അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ്

(ICD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്താരാഷ്ട്ര സ്ഥിതിവിവരാധിഷ്ഠിത രോഗവർഗ്ഗീകരണം എന്നതിന്റെ ചുരുക്കമാണു അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് എന്നറിയപ്പെടുന്ന ഐ.സി.ഡി കോഡ് (ICD). രോഗങ്ങൾ, രോഗലക്ഷണങ്ങൾ, വൈകല്യങ്ങൾ, രോഗസംബന്ധിയായ സാമൂഹികാവസ്ഥകൾ, രോഗമോ ശാരീരികക്ഷതമോ ഉണ്ടാക്കുന്ന ബാഹ്യകാരണങ്ങൾ എന്നിവയെ അന്താരാഷ്ട്ര തലത്തിൽ അംഗീകൃതമായ ഒരു രീതിയുപയോഗിച്ച് വർഗ്ഗീകരിച്ചാണു ഈ കോഡുകൾക്ക് രൂപം നൽകുക. പൊതുവിൽ വൈദ്യശാസ്ത്രസംബന്ധിയായതും വിശേഷിച്ച് ആരോഗ്യസംബന്ധിയായതുമായ കണക്കുകളുടെ ശേഖരണവും സംസ്കരണവും അവതരണവുമൊക്കെ അന്താരാഷ്ട്രതലത്തിൽ എകീകരിക്കുക എന്ന ലക്ഷ്യവുമായാണ് ഈ കോഡുകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ജനനമരണക്കണക്കുകൾ, ആരോഗ്യസ്ഥിതി, രോഗാതുരത എന്നിവയെ സംബന്ധിച്ച രേഖകൾ, ജനന/മരണ സാക്ഷ്യപത്രങ്ങൾ തുടങ്ങിയ ഔദ്യോഗിക രേഖകളിലെല്ലാം ഈ കോഡ് ഉപയോഗിച്ച് രോഗവിവരം സംക്ഷിപ്തമായി ചേർക്കാം എന്നതാണു ഇതിന്റെ സൗകര്യം. ഇതോടൊപ്പം രാഷ്ട്രങ്ങളുടെ ആരോഗ്യനിലവാര സൂചികകളെ പ്രതിനിധീകരിക്കുന്ന പല കണക്കുകൾക്കും ലോകാരോഗ്യ സംഘടന ഈ കോഡുകൾ ഉപയോഗപ്പെടുത്താറുണ്ട്.

ചരിത്രം

തിരുത്തുക

ഈ രോഗവർഗ്ഗീകരണ കോഡുകളുടെ പരമ്പരയുടെ ഔപചാരിക ചരിത്രം ആരംഭിക്കുന്നത് ബ്രസ്സൽ‌സിൽ നടന്ന 1853ലെ ആദ്യ അന്താരാഷ്ട്ര സ്ഥിതിവിവരശാസ്ത്ര കോൺഗ്രസ്സിൽ നിന്നാണ്. ഇതിന്റെ പിൽകാല തുടർച്ചയെന്നോണം ഫ്രഞ്ച് ഭിഷഗ്വരനും സ്ഥിതിവിവരശാസ്ത്രജ്ഞനുമായ ഷാക് ബെർട്ടിയോൻ അവതരിപ്പിച്ച “ബെർട്ടിയോൻ രോഗ വർഗീകരണ” സമ്പ്രദായത്തെ 1893ൽ അന്താരാഷ്ട്ര സ്ഥിതിവിവരശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് “മരണകാരണങ്ങളുടെ അന്താരാഷ്ട്ര പട്ടിക” എന്ന പേരിൽ അംഗീകരിക്കുകയുണ്ടായി. 1898ൽ അമേരിക്കയും കാനഡയും അടക്കുമുള്ള രാജ്യങ്ങളിലെ വിദഗ്ദ്ധ സമിതികൾ ഈ സമ്പ്രദായം പിന്തുടരാൻ ശുപാർശ ചെയ്തു. 1900കളുടെ ആദ്യം ഫ്രഞ്ച് സർക്കാർ തന്നെ മുൻ‌കൈയ്യെടുത്ത് നടത്തിയ സമ്മേളനത്തിൽ വരുന്ന ദശകങ്ങളിൽ കാലാനുസൃതമായി ഈ പട്ടിക നവീകരിക്കാനുള്ള പദ്ധതി മുന്നോട്ടുവയ്ക്കപ്പെട്ടു. മരണകാരണങ്ങളുടെ പട്ടിക എന്നതിനു പുറമേ രോഗങ്ങളുടെയും അനാരോഗ്യകരമായ അവസ്ഥകളുടെയും ഒക്കെ സമഗ്രമായ ഒരു പട്ടികയായി ഇതിനെ മാറ്റേണ്ടതിന്റെ ആവശ്യകത ഈ കാലത്തു തന്നെ പല രാജ്യങ്ങളും തിരിച്ചറിഞ്ഞിരുന്നു. 1938ലെ പട്ടിക നവീകരണ സമ്മേളനത്തിൽ വിപുലീകരണത്തിനായുള്ള ഈ ആവശ്യം ഔദ്യോഗിക പ്രമേയമായി അംഗീകരിക്കപ്പെട്ടു. അത്തവണത്തെ പരിഷ്കരണത്തോടെ ഈ പട്ടിക “രോഗ-ദ്രോഹ-മരണങ്ങളുടെ അന്താരാഷ്ട്ര സ്ഥിതിവിവരാധിഷ്ഠിത വർഗ്ഗീകരണ ലഘുഗ്രന്ഥം” (Manual of International Statistical Classification of Diseases, Injuries and Causes of Death) എന്ന നാമത്തിലേക്ക് മാറിയിരുന്നു. ഐക്യരാഷ്ട്ര സഭയും അതിനു കീഴിൽ ലോകാരോഗ്യസംഘടനയും നിലവിൽ വന്നതോടെ 1948 മുതൽ ഈ പട്ടിക വിപുലീകരണവും പ്രസിദ്ധപ്പെടുത്തലും ലോകാരോഗ്യസംഘടനയുടെ ചുമതലയായി. ലോകാരോഗ്യസംഘടനയ്ക്ക് കീഴിൽ ഏഴും എട്ടും ഒൻപതും പതിപ്പുകൾ ഇറങ്ങുമ്പോഴേക്ക് മരണകാരണമല്ലാത്തതും എന്നാൽ ചികിത്സാകേന്ദ്രങ്ങളുമായി ജനത്തിനു ബന്ധപ്പെടേണ്ടി വരുന്നതുമായ കാരണങ്ങൾ മിക്കതും “മരണകാരണപ്പട്ടിക”യിലെ മുഖ്യയിനങ്ങളായി മാറിക്കഴിഞ്ഞിരുന്നു.

വർഗീകരണ രീതി

തിരുത്തുക

ആദ്യകാല വർഗ്ഗീകരണത്തിനു സംഖ്യകളായിരുന്നു കോഡുകളായി ഉപയോഗിച്ചിരുന്നത്. ഉദാഹരണത്തിനു ഐ.സി.ഡി-9 ൽ അർബുദങ്ങളെ പൊതുവായി വർഗ്ഗീകരിച്ചിരിക്കുന്നത് 140 മുതൽ 239 വരെയുള്ള സംഖ്യകൾക്കുകീഴിലാണു.140 മുതൽ 149 വരെയുള്ളവ ചുണ്ട്, വായ, ഗ്രസനി (pharynx) എന്നിവിടങ്ങളിലെ അർബുദങ്ങൾ സൂചിപ്പിക്കുന്നു. ഇതിന്റെ അവാന്തര വിഭാഗമായി 140.0 മുതൽ 140.9 വരെയുള്ളവ ചുണ്ടിന്റെതന്നെ അകം,പുറം, മേൽച്ചുണ്ട്, കീഴ്ച്ചുണ്ട് എന്നിങ്ങനെ വിവിധ ഭാഗങ്ങളിലെ അർബുദങ്ങളെ കുറിക്കുന്നവയാണ്.

2010മുതൽ നിലവിലുള്ള അന്താരാഷ്ട്ര രോഗ വർഗ്ഗീകരണ കോഡ് 10-ആം പതിപ്പു മുതൽ ഇംഗ്ലീഷ് അക്ഷരമാലയിലെ ശബ്ദങ്ങൾ കൊണ്ടാണു ഓരോ കോഡും തുടങ്ങുന്നത്. അതിനു ശേഷമുള്ള പ്രധാന സംഖ്യ ഒരു രോഗാവസ്ഥയെ വിശാലാർത്ഥത്തിൽ സൂചിപ്പിക്കുന്നു. ആ സംഖ്യയ്ക്ക് ശേഷം ദശാംശ സംഖ്യകളായി വരുന്നത് ആ രോഗാവസ്ഥയുടെ അവാന്തര വിഭാഗങ്ങളെ സൂചിപ്പിക്കുന്നതാണ്. ഉദാഹരണത്തിനു O(ഓ) എന്ന അക്ഷരത്തിനു കീഴിൽ 00 മുതൽ 99 വരെ ഉപവിഭാഗങ്ങളുണ്ട്. ഗർഭം,പ്രസവം, ഗർഭാനന്തര കാലഘട്ടം എന്നിവയെ ആകെക്കൂടി പ്രതിനിധാനം ചെയ്യുന്നതാണു O00 മുതൽ O99 വരെയുള്ള സംഖ്യകൾ. ഇതിലെ അവാന്തര വിഭാഗങ്ങളുടെ കാര്യമെടുത്താൽ O00 മുതൽ O08 വരെയുള്ളവ അലസിപ്പോകുന്ന ഗർഭാവസ്ഥകളുടെ വർഗ്ഗമാണ്. O00 എന്ന് പ്രതിനിധാനം ചെയ്യുന്നത് ഗർഭാശയേതര ഗർഭങ്ങളെ (ectopic pregnancy) ആകെയാണ്. അതിലെ അവാന്തരവിഭാഗമായ O00.1 എന്നതു സൂചിപ്പിക്കുന്നത് അണ്ഡവാഹിനിക്കുഴലിലുണ്ടാവുന്ന ഗർഭത്തെയാണ് (Tubal pregnancy). അണ്ഡാശയത്തിനകത്തുണ്ടാകുന്ന ഗർഭങ്ങളെ O00.2 എന്ന കോഡുകൊണ്ട് വിവക്ഷിക്കുന്നു. മറ്റൊരു വർഗ്ഗത്തിൽ നിന്ന് ഉദാഹരണമെടുത്താൽ, S00 മുതൽ T98 വരെയുള്ള കോഡുകൾ ശരീരത്തിനേൽക്കുന്ന ദ്രോഹങ്ങളെ സൂചിപ്പിക്കുന്നവയാണു. ഇതിൽ ശാരീരിക ക്ഷതങ്ങൾ മാത്രമല്ല വിഷബാധ, തീപ്പൊള്ളൽ തുടങ്ങിയവയും ഉൾപ്പെടും. ഇതിലെ തന്നെ ഒരു അവാന്തരവിഭാഗമെടുത്താൽ S00 മുതൽ S09 വരെ തലയ്ക്കേൽക്കുന്ന ക്ഷതത്തെ കുറിക്കുന്നവയാണ്.

അന്താരാഷ്ട്ര രോഗ വർഗ്ഗീ‍കരണ കോഡ് പത്താം പതിപ്പ്

തിരുത്തുക

അന്താരാഷ്ട്ര രോഗ വർഗ്ഗീകരണ കോഡിന്റെ പത്താം പതിപ്പിലെ വർഗീകരണ പട്ടികയാണു താഴെ കൊടുത്തിരിക്കുന്നത്.

