ഒലിഗോസീൻ

(Oligocene എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
System Series Stage Age (Ma)
Neogene Miocene Aquitanian younger
പാലിയോജീൻ ഒലിഗോസീൻ Chattian 23.03–28.4
Rupelian 28.4–33.9
ഇയോസീൻ Priabonian 33.9–37.2
Bartonian 37.2–40.4
Lutetian 40.4–48.6
Ypresian 48.6–55.8
പാലിയോസീൻ Thanetian 55.8–58.7
Selandian 58.7–61.7
Danian 61.7–65.5
ക്രിറ്റേഷ്യസ് അന്ത്യ ക്രിറ്റേഷ്യസ് Maastrichtian older
Subdivision of the Paleogene Period according to the IUGS, as of July 2009.

പാലിയോജീൻ കാലഘട്ടത്തിലെ ഒരു ഭൗമയുഗമാണ് ഒലിഗോസീൻ (Oligocene). 339 ലക്ഷം ആണ്ടുകൾക്ക് മുമ്പാരംഭിച്ച ഇത് 110 ലക്ഷം വർഷങ്ങൾ നീണ്ടുനിന്നു (230 ലക്ഷം വർഷം മുമ്പ് വരെ). സീനോസോയിക് മഹാകല്പത്തിലെ ടെർഷ്യറി കൽ‌പത്തിൽ പഴക്കംകൊണ്ടു മൂന്നാമതു നിൽക്കുന്ന ഭൗമയുഗമാണ് ഒലിഗോസീൻ.

വൻകരകൾ മൊത്തത്തിലുള്ള പ്രോത്ഥാന (upheavel) ത്തിനു വിധേയമാവുകയും തത്ഫലമായി സമുദ്രങ്ങൾ പിൻവാങ്ങുകയും ചെയ്തയുഗമാണ് ഒലിഗോസീൻ. ഇക്കാരണത്താൽ അന്നത്തെ വൻകരകളുടെ അഗ്രങ്ങളിലാണ് ഒലിഗോസീൻ ശിലാവ്യൂഹങ്ങൾ കാണപ്പെടുന്നത്. ഇവ ഒട്ടുമുക്കാലും ആഴം കുറഞ്ഞ സമുദ്രങ്ങളുടെ അടിത്തറകളായിരിക്കും. വൻകരകൾ ഉയർന്നു പൊങ്ങിയതുമൂലം അപരദനം അധികരിക്കയാൽ ഒലിഗോസീൻ നിക്ഷേപങ്ങളിലെ ഏറിയഭാഗവും കാർന്നെടുക്കപ്പെട്ടു കഴിഞ്ഞിരുന്നു. തന്മൂലം ഇവയ്ക്ക് സർവലൗകികമായ ഒരു പ്രായപരിധി തിട്ടപ്പെടുത്തുവാൻ ഭൂവിജ്ഞാനികൾക്കു കഴിഞ്ഞിട്ടില്ല.

ഒലിഗോസീൻശിലാവ്യൂഹങ്ങളുടെ ഏറ്റവും നല്ല മാതൃക ഫ്രാൻസിൽ പാരീസിനു സമീപമാണുള്ളത്; ഈ യുഗത്തിൽ രൂപംകൊണ്ട ശിലാപടലങ്ങളിൽ ഏറ്റവും കൂടുതൽ കനമുള്ളവ ഇറ്റലിയിലുമാണ്. തെക്കേ അമേരിക്ക, യു. എസ്.,ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലൊക്കെ ജീവാശ്മ സമ്പുഷ്ടമായ ഒലിഗോസീൻ ശിലാക്രമങ്ങൾ പ്രസ്പഷ്ടമായുണ്ട്. ഈജിപ്തിലെ ഫയൂം നിക്ഷേപങ്ങൾ പുരാമാനവ വിജ്ഞാന (Paleo-anthropology) പരമായി പ്രാധാന്യമർഹിക്കുന്നു; ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഒലിഗോസീൻ വ്യൂഹങ്ങൾ ടെർഷ്യറി കല്പത്തിലേതായ ശിലക്രമങ്ങളിൽ പഴക്കമേറിയതാണ്; ഏഷ്യയിൽ മഗോളിയയിലാണ് തികച്ചും പരിരക്ഷിതമായ നിലയിൽ ഉള്ളത്. ഊലാൻ ഗോഷു, സൻഡഗോൾ എന്നിവിടങ്ങളിലെ ഒലിഗോസീൻ ശിലാക്രമങ്ങൾ ഇത്തരത്തിൽ പെട്ടവയാണ്. ഇന്ത്യയിൽ ഈ യുഗത്തിനു നമമാത്രമായ പ്രാതിനിധ്യമേ ഉള്ളു.[1]

