ഐസോടോപ്പ്
ഒരു മൂലകത്തിന്റെ ന്യൂട്രോണുകളുടെ എണ്ണം അതേ മൂലകത്തിന്റെ മറ്റൊന്നിലെ എണ്ണത്തിൽ നിന്നും വിഭിന്നമാണെങ്കിൽ വ്യത്യസ്ത അണുകേന്ദ്രങ്ങളുള്ള ഒരേ മൂലകത്തിന്റെ അണുക്കളെ ഐസോട്ടോപ്പുകൾ എന്നു പറയാം. അതായത് ഒരേ അണു സംഖ്യയും വ്യത്യസ്ത പിണ്ഡസംഖ്യയും ഉള്ളവയാണ് "ഐസോട്ടോപ്പുകൾ".1900 ൽ 'ഫ്രെഡറിക് സോഡി' എന്ന ശാസ്ത്രജ്ഞനാണ് ഐസോട്ടോപ് എന്ന പദം ആദ്യമുപയോഗിച്ചത്.
പ്രത്യേകതകൾ
തിരുത്തുകഐസോട്ടോപ്പുകൾ ഒരു മൂലകത്തിന്റെ വിവിധ പതിപ്പുകളാണ്. ഒരു മൂലകത്തിന്റെ ഐസോട്ടോപ്പുകൾക്ക് ഒരേ അണുസംഖ്യയായിരിക്കും അതുകൊണ്ട് ഒരേ രാസഗുണങ്ങളും അവപ്രകടിപ്പിക്കുന്നു. എന്നാൽ അണുഭാരം വ്യത്യസ്തമായതിനാൽ സാന്ദ്രത പോലുള്ള ഭൗതികഗുണങ്ങൾ വ്യത്യസ്തമായിരിക്കും.
ന്യൂക്ലിയോൺ സംഖ്യ അഥവാ മാസ്‌നമ്പർ (അണുവിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണം) ഉപയോഗിച്ചാണ് ഐസോട്ടോപ്പുകളെ തരംതിരിക്കുന്നത്. ഉദാഹരണത്തിന് കാർബണിന്റെ ഏറ്റവും സാധാരണമായ ഐസോട്ടോപ്പ് ആണ് കാർബൺ-12 (ആറു വീതം പ്രോട്ടോണുകളും ന്യൂട്രോണുകളും ഇതിന്റെ അണുകേന്ദ്രത്തിൽ അടങ്ങിയിരിക്കുന്നു). കാർബണിന്റെ മറ്റൊരു ഐസോട്ടോപ്പായ കാർബൺ-14-ൽ ആറു പ്രോട്ടോണും എട്ടു ന്യൂട്രോണുകളുമാണുള്ളത്. കാർബൺ-14 ഒരു റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പ് ആണ്.
ഹൈഡ്രജന്റെ പ്രകൃതിയിൽ കാണപ്പെടുന്ന മൂന്ന് ഐസോട്ടോപ്പുകളാണ് പ്രോട്ടിയം, ഡ്യുട്ടീരിയം, ട്രീറ്റിയം എന്നിവ (ഇവയിൽ ഒരു പ്രോട്ടോണും യഥാക്രമം 0, 1, 2 എന്നിങ്ങനെ ന്യൂട്രോണുകളും അടങ്ങിയിരിക്കുന്നു)
ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള മൂലകങ്ങൾ സീസിയവും, ബേരിയവും ആണ് - 40 എണ്ണം വീതം. ഏറ്റവും കൂടുതൽ സ്ഥിരതയുള്ള ഐസോടോപ്പുകൾ ഉള്ള മൂലകം ടിൻ ആണ് - 10 എണ്ണം (സ്വാഭാവിക അണുവിഘടനം (Spontaneous Fission) ഒഴിച്ചുനിർത്തിയാൽത്തന്നെ അതിൽ 7 എണ്ണമേ സൈദ്ധാന്തികപരമായി സ്ഥിരതയുള്ളതാകാൻ വഴിയുള്ളൂ എന്നിരിക്കിലും മറ്റുള്ളവയുടെ റേഡിയോ ആക്റ്റീവത പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടില്ല).
ഉപയോഗങ്ങൾ
തിരുത്തുകവ്യവസായം, വൈദ്യശാസ്ത്രം , ഗവേഷണം എന്നീ മേഖലകളിൽ ഐസോട്ടോപ്പുകൾ ഉപയോഗിക്കുന്നു.രാസവസ്തുക്കൾ ചെടികളിലും ജന്തു ശരീരങ്ങളിലും എങ്ങനെ പ്രവർത്തിക്കുന്നു എന്നു കണ്ടെത്താനുള്ള ടെയിസറുകളായി ഇവയെ ഉപയോഗിച്ചു വരുന്നു.കൂടാതെ വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിന് കാർബണിന്റെ ഐസോട്ടോപ്പായ കാർബൺ 14 ഉപയോഗിക്കുന്നു.കാർബൺ ഡേറ്റിംഗ് എന്നാണ് ഇതിനു പറയുന്നത്.ആണവറിയാക്ടറുകളിൽ കൂളന്റായി ഉപയോഗിക്കുന്ന ഘനജലം ഡൈ ഡ്യൂയിട്ടിരിയം ഓക്സൈഡ് ആണ്.
അവലംബം
തിരുത്തുക- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി