അന്തർദേശീയ നീതിന്യായ കോടതി
52°5′13.75″N 4°17′44.79″E / 52.0871528°N 4.2957750°E
Org type: | മുഖ്യ ഘടകം |
---|---|
ചുരുക്കപ്പേര്: | ICJ, CIJ |
തലവൻ: | ICJ യുടെ അധ്യക്ഷൻ ഹിസാഷി ഒവഡ |
സ്ഥിതി: | സജീവം |
സ്ഥാപിക്കപ്പെട്ടത്: | 1945 |
വെബ്‌സൈറ്റ്: | www.icj-cij.org |
Wikimedia Commons: |
ICJ-CJI |
ഐക്യ രാഷ്ട്ര സംഘടനയുടെ പ്രമുഖ നീതിന്യായ വിഭാഗമാണ് അന്തർദേശീയ നീതിന്യായ കോടതി അല്ലെങ്കിൽ ലോക കോടതി (ഐ.സി.ജെ) എന്നറിയപ്പെടുന്നത്. നെതർലന്റിലെ ഹേഗിലുള്ള പീസ് പാലസാണ് ഇതിന്റെ ആസ്ഥാനം. രാജ്യങ്ങൾ തമ്മിലുള്ള നിയമ പോരാട്ടങ്ങളെ ഒത്തുതീർപ്പാക്കുക, അംഗീകൃത രാജ്യാന്തര സംഘടനകളും,വിഭാഗങ്ങളും, ഐക്യരാഷ്ട്ര പൊതു സഭയും ശരിയായി ഉന്നയിക്കുന്ന നിയമപരമായ പ്രശ്നങ്ങളിൽ ഉപദേശം നൽകുക എന്നിവയാണ് ഇതിന്റെ പ്രധാന ധർമ്മം. അന്തർദേശീയ നീതിന്യായ കോടതി, അന്തർദേശീയ ക്രിമിനൽ കോടതിയുമായി ബന്ധമുള്ളതല്ല.
പ്രവർത്തനങ്ങൾ
തിരുത്തുകയു.എൻ. ഉടമ്പടി പ്രകാരം 1945 ലാണ് ഈ കോടതി സ്ഥാപിക്കപ്പെടുന്നത്. 1946 ൽ പെർമനെന്റ് കോർട്ട് ഓഫ് ഇന്റർനാഷനൽ ജസ്റ്റീസിറ്റ്നെ തുടർച്ചയെന്നോണം ഇത് പ്രവർത്തനം തുടങ്ങി. അന്തർദേശീയ നീതിന്യായ കോടതിയുടെ നിയമവ്യവസ്ഥയാണ് കോടതിയെ നിയന്ത്രിക്കുന്ന അതിന്റെ പ്രധാനപ്പെട്ട നിയമപ്രമാണ ലിഖിതം.[1]. ചരിത്രത്തിൽ വളരെ ചെറിയ കേസുകളാണ് നീതിന്യായ കോടതി കൈകാര്യം ചെയ്തിട്ടുള്ളത്. എങ്കിലും 1980 മുതൽ പ്രത്യേകിച്ചും വികസ്വര രാജ്യങ്ങൾ ഈ കോടതിയെ വലിയ അളവിൽ ഉപയോഗപ്പെടുത്താൻ മുന്നോട്ടുവന്നു കാണുന്നുണ്ട്. 1986 ൽ അമേരിക്ക ഈ കോടതിയുടെ നിർബന്ധിത നിയമപരിപാലനത്തിൽ നിന്ന് പിൻവാങ്ങി. അതിനാൽ ഓരോ കേസിനേയും അടിസ്ഥാനപ്പെടുത്തിയായി അമേരിക്കയുടെ പിന്നീടുള്ള കോടതിയുടെ നിയമശാസനം സ്വീകരിക്കൽ. ലോക കോടതിയുടെ ഉത്തരവുകൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഐക്യരാഷ്ട്ര സഭയുടെ പതിനാലാം നിയമ ഖണ്ഡം യു.എൻ സുരക്ഷാ സമിതിക്ക് അധികാരം നൽകിയുട്ടുണ്ട്. പക്ഷേ ഈ അധികാരം സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരത്തിന് വിധേയമായിട്ടുള്ളതാണ്. നിലവിൽ 12 കേസുകളാണ് ലോക കോടതിയുടെ സമക്ഷമുള്ളത്
ഘടന
തിരുത്തുകരക്ഷാസമിതി(Security Council)യും പൊതുസഭയും (General Assembly) പ്രത്യേകം തിരഞ്ഞെടുക്കുന്ന 15 ജഡ്ജിമാരാണ് കോടതിയിലുള്ളത്. ഓരോ മൂന്നുവർഷം കഴിയുമ്പോഴും ഇവരിൽ മൂന്നിലൊന്നുഭാഗം വിരമിക്കുന്നു. ഉദ്യോഗ കാലാവധി ഒൻപത് കൊല്ലമാണ്. വിരമിച്ചവർ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിൽ വിലക്കൊന്നുമില്ല. സ്വന്തം രാജ്യങ്ങളിലെ ഏറ്റവും ഉന്നതമായ ന്യായാസനങ്ങളിൽ നിയമിക്കപ്പെടാൻ യോഗ്യതയുള്ളവരോ, അന്താരാഷ്ട്രനിയമശാസ്ത്ര വിദഗ്ദ്ധരോ ആയിട്ടുള്ളവരിൽ നിന്നാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്. വിവിധ സംസ്കാരികമേഖലകളുടേയും സാർവലൌകിക നീതിശാസ്ത്രത്തിന്റേയും പ്രാതിനിധ്യം വഹിക്കുന്നവരായിരിക്കും ജഡ്ജിമാർ. രക്ഷാസമിതിയിൽനിന്നുള്ള തിരഞ്ഞെടുപ്പിന് ചില പ്രത്യേക നടപടിക്രമങ്ങളുണ്ട്. സ്ഥിരാംഗങ്ങളുടെ നിഷേധാ(veto)ധികാരം ഇവിടെ പ്രയോഗിക്കപ്പെടാറില്ല. സ്വന്തം രാഷ്ട്രത്തിന്റെ പ്രതിനിധിയായ ഒരു ജഡ്ജി ഇല്ലാതിരിക്കുമ്പോൾ ഒരു കക്ഷിക്ക് ഒരു താത്കാലിക (adhoc) ജഡ്ജിയെ നാമനിർദ്ദേശം ചെയ്യാം. ഒരു രാഷ്ട്രത്തിന് ഒരേസമയം രണ്ടു ജഡ്ജിമാരുണ്ടായിരിക്കാൻ പാടില്ല. ഒരു കേസിൽ അഭിഭാഷകനായി കോടതിയിൽ ഹാജരായിട്ടുള്ള ഒരാൾ അതേ കേസിൽ ഒരു ജഡ്ജിയായി നിയമിക്കപ്പടാൻ അർഹനല്ല എന്ന് 17(2)-ാം വകുപ്പ് അനുശാസിക്കുന്നു. ഒരു ജഡ്ജിയെ പിരിച്ചയക്കണമെങ്കിൽ കോടതിയിലുള്ള മറ്റെല്ലാ ജഡ്ജിമാരും അക്കാര്യത്തിൽ ഏകകണ്ഠമായ തീരുമാനം എടുക്കേണ്ടതുണ്ട്. സർ. ബി. നരസിംഹറാവു (ഇന്ത്യ), സർ എം. സഫറുള്ളാഖാൻ (പാകിസ്താൻ) തുടങ്ങിയവർ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള പ്രശസ്തരായ ജഡ്ജിമാരാണ്.
ഐക്യരാഷ്ട്രസഭയിലെ എല്ലാ രാഷ്ട്രങ്ങളും കോടതിയുടെ നിയമാവലിക്ക് വിധേയരാണ് ധ93(1)-ാം വകുപ്പ്പ. അംഗമല്ലാത്ത ഒരു രാഷ്ട്രത്തെ തർക്കവിഷയങ്ങളിൽ കക്ഷി ചേർക്കാൻ രക്ഷാസമിതിയുടെ ശുപാർശ അനുസരിച്ച് പൊതുസഭയ്ക്ക് കഴിയും. കോടതിയുടെ തീരുമാനങ്ങൾ അനുസരിക്കുവാൻ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണ്; ഒരംഗരാഷ്ട്രം അനുസരിക്കാതെയിരുന്നാൽ എതിർകക്ഷിക്ക് രക്ഷാസമിതിയിൽ പരാതിപ്പെടാം; രക്ഷാസമിതിയാണ് യുക്തമായ പരിഹാരം ഉണ്ടാക്കുന്നത് (94-ാം വകുപ്പ്). ചില പ്രത്യേക പരിതഃസ്ഥിതികളിൽ ഏത് അംഗത്തിനും അന്താരാഷ്ട്രക്കോടതിക്ക് പുറമേയുള്ള ഏതെങ്കിലും നീതിപീഠത്തെ അഭയം പ്രാപിക്കുന്നതിനും വ്യവസ്ഥകളുണ്ട്.
കോടതിയുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും.
തിരുത്തുകഏത് വിവാദപ്രശ്നത്തിലും തീർപ്പ് കല്പിക്കാനും ഉപദേശരൂപേണയുള്ള അഭിപ്രായങ്ങൾ (advisory opinion) നല്കാനും കോടതിക്ക് അധികാരമുണ്ട്. തർക്കപ്രശ്നങ്ങളിൽ അംഗരാഷ്ട്രങ്ങൾ മാത്രമാണ് കക്ഷികൾ. രാഷ്ട്രങ്ങളോ വ്യക്തികളോ അല്ലാത്ത അന്താരാഷ്ട്ര സ്ഥാപന(International Entity)ങ്ങൾക്ക് കോടതിയിൽ കക്ഷിചേരാൻ അർഹതയില്ലെന്നാണ് ഇതിന് അർഥമെങ്കിലും ഏതു കേസിലും ആവശ്യമായ വിവരങ്ങൾ ഹാജരാക്കാൻ പൊതുസ്വഭാവമുള്ള അന്താരാഷ്ട്രസംഘടനകളോട് കോടതിക്ക് ആവശ്യപ്പെടാം. തങ്ങളുടെ അവകാശവാദങ്ങൾക്കുള്ള നിയമപരമായ അർഹതയേയും തങ്ങളുടെ താത്പര്യങ്ങളേയും രാഷ്ട്രങ്ങൾ പോലും കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിയമത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കിയില്ലെങ്കിൽ മാനുഷികമായ പരിഗണനകൾപോലും നിയമവിധേയമായ കർത്തവ്യാവകാശങ്ങൾ ഉദിപ്പിക്കുന്നില്ല എന്ന് തെ.പ.-ൻ ആഫ്രിക്കയുടെ കേസിൽ (രണ്ടാംഘട്ടം) കോടതി വിധിച്ചത് അങ്ങനെയാണ്. മുൻപിലത്തെ സർവരാജ്യസഖ്യത്തിലെ ഒരംഗമെന്നനിലയിൽ ദക്ഷിണാഫ്രിക്ക കർത്തവ്യലോപം വരുത്തിയെന്ന് വാദിക്കാൻ എത്യോപ്യയ്ക്കും സൈബീരിയയ്ക്കും നിയമപരമായ അവകാശമില്ലാതായത് ഈ അടിസ്ഥാനത്തിലാണ്. ഹർജിക്കാർ പഴയസഖ്യത്തിലെ അംഗങ്ങളായിരുന്നിരിക്കാമെങ്കിലും സഖ്യത്തിന്റെ ഒരു 'സംരക്ഷിത' (Mandatory) മേഖലയിൽ തങ്ങൾക്ക് നിയമപരമായ അവകാശമുണ്ടെന്ന് സ്ഥാപിക്കാൻ അവർക്ക് അർഹതയുണ്ടായിരുന്നില്ല. കോടതിനിയമങ്ങൾക്ക് വിധേയമല്ലാത്ത ഒരു രാഷ്ട്രത്തിനുപോലും രക്ഷാസമിതി കല്പിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായി കക്ഷി ചേരാമെന്ന് 35(2)-ാം വകുപ്പ് അനുശാസിക്കുന്നു. അംഗരാഷ്ട്രങ്ങളുമായി അവർക്ക് ഒരു കാര്യത്തിലും അസമത്വമുണ്ടായിരിക്കുന്നതല്ല.
ഒരു നിയമപ്രശ്നത്തിൻമേൽ ഉപദേശപരമായ അഭിപ്രായം തരുന്നതിന് അന്താരാഷ്ട്രകോടതിയോട് അഭ്യർഥിക്കുവാൻ പൊതുസഭയേയും രക്ഷാസമിതിയേയും, പൊതുസഭ അധികാരപ്പെടുത്തിയിട്ടുള്ള അതിന്റെ ഉപസംഘടനകളെയും, ചാർട്ടറിന്റെ 96-ാം വകുപ്പ് അർഹമാക്കുന്നു. എന്നാൽ ഉപദേശാഭിപ്രായങ്ങൾ നല്കാൻ കോടതി ബാധ്യസ്ഥമല്ല. ഉപദേശത്തിന്റെ പ്രസക്തിയേ അഭിപ്രായത്തിനുള്ളൂവെന്നതിനാൽ, അതിനാവശ്യപ്പെട്ട സമിതി അതനുസരിച്ചേ മതിയാവൂ എന്ന് നിർബന്ധവുമില്ല. ഐക്യരാഷ്ട്രങ്ങളുടെ ചില ആയവ്യയങ്ങളെ ആധാരമാക്കി കോടതിയുടെ ഉപദേശവും അഭിപ്രായവും ആരാഞ്ഞപ്പോൾ, ആ അഭ്യർഥനയെക്കുറിച്ച് പരിഗണിക്കുവാൻ കോടതി വിസമ്മതിച്ചിട്ടുണ്ട്. നിയമപ്രശ്നങ്ങളിൽ മാത്രമേ കോടതി അഭിപ്രായം പുറപ്പെടുവിക്കാറുള്ളുവെങ്കിലും, ഒരു പ്രശ്നം രാഷ്ട്രീയ പരിഗണനകളുമായി സങ്കീർണമായിക്കിടക്കുകയാണെന്ന അടിസ്ഥാനത്തിൽ അഭിപ്രായം പറയാൻ കോടതി വിസമ്മതിക്കരുതെന്നാണ് വഴക്കം. ഐക്യരാഷ്ട്രചാർട്ടറിന്റെ മിക്ക വ്യാഖ്യാനങ്ങൾക്കും രാഷ്ട്രീയ പ്രസക്തികളുള്ളതാണെന്ന് കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്; ഒരു സഖ്യവ്യവസ്ഥയുടെ വ്യാഖ്യാനംപോലുള്ള തികച്ചും നിയമപരമായ ഒരു പ്രശ്നത്തിൻമേൽ കോടതിയുടെ അഭിപ്രായം ആരാഞ്ഞ ഒരു കക്ഷിയോട് അതിന് രാഷ്ട്രീയസ്വഭാവമുണ്ടെന്ന് പറഞ്ഞ് തള്ളിക്കളയാൻ കോടതിക്ക് സാധ്യമല്ല. ഐക്യരാഷ്ട്രസംഘടനയുടെ ഒരു ജിഹ്വയായ കോടതി, ഉപദേശാഭിപ്രായങ്ങൾക്കുള്ള അപേക്ഷയിൻമേൽ നടത്തുന്ന പരിഗണന സംഘടനയുടെ പ്രവർത്തനങ്ങളിൽ അത് നടത്തുന്ന ഭാഗഭാഗിത്വം വെളിവാക്കുകമാത്രമേ ചെയ്യുന്നുള്ളൂ. ചാർട്ടറിലെ വ്യവസ്ഥകൾക്ക് പ്രാമാണികമായ വ്യാഖ്യാനവും സ്വന്തം കർത്തവ്യങ്ങൾ നിറവേറ്റാൻ വിവിധ അംഗസംഘടനകൾക്ക് മാർഗദർശനവും നല്കുക എന്നതാണ് കോടതിയുടെ ഉപദേശപരമായ അഭിപ്രായപ്രകടനങ്ങളുടെ മുഖ്യലക്ഷ്യങ്ങൾ. കോടതിയിൽ വരുന്ന വിവാദപ്രശ്നങ്ങളിൽമേൽ രാഷ്ട്രങ്ങൾക്കു മാത്രമേ കക്ഷികളാകാൻ അനുവാദമുള്ളുവെങ്കിലും ഉപദേശപരമായ അഭിപ്രായങ്ങളെ സംബന്ധിച്ചിടത്തോളം അവ തരണമെന്ന് നിർബന്ധിക്കുവാൻ ഒരു രാഷ്ട്രത്തിനും സാധ്യമല്ല.
തർക്കപ്രശ്നങ്ങളിൽ അധികാരപരിധി.
തിരുത്തുകഅംഗരാഷ്ട്രങ്ങൾ ഫയൽ ചെയ്യുന്നതും ഐക്യരാഷ്ട്രചാർട്ടറിനോ നിലവിലുള്ള ഏതെങ്കിലും ഉടമ്പടിക്കോ വിധേയമായതും ആയ എല്ലാ കേസുകളും കേൾക്കാനും വിധികല്പിക്കാനും അന്താരാഷ്ട്രകോടതിക്ക് അധികാരമുണ്ട് (കോടതി നിയമാവലിയുടെ 36ധ1പ-ാം വകുപ്പ്). ഒരു താത്കാലിക യോജിപ്പിന്റെ (adhoc agreement) അടിസ്ഥാനത്തിലുള്ള അധികാര പരിധിനിർണയത്തിൽ, മറ്റു കാര്യങ്ങളിൽ പതിവുള്ളതുപോലെ, വേണമെങ്കിൽ കോടതിക്ക് ഒരു ഒത്തുതീർപ്പ് കൈവരുത്താവുന്നതാണ്. എന്നാൽ കോർഫു ചാനൽ കേസി(Corfu Channel Case)ന്റെ പ്രാരംഭവാദത്തിൽ അൽബേനിയൻ വിദേശകാര്യോപമന്ത്രി കോടതിയിലെ രജിസ്ട്രാർക്കെഴുതിയ ഒരു കത്ത് അൽബേനിയയുടെ സമ്മതപ്രകടനമായി കോടതി സ്വീകരിക്കുകയുണ്ടായി. കോടതിയുടെ അധികാരം പ്രയോഗിക്കുന്നതിന് ഇരുകക്ഷികളുടേയും മുൻകൂട്ടിയുള്ള സമ്മതം ആവശ്യമാണെന്ന് ഐക്യരാഷ്ട്രചാർട്ടറിലോ കോടതിനിയമാവലിയിലോ ഒരിടത്തും പറയുന്നില്ല. ഏതെങ്കിലും കക്ഷി ആക്ഷേപം പുറപ്പെടുവിക്കുകയാണെങ്കിൽ ജഡ്ജിമാർ തന്നെയാണ് അധികാരപരിധിയെ സംബന്ധിക്കുന്ന പ്രശ്നം തീരുമാനിക്കേണ്ടത് (36ധ6പ-ാം വകുപ്പ്). ഐക്യരാഷ്ട്രസംഘടനയിലെ ചില ഉപസമിതികൾക്ക്, അവയുടെ ഭരണഘടനാ വ്യവസ്ഥയ്ക്ക് വിധേയമായി അംഗരാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കാം; അതനുസരിച്ചുണ്ടാകുന്ന കരാറിൻമേലാണ് ഈ അവസരങ്ങളിൽ കോടതിയുടെ അധികാരപരിധി നിർണയിക്കപ്പെടുക. എല്ലാ നിയമപ്രശ്നങ്ങളിലും തർക്കങ്ങളിലും കോടതിയുടെ അധികാരപരിധി തങ്ങൾ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കാൻ അംഗരാഷ്ട്രങ്ങൾക്ക് 'ഐച്ഛികം' ആയ അവകാശം കൊടുക്കുന്നതാണ് (36ധ2പ-ാം വകുപ്പ്). ഒരു സഖ്യത്തെക്കുറിച്ചുള്ള വ്യാഖ്യാനത്തെയോ, ഏതെങ്കിലും അന്താരാഷ്ട്രനിയമപ്രശ്നത്തെയോ, അന്താരാഷ്ട്രബാദ്ധ്യതകളുടെ ലംഘനത്തിന് ഇടയാക്കിയേക്കാവുന്ന ഏതെങ്കിലും പ്രവൃത്തിയെയോ അതിന്റെ ഫലമായി ഉണ്ടാകാൻ ഇടയുള്ള ഏതെങ്കിലും നഷ്ടപരിഹാരത്തിന്റേയും പ്രായശ്ചിത്തത്തിന്റേയും സ്വഭാവത്തെയോ സംബന്ധിക്കുന്നതാകാം ഈ 'ഐച്ഛിക' പ്രയോഗം. സ്വമേധയാ കോടതിയുടെ അധികാരപരിധി ഒരിക്കൽ അംഗീകരിച്ചുകഴിഞ്ഞാൽ പിന്നെ അത് അനുസരിക്കണമെന്ന കാര്യം നിർബന്ധിതമാണ്. ഈ ഐച്ഛികാവകാശം ഉഭയാപേക്ഷിതമായി അംഗീകരിക്കപ്പെടുന്നതിന് ഇരുരാഷ്ട്രങ്ങളുടേയും പരസ്പര ബാദ്ധ്യത സാധുവായിരിക്കണമെന്നുണ്ട്. ഒരു നിശ്ചിത കാലത്തേക്കുള്ള ഈ ഐച്ഛികാവകാശപ്രഖ്യാപനം ആ ഘട്ടം അവസാനിക്കുന്നതിനുമുമ്പ് ഏകപക്ഷീയമായി പിൻവലിക്കുക സാധ്യമല്ല; രാഷ്ട്രങ്ങൾ എന്തെങ്കിലും മുൻവ്യവസ്ഥകൾ വയ്ക്കുന്നതുകൊണ്ട് കോടതിയുടെ അധികാരപരിധിക്ക് ഊനം തട്ടുകയുമില്ല. ഇങ്ങനെ മുൻവ്യവസ്ഥകൾ വയ്ക്കുന്നത് ഐക്യരാഷ്ട്രചാർട്ടറിലെ 2ധ7പ-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള 'ആഭ്യന്തരാധികാരപരിധി'(Domestic Jurisdiction)യുടെ അടിസ്ഥാനത്തിലാണ്. ദേശീയസുരക്ഷിതത്വത്തെക്കുറിച്ചുള്ള പ്രശ്നങ്ങൾ വിവരിച്ചുകൊണ്ട് ബ്രിട്ടൻ 1955-ലും 1957-ലും ഇങ്ങനെ ചില മുന്നുപാധികൾ വയ്ക്കുകയുണ്ടായി. കോടതിനിയമാവലിയിലെ 36ധ6പ-ാം വകുപ്പനുസരിച്ചുള്ള അധികാരപരിധി വ്യവസ്ഥകളെ പരാജയപ്പെടുത്താൻ ഇവ ഇടയാക്കും.
കോടതിയുടെ നിയമവ്യവസ്ഥകൾ.
തിരുത്തുകകോടതിനിയമാവലി(Statute of the Court)യിലെ 38-ാം വകുപ്പിൽ അന്താരാഷ്ട്രകോടതി കൈകാര്യം ചെയ്യേണ്ട നിയമവ്യവസ്ഥകളെപ്പറ്റി പ്രതിപാദിക്കുന്നു. അന്താരാഷ്ട്രനിയമം അനുസരിച്ച് സമർപ്പിക്കപ്പെടുന്ന തർക്കപ്രശ്നങ്ങളിൽമേലാണ് അതിനു വിധി പ്രസ്ഥാവിക്കേണ്ടത്. തർക്കകക്ഷികൾ വ്യക്തമായും അംഗീകരിച്ചിട്ടുള്ള അന്താരാഷ്ട്രകീഴ്വഴക്കങ്ങളനുസരിച്ച ചട്ടങ്ങൾ, പൊതുവായി അനുവർത്തിക്കപ്പെട്ടുപോരുന്ന സാർവലൌകികാചാരരീതികൾ, പരിഷ്കൃതരാജ്യങ്ങളിൽ നിലവിലിരിക്കുന്ന നിയമശാസ്ത്രസിദ്ധാന്തങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി തർക്കങ്ങൾ കേട്ട് തീരുമാനം പ്രസ്താവിക്കുക. സുസ്ഥാപിതമായ കോടതിവിധികളും നിയമശാസ്ത്രപണ്ഡിതന്മാരുടെ സുചിന്തിതമായ അഭിപ്രായപ്രകടനങ്ങളും അന്താരാഷ്ട്രകോടതി കണക്കിലെടുക്കാറുണ്ട്. തർക്കകക്ഷികളേയും തർക്കപ്രശ്നങ്ങളേയും സംബന്ധിച്ചല്ലാതെ കോടതിവിധികൾ മറ്റൊന്നിനേയും ബാധിക്കുകയില്ലെന്നുള്ള 59-ാം വകുപ്പ് ഇവിടെ സ്മരിക്കേണ്ടതുണ്ട്. കീഴ്വഴക്കങ്ങൾ, ആചാരങ്ങൾ, നിയമശാസ്ത്രസിദ്ധാന്തങ്ങൾ, കോടതിവിധികൾ, നിയമശാസ്ത്രചിന്തകന്മാരുടെ കൃതികൾ എന്നിവയാണ് അന്താരാഷ്ട്രനീതിശാസ്ത്രത്തിന്റെ അടിസ്ഥാനശിലകൾ. ഒരു കേസിന്, അതിന്റെ 'ശരിയും നന്മയും അനുസരിച്ച്' (ex aequo et bono) തീർപ്പു കല്പിക്കാനുള്ള കോടതിയുടെ അധികാരത്തെ ഈ അടിസ്ഥാന സിദ്ധാന്തങ്ങളുടെ പ്രയോഗം ദൂഷിതമാക്കരുതെന്ന് 38(2)-ാം വകുപ്പ് പ്രത്യേകം അനുശാസിക്കുന്നു. 'നോർത്ത് സീ കോൺടിനന്റൽ ഷെൽഫ് കേസു'(North Sea Continental Shelf Case)കളിൽ ഈ സിദ്ധാന്തം കോടതി പ്രയോഗിക്കുകയും ആ കടലിന്റെ വൻകരത്തിട്ടുകൾ ചുറ്റും കിടക്കുന്ന രാജ്യങ്ങൾ ന്യായമായി വിഭജിച്ചെടുക്കണമെന്ന് തീരുമാനിക്കുകയുമുണ്ടായി. (ഇതിനെതിരായി ചില വിമർശനങ്ങളുണ്ടാകാതെയിരുന്നിട്ടില്ല.)
ഇതിൽനിന്നെല്ലാം, അന്താരാഷ്ട്രനീതിന്യായക്കോടതിക്ക് പല പരിമിതികളുമുണ്ടെന്ന് തെളിയുന്നു. എന്നാൽ, മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള വർധമാനമായ ആദരവും അവയുടെ അംഗീകരണവും സ്വകീയാവകാശങ്ങൾ അല്പാല്പം വിട്ടുകൊടുക്കാനുള്ള രാഷ്ട്രങ്ങളുടെ സന്നദ്ധതാപ്രകടനവും സാർവലൌകികാധികാരപരിധിയുള്ള ഒരു ലോകകോടതി ഒരസാധ്യസങ്കല്പമല്ലെന്ന ആശയ്ക്ക് വക തരുന്നു. അതുതന്നെ ഒരു വലിയ നേട്ടമാണ്; 20-ാം ശ.-നുമുമ്പ് ഇത്തരം ഒരു ആശയംപോലും ജനിച്ചിരുന്നില്ല.
അവലംബം
തിരുത്തുക- ↑ Statute of the International Court of Justice Archived 2011-06-29 at the Wayback Machine.. Accessed 31 August 2007.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര നീതിന്യായക്കോടതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
അധിക വായനക്ക്
തിരുത്തുക- Rosenne S, Rosenne's the world court: what it is and how it works 6th ed (Leiden: Martinus Nijhoff, 2003).
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- International Court of Justice Archived 2017-04-23 at the Wayback Machine., Official site
- List of cases Archived 2008-12-05 at the Wayback Machine. ruled upon by the ICJ since its creation in 1946