ലൈയലിന്റെ നാമപദ്ധതിയിലെ പൂർവ ഇയോസീൻ, ഉത്തരമയോസീൻ എന്നിവയ്ക്കിടയ്ക്കുള്ള വ്യതിരിക്ത ഘട്ടത്തെ സൂചിപ്പിക്കുവാൻ 1854-ൽ ഏണസ്റ്റ് ഫൊൺ ബെയ്റിക്ക് ആണ് ഒലിഗോസീൻ എന്ന സംജ്ഞ് ഉപയോഗിച്ചത്. പില്ക്കാലത്ത് ഒലിഗോസിൻ യുഗം മൂന്നു കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടു.

ഒലിഗോസീൻ ശിലകളിൽ കാണുന്ന പ്രമുഖ ഇനം ജീവാശ്മം ഫൊറാമിനിഫെറ വിഭാഗത്തിൽപ്പെട്ട സമുദ്രജീവികളുടേതാണ്. ഇന്ത്യയിലെ ഒലിഗോസീൻ ക്രമങ്ങളിൽ ലെപിഡോസൈക്ലിന (Lepidocyclina) എന്ന ജീനസ് സൂചകജീവാശ്മമായി വർത്തിക്കുന്നു. കരയിലും വെള്ളത്തിലും വസിച്ചിരുന്ന കശേരുകികളും അകശേരുകികളും ആയ ജന്തുക്കളുടെയും, സസ്യങ്ങളുടെയും ജീവാശ്മങ്ങൾ ഒലിഗോസീൻ ശിലകൾ ധാരാളമായി ഉൾക്കൊണ്ടുകാണുന്നു. ശുദ്ധജല ജീവികളും ലവണജലജീവികളും ഉണ്ടായിരുന്നു. മത്സ്യങ്ങളും കടൽജീവികളായ അകശേരുകികളും ഇയോസീൻ യുഗത്തിലെ ജീവികളോട് ഒട്ടൊക്കെ സാദൃശ്യമുള്ളവയായിരുന്നു. കരയിൽ ജീവിച്ചുപോന്ന ക്രിയോഡോണ്ട എന്നയിനം അസ്തമിതമായി; അതിൽ നിന്നും പട്ടി, പൂച്ച തുടങ്ങി യഥാർഥ മാംസഭുക്കുക്കളായ സസ്തനികൾ പരിണമിച്ചു. രാക്ഷസപ്പന്നി (Archaetherium), പ്രാക്കാല ഒട്ടകം (Poebrotheruim), ആദിമാശ്വം

മെസോഹിപ്പസ്.

(മെസോഹിപ്പസ്), ഓട്ടക്കാരനായ കൂറ്റൻ കാണ്ടാമൃഗം (Hiracodon),

Hyaenodon.

പ്രാചീന മഹാഗജം (മാസ്റ്റഡോൺ), വളഞ്ഞ ദംഷ്ട്രകളുള്ള (വാൾപല്ലൻ പൂച്ച) ഇനം പൂച്ച (Hoplophoneus) എന്നിവയാണ് ഒലിഗോസീൻ യുഗത്തിലെ മുഖ്യ സസ്തനികൾ. പൂർവ-പശ്ചിമ അർധഗോളങ്ങളിൽ വിവിധയിനം വാനരന്മാരും ആൾക്കുരങ്ങുകളും ഒലിഗോസീൻ യുഗത്തിൽ ഉത്ഭൂതമായി. നരവാനരഗണം (Primates) ഈ യുഗത്തിൽ നിർണായകമായ പരിണാമ ദശകൾ പിന്നിടുകയുണ്ടായി.