അദ്ധ്യായം മൂന്നക്ക കോഡ് വർഗ്ഗീകരിച്ചിരിക്കുന്ന രോഗങ്ങൾ
I A00-B99 ചില സാംക്രമികരോഗങ്ങളും പരാദജീവിരോഗങ്ങളും
II C00-D48 അർബുദങ്ങൾ
III D50-D89 രക്തവും രക്തോല്പാദനാവയവങ്ങളും സംബന്ധിച്ച രോഗങ്ങൾ, രോഗപ്രതിരോധ വ്യവസ്ഥയുടെ ചില രോഗങ്ങൾ
IV E00-90 അന്തഃസ്രാവഗ്രന്ഥീരോഗങ്ങൾ, ചയാപചയ രോഗങ്ങൾ, പോഷകാവസ്ഥാരോഗങ്ങൾ
V F00-F99 മനോരോഗങ്ങളും പെരുമാറ്റവൈകല്യങ്ങളും
VI G00-G99 നാഡീ രോഗങ്ങൾ
VII H00-H59 നേത്രരോഗങ്ങളും അനുബന്ധാവയവങ്ങളിലെ രോഗങ്ങളും
VIII H60-H95 ചെവി, മാസ്റ്റോയിഡ് അസ്ഥി എന്നിവയുടെ രോഗങ്ങൾ
IX I00-I99 സംവഹനവ്യൂഹ രോഗങ്ങൾ (ഹൃദയമുൾപ്പടെ)
X J00-J99 ശ്വസനവ്യൂഹത്തിന്റെ രോഗങ്ങൾ
XI K00-K93 ദഹനവ്യൂഹത്തിന്റെ രോഗങ്ങൾ
XII L00-L99 ചർമ്മ, ഉപചർമ്മകലാ രോഗങ്ങൾ
XIII M00-M99 അസ്ഥി, പേശി, സംയോജകകല എന്നിവയുടെ രോഗങ്ങൾ
XIV N00-N99 ജനനമൂത്ര വ്യവസ്ഥാ രോഗങ്ങൾ
XV O00-O99 ഗർഭം, പ്രസവം, പ്രസവാനന്തരകാലം
XVI P00-P96 പരിജനനകാല രോഗാവസ്ഥകൾ
XVII Q00-Q99 ജന്മസിദ്ധവൈകല്യങ്ങൾ, വൈരൂപ്യങ്ങൾ, ക്രോമസോമീയ വൈകല്യങ്ങൾ
XVIII R00-R99 മറ്റുശീർഷകങ്ങളിൽ വർഗ്ഗീകരിക്കപ്പെട്ടിട്ടില്ലാത്ത രോഗലക്ഷണങ്ങളും രോഗചിഹ്നങ്ങളും അസാധാരണ രോഗപരിശോധനാ ഫലങ്ങളും
XIX S00-T98 ക്ഷതങ്ങൾ, വിഷം തീണ്ടൽ, ബാഹ്യമായ കാരണങ്ങൾ മൂലമുള്ള രോഗാവസ്ഥകൾ
XX V01-Y98 രോഗാതുരതയ്ക്കോ മരണത്തിനോ കാരണമാകുന്ന ബാഹ്യപ്രശ്നങ്ങൾ
XXI Z00-Z99 ആരോഗ്യത്തെ സ്വാധീനിക്കുന്നതോ ആരോഗ്യസംബന്ധിയായ സേവനങ്ങളുമായി ബന്ധപ്പെടുത്തുന്നതോ ആയ ഘടകങ്ങൾ
XXII U00-U99 പ്രത്യേക ആവശ്യങ്ങൾക്കായുള്ള കോഡുകൾ
  1. ലോകാരോഗ്യസംഘടനയുടെ അന്താരാഷ്ട്ര രോഗ വർഗീകരണത്തെ സംബന്ധിച്ച വെബ് താൾ
  2. അന്താരാഷ്ട്ര രോഗ വർഗീകരണം പത്താം പതിപ്പ് വെബ് താൾ
  3. സ്ഥിതിവിവരാധിഷ്ഠിത രോഗവർഗീകരണത്തിന്റെ ചരിത്രം : ലോകാരോഗ്യസംഘടനാ പ്രസിദ്ധീകരണം