മഹ്മൂദ് ഷാ ദുറാനി

(Mahmud Shah Durrani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഫ്ഗാനിസ്താനിലെ ദുറാനി സാമ്രാജ്യത്തിന്റെ നാലാമത്തെ ചക്രവർത്തിയാണ് മഹ്മൂദ് ഷാ ദുറാനി. 1800 മുതൽ 1803 വരേയും, ഒരിടവേളക്ക് ശേഷം 1809 മുതൽ 1818 വരെയും ഇദ്ദേഹം സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. ദുറാനി സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ചക്രവർത്തിയായിരുന്ന തിമൂർ ഷായുടെ പുത്രനായിരുന്ന മഹ്മൂദ്, സാമ്രാജ്യസ്ഥാപകനായിരുന്ന അഹ്മദ് ഷാ ദുറാനിയുടെ പൗത്രനുമാണ്.

മഹ്മൂദ് ഷാ ദുറാനി
ദുറാനി സാമ്രാജ്യത്തിലെ ചക്രവർത്തി (ഷാ)
മഹ്മൂദ് ഷാ ദുറാനി
ഭരണകാലംദുറാനി സാമ്രാജ്യം: 1800-1803, 1809-1818
പൂർണ്ണനാമംമഹ്മൂദ് ഷാ ദുറാനി
മുൻ‌ഗാമിസമാൻ ഷാ ദുറാനി
ഷൂജ ഷാ ദുറാനി
പിൻ‌ഗാമിഷൂജ ഷാ ദുറാനി (കാബൂളിൽ)
കമ്രാൻ ദുറാനി (ഹെറാത്തിൽ)
രാജവംശംദുറാനി രാജവംശം
പിതാവ്തിമൂർ ഷാ ദുറാനി

മഹ്മൂദ് ഷാ, തന്റെ മുൻ‌ഗാമിയായിരുന്ന സമാൻ ഷായുടെ അർദ്ധസഹോദരനായിരുന്നു. മുഹമ്മദ്സായ് വിഭാഗത്തിലെ ഫത് ഖാന്റെ പിന്തുണയോടെ 1800-ആമാണ്ടിൽ സമാൻ ഷായെ അധികാരഭ്രഷ്ടനാക്കിയാണ് മഹ്മൂദ് ചക്രവർത്തിയായത്. 1803-ൽ അധികാരത്തിൽ നിന്നും പുറത്തായെങ്കിലും 1809-ൽ വീണ്ടും ചക്രവർത്തിസ്ഥാനത്ത് തിരിച്ചെത്തി[ക].

തന്റെ പുത്രൻ കമ്രാനു വേണ്ടി, മഹ്മൂദ് ഷാ തന്റെ കൂട്ടാളിയായ ഫത് ഖാനെ വധിച്ചതോടെ സാദോസായ് സാമ്രാജ്യത്തിന്റെ (ദുറാനി സാമ്രാജ്യം) അധഃപതനത്തിന്റെ ആരംഭം കുറിച്ചു.

അധികാരത്തിലേക്ക്

തിരുത്തുക

തന്റെ പിതാവും, രണ്ടാമത്തെ ദുറാനി ചക്രവർത്തിയുമായ തിമൂർ ഷായുടെ ഭരണകാലത്ത്, മഹ്മൂദ് ഹെറാത്തിലെ ഭരണകർത്താവായിരുന്നു. തിമൂറിന്റെ മരണസമയത്ത് കാബൂളിലുണ്ടായിരുന്ന മക്കളിലൊരാളായ സമാൻ ഷാ, തന്റെ മറ്റു സഹോദരന്മാരിൽ പലരേയും തടവിലാക്കി അധികാരം പിടിച്ചെടുക്കുകയായിരുന്നു.

1800-ൽ മഹ്മൂദും, ദുറാനികളിലെ മറ്റൊരു പ്രധാന വംശമായ ബാരക്സായ് വംശത്തിലെ മുഹമ്മദ്സായ് വിഭാഗത്തിലെ ഫത് ഖാനും ചേർന്ന് കന്ദഹാറിലും പരിസരത്തുമുള്ള നിരവധി ദുറാനികളുടെയും സഹായത്തോടെ സമാൻ ഷായെ പരാജയപ്പെടുത്തി. തുടർന്ന് മഹ്മൂദ് ഷാ, കാബൂളിൽ അധികാരത്തിലെത്തി[1][2].