ഭൂപ്രകൃതി

തിരുത്തുക

ഒലിഗോസീൻ യുഗത്തിൽ ദക്ഷിണ ധ്രുവമേഖലയിലെ തീവ്രമായ ഹിമാതിക്രമണം സമുദ്രജലത്തിന്റെ വ്യാപ്തിയിൽ സാരമായ കുറവുണ്ടാക്കുക മൂലം ആഗോളവ്യാപകമായി സമുദ്രം പിൻവാങ്ങുകയുണ്ടായി; അക്കാലത്തെ അന്തരീക്ഷശീതളനം ഈ നിഗമനത്തിനു താങ്ങായി വർത്തിക്കുന്നു. വ്യാപകവും തീക്ഷണവുമായ ഭൂചലനവും പർവതനവും കരഭാഗത്തിന്റെ വിസ്തൃതിയും ഉച്ചാവചവും ഗണ്യമായി വർദ്ധിക്കുന്നതിനു നിദാനമായി. ഒലിഗോസീനിന്റെ ആദ്യപാദത്തിൽ അന്യോന്യം ബന്ധപ്പെട്ടു കിടന്നിരുന്ന ഉത്തരാർധഗോളത്തിലെ വൻകരകൾ, പ്രസ്തുത യുഗാവസാനത്തോടെ വേർപിരിഞ്ഞിരിക്കാമെന്നു കരുതേണ്ടിയിരിക്കുന്നു. ഏഷ്യയ്ക്ക് യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ വൻ കരകളോട് സ്വഭാവപരമായ അടുപ്പമുണ്ടെങ്കിലും യൂറോപ്പിനോട് സാദൃശ്യം കൂടുതലാണ്. വടക്കും തെക്കും അർദ്ധഗോളങ്ങൾ തമ്മിൽ ബന്ധപ്പെട്ടുകിടന്നിരുന്നുവെന്നു തീർത്തു പറയാൻ വയ്യ. പൂർവ ഇയോസീനിൽ തെക്കും വടക്കും അമേരിക്കകൾക്കിടയ്ക്കുള്ള പനാമാ പ്രദേശം കടലിലാണ്ടുപോവുകയാൽ, തെക്കേ അമേരിക്ക ഉദ്ദേശം 4 കോടി വർഷങ്ങളോളം വേർപിരിഞ്ഞു കിടക്കുകയായിരുന്നുവെന്നതിനു ഈ വൻകരയിലെ അന്യാദൃശമായ സസ്തനിവർഗ്ഗങ്ങൾ തെളിവു നൽകുന്നു. ആഴക്കടൽ പരീക്ഷണങ്ങൾ തെളിയിക്കുന്നത് അന്റാർട്ടിക്ക കഴിഞ്ഞ 4 കോടി വർഷങ്ങളായി ഹിമാവൃതമായിരുന്നു എന്നാണ്; അന്റാർട്ടിക്കയിൽ നിന്നു ടാസ്മേനിയ പൂർണമായും വേർപെട്ടത് 3 കോടി വർഷം മുമ്പ് മധ്യ ഒലിഗോസീനിലായിരുന്നു. ഈ വിസ്ഥാപനമാണ് അന്റാർട്ടിക് മേഖലയെ ചൂഴ്ന്നുള്ള സമുദ്രജലപ്രവാഹത്തിനു ഹേതുവായത്. അന്റാർട്ടിക് പ്രവാഹം എല്ലാ സമുദ്രങ്ങളിലെയും ജല പിണ്ഡങ്ങളെ പരസ്പരം കൂട്ടികലർത്തുന്നതിനാൽ ആഗോളതാപ വിതരണത്തിൽ വലുതായ സ്വാധീനത ചെലുത്തുന്നു. ഇന്നത്തെ യൂറേഷ്യയുടെ ഏരിയഭാഗവും പ്രാക്കാലത്ത് ആഴം കുറഞ്ഞ സമുദ്രമായിരുന്നു. ടെഥിസ് എന്നു വിളിക്കപ്പെടുന്ന ഈ സമുദ്രത്തിലെ അവസാദങ്ങൾ പ്രോത്ഥാന വിധേയമായി മടങ്ങി ഒടിഞ്ഞ് ഉയർത്തപ്പെട്ടാണ് ഇന്നത്തെ ആല്പ്സ്-ഹിമാലയ ശൃംഖല ഉടലെടുത്തിട്ടുള്ളത്. ഒലിഗോസീൻ കാലത്ത് ഈ പർവതനപ്രക്രമം സജീവമായി തുടർന്നിരുന്നു. ഈ യുഗത്തിൽ മഡഗാസ്കർ ദ്വീപ് ആഫ്രിക്കയുമായി ബന്ധപ്പെട്ടാണ് കിടന്നിരുന്നത്. [2]

ഇന്നത്തെ ജർമനി ഉൾപ്പെടെയുള്ള ഉത്തര യൂറോപ്യൻ ഭാഗങ്ങൾ ഒലിഗോസീൻ കാലത്ത് ഉഷ്ണകാലാവസ്ഥ അനുഭവപ്പെട്ടിരുന്ന ചതുപ്പു പ്രദേശങ്ങളായിരുന്നിരിക്കണമെന്നാണ് ഇവിടങ്ങളിലുള്ള ലിഗ്നൈറ്റ് നിക്ഷേപങ്ങൾ സൂചിപ്പിക്കുന്നത്. ഏഷ്യയെ സബന്ധിച്ചിടത്തോളം തൈലഭൃതപടലങ്ങളിൽ അധികവും ഒലിഗോസീൻ യുഗം കൂടി ഉൾപ്പെടുന്ന ജൂറാസിക് മുതൽ മയോസീൻവരെയുള്ള കാലഘട്ടത്തിലാണ് ആവിർഭവിച്ചിട്ടുള്ളതെന്നു കാണാം.

കാലാവസ്ഥ

തിരുത്തുക

വൻകരഭാഗങ്ങളുടെ ഉന്നതിവർദ്ധനവ് താപനില സമീകൃതമാകുന്നതിനും കാലാവസ്ഥ സുഖപ്രദമാകുന്നതിനും ഹേതുകമായി. ഐസോടോപ്പുകളെ ആധാരമാക്കിയുള്ള പ്രസക്ത പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒലിഗോസീനിൽ രണ്ടുപ്രാവശ്യമെങ്കിലും അന്തരീക്ഷം മൊത്തത്തിലുള്ള താപക്കുറവിനു വിധേയമായി എന്നാണ്. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവും ജീവശാസ്ത്രപരവുമായി നിരവധി പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്ന് ഇതു സൂചിപ്പിക്കുന്നു. ഇവയിൽ 380 ലക്ഷം വർഷം മുമ്പുണ്ടായ ആദ്യത്തെ ശീതളനം ഇയോസീനിൽ നിന്ന് ഒലിഗോസീനിലേക്കുള്ള യുഗപറ്റിണാമത്തിനു ഹേതുവായി. രണ്ടാമത്തേത് മധ്യ ഒലിഗോസീനിൽ 360-320 ലക്ഷം വർഷം മുമ്പ് സംഭവിച്ചു. സമശീതോഷ്ണ സമുദ്രങ്ങളിൽ മാത്രം ജീവിക്കാനാവുന്ന പ്ലവകങ്ങളുടെ മധ്യരേഖാദിശയിലുള്ള അതിക്രമണമാണ് അന്തരീക്ഷശീതളനത്തിന്റെ സൂചകം; ഉഷ്ണമേഖലയുടെ വ്യപ്തി ചുരുങ്ങിയിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ടെതിസ് മേഖലയിൽ അക്കാലത്ത് ഉഷ്ണകാലാവസ്ഥയാണുണ്ടായിരുന്നത്. ഏഷ്യയിൽ പൊതുവേ ഉഷ്ണ ഉപോഷ്ണ കാലാവസ്ഥകൾ നിലവിലിരുന്നു. യൂറോപ്പ് മേഖലയിൽ താരതമ്യേന ശൈത്യക്കൂടുതൽ അനുഭവപ്പെടുകയും ചെയ്തു. തപനില കുറഞ്ഞത് പൊതുവേ സസ്യ വളർച്ചയുടെ മുരടിപ്പിന് കാരണമായി. തന്മൂലം വനങ്ങളുടെ വിസ്ത്രിതി കുറയുകയും പുൽമേടുകളുടെ വ്യാപ്തി വർദ്ധിക്കുകയും ചെയ്തു. ഒലിഗോസീൻ ശിലാക്രമങ്ങളുടെ കനവും സ്വഭാവവിശേഷങ്ങളും പാർശ്വികതലത്തിൽ പൊടുന്നനെ വ്യത്യാസപ്പെടുന്നു. സമുദ്രാവസാദങ്ങളും സ്ഥലീയ നിക്ഷേപങ്ങളും ഇടകലർന്നു കിടക്കുന്നു. ഈ പ്രതിഭാസങ്ങൾ ആഗോള വ്യാപകമാണ്. [3]

