ആന്ത്രരസം
ആന്ത്രത്തിന്റെ (കുടലിന്റെ) ആരംഭഭാഗങ്ങളിലെ ഭിത്തികളിലുള്ള ഗ്രന്ഥികളിൽനിന്നു സ്രവിക്കുന്ന ദ്രവപദാർഥമാണ് ആന്ത്രരസം. ചെറു കുടലിൽ വച്ചാണ് പചനവിധേയമായി ആഹാരം ലേയരൂപത്തിലാവുന്നതും അവശോഷണം ചെയ്യപ്പെടുന്നതും. ഈ പ്രക്രിയയിൽ പങ്കെടുക്കുന്ന സ്രവങ്ങൾ അഥവാ രസങ്ങൾ മൂന്നു ഭിന്നസ്ഥാനങ്ങളിൽനിന്നാണ് ഉദ്ഗമിക്കുന്നത്-പിത്തരസം കരളിൽ (liver) നിന്നും, അഗ്ന്യാശയരസം അഗ്ന്യാശയ (pancreas) ത്തിൽനിന്നും, ആന്ത്രരസം കുടലിന്റെ പ്രാരംഭഭാഗഭിത്തികളിൽനിന്നും. ഈ മൂന്നും യഥോചിതം ഉദ്ഗമിച്ചു സമ്മേളിച്ചാൽ മാത്രമേ പചനക്രിയ അന്യൂനമായി പുരോഗമിക്കുകയുള്ളു. ഏതെങ്കിലും ഒന്നിനു കുറവുണ്ടായാൽ അത് പചനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. ആകയാൽ ആന്ത്രരസം പചനപ്രക്രിയയ്ക്ക് അനിവാര്യമായ ഒന്നാണ്.
ആന്ത്രരസത്തിന്റെ ഉത്പാതനം
തിരുത്തുകആന്ത്രത്തിന്റെ ആരംഭഭാഗഭിത്തികളിലെ ഗ്രന്ഥികൾക്കു പചനപ്രക്രിയയുടെ ചില ഉത്പന്നങ്ങളും അമ്ലങ്ങളും ചേർന്നു നൽകുന്ന ഉത്തേജനം നിമിത്തമാണ് ആന്ത്രരസം സ്രവിക്കാനിടയാകുന്നത്. ഈ ഉത്തേജനം നലൽകുന്നതിൽ ചില ഹോർമോണുകളും പങ്കുചേരുന്നുണ്ട്. ഒരു ദിവസം ശരാശരി 3-4 ക്വാർട് (ക്വാർട് = ഒരു ഗാലന്റെ നാലിലൊരംശം) ആന്ത്രരസം ഉത്പാദിപ്പിക്കപ്പെടുന്നതായി കണക്കാക്കിയിട്ടുണ്ട്.
ആന്ത്രരസത്തിന്റെ പ്രവർത്തനം
തിരുത്തുകആന്ത്രരസത്തിൽ സോഡിയം ക്ലോറൈഡ്, സോഡിയം കാർബണേറ്റ്, ചില എൻസൈമുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയിൽ ഓരോന്നിനും പ്രത്യേകം നിർദിഷ്ടമായ (specific) പ്രവർത്തനമുണ്ട്. ഉദാഹരണമായി എൻസൈമുകളിൽ ഒരു വിഭാഗം സൂക്രോസ് (കരിമ്പു പഞ്ചസാര), മാൾട്ടോസ്, ലാക്ടോസ് എന്നിവയിലാണ് പ്രവർത്തിക്കുന്നത്. ഇവയിൽ സൂക്രോസ്, ലാക്ടോസ് എന്നിവ ആഹാരത്തിൽ അതേ പടിയുള്ളവയാണ്. ആഹാരത്തിലെ സ്റ്റാർച്ചിൽ ഉമിനീരിന്റെയും അഗ്ന്യാശയരസത്തിന്റെയും പ്രവർത്തനംമൂലം ഉണ്ടാകുന്ന സരളമായ ഷുഗറാണ് മാൾട്ടോസ്. പ്രോട്ടീനുകൾക്കു ഭാഗികമായ പചനം സംഭവിച്ചുണ്ടാകുന്ന ഉത്പന്നങ്ങളെ അമിനൊ അമ്ലങ്ങളായി മാറ്റുന്നതാണ് ആന്ത്രരസത്തിലെ വേറെ ചില എൻസൈമുകളുടെ കർത്തവ്യം. ഇപ്രകാരം ആന്ത്രരസത്തിലെ ഓരോ ഘടകവും അതതിന്റെ കർത്തവ്യം യഥാവിധി നിർവഹിച്ച് ഉദരത്തിലെ പചനക്രിയയെ വഴിപോലെ നടത്തിക്കുന്നു. ആന്ത്രരസത്തിനു പൊതുവേ ക്ഷാരീയസ്വഭാവമാണ് ഉള്ളത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.britannica.com/EBchecked/topic/291835/intestinal-juice
- http://www.enotes.com/science/q-and-a/what-does-intestinal-juice-contain-which-enzymes-323195[പ്രവർത്തിക്കാത്ത കണ്ണി]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആന്ത്രരസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |