മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
എം മുകുന്ദനും മയ്യഴി പുഴയുടെ തീരങ്ങളിലും
ഉത്തരകേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി ആ നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ മലയാളം നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. 1974-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിക്കുന്ന ഈ കൃതിയിൽ ഇന്ത്യൻ യൂണിയനിൽ ചേരുക വഴിയുള്ള മയ്യഴിയുടെ "വിമോചനത്തെ" പിന്തുണച്ചും ഫ്രഞ്ച് ഭരണത്തിന്റെ തുടർച്ചക്കനുകൂലമായുമുള്ള നിലപാടുകൾ സമാന്തരമായി പ്രത്യക്ഷപ്പെടുന്നു.[1]
ചരിത്രം
തിരുത്തുകപാമ്പുകടിയേറ്റു മരിച്ച കേളുവച്ചന്റേയും കുറമ്പിയമ്മയുടേയും മകനായിരുന്ന ദാമു റൈട്ടരുടെ മകൻ ദാസനാണ് നോവലിലെ മുഖ്യ കഥാപാത്രം. ഫ്രെഞ്ച് ചരിത്രത്തിലെ വീരനായിക ഴാന്താർക്കിന്റേയും (Jean de Arc), മരണത്തിനും ജനനത്തിനും ഇടയിൽ ആത്മാക്കളുടെ ഇടത്താവളമായ അറബിക്കടലിലെ വെള്ളിയാംകല്ലിന്റേയും കഥകൾ കുറമ്പിയമ്മയിൽ നിന്ന് കേട്ടാണ് അയാൾ വളർന്നത്. ബുദ്ധിമാനായ ദാസൻ, മയ്യഴിയിലെ പഠനത്തിൽ ഇന്റർമീഡിയറ്റ് പരീക്ഷയും, സർക്കാർ സഹായത്തോടെയുള്ള പോണ്ടിച്ചേരിയിലെ പഠനത്തിൽ ബക്കലോറയ പരീക്ഷയും നല്ല നിലയിൽ പാസായി. തുടർന്ന്, മയ്യഴിയിൽ സർക്കാർ ജോലിയോ, ഫ്രാൻസിൽ സർക്കാർ ചിലവിൽ ഉപരിപഠനമോ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായെങ്കിലും കമ്മ്യൂണിസ്റ്റും ദേശീയവാദിയുമായിരുന്ന തന്റെ അദ്ധ്യാപകൻ കുഞ്ഞനന്തൻ മാസ്റ്ററുടെ സ്വാധീനത്തിൽ അയാൾ തീരുമാനിച്ചത് മയ്യഴിയെ ഫ്രെഞ്ച് ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള സമരത്തിൽ പങ്കെടുക്കാനാണ്.[ക]
അധിനിവേശഭരണവുമായുള്ള പരിചയത്തിൽ വളർന്ന് അതുമായി പലതരം കെട്ടുപാടുകളിൽ ജീവിച്ച മയ്യഴിക്കാരിൽ പലർക്കും, ഫ്രെഞ്ച് ആധിപത്യത്തിനെതിരായുള്ള സമരം അനാവശ്യവും അപകടകരവുമാണെന്ന് തോന്നി. ദാസന്റെ അച്ഛൻ ദാമു റൈട്ടറും മുത്തശ്ശി കുറമ്പിയും മറ്റും ഫ്രെഞ്ച് അധിനിവേശത്തിൽ അസാധാരണമായൊന്നും കണ്ടില്ല. വെള്ളക്കാരനായ ലെസ്ലീസായിപ്പും അയാളുടെ ഭാര്യ മിസ്സിയും കുറുമ്പിയമ്മയുടെ സുഹൃത്തുക്കളായിരുന്നു. പുകയിലപ്പൊടി വലിക്കുന്നത് ശീലമാക്കിയിരുന്ന കുറമ്പിയമ്മയുടെ വീട്ടുവാതിൽക്കൽ കൂടി കുതിരവണ്ടിയിൽ കടന്നുപോയപ്പോഴൊക്കെ, ലെസ്ലീ സായിപ്പ് വണ്ടി നിർത്തി കൊറമ്പിയോട് പൊടിവാങ്ങി വലിച്ചു. നോവലിൽ പലവട്ടം ആവർത്തിക്കപ്പെടുന്ന സായിപ്പിന്റെ അഭ്യർത്ഥനയും കുറമ്പിയുടെ മറുപടിയും ഇങ്ങനെയായിരുന്നു:-
“ | കൊറമ്പീ, കൊറമ്പീ, ഇച്ചിരി പൊടി തര്വോ?
അതിനെന്താ സായിപ്പേ? അതൊന്നു ചോദിക്കാനുണ്ടോ? |
” |
സായിപ്പിന് പൊടി നൽകാൻ കഴിയുന്നതിൽ കുറമ്പിയമ്മ അഭിമാനം കൊള്ളുകയും അയാളുടെ അഭ്യർത്ഥന കാത്തിരിക്കുകയും ചെയ്തു.[ഖ]
ദാസൻ പഠിച്ച് ഉദ്യോഗം നേടി ലെസ്ലീ സായിപ്പിനെപ്പോലെ കേമനാകുന്നതോടെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ തീരുമെന്ന് കുറമ്പിയമ്മയും ദാമൂ റൈട്ടറും ഭാര്യ കൗസുവമ്മയും സ്വപ്നം കണ്ടു. അതിനു പകരം അയാൾ തെരഞ്ഞെടുത്ത വഴി കുടുംബത്തിന് കൂടുതൽ ബുദ്ധിമുട്ടുകൾ വരുത്തി വച്ചു. 1948-ലെ മയ്യഴിയുടെ താൽക്കാലിക വിമോചനത്തിൽ പങ്കെടുത്ത ദാസൻ ഫ്രെഞ്ച് അധികാരത്തിന്റെ പുന:സ്ഥാപനത്തോടെ ഒളിവിൽ പോയപ്പോൾ, റൈട്ടർക്ക് രണ്ടു വർഷത്തെ ജയിൽ വാസം അനുഭവിക്കേണ്ടി വരുക പോലും ചെയ്തു. അക്കാലത്ത് റൈട്ടർ കുടുംബം കഴിഞ്ഞത് ഫ്രെഞ്ചു ഭരണത്തിന്റെ ഗുണ്ടയായിരുന്ന അച്ചുവിന്റെ ഔദാര്യത്തിലായിരുന്നു. ജയിൽ മുക്തനായ റൈട്ടർ, മകൾ ഗിരിജയെ വിവാഹം ചെയ്തു കൊടുക്കാനുള്ള അച്ചുവിന്റെ അഭ്യർത്ഥനയ്ക്കു വഴങ്ങി. സഹോദരിക്ക് ഇഷ്ടമില്ലാത്ത ഈ വിവാഹം തടയാനായി വീടു സന്ദർശിച്ച ദാസനെ ദാമു റൈട്ടർ ആട്ടിയിറക്കി. തുടർന്ന് പോലീസിന്റെ പിടിയിലായ അയാൾ പന്ത്രണ്ടു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
1954-ൽ മയ്യഴിയുടെ മേലുള്ള ഫ്രെഞ്ച് ആധിപത്യത്തിന്റെ അന്ത്യത്തെ തുടർന്ന് ദാസൻ ജയിൽ മുക്തനായെങ്കിലും ദാമു റൈട്ടർ അയാളുമായി രമ്യപ്പെടാൻ വിസമ്മതിച്ചു. ദാസന്റെ കാമുകി ചന്ദ്രിയെ മറ്റൊരാൾക്കു വിവാഹം ചെയ്തു കൊടുക്കാൻ അവളുടെ മാതാപിതാക്കളും തീരുമാനിച്ചു. വിവാഹ ദിനത്തിൽ അപ്രത്യക്ഷയായ ചന്ദ്രിയെ പിന്നെ ആരും കണ്ടിട്ടില്ല. താമസിയായെ ദാസനും അവളുടെ വഴി പിന്തുടർന്നു. ദാസനും ചന്ദ്രിയും കടലിനു നടുവിൽ വെള്ളിയാങ്കല്ലുകൽക്കു മുകളിലെ തുമ്പികളായി മാറുകയാണ്.
കുറിപ്പുകൾ
തിരുത്തുകA.^ "ലോകതൊഴിലാളികളെ സംഘടിക്കൂ. നഷ്ടപ്പെടുവാൻ നിങ്ങൾക്ക് കൈവിലങ്ങുകൾ മാത്രം" എന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അവസാന വാചകം വായിച്ചപ്പോൾ ആവേശത്തിൽ സ്ഖലനത്തോ
ടടുത്തെത്തിയ(പുറം 182) പപ്പനും ദാസന്റെ സുഹൃത്തായിരുന്നു.
B.^ ലെസ്ലീ സായിപ്പിന്റെ മരണത്തിനു ശേഷവും കുറമ്പിയമ്മ, അയാളുടെ കുതിരയുടെ കുളമ്പടി കാത്തുകിടക്കുകയും അയാൾ തന്നോട് പൊടി ചോദിക്കുന്നത് സ്വപ്നം കാണുകയും ചെയ്തിരുന്നു
==അവലംബം==
- ↑ എം. മുകുന്ദൻ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1992-ലെ ഡി.സി. ബുക്ക്സ് പതിപ്പിന്റെ 2009-ൽ പ്രസിദ്ധീകരിച്ച 26-ആം ഇംപ്രെഷൻ)