ജീവജാലം

തിരുത്തുക
 
Orangutan

വൻകരകളുടെ അധിക വ്യാപ്തിയും കാലാവസ്ഥയുടെ ആനുകൂല്യവും കര ജീവികളുടെ എണ്ണം, ഇനം എന്നിവ വർദ്ധിക്കുന്നതിനു കാരണമായി. ടെർഷ്യറി കല്പത്തിന്റെ ആദ്യപാതത്തിലുള്ള ജീവജാലം ആധുനിക ജീവജാലമായി പ്രിണമിച്ചതിലെ പല പ്രധാന ദശകളും പിന്നിട്ടത് ഒലിഗോസീൻ യുഗത്തിലായിരുന്നു. ബർമ, യു. എസ്സിലെ ടെക്സാസ്, ഈജിപ്തിലെ ഫയൂം എന്നിവിടങ്ങളിലെ ഒലിഗോസീൻ ജീവാശ്മങ്ങളിൽ നിന്നാണ് നരവാനരഗണത്തിന്റെ പരിണാമ ദശകൾ കൂടുതൽ വ്യക്തമായിട്ടുള്ളത്. ഫയൂം നിക്ഷേപങ്ങൾ പരിണാമത്തിന്റെ ആദ്യദശയിൽപ്പെട്ട നരപൂർവിക വാനരൻ (Anthropoid) മാരെക്കുറിച്ച് അറിവു നൽകി. വിവിധ ജീനസുകളിൽപ്പെട്ട കുരങ്ങുകളേയും ആൾക്കുരങ്ങുകളെയും സംബന്ധിച്ചു മാത്രമല്ല ആദിമനുഷ്യരെക്കുറിച്ചും പ്രാധാന്യമർഹിക്കുന്ന നിഗമനങ്ങളിലെത്തിച്ചേരാൻ ഫയൂമിലെ ജീവാശ്മങ്ങൾ വഴിതെളിച്ചു. ഇവയെ ആധാരമാക്കിയുള്ള, നരവാനരഗണത്തിന്റെ പരിണാമപുനഃസംവിധാനത്തിൽ കുരങ്ങുകൾ (Parapethecus, Apedium തുടങ്ങിയവ), ആൾകുരങ്ങുകൾ (Aelopithecus, Aegyptopithecus തുടങ്ങിയവ), പ്രോപ്ലിയോപിതിക്കസ് (Pre-Anthropoid Ape) എന്നിവ ഉൾപ്പെടുന്നു. ഇയോസീനിന്റെ അന്ത്യത്തിലോ ഒലിഗോസീന്റെ ആരംഭത്തിലോ ആണ് നരപൂർവികവാനരന്മാർ ഉണ്ടായതെന്നു കരുതപ്പെടുന്നു.

 
Gorilla

ഇവയോടു സാദൃശ്യം പുലർത്തിപ്പോന്നവയും ഇയോസീൻ യുഗത്തിൽ ഉരുത്തിരിഞ്ഞവയുമായ ടാർസിഡ് എന്ന ചെറു ജീവികളാണ് ത്രിമാന വീക്ഷണശക്തി ഉണ്ടായിരുന്ന ആദ്യത്തെ നരവാനരഗണം. നീണ്ട വാലുള്ള സിബോയ്ഡ് (Ceboid), സെർബോപിതിക്കോയ്ഡ് തുടങ്ങിയയിനം വാനരന്മാരും ഒലിഗോസീനിൽ ധാരാളമായുണ്ടായിരുന്നു. മനുഷ്യന് ഏഴുകോടി വർഷത്തെ പരിണാമചരിത്രം തനതായുണ്ടെങ്കിലും ഉദ്ദേശം മൂന്നരക്കോടി ആണ്ടുകൾക്കു മുമ്പ് ഒലിഗോസീനിന്റെ ആരംഭത്തോടെയാണ് നരപൂർവികരായ ഹോമിനോയിഡുകൾ ആവിർഭവിച്ചത് . കുറുകിയ വാലുള്ള ഇവയ്ക്ക് വികസിച്ച മസ്തിഷ്കമുണ്ടായിരുന്നു. ഫയൂം ജീവാശ്മങ്ങളില്പ്പെട്ട പാരാപിതിക്കസ്, പ്രോപ്ലിയോപിതിക്കസ് തുടങ്ങിയ ജീനസുകളാണ് ഏറ്റവും പൂർവികരായ ഹോമിനോയിഡുകൾ.

