അണുവിഘടനം
അണുവിന്റെ കേന്ദ്രം വിഘടിച്ച് രണ്ടോ അതിലധികമോ അണുകേന്ദ്രങ്ങളായി മാറുന്ന പ്രക്രിയയാണ് അണുവിഘടനം അഥവാ ന്യൂക്ലിയർ ഫിഷൻ.
അണുവിഘടനം രണ്ടുവിധത്തിലുണ്ട്. 1. സ്വാഭാവിക അണുവിഘടനം (Spontaneous Fission) 2. പ്രചോദിത അണുവിഘടനം (Induced Fission).
സൈദ്ധാന്തികപരമായി സിർക്കോണിയത്തിനു മുകളിലുള്ള മൂലകങ്ങളിൽ സ്വാഭാവിക അണുവിഘടനം നടക്കാൻ കഴിയുന്നതാണെങ്കിലും, തോറിയം, യുറേനിയം, പ്ലൂട്ടോണിയം പോലെയുള്ള അണുഭാരമേറിയ അണുക്കളുടെ ചില ഐസോട്ടോപ്പുകളിലാണ് സ്വാഭാവിക ഫിഷൻ നടക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
യുറേനിയം ഐസോട്ടോപ്പായ U-235-ൽ ഓരോ ആറ്റത്തിലേയും അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണം 235 ആണ്. ഇത്തരത്തിലുള്ള ഒരു അണുകേന്ദ്രത്തിൽ ഒരു ന്യൂട്രോൺ പതിച്ചാൽ അത് ആ ന്യൂട്രോണിനെ ആഗിരണം ചെയ്യുന്നു എങ്കിലും അതോടൊപ്പം ആ അണുകേന്ദ്രം വളരെ അസ്ഥിരമാവുകയും ഉടനേ അത് രണ്ട് അണുകേന്ദ്രങ്ങളായി പിളരുകയും ചെയ്യുന്നു (പ്രചോദിത അണുവിഘടനം). ഇതോടൊപ്പം ന്യൂട്രോണുകളും താപത്തിന്റെ രൂപത്തിൽ ഊർജ്ജവും സ്വതന്ത്രമാക്കപ്പെടുന്നു. പുതിയതായി ഉണ്ടാകുന്ന രണ്ട് അണുകേന്ദ്രങ്ങളുടെ ആകെ പിണ്ഡം നേരത്തേയുണ്ടായിരുന്ന അണുകേന്ദ്രത്തിന്റെ പിണ്ഡത്തേക്കാൾ കുറവായിരിക്കും. ഈ നഷ്ടപ്പെട്ട പിണ്ഡമാണ് ഐൻസ്റ്റീന്റെ സമവാക്യപ്രകാരം ഊർജ്ജമായി മാറുന്നത്.
ആണവനിലയങ്ങളിലും, അണുബോംബുകളിലും ഫിഷൻ ആണ് നടക്കുന്നത്.
രണ്ട് അടുത്തടുത്ത പ്രോടോണുകൾ പരസ്പരം വികർഷിക്കുമ്പോൾ അവയെ പിടിച്ചു നിർത്തുക എന്ന ജോലിയാണ് ന്യൂട്രോണിന്. ഈ വികർഷണത്തിന്റെ ശക്തിയാവട്ടെ വിദുത്ഛക്തിയുടെ 100 ദശലക്ഷം മടങ്ങ് അധികം വരും. ഇതിനാലാണ് ആറ്റം ബോംബുകളുടെ ശക്തി അപാരമാവുന്നത്. ന്യൂട്രോൺ കൊണ്ട് ഒരു ആറ്റത്തെ പിളർക്കുമ്പോൾ അപരിമേയമായ ഈ ന്യൂക്ലിയർ ഊർജ്ജം ഉത്സർജ്ജിക്കപ്പെടുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി