ആണവാപചയം

(റേഡിയോ ആക്റ്റിവിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അസ്ഥിര അണുകേന്ദ്രങ്ങൾ അപചയത്തിനു വിധേയമാകുന്ന അണുകേന്ദ്രത്തിൻ്റെ പ്രത്യേകതയാണ് രാദപ്രവർത്തനം[1] അഥവാ റേഡിയോആക്റ്റിവിറ്റി (Radioactivity) . ഇത്തരം അപചയത്തെയാണ് ആണവാപചയം അഥവാ രാദപ്രവർത്തന ശോഷണം(Radioactive decay) എന്നു പറയുന്നത്. ഉണ്ടാവുന്ന വികരണങ്ങളാണ് ആണവവികിരണങ്ങൾ(Nuclear radiations).വികിരണത്തെതുടർന്നു മൂലകം അണുസംഖ്യയിലും പിണ്ഡസംഖ്യയിലും വ്യത്യാസമുള്ള മറ്റൊരു മൂലകമായി മാറുന്നു. ഈ പ്രതിഭാസം പ്രകടിപ്പിക്കുന്ന മൂലകങ്ങളെ അണുപ്രസരണ മൂലകങ്ങൾ എന്നും പറയുന്നു.

1896 ൽ ഹെൻറി ബെക്വറലാണ് (Henri Becquerel) ഇത് കണ്ടെത്തിയത്. പ്രധാനമായും മൂന്നുതരത്തിലാണ് ആണവാപചയം .

1.ആൽഫാ അപചയം : ധന ചാർജും പിണ്ഡവുമുള്ള ആൽഫാ കണങ്ങൾ (α) പുറത്ത് വരുന്നു.

2.ബീറ്റാ അപചയം : ഋണ ചാർജുള്ള ബീറ്റാ കണങ്ങൾ (β) പുറത്ത് വരുന്നു.

3.ഗാമ അപചയം : ചാർജ് ഇല്ലാത്ത ഗാമ കിരണങ്ങൾ (γ) പുറത്ത് വരുന്നു.

ആണവവികിരണങ്ങൾ ജീവജാലങ്ങൾക്ക് ഹാനികരമാണെങ്കിലും സുരക്ഷിതപരിധിയിലുള്ള വികിരണങ്ങൾ രോഗങ്ങൾ കണ്ടെത്തുന്നതിലും, ചികിത്സിക്കുന്നതിനും, ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും, എണ്ണക്കുഴലുകളുടേയും മറ്റും കേടുകൾ കണ്ടുപിടിക്കുന്നതിനും ഉപയോഗിക്കുന്നു.

ചരിത്രം

തിരുത്തുക

ഫ്രഞ്ചു ശാസ്ത്രജ്ഞനായ ഹെന്രി ബെക്കറൽ 1896-ൽ ആണ് റേഡിയോആക്റ്റിവിറ്റി എന്ന പ്രതിഭാസം ആദ്യമായി കണ്ടെത്തിയത്. ഒരു യുറേനിയം സംയുക്തത്തെ കറുത്ത കടലാസിൽ പൊതിഞ്ഞു ഫോട്ടോഗ്രാഫിക് തകിടിനു മുൻപിൽ വച്ചു. തകിട് ഡെവലപ്പ് ചെയ്ത് നോക്കിയപ്പോൾ ഈ സംയുക്തത്തിൽ നിന്നുള്ള ഏതോ രശ്മികൾ അതിൽ പതിച്ചിരുന്നെന്നു അദ്ദേഹം മനസ്സിലാക്കി. മേരി ക്യൂറിയാണ് ഈ പ്രതിഭാസത്തെ റേഡിയോആക്റ്റിവിറ്റി എന്നു നാമകരണം നടത്തിയത്.

അണുപ്രസരക മൂലകങ്ങളുടെ അണുകേന്ദ്രം അസ്ഥിരമായതാണ്. അതു കൊണ്ട് അവ സ്വതേ പിളരുകയും തൽഫലമായി ആണവവികിരണങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇതാണ് അണുപ്രസരണത്തിനു നിദാനം.