ഇവ പരിണമിച്ചുണ്ടായ ഹോമിനിഡേ (Hominidae), പൊൻഗിഡേ (Pongidae) എന്നീ വിഭാഗങ്ങളിൽ, അദ്യത്തേതിൽ നിന്നു മനുഷ്യനും രണ്ടാമത്തേതിൽ ഗൊറില്ല, ചിമ്പൻസി, ഒറാങ്-ഊട്ടാൻ തുടങ്ങിയ വാനരഗണങ്ങളും ഉരുത്തിരിഞ്ഞു. മനുഷ്യരും കുരങ്ങുകളും തമ്മിലുള്ള വ്യക്തമായ പിരിവ് ഏർപ്പെട്ടത് ഒലിഗോസീനിന്റെ മധ്യഘട്ടത്തോടെയാണെന്ന് അനുമാനിക്കപ്പെടുന്നു. നരവാനരഗണത്തിൽ ഇലകൾ ഭക്ഷിക്കുന്നവയും കായ്കനികൾ ഭക്ഷിക്കുന്നവയുമായി രണ്ടു വിഭാഗങ്ങൾ ഉണ്ടായതും ഈ യുഗത്തിലാണ്. വടക്കേ അമേരിക്കയിൽ ഒലിഗോസീനിന്റെ തുടക്കത്തിനും മുമ്പുതന്നെ നരവാനരഗണം അസ്തമിതമായിരുന്നു എന്ന അനുമാനത്തിന് അടുത്തകാലത്ത് ടെക്സാസിലെ ഒലിഗോസീൻ സ്തരങ്ങളിൽ നിന്ന് ഒരു തലയോട് കണ്ടെടുത്തതോടെ ആധാരമില്ലാതായിട്ടുണ്ട്.

ഒലിഗോസീൻ യുഗത്തിൽ കടവാതിലുകൾ ധാരാളം ഉണ്ടായിരുന്നു; ഗുഹകളിൽ വസിച്ചിരുന്ന ഇവയുടെ വിസർജ്യങ്ങൾ കുന്നുകൂടി കനത്ത ഫോസ്ഫേറ്റ് നിക്ഷേപങ്ങളായിത്തീനദിയാവസാദങ്ങൾ പുറ്റുകളും ധാരാളമായുൾക്കൊണ്ടുകാണുന്നു. ഇന്നു കാണപ്പെടുന്ന പക്ഷികളിൽ പത്തു ജീനസുകൾ ഒലിഗോസീനിലും ഉൺണ്ടായിരുന്നു. ബാൾട്ടിക് മേഖലയിൽ നിന്നു ലഭിച്ചിട്ടുള്ള ആംബറു (Amber)കളിൽ ശലഭം, തേനീച്ച്, ഉറുമ്പ്, ചിലന്തി, തേൾ, തേരട്ട തുടങ്ങിയവയുടെ ജീവാശ്മങ്ങൾ സംമരക്ഷിതമായിക്കാണുന്നു. പാൻഗോലിൻ, റോക്ക്റാബിറ്റ് എന്നീ ജീവികളും ഒലിഗോസീനിൽ ഉണ്ടായവയാണ്. സഞ്ചിമൃങ്ങളി (Marsupial) ലെ പ്രാകൃതവർഗളുടെ ജീവാശ്മങ്ങൾ ഓസ്ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഒലിഗോസീൻ ശിലകളിൽ സുലഭമായുണ്ട്. കീരി, റക്കൂൺ, വീസൽ, വളഞ്ഞദംഷ്ട്രകളുള്ള പൂച്ച തുടങ്ങിയ ഫിസിപെഡു (Fissiped) കളും ധരാളമായി പ്രതിനിധീകരിക്കപ്പെട്ടിട്ടുണ്ട്.

പ്രാക്കാലത്തെ പത്രഭോജി (Browser), കീടഭോജി (insectivore) എന്നിവയിൽ നിന്നു പരിണാമദശകൾ കടന്ന് ഒലിഗോസീനിൽ ഉരുത്തിരിഞ്ഞവയാണ് ഇപ്പോഴത്തെ തൃണഭോജികളും മാംസഭോജികളും.

 
A robber fly eating a hoverfly.

കുതിരവർഗത്തിന്റെ പൂർവികരായ ഇയോഹിപ്പസ്, മീസോഹിപ്പസ്, പാരാഹിപ്പസ് എന്നിവ യഥാക്രമം ഇയോസീൻ, ഒലിഗോസീൻ, മയോസിൻ എന്നീ യുഗങ്ങളെ പ്രതിനിധീകരിക്കുന്നു. ഇവയിൽ ഇയോഹിപ്പസിന് 4 കുളമ്പുണ്ടായിരുന്നത് മിസോഹിപ്പസിന് 3 ആയി കുറഞ്ഞു. പാരാഹിപ്പസിന്റെ ദന്തനിരകൾക്കുണ്ടായ പരിഷ്കാരം പത്രഭോജിയിൽ നിന്നു തൃണഭോജിയിലേക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്നു.

കുളമ്പുള്ള സസ്തനികളിലെ രണ്ടു പിരിവുകളിൽ ഒരു ശാഖയിലൂടെ ഉരുത്തിരിഞ്ഞ ബലൂചിത്തീരിയം, ഇന്ദ്രിത്തീരിയം, അന്ത്രാക്കോത്തിരീയം തുടങ്ങിയ ആർട്ടിയോഡക്ടൈലുകൾ (Artiodactyla) പത്രഭോജികളായിരുന്നു. ഇവയിൽബലൂചിത്തീരിയമാണ് ഭൗമായുസിൽ ഇതഃപര്യന്തം ഉണ്ടായിട്ടുള്ള സസ്തനികളിൽ ഏറ്റവും വലിപ്പമുള്ളത്. സാമാന്യം നീണ്ട കഴുത്തോടുകൂടിയ ഇതിന്റെ തോൾഭാഗത്തിന് 6 മീറ്ററോളം ഉയരമുണ്ടായിരുന്നു. ഇന്നത്തെ കണ്ടാമൃഗളോടു സാദൃശ്യം വഹിച്ചിരുന്ന ബ്രോണ്ടോത്തിർ, ടൈറ്റാനോത്തീർ തുടങ്ങിയ ഭീമാകാര പെരിസ്സോഡക് ടൈലുകൾ (Perissodactyla) വൃക്ഷത്തലപ്പുകളും തളിരിലകളും തിന്നു ജീവിച്ചു പോന്നവയാണ്. ഇവയ്ക്കു നതമധ്യമായ കപാലവും നാസികയ്ക്കു മുകളിൽ കൊമ്പുപോലുള്ള പ്രവർദ്ധങ്ങളും ഉണ്ടായിരുന്നു. ഇവയും ആർടിയോഡക്ടൈലുകളെപ്പോലെ പാരിസ്ഥിതിക പരിണാമത്തിനടിമപ്പെട്ട് ഒലിഗോസീൻ യുഗത്തിൽ തന്നെ അസ്തമിതമായി. ആനയുടെ മുൻഗാമികളും വിചിത്ര രൂപികളുമായ പ്രാചീനമഹാഗജ (Mastodom) ഗജങ്ങളുടെ അവശിഷ്ടങ്ങളെയും ഒലിഗോസീൻ സ്തരങ്ങൾ ഉൾക്കൊള്ളുന്നു. ഈയുഗത്തിൽ കരളുന്ന ജീവികൾ എണ്ണത്തിലും ഗണത്തിലും പെരുകി. ഉഷ്ണരക്തമുള്ള വൻജീവികളുടെ ആധിക്യം പേൻ, ചെള്ള് തുടങ്ങിയ ക്ഷുദ്രജീവികളുടെ സമൃദ്ധിക്കു കാരണമായി. [4]