വിജയങ്ങൾ

തിരുത്തുക

മകൻ കമ്രാനെ, കന്ദഹാറിലേയും, സഹോദരൻ ഹജ്ജി ഫിറൂസ് അൽ ദീനെ ഹെറാത്തിലേയും പ്രതിനിധികളായി നിയമിച്ച് ഫത് ഖാന്റെ ശക്തമായ പിന്തുണയിൽ മഹ്മൂദ് ഷാ ഭരണം നടത്തി. തുടക്കത്തിൽ കന്ദഹാർ പ്രദേശത്ത് ഘൽജികളുടേയും വടക്കു നിന്ന് ഉസ്ബെക്കുകളുടേയും ഭീഷണികളെ ഫലപ്രദമായി അതിജീവിക്കാൻ മഹ്മൂദിനായി. ഇതിനിടെ സമാൻ ഷായുടെ സഹോദരൻ ഷുജായുടെ നേതൃത്വത്തിലുള്ള സേനയുമായും രണ്ടൂ വട്ടം മഹ്മൂദിന് പോരാടേണ്ടി വന്നു. ഈ വിജയങ്ങൾക്കിടയിലും ജനപ്രിയനാകാൻ മഹ്മൂദിന് കഴിഞ്ഞിരുന്നില്ല[1].

ഷാ ഷൂജയുടെ അട്ടിമറി

തിരുത്തുക

1802-ൽ ഫത് ഖാൻ സിന്ധൂതീരങ്ങളിൽ ആക്രമണത്തിന് പുറപ്പെട്ടു. ഫത് ഖാന്റെ അസാന്നിധ്യം മുതലെടുത്ത് 1803 ജൂൺ മാസം, മഹ്മൂദ് ഷായെ അട്ടിമറിച്ച്, അർദ്ധസഹോദരനും മുൻ ചക്രവർത്തി സമാൻ ഷായുടെ നേർസഹോദരനുമായ ഷൂജാ അധികാരത്തിലേറുകയും ചെയ്തു. ഇതോടൊപ്പം മഹ്മൂദിനെ അപ്പർ ബാല ഹിസാറിൽ തടവുകാരനാക്കുകയും ചെയ്തു[1].

അധികാരത്തിലേക്കുള്ള തിരിച്ചുവരവ്

തിരുത്തുക

തിമൂറിന്റെ മറ്റൊരു പുത്രനായിരുന്ന അബ്ബാസ് ഖാൻ, ഷാ ഷൂജയെ അട്ടിമറിക്കാനായി ശ്രമിച്ച കോലാഹലത്തിനിടയിൽ തടവിലായിരുന്ന മഹ്മൂദ് ഷാ രക്ഷപ്പെട്ടു. ഫത് ഖാനുമായി ഒത്തു ചേർന്ന് 1808-ൽ കന്ദഹാറിൽ വച്ച് ഷാ ഷൂജക്കെതിരെ മഹ്മൂദ് ഒരു സായുധാക്രമണം നടത്തിയെങ്കിലും ഇതിൽ വിജയിക്കാനായില്ല.

1809-ൽ ജലാലാബാദിനും കാബൂളിനുമിടയിലുള്ള നിം‌ലക്ക് സമീപത്തുവച്ച് 15000-ത്തോളം അംഗസംഖ്യയുണ്ടായിരുന്ന ഷാ ഷൂജയുടെ സൈന്യത്തെ വെറും 2000 പേർ മാത്രമടങ്ങുന്ന മഹ്മൂദ് ഷായുടേയും ഫത് ഖാന്റേയും സൈന്യം പരാജയപ്പെടുത്തി കാബൂൾ പിടിച്ചടക്കി. മഹ്മൂദ് രണ്ടാം വട്ടവും കാബൂളിൽ അധികാരത്തിലേറി[1]

പരാജയങ്ങൾ

തിരുത്തുക

മഹ്മൂദ് രണ്ടാം വട്ടം രാജാവായെങ്കിലും അധഃപതനത്തിലായിരുന്ന അഫ്ഗാൻ സാമ്രാജ്യത്തിന്റെ വിധി മാറ്റിയെഴുതാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ലാഹോറിലെ മുൻ അഫ്ഗാൻ പ്രതിനിധിയായിരുന്ന രഞ്ജിത് സിങ്, 1813-ൽ ഫത് ഖാന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സേനയെ പരാജയപ്പെടുത്തുകയും സിന്ധൂനദീതീരത്തുള്ള അറ്റോക്കിലെ (attock) പ്രശസ്തമായ കോട്ട കൈയടക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് 1818-ൽ മുൾത്താനും 1819-ൽ കശ്മീരും സിഖുകാർ അഫ്ഗാനികളിൽ നിന്നും പിടിച്ചടക്കി.

