മലേഷ്യ വാസുദേവൻ

(Malaysia Vasudevan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പിന്നണിഗായകനും അഭിനേതാവുമാണ് മലേഷ്യ വാസുദേവൻ (1944 ജൂൺ 15, 2011 ഫെബ്രുവരി 20). തമിഴ് സംവിധായകൻ എ.പി നാഗരാജനാണ് ഇദ്ദേഹത്തിന് ഈ പേരു നൽകിയത് .

മലേഷ്യ വാസുദേവൻ
മലേഷ്യ വാസുദേവൻ
ജനനം1944, ജൂൺ 15
മരണം2011, ഫെബ്രുവരി 20
തൊഴിൽപിന്നണിഗായകൻ, അഭിനേതാവ്

ജീവിതരേഖ തിരുത്തുക

1944 ജൂൺ 15 നാണ് വാസുദേവൻ ജനിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തു നിന്നും മലേഷ്യയിലേക്ക് കുടിയേറിയ ചാത്തു നായർ, കേരളത്തിലെ പൊൽപ്പുള്ളിയിൽ നിന്ന് മലേഷ്യയിലെത്തിയ അമ്മാളു എന്നിവരുടെ എട്ടാമത്തെ മകനായാണ് ജനനം. ഉഷയാണ് ഭാര്യ. നടനും ഗായകനുമായ യുഗേന്ദ്രൻ വാസുദേവനാണ് മകൻ, ഗായിക പ്രശാന്തിനി മകൾ.

ചെറുപ്രായത്തിൽ തന്നെ മലേഷ്യയിലെ പ്രാദേശിക തമിഴ്‌ നാടകസംഘങ്ങളിൽ ഗായകനായും അഭിനേതാവായും ഇദ്ദേഹം ജീവിതം ആരംഭിച്ചു. 1967-ൽ വാസുദേവൻ അഭിനയിച്ച രഥ പേയി എന്ന നാടകം സിനിമയാക്കുവാൻ മലേഷ്യയിലെ ഒരു നാടക കമ്പനി തീരുമാനിക്കുകയും അതിനു വേണ്ടി 1968 - ൽ ഇദ്ദേഹത്തെ മദ്രാസിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഈ ചിത്രത്തിൽ തന്നെ ജി.കെ വെങ്കിടേഷിന്റെ സംഗീതസംവിധാനത്തിൽ ഒരു ഗാനം ആലപിക്കുകയും ചെയ്തു. പിന്നീട് വാസുദേവൻ മദ്രാസ്സിൽ തന്നെ തുടർന്നു. മദ്രാസിൽ ബന്ധങ്ങളില്ലാത്തതിനാൽ ഇദ്ദേഹത്തിന് പിന്നീട് അവസരങ്ങൾ ലഭിച്ചില്ല. ഒരിക്കൽ ജി.കെ വെങ്കിടേഷിന്റെ സഹായിയായ ഇളയരാജയെ വെങ്കിടേഷിന്റെ ഓഫീസിൽ വച്ച് പരിചയപ്പെടുകയും ആദ്ദേഹത്തിന്റെ പാവലാർ ബ്രദേഴ്‌സ് എന്ന സംഗീത ട്രൂപ്പിൽ വാസുദേവന് അവസരം ലഭിക്കുകയും ചെയ്തു.

തമിഴ്‌സിനിമകളിൽ 8000 ത്തോളം ഗാനങ്ങൾ ആലപിച്ച ഇദ്ദേഹം 85 ഓളം ചലച്ചിത്രങ്ങളിലും ടി.വി സീരിയലുകളിലും അഭിനയിച്ചു. തമിഴ് കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും പിന്നണി പാടിയിട്ടുണ്ട്. മലയാളത്തിൽ വളരെക്കുറച്ച് ചിത്രങ്ങൾക്ക് മാത്രമാണ് പിന്നണി പാടിയത്.

2011 ഫെബ്രുവരി 20 ഞായാറാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലെ ഒരു സ്വകാര്യ ആശു​പത്രിയിൽ പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്[1].

ചില ഗാനങ്ങൾ തിരുത്തുക

  1. പിറന്നൊരീമണ്ണും മായുകില്ല (കാബൂളിവാല)
  2. കാക്കോത്തിയമ്മക്ക് (കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ)
  3. തമ്പ്രാന്റെ മഞ്ചൽ മെല്ലെ താഴോട്ടു പോരുന്നുണ്ടെ (നാടോടി)

മലയാളചലച്ചിത്രമേഖല തിരുത്തുക

നാടോടി, കാബൂളിവാല,ഒരു മറവത്തൂർ കനവ്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ‍, വിഷ്ണുലോകം എന്നീ ചിത്രങ്ങളിൽ മാത്രമാണ് ഇദ്ദേഹം പിന്നണി പാടിയിട്ടുള്ളത്.

അവലംബം തിരുത്തുക

  1. "മലേഷ്യ വാസുദേവൻ അന്തരിച്ചു". മൂലതാളിൽ നിന്നും 2011-02-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-20.
"https://ml.wikipedia.org/w/index.php?title=മലേഷ്യ_വാസുദേവൻ&oldid=3640521" എന്ന താളിൽനിന്ന് ശേഖരിച്ചത്