നിക്കോളോ മാക്കിയവെല്ലി
ആധുനിക രാഷ്ട്രതന്ത്രത്തിന്റെ പ്രധാന സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്ന ഇറ്റാലിയൻ തത്ത്വശാസ്ത്രജ്ഞനും എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായിരുന്നു നിക്കോളോ ഡി ബെർണാഡോ ഡൈ മാക്കിയവെല്ലി[1]. നയതന്ത്രവിദഗ്ദ്ധൻ, രാഷ്ട്രീയതത്ത്വശാസ്ത്രജ്ഞൻ, സംഗീതജ്ഞൻ, കവി, നാടകകൃത്ത് എന്നിവയെല്ലാം ആയിരുന്നുവെങ്കിലും ഫ്ലോറന്റൈൻ റിപബ്ലിക്കിലെ സിവിൽ സർവന്റ് എന്ന നിലയിലായിരുന്നു ഏറ്റവും പ്രാധാന്യം. ജിറോലാമോ സവോനറോള വധിക്കപ്പെട്ടതിനു ശേഷം 1498 ജൂണിൽ മാക്കിയവെല്ലി ഫ്ലോറന്റൈൻ റിപബ്ലിക്കിന്റെ രണ്ടാം ചാൻസറിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു[2].
കാലഘട്ടം | നവോത്ഥാന തത്ത്വചിന്ത |
---|---|
പ്രദേശം | പാശ്ചാത്യ തത്ത്വചിന്തകർ |
ചിന്താധാര | നവോത്ഥാന തത്ത്വചിന്ത, പൊളിറ്റികൽ റിയലിസം, ക്ലാസ്സിക്കൽ റിപബ്ലിക്കനിസം |
പ്രധാന താത്പര്യങ്ങൾ | രാഷ്ട്രതന്ത്രം, യുദ്ധതന്ത്രം, ചരിത്രം |
സ്വാധീനിക്കപ്പെട്ടവർ |
ലിയനാർഡോ ഡാവിഞ്ചിയെപ്പോലെ നവോത്ഥാനമനുഷ്യന് ഉത്തമോദാഹരണമായി അദ്ദേഹം കണക്കാക്കപ്പെടുന്നു. The Prince ആണ് ഏറ്റവും പ്രശസ്തമായ രചന. യഥാതഥമായ രാഷ്ട്രീയസിദ്ധാന്തങ്ങളാണ് ഈ രചനയിൽ. ഇതും Discourses on Livy എന്ന രചനയും 1532-ൽ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. The Prince തന്റെ സുഹൃത്തുക്കൾക്ക് വായിക്കാൻ നൽകിയിരുന്നെങ്കിലും തന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച ഒരേയൊരു രചന യുദ്ധതന്ത്രത്തെക്കുറിച്ചുള്ള The Art of War ആയിരുന്നു. പതിനാറാം നൂറ്റാണ്ടു മുതലുള്ള വിവിധ രാഷ്ട്രതന്ത്രജ്ഞർ മാക്കിയവെല്ലിയുടെ രചനകളിലെ അധികാരത്തെക്കുറിച്ചുള്ള ദോഷദൃക്കും യഥാതഥവുമായ വീക്ഷണങ്ങളാൽ ആകർഷിക്കപ്പെടുകയും വികർഷിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്[3].
തന്റെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ എന്തായിരുന്നു എന്ന കാര്യം ഇപ്പോഴും വിവാദപരമാണ്. രാഷ്ട്രീയത്തിലും അല്ലാതെയും സൂക്ഷ്മവും വഞ്ചനാപരവുമായ തന്ത്രങ്ങൾ ഉപയോഗിക്കുന്ന രീതി മാക്കിയവെല്ലിയാനിസം എന്നറിയപ്പെടുന്നു.