പൂർവ ഒലിഗോസീനിന്റെ അന്ത്യം കുറിച്ചത് കടലിൽ സർവവ്യാപിയായി ഉണ്ടായിരുന്ന നുമ്മുലൈറ്റുകളുടെ അസ്തമയത്തോടെയാണ്. ഈ സൂക്ഷ്മ ജീവികളുടെ സ്ഥാനത്ത് താരതമ്യേന വലിപ്പം കൂടിയ മയോജിപ്സിനിഡ (Miogipsinida) എന്നയിനം ഫൊറാമിനിഫെറ ഉത്ഭൂതമായി. മധ്യ ഉത്തര ഒലിഗോസീനിൽ തന്നെ ഇവ സമൃദ്ധി പ്രപിച്ചിരുന്നു. സസ്യവർഗങ്ങളിൽ സ്പഞ്ച്, പായൽ, ആൽഗ, പന്നച്ചെടികൾ, കോറലുകൾ എന്നിവയും ആൻജിയോസ്പേമും ഇന്നത്തെപ്പോലെതന്നെ പ്രബലമായിരുന്നു.

ഒലിഗോസീൻ ശിലകൾ, ഇന്ത്യയിൽ.

തിരുത്തുക

ടെർഷ്യറി കല്പത്തിന്റെ മധ്യത്തോടെയുണ്ടായ അപരദനംമൂലം ഇന്ത്യയിലെ ഒലിഗോസീൻ സ്തരങ്ങൾ നഷ്ടപ്രായമായി. തൊട്ടുമുകളിലുള്ള മയോസീൻ സ്തരങ്ങളിൽ നിന്ന് വിച്ഛിന്നതികളിലൂടെ വ്യതിരിക്തമാണെങ്കിലും ഒലിഗോസീൻ ശിലകൾ താഴെയുള്ള ഇയോസീൻ പടലങ്ങളുടെ തുടർച്ചയായാണ് കാണപ്പെടുന്നത്. സമുദ്ര തീരത്തോടടുത്തുള്ളവയിൽ കച്ചിലെ നാരിക്രമം, കത്തിയവാഡിലെ ദ്വാരകാക്രമം എന്നീ ശിലാവ്യൂഹങ്ങളാണ് സുവ്യക്തമായ ഒലിഗോസീൻ സ്തരങ്ങൾ. ആസാമിലെ ബറെയിൽക്രമവും ഭാഗികമായി ഒലിഗോസീൻ ശിലകളെ ഉൾക്കൊള്ളുന്നു. [5]

ഗുജറാത്തിൽ സൂററ്റ്, ഭരോച് എന്നിവിടങ്ങളിലുള്ള അഗേറ്റ് കൺഗ്ലോമറേറ്റ് ലെപിഡോസൈക്ലീനയും; സൗരഷ്ട്രാ ഉപദ്വീപിന്റെ പടിഞ്ഞാറരികിലെ ദ്വാരകയിൽ, ഡക്കാൺട്രാപ്പിനു മുകളിലായി കാണപ്പെടുന്ന മണലിന്റെ അംശംകൂടിയ ചുണ്ണാമ്പുകല്ലും ജിപ്സത്തിന്റെ ആധിക്യമുള്ള കളിമണ്ണും ഫൊറാമിനിഫെറയും ഉൾക്കൊള്ളുന്നു. ബറെയിൽ ക്രമത്തിൽ പൂർവമയോസീൻസ്തരങ്ങളിൽ നിന്ന് വ്യക്തമായ വിച്ഛിന്നതയിലൂടെ വേർതിരിഞ്ഞു കാണുന്നശിലാപടലങ്ങളിൽ സൂചക ജീവാശ്മങ്ങൾ ഇല്ലെങ്കില്പോലും അവ ഒലിഗോസീൻ യുഗത്തിലേതാണെന്നു കണക്കാക്കപ്പെടുന്നു. [6]

  1. Zdnek V. Spinar, Life Before Man (1976);
  2. Preston Cloud, Adventure in Earth History (1972);
  3. R. C. Moore, Vertebrate Palaeontology (1966);
  4. Rhoana M. Black, Elemets of Palaeontology (1974);
  5. D. N. Wadia, Geology of India (1976).
  6. SIEP Tvm, Sarva Vijnanakosam (1976)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒലിഗോസീൻ&oldid=4137359" എന്ന താളിൽനിന്ന് ശേഖരിച്ചത്