മിർസ മുഗൾ
അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ സഫറിന്റെ അഞ്ചാമത്തെ മകനായിരുന്നു മിർസ മുഗൾ (ജീവിതകാലം:1828-1857 സെപ്റ്റംബർ 22). 1857-ലെ ലഹളക്കാലത്ത് ഡെൽഹിയിൽ തമ്പടിച്ചിരുന്ന വിമതശിപായിമാരുടെ നേതാവായിരുന്നു മിർസ മുഗൾ. ബ്രിട്ടീഷുകാർക്കെതിരെ ലഹള നടക്കുമ്പോഴും അതിനുശേഷം ശേഷം ബ്രിട്ടീഷുകാർ ഡെൽഹി പിടിച്ചെടുക്കാൻ ശ്രമിക്കുന്ന സമയത്തും ഡെൽഹിയിലെ ഭരണം നടത്തിക്കൊണ്ടുപോയിരുന്നത് മിർസ മുഗളായിരുന്നു.[1]
ബഹാദൂർ ഷാ സഫറിന്, ഷരഫുൽമഹൽ സയ്യിദാനി എന്ന ഭാര്യയിൽ ജനിച്ച മകനായിരുന്നു മിർസ മുഗൾ. പ്രവാചകന്റെ പരമ്പരയിലുള്ളത് എന്നവകാശപ്പെടുന്ന സയ്യിദ കുടുംബത്തിൽ നിന്നുള്ള ഷരഫുൽ മഹൽ, മുഗൾ അന്തഃപുരത്തിലെ പ്രധാനികളിലൊരാളായിരുന്നു.[1] 1852-ൽ വൻ വിട്ടുവീഴ്ചകൾ ചെയ്ത് ബ്രിട്ടീഷുകാരുമായി ധാരണയുണ്ടാക്കിയ[2] മിർസ ഫഖ്രുവിനെ സഫർ തഴഞ്ഞതിനു ശേഷം, സീനത്ത് മഹലിന്റെ പക്ഷം ചേർന്നാണ് മിർസ മുഗളിന് രാജസഭയിൽ പ്രാധാന്യം ലഭിക്കുന്നത്. അന്ന് മിർസ ഫഖ്രുവിൽ നിന്ന് പിടിച്ചെടുത്ത സ്ഥാനമാനങ്ങളും വസ്തുവകകളും മിക്കവാറും മിർസ മുഗളിനാണ് ലഭിച്ചത്.[2] ഇതോടൊപ്പം ഇദ്ദേഹം ഖിലാദാർ ആയി നിയമിക്കപ്പെട്ടു. 1856-ൽ മിർസ ഫഖ്രു മരിച്ചതിനു ശേഷം സഫറിന്റെ ബാക്കിയുള്ള വിഹിതസന്തതികളിൽ മൂത്തയാളായിരുന്നു മിർസ മുഗൾ.[1]
1857-ലെ ലഹളയുടെ അവസാനം ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ വില്യം ഹോഡ്സനുമുമ്പാകെ കീഴടങ്ങിയ മിർസ മുഗളിനെ സെപ്റ്റംബർ 22-ന് ഹോഡ്സൺ വെടിവച്ചുകൊല്ലുകയായിരുന്നു. ഒപ്പം സഹോദരനായ മിർസ ഖിസർ സുൽത്താനെയും, സഹോദരപുത്രനായ മിർസ അബൂബക്കറിനെയും ഹോഡ്സൻ കൊലപ്പെടുത്തി.[3]
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക൧ ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}
: Check date values in: |accessdate=
(help)