അരക്ക്

(Lac എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരക്ക് സ്രവിക്കുന്ന പ്രാണികളുടെയിനത്തിൽപ്പെട്ട Kerria lacca എന്ന പ്രാണികളുടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന സ്രവം കട്ടിപിടിച്ച് ഉണ്ടാവുന്നതാണ് കോലരക്ക്. ഈ പ്രാണികൾ ചെടികളുടെ നീര്  വലിച്ചെടുക്കുകയും ഒരു സംരക്ഷണ ആവരണമായി അരക്ക്  സ്രവിക്കുകയും ചെയ്യുന്നു. കറയും (resin) മെഴുകും (wax) ചേർന്ന കടുംചുവപ്പ് നിറത്തിലുള്ള മിശ്രിതമാണ് കോലരക്ക്. ജന്തുജന്യമായ ഒരേയൊരു റെസിനായ ഇത്  ഒരു സ്വാഭാവിക വാണിജ്യ വിഭവമാണ്

Lac tubes created by Kerria lacca
Resin secreted by the female lac bug on trees is processed and sold as dry flakes.

തുണിത്തരങ്ങൾക്കു ചായം പിടിപ്പിക്കുന്നതിനും തടി, ലോഹം മുതലായവയ്ക്ക് തിളക്കവും കട്ടിയും വർധിപ്പിക്കുന്നതിന് പൗരാണികകാലംമുതലേ അരക്ക് ഉപയോഗപ്പെടുത്തിയിരുന്നു. പലതരം വാർണീഷുകളുടെയും പോളീഷുകളുടെയും അടിസ്ഥാനവസ്തു അരക്കാണ്. ആയുർവേദ ഔഷധ നിർമാണ മേഖലയിൽ വളരെയധികം ഉപയോഗമുള്ള  ഒരു വസ്തുവാണിത്.

ചിലയിനം വൃക്ഷങ്ങളിൽ ലക്ഷക്കണക്കിനു അരക്കുപ്രാണികൾ വന്നു പറ്റിക്കൂടുന്നു. അവിടെയിരുന്ന് വദനസൂചി ഉപയോഗിച്ച് ആതിഥേയവൃക്ഷത്തിന്റെ നീരൂറ്റിക്കുടിച്ചാണ് ഇവ വളരുന്നത്.

അരക്കുപ്രാണികൾക്ക് ആതിഥേയരായ 90-ൽപ്പരം വർഗത്തിൽപ്പെട്ട വൃക്ഷങ്ങളുണ്ടെങ്കിലും ഇവയിൽ പ്രധാനം പൂവം, ഇലന്ത, പ്ലാശ് എന്നിവയാണ്. സംസ്കൃതത്തിൽ ലക്ഷം പ്രാണികളെ പോറ്റുന്ന വൃക്ഷം എന്ന അർഥത്തിൽ പ്ലാശിന്നു 'ലക്ഷതരു' എന്നു പേരുണ്ട്. അതിൽനിന്നാണത്രെ അരക്കിന് 'ലാക്ഷ' എന്നു പേരു ലഭിച്ചത്. ഇംഗ്ലീഷിലെ 'ലാക്' എന്ന പദം സംസ്കൃതത്തിലെ ലക്ഷം എന്ന പദത്തിന്റെ തദ്ഭവമാണ്.

അരക്കുപ്രാണികൾ സ്രവിപ്പിക്കുന്ന പദാർഥം അവയുടെ പുറത്തും മരക്കൊമ്പുകളിലും പറ്റിപ്പിടിച്ചിരിക്കും. പെൺവർഗത്തിൽപ്പെട്ടവയാണ് അരക്ക് ഉത്പാദിപ്പിക്കുന്നത്. 6 മി.മീ. മുതൽ 12 മി.മീ. വരെ കനത്തിൽ അരക്കുകൊണ്ട് ഇവയുടെ ദേഹം മൂടിയിരിക്കും. അരക്ക് ഉത്പാദിപ്പിച്ചശേഷം ഇവ മരണമടയുന്നു. ഈ കോലരക്ക് ശേഖരിച്ച് ചൂടുള്ള വെള്ളത്തിലോ സോഡിയം കാർബണേറ്റ് ലായനിയിലോ ഇട്ട് കുതിർക്കുമ്പോൾ ചുവന്ന അരക്കുചായം വേർതിരിയുന്നു. ഈ മിശ്രിതത്തിൽനിന്നും കമ്പുകളും മറ്റു മാലിന്യങ്ങളും നീക്കംചെയ്തശേഷം ചായം ഊറ്റി എടുക്കുന്നു. അവശേഷിക്കുന്ന തരിരൂപത്തിലുള്ള അരക്ക്(seed lac) തുണികൊണ്ട് പ്രത്യേകം നിർമിച്ചെടുത്ത സഞ്ചികളിലിട്ട് തീക്കനലിനു മുകളിൽ പിടിച്ച് ഉരുക്കിയാണ് ശുദ്ധമായ അരക്ക് (shell lac) ഉണ്ടാക്കുന്നത്. ഇത് ഉരുക്കി ചെറിയ ചെറിയ തകിടുകളായോ (അവലരക്ക്), ഉരുണ്ട ആകൃതിയിലോ (ബട്ടൺ അരക്ക്), ഷീറ്റുപോലെയോ തയ്യാറാക്കുന്നു. കടുംചുവപ്പ്, കറുപ്പ്, ഓറഞ്ച് എന്നീ വർണങ്ങളിൽ കിട്ടുന്ന ഈ ശുദ്ധമായ അരക്ക് ശ്വേതീകരിക്കാവുന്നതാണ്. ഓറഞ്ചുനിറത്തിൽ ലഭിക്കുന്നതാണ് ഏറ്റവും വിലപിടിച്ച ഇനം.

പോളി ഹൈഡ്രോക്സി കാർബോക്സിലിക് ആസിഡുകളുടെ എസ്റ്ററുകൾ, അലേയമായ മഞ്ഞച്ചായം, വെള്ളത്തിൽ ലയിക്കുന്ന ചുവന്ന ചായം എന്നിവയുടെ ഒരു മിശ്രിതമാണ് അരക്ക്. രാസപരമായി അരക്കുചായം ലാക്കേയ്ക് ആസിഡ് (Laccaic Acid) എന്ന് അറിയപ്പെടുന്നു. ഫോർമുല C2OH14O11. കോക്കിനീൽ എന്ന പ്രാണി ഉത്പാദിപ്പിക്കുന്ന ചായത്തിനോട് ചുവന്ന അരക്കുചായത്തിന് ഘടനാസാദൃശ്യം ഉണ്ട്.

അരക്ക് പ്രധാനമായും (90 ശതമാനത്തോളം) ഇന്ത്യയിലാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ 2/3 ഭാഗം ബിഹാർ, പശ്ചിമബംഗാൾ, മധ്യപ്രദേശ്, ഒറീസാ എന്നിവിടങ്ങളിൽനിന്നു ലഭിക്കുന്നു. ചുരുങ്ങിയ തോതിൽ കേരളത്തിൽനിന്നും തമിഴ്നാട്ടിൽ നിന്നും ഇതു ലഭിക്കുന്നുണ്ട്. ഇതിന്റെ ഉത്പ്പാദനം, വിളവെടുപ്പ്, വിപണനം, റിസേർച്ച്  മുതലായ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ജാർഖണ്ഡിലെ റാഞ്ചിയിൽ ഉള്ള  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ റെസിൻസ് ആൻഡ് ഗംസ് (IINRG) ആണ്.

പ്രത്യേക ആതിഥേയ സസ്യങ്ങളോട് അരക്കുപ്രാണികൾക്കുള്ള മുൻഗണന അടിസ്ഥാനമാക്കി രംഗീനി കുസുമി എന്നിങ്ങനെ രണ്ടു ഇനങ്ങൾ കോലരക്ക് പ്രാണികൾക് ഉണ്ട്. പ്രധാനമായി കുസുമി (പൂവം, പൂവണം എന്ന വൃക്ഷത്തിൽ വളരുന്നത്), രംഗീനി (പ്ലാശ്, ഇലന്ത എന്നീ മരങ്ങളിൽ വളരുന്നത്) എന്നീ രണ്ടിനം അരക്കു പ്രാണികളെയാണു വളർത്തിവരുന്നത്. പ്രാണികളുടെ ആയുസ്സ് 6 മാസം ആയതിനാൽ ഒരു വർഷത്തിൽ 2 തവണ കോലരക്കിന്റെ വിളവെടുപ്പ് നടത്താവുന്നതാണ്. കൃഷിയിറക്കുകയും ആദായം എടുക്കുകയും ചെയ്യുന്ന മാസങ്ങൾക്കനുസരിച്ച് കുസുമിയുടെ കൃഷിക്ക് ജേത്വി, അഘാനി എന്നും രംഗീനിയുടെ കൃഷിക്ക് വൈശാഖി, കാട്കി എന്നും പേരുണ്ട്. ജേത്വി ജനു.-ഫെ.-ൽ ആരംഭിച്ച് ജൂൺ-ജൂല.-ൽ വിളവെടുക്കുന്നു. അഘാനി ജൂൺ-ജൂല.-ൽ ആരംഭിച്ച് ജനു.-ഫെ.-ൽ വിളവെടുക്കുന്നു. വൈശാഖിയുടെ കൃഷിയിറക്കൽ ഒ.-ന.-ൽ തുടങ്ങുന്നു; വിളവെടുപ്പ് ജൂൺ-ജൂലൈയിലും, കാട്കിയുടെ കൃഷി ജൂൺ-ജൂല.-ൽ തുടങ്ങുന്നു. വിളവെടുപ്പ് ഒ.-ന.-ൽ ആണ്. ജൂൺ-ന. മാസങ്ങളിലാണ് ഏറ്റവും കൂടുതൽ അരക്കു വിളയുന്നത്.

