മത്സ്യശാസ്ത്രം

(Ichthyology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മത്സ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി. ജലത്തിൽ വസിക്കുകയും സഞ്ചരിക്കാനായി ചിറകുകളും ശ്വസനത്തിനായി ചെകിളകളുമുള്ള ശീതരക്ത ജീവികളാണ് മത്സ്യങ്ങൾ. പീറ്റർ ആർത്തേദിയെയാണ് മത്സ്യശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നത്. അരിസ്റ്റോട്ടിലും മത്സ്യങ്ങളെ വർഗ്ഗീകരണം നടത്തിയിട്ടുണ്ട്.

ഭാരതത്തിൽ

തിരുത്തുക

1822-ലാണ് ഭാരതത്തിൽ ആദ്യമായി ശാസ്ത്രീയ മത്സ്യപഠനം ആരംഭിച്ചത്. ഫ്രാൻസിസ് ഹാമിൽട്ടൻ ഗംഗാനദിയിലും അതിന്റെ പോഷകനദികളിലുമാണ് ആദ്യമായി പഠനങ്ങൾ നടത്തിയത്. 1827-ൽ ഇദ്ദേഹം തെന്നിന്ത്യയിലൂടെ നടത്തിയ യാത്രയിൽ പുതിയ മത്സ്യങ്ങളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തു. 1839-ൽ കേണൽ സൈക്സ് എന്ന ശാസ്ത്രജ്ഞൻ നിരവധി പുതിയ ഇനങ്ങളെ കണ്ടെത്തി അവയ്ക്ക് ശാസ്ത്രനാമങ്ങൾ നൽകി. ഫിഷസ് ഓഫ് ദുക്കും (Fishes of Dukkum) എന്നായിരുന്നു പ്രസിദ്ധീകരണത്തിന്റെ നാമം. ഇതിൽ ദുക്കും എന്ന വാക്ക് ദക്ഷിണം എന്നാണെന്നു കരുതപ്പെടുന്നു.

1849-ൽ തോമസ് കാവൽഹിൽ ജെർഡൻ (T.C. Jerdon) വയനാട്, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ സഞ്ചരിക്കുകയും മത്സ്യങ്ങളെ കണ്ടെത്തി ശാസ്ത്രനാമം നൽകുകയും ചെയ്തു. മക്‌ക്ലല്ലന്റ്, ബീവാൻ എന്നിവർ ഈ കാലയളവിൽ ഇന്ത്യയിലെ മത്സ്യങ്ങളെക്കുറിച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

ബ്രിട്ടീഷ് സൈന്യത്തിലെ ഭിഷഗ്വരൻ ഫ്രാൻസിസ് ഡേയാണ് ഇന്ത്യയിലെ മത്സ്യങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തിയത്. 1865-ൽ മലബാറിലെ മത്സ്യങ്ങൾ എന്ന ഒരു ഗ്രന്ഥവും 1875-1878 കാലഘട്ടത്തിൽ ഇന്ത്യയിലെ മത്സ്യങ്ങളെക്കുറിച്ച് 2 ഗ്രന്ഥങ്ങളും ആധികാരികമായി പ്രസിദ്ധീകരിച്ചു. മത്സ്യഗവേഷകരുടെ ബൈബിൾ എന്നാണ് ഈ ഗ്രന്ഥങ്ങൾ ഇന്നും വിശേഷിപ്പിക്കപ്പെടുന്നത്[1].

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മത്സ്യശാസ്ത്രം&oldid=3969535" എന്ന താളിൽനിന്ന് ശേഖരിച്ചത്