ഹാരോൾഡ് ലാർവുഡ്

(Harold Larwood എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹാരോൾഡ് ലാർവുഡ് (14 നവംബർ 1904–22 ജൂലൈ 1995) ഒരു ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരനായിരുന്നു. മികച്ച കൃത്യതയുള്ള ഈ ഫാസ്റ്റ് ബൗളറായിരുന്നു ബോഡിലൈൻ വിവാദം മൂലം പ്രശസ്തമായ 1932 - 33 ലെ പരമ്പരയിലെ ഇംഗ്ലണ്ടിന്റെ പ്രധാന ബൗളർ. ബോഡിലൈൻ പന്തുകൾ പ്രധാനമായും പ്രയോഗിച്ചിരുന്നത് ലാർവുഡ് ആണ്.

ഹാരോൾഡ് ലാർവുഡ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഹാരോൾഡ് ലാർവുഡ്
ബാറ്റിംഗ് രീതിവലം കൈ
ബൗളിംഗ് രീതിവലം കൈ ഫാസ്റ്റ്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 225)26 ജൂൺ 1926 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്28 ഫെബ്രുവരി 1933 v ഓസ്ട്രേലിയ
പ്രാദേശിക തലത്തിൽ
വർഷംടീം
1924–1938നോട്ടിംഗ്‌ഹാംഷെയർ
1936–1937യൂറോപ്യൻസ് (ഇന്ത്യ)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഫസ്റ്റ് ക്ലാസ്സ്
കളികൾ 21 361
നേടിയ റൺസ് 485 7,290
ബാറ്റിംഗ് ശരാശരി 19.40 19.91
100-കൾ/50-കൾ 0/2 3/25
ഉയർന്ന സ്കോർ 98 102*
എറിഞ്ഞ പന്തുകൾ 4,969 58,027
വിക്കറ്റുകൾ 78 1,427
ബൗളിംഗ് ശരാശരി 28.35 17.51
ഇന്നിംഗ്സിൽ 5 വിക്കറ്റ് 4 98
മത്സരത്തിൽ 10 വിക്കറ്റ് 1 20
മികച്ച ബൗളിംഗ് 6/32 9/41
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 15/– 234/–
ഉറവിടം: [1], 8 ജനുവരി 2009

2009 ൽ ലാർവുഡ്, അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ പ്രശസ്തരുടെ പട്ടികയിൽ ഇടം പിടിച്ചു.[1]

ആദ്യകാല ജീവിതം

തിരുത്തുക

നോട്ടിംഗ്‌ഹാംഷെയറിലെ നുൻകാർഗേറ്റിലാണ് ലാർവുഡ് ജനിച്ചത്. ഒരു അപകടത്തിൽ പിതാവിന് പരിക്ക് പറ്റിയതിനാൽ എല്ലാ ഉത്തരവാദിത്തങ്ങളും ചെറുപ്പത്തിൽത്തന്നെ ലാർവുഡിന് ഏറ്റെടുക്കേണ്ടി വന്നു. ലാർവുഡ് ക്രിക്കറ്റിനെ വളരെയധികം ഉത്സാഹത്തോടു കൂടി സമീപിച്ചു. അടുത്തുള്ള കൽക്കരി ഖനിയിൽ ജോലി നോക്കാനായി അദ്ദേഹം പതിനാലാം വയസ്സിൽ പഠനം അവസാനിപ്പിച്ചു. ഗ്രാമത്തിൽ തന്നെയുള്ള കിർക്ബി പോർട്ട്‌ലാൻഡ് എന്ന ക്രിക്കറ്റ് ടീമിലും അദ്ദേഹം കളിച്ചു തുടങ്ങിയിരുന്നു.

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ

തിരുത്തുക

പതിനെട്ടാം വയസ്സിൽ അദ്ദേഹത്തിന് നോട്ടിംഗ്‌ഹാംഷെയർ ക്രിക്കറ്റ് ക്ലബ്ബിൽ നിന്നും കളിക്കാനുള്ള ക്ഷണം വന്നു. അവിടെ അദ്ദേഹം ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങി.

