സുബാബുൽ

(Leucaena leucocephala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പിൻസ്, പശ്ചിമപസഫിക്ക് ദ്വീപസമൂഹങ്ങൾ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ധാരാളമായി കൃഷിചെയ്തുവരുന്ന ഒരുതരം സസ്യമാണ് സുബാബുൽ(ശാസ്ത്രീയനാമം: Leucaena leucocephala). മെക്സിക്കോ ആണ് ഇതിൻറെ സ്വന്തം നാട്. വ്യവഹാര നാമം ഇപ്പിൽ ഇപ്പിൽ എന്നും ഇംഗ്ലീഷിൽ ഗ്രീൻ ഗോൾഡ് എന്നും അറിയപ്പെടുന്നു. കാലിത്തീറ്റയ്ക്കായും, വിറകിനായും, മണ്ണിലെ നൈട്രജന്റെ അളവ് പോഷിപ്പിക്കുന്നതിനും ഇത് കൃഷി ചെയ്യുന്നു.[1]

Leucaena
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
L. leucocephala
Binomial name
Leucaena leucocephala
Synonyms
  • Leucaena glauca, (Linn.) Benth
  • Mimosa glauca, Linn.
  • Acacia glauca, Willd.
Leucaena leucocephala

ആവാസവും വിതരണവും

തിരുത്തുക
 
സുബാബുൽ

ഹവായിയൻ, സാൽവഡോർ, പെറു എന്നു മൂന്നിനം സുബാലുക്കളാണ് കൃഷി ചെയ്യുന്നത്. ഇവയിൽ ഹവായിയൻ ഇനവും സാൽവഡോർ ഇനവുമാണ് ഏറ്റവും വേഗം വളരുന്നത്. ഇവ രണ്ടും ഹവായിയൻ ഭീമൻ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ വനഭൂമിയിലും കൃഷിയിടങ്ങിളിലും സുബാബുൽ ധാരാളമായി കൃഷിചെയ്തുവരുന്നു.

രൂപവിവരണം

തിരുത്തുക

ഇലയ്ക്ക് അനുപർണ്ണങ്ങളുള്ള ഒരു ബഹുവർഷി സസ്യമാണ് സുബാബുൽ. ഒരു പ്രധാനതണ്ടിൽ 4-10 ജോടി ഉപതണ്ടുകളും, ഓരോഉപതണ്ടുകളിലും 10-15 ജോടി ഇലകളും ഉണ്ട്. ഇലയ്ക്ക് 1-15 സെ.മി. നീളവും അര സെ.മി. വീതിയും കാണും. സുബാബുൽ ആണ്ടിൽ രണ്ടു തവണ പൂക്കും. ഒക്ടോബർ-നവംബറിലും ഏപ്രിൽ-മേയിലും. പൂങ്കുല ഗോളാകൃതിയിലുള്ള സ്പൈക്കാണ്. പൂവിനു വെള്ളനിറം, ദ്വിലിംഗ പുഷ്പങ്ങൾ. ബാഹ്യദളപുടത്തിലും ദളപുടത്തിലും 5 ഇതളുകൾ വീതം കാണും. 10 സ്വതന്ത്ര കേസരങ്ങളും ഒരറയുള്ള അണ്ഡാശയവും ഉണ്ട്. ജനുവരിയിലും ജൂലായിലും കായ് വിളയും. കായ് പരന്നു നീണ്ട് അനേകം വിത്തുകളോടു കൂടിയതാണ്.

സവിശേഷതകൾ

തിരുത്തുക

പ്രകാശം ആഗ്രഹിക്കുന്ന ഒരു മരമാണിത്. കോപ്പിസ് ചെയ്യും. ഒന്നിച്ച് ഇല പൊഴിക്കാറില്ല. ഫ്രോസ്റ്റും വരൾച്ചയും ഉള്ളിടത്തു വളരുകയില്ല.

പുനരുൽഭവം

തിരുത്തുക

വിത്തു മൂലം സ്വാഭാവിക പുനരുൽഭവം നടക്കാറുണ്ട്. വിത്തു നേരിട്ടു കൃഷിസ്ഥലത്തുപാകിയോ മൂന്നുമാസം പ്രായമായ കുടത്തൈകൾ നട്ടോ തോട്ടം ഉണ്ടാക്കാം.