വികിരണങ്ങൾ

തിരുത്തുക
 
റേഡിയോ ആക്റ്റീവ് വികിരണങ്ങളുടെ ശക്തി വ്യക്തമാക്കുന്ന ചിത്രം

സാധാരണയായി മൂന്നുതരത്തിലുള്ള വികിരണങ്ങളാണ് ഒരു റേഡിയോആക്റ്റീവ് മൂലകത്തിൽ നിന്നും പുറപ്പെടുന്നത്: ആൽഫാ വികിരണം ബീറ്റാ വികിരണം ഗാമാ വികിരണം. ഇവയിൽ ആൽഫാ രശ്മികൾ ബീറ്റയേക്കാളും, ഗാമയേക്കാളും പലമടങ്ങ് ശക്തി കൂടിയതാണ്. എങ്കിലും മൂന്നു തരം വികിരണങ്ങളും അപകടകാരികളാണ്.

ആൽഫാകണങ്ങളെ ഒരു കടലാസുതാളിന് തടയാൻ സാധിക്കും. എന്നാൽ ബീറ്റാകണങ്ങൾ ഇതിലൂടെ തുളച്ചു കടക്കുമെങ്കിലും‍ ഒരു അലൂമിനിയം തകിടിന് അതിനെ തടയാനാകും. എന്നാൽ ഗാമാ വികിരണം ഇവയേക്കാളേറെ തുളച്ച് കയറാൻ കഴിയുന്നതാണ്. കട്ടിയുള്ള കറുത്തീയത്തിന്‌ ഗാമാവികിരണങ്ങളെ തടഞ്ഞു നിർത്താനുള്ള കഴിവുണ്ട്.

റേഡിയോആക്റ്റിവിറ്റി അപചയം

തിരുത്തുക

ഒരു മൂലകത്തിന്റെ അണുകേന്ദ്രം ആൽഫയോ ബീറ്റയോ കണങ്ങൾ പുറപ്പെടുവിക്കുമ്പോൾ അണുവിന് മാറ്റം സംഭവിക്കുകയും അത് മറ്റൊരു മൂലകത്തിന്റെ അണുവായി മാറുന്നു. ഈ പ്രക്രിയയെ റേഡിയോആക്റ്റീവ് ക്ഷയം (Decay) എന്നു പറയുന്നു. തുടർച്ചയായ ഇത്തരം നാശത്തിലൂടെ രൂപം കൊള്ളുന്ന മൂലകങ്ങളുടെ ശ്രേണിയെ ആണ് റേഡിയോആക്റ്റീവ് ശ്രേണി എന്നു പറയുന്നത്.

റേഡിയോആക്റ്റിവിറ്റിയുടെ അളവ്

തിരുത്തുക

റേഡിയോആക്റ്റിവിറ്റിയുടെ എസ്.ഐ. ഏകകം ബെക്കറൽ (Becquerel) ആണ് ചുരുക്കി Bq എന്നെഴുതും. ഒരു വസ്തുവിലെ ഒരു അണു റേഡിയോ ആക്റ്റീവ് നാശത്തിനു വിധേയമാകാൻ ഒരു സെക്കന്റ് സമയം എടുക്കുന്നുവെങ്കിൽ റേഡിയോആക്റ്റിവിറ്റി ഒരു ബെക്കറൽ ആണെന്നു പറയാം.

റേഡിയോആക്റ്റിവിറ്റി അളക്കുന്നതിനുള്ള ഒരു ഉപകരണമാണ് ഗൈഗർ കൌണ്ടർ. ഹാൻസ് ഗൈഗർ എന്ന ഭൗതികശാസ്ത്രജ്ഞനാണ് ഈ ഉപകരണം കണ്ടെത്തിയത്.

പശ്ചാത്തലവികിരണം

തിരുത്തുക

പ്രകൃതിയിൽ പാറകളിലും ധാതുക്കളിലുമായി ധാരാളം റേഡിയോആക്റ്റീവ് മൂലകങ്ങൾ കണ്ടുവരുന്നു. അവ കുറഞ്ഞ അളവിലുള്ള റേഡിയോആക്റ്റിവിറ്റി പ്രകടമാക്കുകയും ചെയ്യുന്നു. ജീവജാലങ്ങൾക്ക് അപകടകരമല്ലാത്ത ഈ പ്രവർത്തനത്തെ പശ്ചാത്തല വികിരണം (Background radiation) എന്നാണ് അറിയപ്പെടുന്നത്.

അയോണീകരണ വികിരണം

തിരുത്തുക

റേഡിയോആക്റ്റീവ് വികിരണങ്ങളും കണങ്ങളും ഒരു വസ്തുവിലൂടെ കടന്നു പോകുമ്പോൾ അവയിലെ ആറ്റങ്ങളിൽ നിന്ന് ഇലക്ട്രോണുകളെ പുറത്തേക്ക് തെറിപ്പിക്കുകയും അങ്ങനെ ആ അണുക്കൾ അയോണുകളായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരം വികിരണത്തെ അയോണീകരണ വികിരണം (Ionizing radiation) എന്നാണ് അറിയപ്പെടുന്നത്. അയോണീകരണ വികിരണം ജീവകലകളെ നശിപ്പിക്കുന്നതിനാൽ ജീവജാലങ്ങൾക്ക് അപകടകരമാണ്. എങ്കിലും ഈ വികിരണത്തെ നിയന്ത്രിച്ച് അർബുദം പോലെയുള്ള അപകടകാരികളായ ശരീരകോശങ്ങളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഇറേഡിയേഷൻ

തിരുത്തുക

ഒരു വസ്തുവിനെ റേഡിയോആക്റ്റീവ് വികിരണത്തിന് വിധേയമാക്കുന്ന പ്രക്രിയയാണ് ഇറേഡിയേഷൻ (irradiation). കുറഞ്ഞ അളവിലുള്ള വികിരണാഘാതം പഴങ്ങൾ പോലെയുള്ള ഭക്ഷ്യവസ്തുക്കളെ കേടുകൂടാതെ സൂക്ഷിക്കുന്നതിന് സഹായകരമാണ്. ഭക്ഷണത്തിനോ അതു കഴിക്കുന്നവർക്കോ ഹാനികരമാകാതെ ഭക്ഷണത്തെ കേടുവരുത്തുന്ന ചെറുജീവികൾ ഈ വികിരണം മൂലം നശിക്കുന്നു.

അർദ്ധായുസ്സ്

തിരുത്തുക

റേഡിയോ ആക്റ്റിവിറ്റി ക്ഷയം മൂലം ഒരു വസ്തുവിന്റെ പിണ്ഡം നേർ പകുതിയായി കുറയാൻ എടുക്കുന്ന കാലയളവിനെയാണ് അർദ്ധായുസ്സ് എന്നു പറയുന്നത്.

റേഡിയോആക്റ്റിവിറ്റി പ്രകടമാക്കുന്ന മൂലകങ്ങളോരോന്നിന്റേയും അർദ്ധായുസ്സ് ഒരു സ്ഥിര കാലയളവാണ്. ഈ കാലയളവിൽ വസ്തുവിലെ കൃത്യം പകുതി റേഡിയോആക്റ്റീവ് അണുക്കൾ നാശത്തിനു വിധേയമാകുന്നു. അടുത്ത അർദ്ധായുസ്സ് കാലയളവിനു ശേഷം ഇത്തരം അണുക്കൾ നാലിലൊന്നായും തൊട്ടടുത്ത അർദ്ധായുസ്സിനു ശേഷം എട്ടിലൊന്നായും കുറയുകയും, ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു.

ഓരോ റേഡിയോആക്റ്റീവ് ഐസോട്ടോപ്പിന്റേയുംഅർദ്ധായുസ്സ് സെക്കന്റുകളുടെ ഒരംശം മുതൽ കോടിക്കണക്കിന് വർഷങ്ങൾ വരെയാകാം.

  1. സി. മാധവൻ പിള്ള (2005) [മാർച്ച് 1966]. എൻ.ബി.എസ്. ഇംഗ്ലീഷ് - മലയാളം നിഘണ്ടു. അച്ചടി: എം.പി. പോൾ സ്മാരക ഓഫ്‌സെറ്റ് പ്രിന്റിങ്ങ് പ്രസ്സ് (എസ്.പി.സി.എസ്),കോട്ടയം (S 6982 (B 1101) 01/05-06 (10-2000) (പരിഷ്കരിച്ച പത്താംപ്രതി ed.). കോട്ടയം: സാഹിത്യപ്രവർത്തകസഹകരണസംഘം ലിമിറ്റഡ്. p. 1642. {{cite book}}: Cite has empty unknown parameters: |accessyear=, |accessmonth=, |chapterurl=, and |coauthors= (help); Unknown parameter |month= ignored (help)
  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
"https://ml.wikipedia.org/w/index.php?title=ആണവാപചയം&oldid=4121470" എന്ന താളിൽനിന്ന് ശേഖരിച്ചത്