ഇക്കാലത്ത് വടക്കൻ അഫ്ഘാനിസ്താനിലെ നിയന്ത്രണവും അഫ്ഗാനികൾക്ക് നഷ്ടമായി. ഇവിടെ വിവിധ ഉസ്ബെക് നേതാക്കആൾ സ്വതന്ത്രഭരണം നടത്തി[1].

കാബൂളിൽ അധികാരം നഷ്ടപ്പെടുന്നു

തിരുത്തുക

പരാജയങ്ങളുടെ ഇക്കാലത്ത് കാബൂളിൽ ഷാ മഹ്മൂദിന്റേയ്യും അയാളുടെ മകൻ കമ്രാന്റേയും നേതൃത്വത്തിലുള്ള പോപത്സായ് വംശജരും മഹ്മൂദിന്റെ മുൻ‌കാലസഖ്യകക്ഷിയും ബാരക്സായ് വംശത്തിലെ ഫത് ഖാനും തമ്മിൽ അധികാരത്തർക്കങ്ങൾ രൂക്ഷമായി. 1818-ൽ ഫത് ഖാനെ ഹെറാത്തിൽ വച്ച് പോപത്സായ്കൾ അന്ധനാക്കുകയും പിന്നീട് പീഡനങ്ങൾക്ക് വിധേയനാക്കി വധിക്കുകയും ചെയ്തു.

ഫത് ഖാന്റെ മരണത്തോടെ ദോസ്ത് മുഹമ്മദ് ഖാൻ അടക്കമുള്ള അയാളുടെ ഇരുപതോളം സഹോദരന്മാർ ഒന്നു ചേർന്ന് കാബൂളിലെ ഷാ മഹ്മൂദിനെ അധികാരത്തിൽ നിന്നും പുറത്താക്കി. കാബൂളിൽ നിന്നും തന്റെ മകൻ കമ്രാന്റെ ശക്തികേന്ദ്രമായിരുന്ന ഹെറാത്തിലേക്ക് കടന്ന മഹ്മൂദ് ഹെറാത്തിൽ നിന്നാണ് പിന്നീട് ഭരണം തുടർന്നത്[1].

അന്ത്യം

തിരുത്തുക

1829-ൽ ഷാ മഹ്മൂദ് മരണമടഞ്ഞു. മഹ്മൂദിന്റെ മരണത്തിൻ ശേഷം അദ്ദേഹത്തിന്റെ മകൻ കമ്രാനും, ഹെറാത്തിൽ നിന്നുകൊണ്ടുതന്നെ ഭരണം തുടർന്നു തന്റെ ഉപദേഷ്ടാവായിരുന്ന യാർ മുഹമ്മദ് ഖാന്റെ തീരുമാനങ്ങൾക്ക് വിധേയമായി ഭരണം നടത്തിയ കമ്രാൻ 1842-ൽ കൊല്ലപ്പെടുകയായിരുന്നു[1].

കുറിപ്പുകൾ

തിരുത്തുക

ക. ^ ഈ ഇടവേളയിൽ, മഹ്മൂദ് ഷായുടെ മറ്റൊരു അർദ്ധസഹോദരനും, സമാൻ ഷായുടെ നേർ സഹോദരനുമായ ഷാ ഷൂജ ആയിരുന്നു അധികാരത്തിലിരുന്നത്.

  1. 1.0 1.1 1.2 1.3 1.4 1.5 1.6 Vogelsang, Willem (2002). "15-The Sadozay Dynasty". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 236–242. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "Rulers in Afghanistan, 1747-1973" (in ഇംഗ്ലീഷ്). British Library. Archived from the original on 2010-07-04. Retrieved 2010 ഫെബ്രുവരി 20. Mahmud Shah, brother of Zeman Shah 1800-03 (deposed). {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=മഹ്മൂദ്_ഷാ_ദുറാനി&oldid=3987446" എന്ന താളിൽനിന്ന് ശേഖരിച്ചത്