1971-72 ൽ ഇന്ത്യൻ ആഗ്രോ ഇൻഡസ്ട്രീസ് ഫൗണ്ടേഷനാണ് ഇന്ത്യയിൽ സുബാബുൽ കൃഷി ആരംഭിച്ചത്. കാലിത്തീറ്റയ്ക്കായി ആസ്ത്രേലിയയിൽ നിന്ന് ഹവായിയൻ ഇനത്തിൻറെ വിത്താണ് അവർ വരുത്തിയത്. 1981 ൽ ഇന്ത്യാഗവണ്മെൻറ് സ്വീഡിഷ് അന്താരാഷ്ട്രവികസന ഏജൻസിയുടെ സഹായത്തോടെ ഫിലിപ്പൈയിൻസിൽ നിന്ന് സാലവഡോർ ഇനത്തിൻറെ K8, K28 എന്നീ ഇനങ്ങളുടെ വിത്തും വരുത്തി. ഇന്ന് വനവിളയായും കാർഷിക വിളയായും സുബാബുൽ ഇന്ത്യയിൽ മിക്ക ഇടങ്ങളിലും കൃഷിചെയ്തുവരുന്നു

തോട്ടനിർമ്മാണത്തിനുള്ള കായ് മരത്തിൽനിന്നുതന്നെ ശേഖരിക്കണം. രണ്ടുവർഷം പ്രായമായ ഒരു ഹെക്ടർ തോട്ടത്തിൽ നിന്ന് മൂന്നു ടണ്ണോളം വിത്തു കിട്ടും. ഒരു ചെടിയിൽ നിന്ന് 1-1.5 കിലോഗ്രാം വിത്തു പ്രതീക്ഷിക്കാം. വിത്ത് ജീവനക്ഷമത നഷ്ടപ്പെടാതെ മൂന്നുവർഷം വരെ സൂക്ഷിച്ചുവൈക്കാം. ഒരു ഗ്രാമിൽ അമ്പതോളം വിത്തു കാണും.

വിത്തു വിതക്കുന്നതിനു മുമ്പ് വിദാരണം ചെയ്യുന്നതു നല്ലതാണ്. ഗാഢ സൾഫൂറിക്ക് അംളത്തിൽ പത്തു മിന്നിറ്റ് ഇടുക, തിളയ്ക്കുന്ന വെള്ളത്തിലിട്ട് തണുക്കാനനുവദിക്കുക മുതലായവയാണ് നല്ല വിദാരണരീതികൾ. 18x12 സെ.മി. വലിപ്പമുള്ള പോളിത്തിൻ സഞ്ചികളാണ് വിത്തുപാകാൻ പറ്റിയത്. സഞ്ചിയുടെ അടിയിൽ ചെറിയദ്വാരങ്ങൾ ഉണ്ടായിരിക്കണം. സഞ്ചികൾ ജൈവവളം ചേർത്തു പൊടിച്ചരിച്ച മണ്ണു നിറച്ച ബെഡ്ഡുകളിൽ നിരത്തണം. പിന്നീട് ഓരോ സഞ്ചിയിലും രണ്ടോ മൂന്നോ വിത്തു പാകാം. എല്ലാ വിത്തും മുളച്ചാൽ ഓരോ സഞ്ചിയിലും ഒരു തൈ വീതം നിറുത്തി ബാക്കിയുള്ളവ പറിച്ചു മാറ്റണം. ബെഡ്ഡുകൾക്കു പന്തൽ വേണമെന്നില്ല. എങ്കിലും ആദ്യത്തെ രണ്ടാഴ്ച പന്തൽ ഉണ്ടായിരിക്കുന്നതു നല്ലതാണ്. ഇത് മണ്ണിൻറെ നനവു നിലനിർത്താൻ സഹായിക്കും. മഴക്കാലം വരെ സഞ്ചികൾ പതിവായി നനയ്ക്കണം.

ചതുപ്പുസ്ഥലങ്ങളും അംളതകൂടിയ മണ്ണും സുബാബുലിനു പറ്റിയതല്ല. ധാരാളം സൂര്യപ്രകാശം കിട്ടുന്നസ്ഥലം തിരഞ്ഞെടുക്കണം. മൂന്നുമാസം പ്രായമുള്ള തൈകൾ 25 സെ.മീ. വീതം നീളവും വീതിയും താഴ്ച്ചയും ഉള്ള കുഴികളിൽ നടാം. നടുന്നതിനു മുമ്പ് മൺകട്ട ഉടയാതെ പോളിത്തിൻ സഞ്ചി ഉരിച്ചു കളയണം. തടിക്കു വേണ്ടി നിർമ്മിക്കുന്ന തോട്ടമാണെങ്കിൽ തൈകൾ തമ്മിലു അകലം രണ്ടോ മൂന്നോ മീറ്റർആകാം. വിറകിനോ കന്നുകാലിതീറ്റയ്ക്കോ മണ്ണുപോഷണത്തിനോ തോട്ടം നിർമ്മിക്കുമ്പോൾ അകലം ഒരു മീറ്റർ മതി.

സുബാബുൽ ജൈവനൈട്രജൻ യൗഗികീകരണ ശേഷി (ബി. എൻ. എഫ്. ശേഷി) യുള്ള സസ്യമാണ്. ഇതിൻറെ വേരിലുണ്ടാകുന്ന ഗ്രന്ധികളിലെ രൈസോബിയം ജിനസിൽ പെട്ട ബാക്റ്റീരിയം അന്തരീക്ഷനൈട്രജനെ യൗഗിക രൂപത്തിലാക്കി മാറ്റും. ഈ ബന്ധിതനൈട്രജൻ പിന്നീട് മണ്ണിൽ ചേരും. പ്രതിവർഷം ഒരു ഹെക്റ്റർ സ്ഥലത്ത് നൂറു കിലോഗ്രാമിലേറെ നൈട്രജൻ ഇങ്ങനെ പ്രദാനം ചെയ്യാൻ സുബാബുൽ തോട്ടത്തിനു കഴിയും. അംളത കൂടിയ മണ്ണിൽ ബാക്ടീരിയത്തിൻറെ പ്രവർത്തനം കുറയും അതുകൊണ്ടാണ് അംളതകൂടിയ മണ്ണ് സുബാബുലിനു പറ്റിയതല്ലെന്നു പറയുന്നത്.

സുബാബുലിൻറെ തടി വിറകിനു നല്ലതാണ്. ഇതിൻറെ താപീകരണമൂല്യം 4.0 കിലോ കലോറി/ഗ്രാം ആണ്. മൂന്നു വർഷം കൊണ്ട് തായ്ത്തടിക്ക് 10 മീറ്ററിൽ അധികം പൊക്കവും 10 സെ. മീറ്ററോളം വ്യാസവും വൈയ്ക്കും. അപ്പോൾ മുറിച്ചെടുത്താൽ കഴയായും വിറകായും ഉപയോഗിക്കാം. നല്ലദിനുസിലെ 40 മരം വച്ചുപിടിപ്പിച്ചാൽ മൂന്നു വർഷം കഴിഞ്ഞ് ഒരു ടണ്ണിലേറെ വിറകു കിട്ടും. തടിയാണ് ആവശ്യമെങ്കിൽ അഞ്ചു വർഷം കഴിഞ്ഞേ വെട്ടാവു.

സുബാബുലിൻറെ ഇലയും ഇളംതണ്ടും നല്ല കന്നുകാലിത്തിറ്റയാണ്. കന്നുകാലിത്തീറ്റയ്ക്കുള്ള തോട്ടമാണെങ്കിൽ തൈ നട്ട് ആറുമാസം കഴിഞ്ഞാൽ തറനിരപ്പിൽ നിന്ന് 75 സെ.മീ. മുതൽ 150 സെ.മീ. വരെ പൊക്കത്തിൽ വച്ച് തലപ്പ് വെട്ടിയെടുക്കാം. തുടർന്ന് ഒന്നരവർഷത്തേക്ക് 50 ദിവസം കൂടുമ്പോൾ തലപ്പു ശേഖരിക്കാം. മുമ്പു മുറിച്ചിടത്തു നിന്ന് രണ്ടു മൂന്നു സെ.മീ. മുകളിൽ വച്ചായിരിക്കണം അടുത്തപ്രാവശ്യം മുറിക്കുക. മൂന്നാം വർഷം മുതൽ ആണ്ടിൽ മൂന്നുനാലു പ്രാവശ്യമേ വിളവെടുക്കാവു.

സുബാബുൽ നിർദ്ദോഷമായ കാലിതീറ്റയാണെന്നു പറയാൻ വയ്യ. ഇതിലെ മൈമോസിയൻ എന്ന അമിനോ അംളം വിഷവസ്തുവാണ്. ഇത് കന്നുകാലികളുടെ ആമാശയത്തിലെ ആദ്യ അറയിൽ വച്ചു രാസക്രിയ നടന്ന് പൈറിഡോൺ എന്ന വിഷവസ്തുവാകും. എന്നാൽ മിക്ക ഉഷ്ണമേഖലാ രാജ്യങ്ങളിലുമുള്ള കന്നുകാലികളുടെ ആമാശയത്തിലെ ചില ബാക്റ്റീരിയങ്ങൾക്ക് ഈ വിഷവസ്തുവിനെ നിർദ്ദോഷ ഘടകങ്ങളായി വിഘടിപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് ഇന്ത്യ, ഇന്തോനേഷ്യ, ഹാവായ്, ബ്രസീൽ, ഫിലിപൈയിൻസ് മുതലായ രാജ്യങ്ങളിലെ കന്നുകാലികൾക്ക് സുബാബുൽ അപകടശങ്ക കൂടാതെ കൊടുക്കാം.[2]

  1. "കാർഷികകേരളം". Archived from the original on 2016-03-05. Retrieved 2009-07-17.
  2. കേരളത്തിലെ വനസസ്യങ്ങൾ: ഡോ.പി.എൻ.നായർ, സി.എസ്സ്.നായർ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സുബാബുൽ&oldid=3647964" എന്ന താളിൽനിന്ന് ശേഖരിച്ചത്