രൂപവിജ്ഞാനം

(Morphology (linguistics) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വനങ്ങൾ ചേർന്നുണ്ടാകുന്ന അർത്ഥപ്രദാനശേഷിയുള്ള ഏറ്റവും ചെറിയ ഭാഷാ ഘടകമാണ് രൂപിമം. രൂപിമങ്ങളെക്കുറിച്ചു പഠിക്കുന്ന ഭാഷാശാസ്ത്രശാഖയാണ് രൂപവിജ്ഞാനം. കാട്ടിൽ എന്ന പദത്തിൽ അർത്ഥപ്രദാനശേഷിയുള്ള രണ്ടു ഘടകങ്ങൾ (രൂപിമങ്ങൾ) ഉണ്ട്. 'കാട്' എന്ന നാമവും അധികരണാർത്ഥദ്യോതകമായ 'ഇൽ' എന്ന പ്രത്യയവും. രൂപിമനിർണയത്തിൽ ആദ്യംവേണ്ടത് സംയോജനഫലമായി പദരൂപങ്ങളായിട്ടുള്ളവയിൽ നിന്ന് അവയിലടങ്ങിയിട്ടുള്ള ചെറിയ രൂപമാത്രകളെ വേർതിരിക്കലാണ്. വിഭക്തികളെയും മറ്റും ഈ രീതിയിൽ വേർതിരിച്ചു കാണിക്കേണ്ടതുണ്ട്. സംബന്ധികാവിഭക്തിയായ ന്റെ, ഉടെ മുതലായവയെ ഒരേ രൂപിമത്തിന്റെ ഉപരൂപങ്ങളായി കാണുന്നു.

സാമാന്യമായി രൂപിമങ്ങളെ സ്വതന്ത്രമെന്നും ആശ്രിതമെന്നും തിരിക്കാം. 'അമ്മ' എന്നത് സ്വതന്ത്രരൂപിമവും 'ഉടെ' എന്നത് ആശ്രിതരൂപിമവുമാണ്. ആശ്രിതരൂപിമത്തെയാണ് പ്രത്യയം എന്നുപറയുന്നത്. പ്രത്യയത്തെ ഏതു രൂപത്തോടാണോ ചേർക്കുന്നത് അതിനെ പ്രകൃതി എന്നു പറയുന്നു. പ്രകൃതിക്ക് മുന്നിൽ വരുന്ന പ്രത്യയത്തെ പുരഃപ്രത്യയം എന്നും, പിന്നിൽ വരുന്നതിനെ പരപ്രത്യയം എന്നും ധാതുവിനിടയിൽ വരുന്നതിനെ മധ്യപ്രത്യയം എന്നും പറയുന്നു.

"https://ml.wikipedia.org/w/index.php?title=രൂപവിജ്ഞാനം&oldid=2758247" എന്ന താളിൽനിന്ന് ശേഖരിച്ചത്