പെൺവർഗത്തിൽപ്പെട്ട അരക്കുപ്രാണികളെ ഉണക്കി വെള്ളത്തിൽ ലയിപ്പിക്കുമ്പോൾ കിട്ടുന്ന മഞ്ഞ കലർന്ന ചുവപ്പു ചായം കാലടികൾ ചുവപ്പിക്കുന്നതിനും തുണിത്തരങ്ങൾക്കു ചായം പിടിപ്പിക്കുന്നതിനും എ.ഡി. 250 മുതലേ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 1790-ൽ ഇത് ഇംഗ്ലണ്ടിൽ ഇറക്കുമതി ചെയ്തിരുന്നു. തടി, ലോഹം മുതലായവയ്ക്ക് തിളക്കവും കട്ടിയും വർധിപ്പിക്കുന്നതിന് പൗരാണികകാലംമുതലേ അരക്ക് ഉപയോഗപ്പെടുത്തിയിരുന്നു. 17-ഉം 18-ഉം ശ.-ങ്ങളിൽ കിഴക്കൻ യൂറോപ്പിലും ജപ്പാൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലും അരക്കു പിടിപ്പിച്ച ഉപകരണങ്ങൾക്ക് വളരെ പ്രചാരമുണ്ടായിരുന്നു. അരക്കുറസിനിൽ വർണങ്ങൾ കലർത്തി മുദ്രയരക്കുമാതിരിയാണ് ഇന്ത്യയിൽ ഇതു നിർമിച്ചിരുന്നത്. ഏതെങ്കിലും ഒരു പ്രതലത്തിൽ പതിപ്പിച്ച് പോളിഷ് ചെയ്യുമ്പോൾ ഇതിനു നല്ല തിളക്കവും പകിട്ടും കിട്ടും. അനിലിൻ ചായങ്ങളുടെ കണ്ടുപിടിത്തം അരക്കുചായങ്ങളുടെ പ്രാധാന്യം കുറയാനിടയാക്കി. എന്നാൽ വിലപിടിച്ച പലതരം വാർണീഷുകളുടെയും പോളീഷുകളുടെയും അടിസ്ഥാനവസ്തു അരക്കാണ്. തറയും ചില ഗാർഹിക ഉപകരണങ്ങളും പോളിഷ് ചെയ്യുന്നതിനുള്ള വാർണീഷായി ഉപയോഗിക്കുന്നതു കോലരക്കിന്റെ ആൽക്കഹോൾ ലായനിയാണ്. കൂടാതെ മുദ്രയരക്ക്, തലമുടിക്കു കട്ടി നല്കുന്ന ചില വസ്തുക്കൾ, ഇലക്ട്രിക് ഉപകരണങ്ങളുടെ പിടികൾ, മൂടികൾ, ഗ്രാമഫോൺ റെക്കാർഡുകൾ, അച്ചടിമഷി മുതലായവ നിർമ്മിക്കുന്നതിനും തോട, കാപ്പ് മുതലായ ആഭരണങ്ങളിൽ നിറയ്ക്കുന്നതിനും അരക്ക് ഉപയോഗിച്ചുവരുന്നു. ചില ആയുർവേദ ഔഷധങ്ങളിലും എണ്ണകളിലും (ഉദാ. ലാക്ഷാദിതൈലം) ശുദ്ധ അരക്ക് ചേർക്കുന്നുണ്ട്. ഇന്ത്യയിൽ ട്രേ, ഷീൽഡ്, പെട്ടി, കട്ടിൽ മുതലായ സാധനങ്ങളിൽ പണ്ടുമുതലേ അരക്കുപണി നടത്തിവന്നിരുന്നു. ഇപ്പോൾ പൂപ്പാത്രങ്ങൾ, വിളക്കുകാലുകൾ, ഘടികാരം വയ്ക്കുന്നതിനുള്ള ചട്ടങ്ങൾ, തടികൊണ്ടു നിർമിച്ച കുടക്കാലുകൾ, കളിപ്പാട്ടങ്ങൾ എന്നിവയിലാണ് പ്രധാനമായും അരക്കുപണി നടത്തുന്നത്.

ഇന്ത്യയിൽ ചെറുകിടവ്യവസായങ്ങളുടെ കൂട്ടത്തിൽ വളരെ പഴക്കവും പ്രചാരവും അരക്കുപണിക്കുണ്ട്. കേരളത്തിലും ഈ വ്യവസായം വളരെ മുൻപുമുതൽക്കേ ഉണ്ടായിരുന്നു. മലബാർ പ്രദേശങ്ങളിൽ നിർമിച്ചിരുന്ന സാധനങ്ങളായിരുന്നു അരക്കുപണിയിൽ പ്രസിദ്ധം.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അരക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അരക്ക്&oldid=3947652" എന്ന താളിൽനിന്ന് ശേഖരിച്ചത്