തൊപ്പി

(Hat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തല മറയ്ക്കാൻ ഉപയോഗിക്കുന്ന വേഷോപകരണമാണ് തൊപ്പി. ഹൈപ്പോതെർമിയ (hypothermia) എന്ന രോഗം തടയുന്നതിനും കാഴ്ചക്ക് ഭംഗി ഉണ്ടാക്കുന്നതിനും, തലയുടെയോ തലമുടിയൂടെയോ സുരക്ഷിതത്തിനോ തൊപ്പി ഉപയോഗിക്കാറുണ്ട്. പുരുഷന്മാർ മാത്രം ഉപയോഗിക്കുന്നതും സ്ത്രീകൾ മാത്രം ഉപയോഗിക്കുന്നതും പുരുഷ്ന്മാരും സ്ത്രീകളും ഉപയോഗിക്കുന്നതുമായ പലതരത്തിലുള്ള തൊപ്പികളുണ്ട്. ഇന്ത്യയിൽ താമസമാക്കിയ പോർത്തുഗീസുകാരുടെയും അടിമകളുടേയും മറ്റും സന്താനപരമ്പരകളായ ഒരു ജനവിഭാഗത്തെ തൊപ്പിക്കാർ എന്നാണ്‌ വിളിച്ചിരുന്നത് .

പ്രാചീനകാലം മുതൽ തന്നെ മനുഷ്യർ പല തരത്തിലുള്ള തൊപ്പികൾ ധരിച്ചിരുന്നു. ഇന്നും പുതിയ രൂപഭാവങ്ങളോടെ തൊപ്പി മിക്കവാറും എല്ലാ രാജ്യങ്ങളിലും നിലനില്ക്കുന്നു. ചിലർക്ക് ചൂടും മഴയും മഞ്ഞും കൊള്ളാതിരിക്കാനുള്ളതാണ് തൊപ്പി. ചിലർക്ക് അത് ദേശ-ഗോത്ര-സംസ്കാര ചിഹ്നമാണ്. ചില സ്ഥലങ്ങളിൽ തൊപ്പി ധരിക്കുന്നത് ഒരു ആചാരവും അനുഷ്ഠാനവുമാണ്. തൊഴിലിനെയും സ്ഥാനമാനത്തെയും സൂചിപ്പിക്കുന്ന തരം തൊപ്പികളുമുണ്ട്.

പുല്ല്, വയ്ക്കോൽ, ചൂരൽ, തെങ്ങോല, കമുകിൻപാള, തുണി, പൂവ്, തൂവൽ, ലോഹം, ഗ്ലാസ്, തുകൽ, പ്ലാസ്റ്റിക്, റക്സിൻ തുടങ്ങി ഒട്ടനവധി വസ്തുക്കൾ കൊണ്ടുണ്ടാക്കിയ തൊപ്പികൾ നിലവിലുണ്ട്.

തൊപ്പി ധരിക്കൽ ഒരു സമരായുധവും ആയിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തിലെ പടയാളികൾ 'ഫ്രീജിയൻ ക്യാപ്പ്' ധരിച്ചിരുന്നത് ഉദാഹരണമാണ്. 'ഗാന്ധിത്തൊപ്പി'യാണ് ഇതിനുള്ള ഇന്ത്യൻ മാതൃക.

തൊപ്പി റോമിൽ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നു. അടിമയെ സ്വതന്ത്രനാക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നവണ്ണം തല മുണ്ഡനം ചെയ്ത് തൊപ്പിയണിയുന്ന പതിവ് അവിടെയുണ്ടായിരുന്നു.

പാളത്തൊപ്പി (തൊപ്പിപ്പാള ), ഓലത്തൊപ്പി, മുളന്തൊപ്പി, പൊലീസ് തൊപ്പി, പട്ടാളത്തൊപ്പി, കൌബോയ് തൊപ്പി, കൊമ്പുവച്ച തൊപ്പി, തൂവൽ പിടിപ്പിച്ച തൊപ്പി, കോമാളിത്തൊപ്പി, ചട്ടിത്തൊപ്പി, തുർക്കിത്തൊപ്പി എന്നിങ്ങനെ നൂറുകണക്കിനു മാതൃകകളിൽ തൊപ്പി ലോകമെങ്ങും പ്രചാരത്തിലുണ്ട്.

തൊപ്പിയുമായി ബന്ധപ്പെട്ട് മലയാളത്തിൽ ഉണ്ടായിട്ടുള്ള ശൈലികൾ ഇവയാണ് - തോറ്റു തൊപ്പിയിടുക, തൊപ്പിയിലൊരു തൂവൽകൂടി, തൊപ്പിയിടുക (ഇസ്ലാംമതം സ്വീകരിക്കുക).

പേരിനു പിന്നിൽ

തിരുത്തുക

ടോപി (topi) എന്ന ഉർദു പദത്തിൽ നിന്നാകണം 'തൊപ്പി' എന്ന പദം ഉണ്ടായതെന്നു കരുതപ്പെടുന്നു.

വിവിധ മതങ്ങളിൽ

തിരുത്തുക

മുസ്ലിംങ്ങൾ സാധാരണ ധരിക്കുന്ന തൊപ്പി കുഫി എന്നറിയപ്പെടുന്നു. ഇത് പുണ്യകർമ്മമായും അല്ലാതെയും ധരിച്ചുവരുന്നു.മുസ്ലിയാക്കൾ സാധാരണ തലപ്പാവിന്റെ ഉള്ളിലായിട്ടാണ് തൊപ്പി ധരിക്കാറ്.

ചിത്രശാല

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൊപ്പി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൊപ്പി&oldid=2615312" എന്ന താളിൽനിന്ന് ശേഖരിച്ചത്