടേയും അദ്ദേഹം അംഗമായ എക്സ്-സംഘത്തിന്റേയും ശ്രമത്തെ ഈ കൃതി സഹായിച്ചു. "ഒറിജിൻ ഓഫ് സ്പീഷീസ്" വെളിച്ചം കണ്ട് രണ്ടു ദശകത്തിനുള്ളിൽ, ഡാർവിൻ സങ്കല്പിച്ച മട്ടിൽ ഒരേ തുടക്കത്തിൽ നിന്നു ശാഖപിരിഞ്ഞുള്ള പരിണാമത്തിനനുകൂലമായി ശാസ്ത്രലോകത്ത് സാമാന്യമായ അഭിപ്രായൈക്യം ഉണ്ടായി. എങ്കിലും പ്രകൃതി നിർദ്ധാരണത്തിന് ഡാർവിൻ കല്പിച്ച പ്രാധാന്യം ശാസ്ത്രലോകത്തിനു ബോദ്ധ്യപ്പെട്ടത് മെല്ലെയാണ്. 1880-നും 1930-നും ഇടയ്ക്കുള്ള "ഡാർവിൻ വാദത്തിന്റെ ഗ്രഹപ്പിഴക്കാലത്ത്" (eclipse of Darwinism) മറ്റു പല പരിണാമാശയങ്ങൾക്കും കൂടുതൽ പ്രാധാന്യം കല്പിക്കപ്പെട്ടു. എന്നാൽ 1930-നും 1940-നും ഇടയ്ക്ക് പരിണാമസിദ്ധാന്തത്തിലെ "ആധുനികസമന്വയം" (Modern evolutionary synthesis) വികസിച്ചു വന്നതോടെ, പ്രകൃതിനിർദ്ധാരണം മുഖേനയുള്ള പരിണാമം, ജീവപരിണാമത്തെ സംബന്ധിച്ച കേന്ദ്രാസിദ്ധാന്തമായി അംഗീകരിക്കപ്പെട്ടു. ജീവശാസ്ത്രത്തിലെ ഏകീകരണസങ്കല്പം തന്നെയായി ഇന്ന് അതു കണക്കാക്കപ്പെടുന്നു.

സംഗ്രഹം

തിരുത്തുക

ഈ കൃതിയിൽ ഡാർവിൻ അവതരിപ്പിച്ച പരിണാമസിദ്ധാന്തം മൗലികമായ ചില വസ്തുതകളേയും അവയെ ആശ്രയിച്ചുള്ള നിഗമനങ്ങളേയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ജീവശാസ്ത്രജ്ഞനായ ഏണസ്റ്റ് മേയ്ർ അവയെ ഇങ്ങനെ സംഗ്രഹിക്കുന്നു:-

  • ജീവിവർഗ്ഗങ്ങളുടെ പ്രത്യുല്പാദനത്തോത് കണക്കിലെടുക്കുമ്പോൾ, എല്ലാ സന്താനങ്ങളും പൂർണ്ണവളർച്ചയോളം ജീവിച്ചിരുന്ന് പ്രത്യുല്പാദനക്ഷമമായാൽ അംഗസംഖ്യ അതിരില്ലാതെ വർദ്ധിക്കുകയാകും ഫലം.(വസ്തുത)
  • ഇടക്കിടെയുള്ള ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ ഓരോ ജീവിവർഗ്ഗങ്ങളുടെയും അംഗബലം വലിയ മാറ്റമില്ലാതെ തുടരുന്നു. (വസ്തുത)
  • ജീവജാലങ്ങളുടെ നിലനില്പിനാവശ്യമായ ഭക്ഷണത്തിന്റേയും ഇതര വിഭവങ്ങളുടേയും ലഭ്യത, പൊതുവേ സ്ഥിരവും പരിമിതവുമായ അളവിൽ തുടരുന്നു. (വസ്തുത)
  • പ്രത്യുല്പാദനത്തിൽ സംഭവിക്കുന്ന എണ്ണപ്പെരുപ്പത്തിനനുസരിച്ച് വിഭവങ്ങൾ പെരുകാതിരിക്കുന്നത് നിലനില്പിനു വേണ്ടിയുള്ള സമരത്തിന് വഴിയൊരുക്കുന്നു (നിഗമനം).
  • ഏതു ജീവിസമൂഹത്തിലേയും അംഗങ്ങൾക്കിടയിൽ ഒട്ടേറെ വൈജാത്യങ്ങൾ ഉണ്ടായിരിക്കും. (വസ്തുത).
  • ഈ വൈജാത്യങ്ങളിൽ വലിയൊരു ഭാഗം തലമുറകളിലൂടെ കൈമാറ്റം ചെയ്യാൻ കഴിയുന്നവയാണ്. (വസ്തുത).
  • പരിസ്ഥിതിയുമായി ഇണക്കം കുറവുള്ള ജീവിജന്മങ്ങൾക്ക് അതിജീവനത്തിനും പ്രത്യുല്പാദനത്തിനും സാദ്ധ്യത കുറവായിരിക്കും; പരിസ്ഥിതിയുമായി ഇണക്കം കൂടുതലുള്ളവയ്ക്ക് അതിജീവിക്കാനും പ്രത്യുല്പാദനക്ഷമതയിലെത്തി പാരമ്പരാഗതസ്വഭാവങ്ങൾ അടുത്ത തലമുറയിലേക്ക് പകരാനും കഴിയുന്നു. ഈ അവസ്ഥ പ്രകൃതിനിർദ്ധാരണ പ്രക്രിയയ്ക്ക് സാഹചര്യമൊരുക്കുന്നു. (നിഗമനം).
  • സാവധാനം നടക്കുന്ന ഈ പ്രക്രിയ ജീവിസമൂഹങ്ങളെ തലമുറകളിലൂടെ പരിസ്ഥിതിക്കിണങ്ങും വിധം മാറ്റുന്നു. കാലാന്തരത്തിൽ ഒന്നൊന്നായി സംഭവിക്കുന്ന ഈ മാറ്റങ്ങൾ ഒടുവിൽ പുതിയ ജീവിവംശങ്ങളുടെ ഉല്പത്തിക്ക് കാരണമാകുന്നു. (നിഗമനം).
  1. ഡാർവിൻ എഴുതിയ അവതാരിക (Introduction), ഒറിജിൻ ഓഫ് സ്പീഷീസ്, പീക്കോക്ക് ബുക്ക്സ്(പുറങ്ങൾ 3-7)
"https://ml.wikipedia.org/w/index.php?title=ഒറിജിൻ_ഓഫ്_സ്പീഷീസ്&oldid=1879563" എന്ന താളിൽനിന്ന് ശേഖരിച്ചത്