ജീവിതരേഖ
തിരുത്തുകഇറ്റലിയിലെ ഫ്ലോറൻസിലാണ് മാക്കിയവെല്ലി ജനിച്ചത്. ബർത്തലോമിയ ഡി സ്റ്റെഫാനോ നെല്ലി, ബെർണാഡോ ഡി നിക്കോളോ മാക്കിയവെല്ലി എന്നിവരായിരുന്നു മാതാപിതാക്കൾ. പിതാവ് ബെർണാഡോ അഭിഭാഷകനായിരുന്നു. അദ്ദേഹമാണ് മാക്കിയവെല്ലിക്ക് വ്യാകരണം, സംവാദം, ലാറ്റിൻ എന്നിവ പഠിപ്പിച്ചത്. ഗ്രീക്ക് അഭ്യസിച്ചിരുന്നില്ല. 1494-ൽ ഫ്ലോറൻസിലെ സർക്കാറിനു കീഴിൽ ക്ലാർക്കും നയതന്ത്രപ്രതിനിധിയുമായി ജോലി നേടി. അതേ വർഷം അറുപതു വർഷത്തോളമായി ഭരണം നടത്തിയിരുന്ന മെഡിസി കുടുംബത്തെ പുറത്താക്കി ഫ്ലോറൻസ് ഒരു റിപബ്ലിക്കായി മാറി. ഫ്രാൻസിലെ ലൂയി പന്ത്രണ്ടാമൻ, സ്പെയിനിലെ ഫെർഡിനാന്റ് രണ്ടാമൻ, റോമിലെ മാർപ്പാപ്പ എന്നിവരുമായുള്ള കൂടിയാലോചനകളുടെയും യുദ്ധതന്ത്രത്തിന്റെയും ചുമതലയുള്ള പ്രതിനിധിസംഘത്തിൽ 1499 മുതൽ 1512 വരെ അംഗമായിരുന്നു. 1502-03 കാലഘട്ടത്തിൽ സെസാർ ബോർജിയയുടെ സഫലവും പ്രാപ്തിയുള്ളതുമായ രാജ്യവികസനരീതികൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.
1503 മുതൽ 1506 വരെ ഫ്ലോറൻസിലെ യുദ്ധകാര്യങ്ങളുടെ ചുമതല വഹിച്ചു. കൂലിപ്പട്ടാളക്കാരെ വിശ്വസിക്കാതിരുന്ന അദ്ദേഹം പൗരന്മാരുടെ പട്ടാളത്തെ കൂടുതൽ ഇഷ്ടപ്പെട്ടു. മാക്കിയവെല്ലിയുടെ നേതൃത്വത്തിൽ ഫ്ലോറന്റൈൻ പൗരന്മാരുടെ പട്ടാളം 1509-ൽ പിസ കീഴടക്കി. എന്നാൽ 1512 ഓഗസ്റ്റിൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പയുടെ സഹായത്തോടെ മെഡിസി കുടുംബം സ്പെയിൻ സേനയെ ഉപയോഗിച്ച് ഫ്ലോറന്റൈൻ പട്ടാളത്തെ പ്രാറ്റോയിൽ വച്ച് തോൽപിച്ചു. ഇതോടെ ഫ്ലോറൻസ് രാഷ്ട്രത്തലവനായിരുന്ന പിയേറോ സോഡെറീനി സ്ഥാനമൊഴിയുകയും നാടുവിടുകയും ചെയ്തു. അധികാരത്തിൽ വന്ന മെഡിസി കുടുംബം തങ്ങൾക്കെതിരായി പടനയിച്ച ഭരണത്തിൽ പ്രധാന സ്ഥാനം വഹിച്ചിരുന്ന മാക്കിയവെല്ലിയെ സ്ഥാനഭ്രഷ്ടനാക്കുകയും ഗൂഢാലോചനയ്ക്ക് അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്രൂരമായ പീഡനങ്ങളേൽക്കേണ്ടി വന്നെങ്കിലും അദ്ദേഹം കുറ്റം നിഷേധിച്ചു. തുറുങ്കിൽ നിന്ന് വിട്ടയക്കപ്പെട്ട അദ്ദേഹം ഫ്ലോറൻസിനടുത്തുള്ള പെർകസ്സിനയിലെ സാന്റ ആൻഡ്രിയയിലെ തന്റെ എസ്റ്റേറ്റിലേക്ക് താമസം മാറി. അവിടെ വച്ചാണ് തന്റെ പ്രധാന കൃതികൾ രചിച്ചത്[4].
1527-ൽ മാക്കിയവെല്ലി അന്തരിച്ചു. അദ്ദേഹത്തെ അടക്കം ചെയ്തത് എവിടെയാണെന്ന് അറിവായിട്ടില്ല.
അവലംബം
തിരുത്തുക- ↑ Moschovitis Group Inc, Christian D. Von Dehsen and Scott L. Harris, Philosophers and religious leaders, (The Oryx Press, 1999), 117.
- ↑ White, Michael (2007). Machiavelli, A Man Misunderstood. Abacus. ISBN 978-0-349-11599-3.
- ↑ S. Anglo, Machiavelli: the first century (Oxford, 2005)
- ↑ Donna, Daniel, in the introduction to the Bantam Classic edition of The Prince, Bantam, 1966