വടക്കേ അമേരിക്കൻ ചരിത്രം

(History of North America എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കേ അമേരിക്കൻ വൻകരയിലെ ചരിത്രാതീതകാലം മുതൽ ഇന്നുവരെയുള്ള ജനപഥത്തിന്റെ ചരിത്രമാണ് വടക്കേ അമേരിക്കൻ ചരിത്രം. 40000ത്തിനും 17000ത്തിനും ഇടക്കുള്ള എത്രയോ വർഷം പഴക്കമേ വടക്കൻ അമേരിക്കയിലെ ജനവാസത്തിനുള്ളൂ എന്നായിരുന്നു അടുത്ത കാലം വരെയുള്ള അറിവ്. ബെറിങ്ങ് കടൽ കടന്ന് മനുഷ്യർ കുടിയേറ്റം നടത്തിയപ്പോളാണ് ആദ്യമായി ജനവാസം വടക്കേ അമേരിക്കയിൽ ആരംഭിച്ചത് എന്നായിരുന്നു തെളിവുകൾ.[1] അടുത്ത കാലത്ത് കണ്ടത്തിയ തെളിവുകൾ അനുസരിച്ച് 90000 വർഷം മുൻപെങ്കിലും ജനവാസം അവിടെ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ.[2] എന്നിരുന്നാലും കുടിയേറ്റക്കാരാണ് വടക്കേ അമേരിക്കക്ക് ജീവൻ പകർന്നത്. ഭൂഖണ്ഡത്തിന്റെ വടക്കേ അറ്റത്തുള്ള ഇനൂയി വംശക്കാർ തൊട്ട് വടക്കുള്ള മായൻ, ആസ്ടെക് വംശം വരെ അതിലുൾപ്പെടുന്നു. ഈ ഒറ്റപ്പെട്ട വംശങ്ങൾ അവരുടേതായ ജീവിത ചര്യകളും സംസ്കാരവും വളർത്തിയെടുത്തു. മറ്റുള്ളവരുമായി തീരെക്കുറച്ച് ഇടപെടലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. യൂറോപ്പിലെയും ഏഷ്യയിലെയും ജനപഥങ്ങൾ പോലെ വലിയ വ്യാപാരങ്ങളോ യുദ്ധങ്ങളോ അവിടെ ഉണ്ടായില്ല.

വടക്കേ അമേരിക്കയുടെ ഉപഗ്രഹചിത്രം

പത്താം നൂറ്റാണ്ടിൽ വൈക്കിങ്ങുകളാണ് യൂറോപ്പിൽ നിന്ന് വടക്കേ അമേരിക്കയിലേക്കുള്ള സഞ്ചാരത്തിന് തുടക്കം കുറിച്ചതായി രേഖകളിൽ കാണുന്നത്. എഡി 985ൽ അവർ ഗ്രീൻലൻഡിൽ ഒരു താവളം സ്ഥാപിച്ചു. അത് 1400കൾ വരെ നിലനിന്നു.കാനഡയുടെ കിഴക്കേതീരങ്ങളും അവർ പര്യവേക്ഷണം നടത്തിയെങ്കിലും അവിടത്തെ താവളങ്ങൾ അല്പായുസ്സുകളായിരുന്നു. കണ്ടുപിടിത്തങ്ങളുടെ യുഗം ആരംഭിച്ചതും കൊളംബസിന്റെ യാത്രകളാൽ പ്രചോദിതരായും യൂറോപ്പുകാർ വലിയതോതിൽ അമേരിക്കയിലേക്ക് വന്നെത്തുകയും അതോടെ വടക്കൻ തെക്കൻ അമേരിക്കകളിൽ കോളനിവത്കരണം തുടങ്ങുകയും ചെയ്തു. കൊളംബസ് അമേരിക്കയിൽ എത്തുമ്പോൾ തന്നെ അമേരിക്കയിൽ സ്വദേശികളായ റെഡ് ഇന്ത്യൻ വംശജർ വസിച്ചിരുന്നു. അതിനുശേഷമുണ്ടായ കുടിയേറ്റത്തിൽ ഈ സ്വദേശികളെ കുടിയേറ്റക്കാർ പരാജയപ്പെടുത്തി. വടക്കേ അമേരിക്ക യൂറോപ്യൻ കിടമത്സരങ്ങളുടെ കൂത്തരങ്ങായിമാറി. യൂറോപ്പിലെ ശക്തികളായ ബ്രിട്ടണും ഫ്രാൻസും സ്പെയിനും ചേർന്ന് വൻകരയെ പകുത്തെടുത്തു. ഈ രാജ്യങ്ങളുടെ കോളനിവത്കരണത്തിന്റെ ശേഷിപ്പുകൾ ഇന്നും വടക്കേ അമേരിക്കൻ സംസ്കാരങ്ങളിൽ കാണാം.

വടക്കേ അമേരിക്കയിലെ വിഭവങ്ങൾക്കുവേണ്ടി ഈ യൂറോപ്യൻ ശക്തികൾ തമ്മിൽ പല യുദ്ധങ്ങളും നടന്നു. പതിയെ കോളനികൾ സ്വാതന്ത്യത്തിനായി ദാഹിക്കാൻ തുടങ്ങി.അമേരിക്കൻ വിപ്ലവവും മെക്സിക്കൻ സ്വാതന്ത്ര്യ യുദ്ധവും വടക്കേ അമേരിക്കയിലെ പുതിയ ശക്തികളായ രാജ്യങ്ങൾ ജനിപ്പിച്ചു.1867-ൽ കനേഡിയൻ കോൺഫെഡറേഷൻ രൂപം കൊണ്ടതോടെ വടക്കേ അമേരിക്കയിലെ നവരാഷ്ട്രീയ ഭൂപടം പൂർണ്ണമായി.

പത്തൊൻപതാം നൂറ്റാണ്ടുമുതൽ വടക്കേ അമേരിക്കൻ രാഷ്ട്രങ്ങൾ തമ്മിൽ ദൃഢമായ ബന്ധങ്ങൾ വികസിച്ചു വന്നു. ചില ഉരസലുകൾ ഉണ്ടായെങ്കിലും പൊതുവെ ഈ ഭൂഖണ്ഡം സമാധാനവും രാഷ്ടങ്ങൾ തമ്മിലുള്ള സഹകരണവും ആസ്വദിച്ചു.അതേപോലെ തുറന്ന വ്യാപാരവും രാജ്യങ്ങൾ തമ്മിൽ നടക്കുന്നു. ആധുനിക കാലത്തെ വടക്കേ അമേരിക്കയുടെ മുഖ്യ സംഭവികാസങ്ങൾ തുറന്ന വ്യാപാര നയങ്ങളിലെ ഉടമ്പടികളും, മെക്സിക്കോയിൽനിന്നും ലാറ്റിനമേരിക്കയിൽനിന്നും വർധിച്ചുവരുന്ന കുടിയേറ്റവും, മയക്കുമരുന്ന് വ്യാപാരം ഉയർത്തുന്ന ഭീഷണികളുമാണ്.

  1. "Atlas of the Human Journey-The Genographic Project". National Geographic Society. 1996–2008. Archived from the original on മേയ് 1, 2011. Retrieved ഒക്ടോബർ 6, 2009.
  2. A 130,000-year-old archaeological site in southern California, USA