ബാറ്റ്സ്മാന്മാർ ഏറ്റവും ഭയപ്പെടുന്ന ബൗളറായി അദ്ദേഹം വളരെ വേഗം ഉയർന്നു. പന്തുകളുടെ മാരക വേഗതയും കൃത്യതയും അദ്ദേഹത്തെ അതിന് സഹായിച്ചു. മണിക്കൂറിൽ 90 മൈലുകൾ എന്ന വേഗതയേക്കാളും കൂടുതലായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ പന്തുകളുടെ വേഗത. ഫ്രാങ്ക് ടൈസൺ അദ്ദേഹത്തിന്റെ പന്തുകളുടെ വേഗത അളക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹം പറയുന്നു : " ഹൈ സ്പീഡ് ഫോട്ടോഗ്രാഫി ഉപയോഗിച്ചാണ് ഞാൻ അതിന് ശ്രമിച്ചത്, അത് മിക്കവാറും മണിക്കൂറിൽ 90 മുതൽ 130 വരെ മൈലുകൾ ആയിരുന്നു ".[2] ആ വേഗത, ഷോയ്ബ് അക്തർ, ബ്രെറ്റ് ലീ മുതലായ ഇപ്പോഴത്തെ അതിവേഗ ഫാസ്റ്റ് ബൗളർമാരുടെ പന്തുകളോട് കിടപിടിക്കുന്നതാണ്. മാത്രവുമല്ല, അദ്ദേഹത്തിന്റെ പന്തുകൾ വളരെ കൃത്യതയാർന്നതായിരുന്നു. അത് അദ്ദേഹത്തെ ആ കാലത്തെ ഏറ്റവും അപകടകാരിയ ബൗളറാക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ

തിരുത്തുക

1926 ൽ അദ്ദേഹം ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ലോർഡ്സിൽ വെച്ച് ഓസ്ട്രേലിയക്കെതിരെയായിരുന്നു ആ മത്സരം. ആ മത്സരത്തിൽ അദ്ദേഹത്തിന്റെ ബൗളിംഗ് പ്രകടനം ഇപ്രകാരമായിരുന്നു : 99 റണ്ണുകൾ വഴങ്ങി 2 വിക്കറ്റുകൾ, 37 റണ്ണുകൾ വഴങ്ങി ഒരു വിക്കറ്റ്. 1928 ലെ പരമ്പര വരെ അദ്ദേഹത്തിന് ടീമിൽ സ്ഥിരമായ ഒരു സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാൽ 1928 ലെ പരമ്പരയിൽ അദ്ദേഹം 17 വിക്കറ്റുകൾ നേടി. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ 32 റണ്ണുകൾ വഴങ്ങി 6 വിക്കറ്റുകൾ നേടിയ പ്രകടനവും അതിൽ ഉൾപ്പെടുന്നു.

 
നോട്ടിംഗ്‌ഹാംഷെയറിലെ ലാർവുഡിന്റെ പ്രതിമ.

ഡൊണാൾഡ് ബ്രാഡ്മാന്റെ വരവ് ഇംഗ്ലീഷ് ടീമിന്റെ ഉറക്കം കെടുത്തി. അദ്ദേഹത്തെ തോൽപ്പിക്കാനും ആഷസ് പരമ്പര തിരിച്ചുനേടാനും അവർക്ക് പുതിയ ഒരു തന്ത്രം ആവശ്യമായി വന്നു. ബ്രാഡ്മാൻ കുത്തി ഉയർന്നുവരുന്ന പന്തുകളെ ഭയപ്പെടുന്നു എന്ന് ഇംഗ്ലണ്ട് നായകനായിരുന്ന ഡഗ്ലസ് ജാർഡിൻ കണ്ടെത്തി. അങ്ങനെ അദ്ദേഹം ഫാസ്റ്റ് ലെഗ് തിയറി എന്നൊരു തന്ത്രം ആവിഷ്കരിച്ചു. ആ തന്ത്രം പ്രയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ വിവാദമായ ബോഡിലൈൻ പരമ്പരക്ക് കളമൊരുങ്ങി.

1932 - 33 ലെ പരമ്പരയുടെ അവസാനം ഇംഗ്ലണ്ട് സന്തോഷിച്ചു. അവർ ആഷസ് പരമ്പര തിരിച്ചുനേടി. എന്നാൽ ലാർവുഡിന്റെ പന്തുകൾ ഓസ്ട്രേലിയയിലെ വേഗതയേറിയ പിച്ചുകളിൽ വിതച്ച നാശത്തെപ്പറ്റി അവർ അറിഞ്ഞില്ല. 1933 ലെ വെസ്റ്റ് ഇൻഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ ബോഡിലൈൻ പന്തുകൾ പ്രയോഗിച്ചു. എം. സി. സി. ലോർഡ്സ്, ഫാസ്റ്റ് ലെഗ് തിയറി ആദ്യമായി കണ്ടത് അപ്പോഴാണ്.

വ്യക്തിഗത ജീവിതം

തിരുത്തുക
 
ലാർവുഡിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിംഗ് ഗ്രാഫ്. ചുവന്ന വരകൾ നേടിയ റണ്ണുകളേയും നീല വര, അവസാന പത്ത് ഇന്നിംഗ്സുകളിലെ ബാറ്റിംഗ് ശരാശരിയേയും സൂചിപ്പിക്കുന്നു. നീല കുത്തുകൾ പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു.

ലാർവുഡ്, ലോയിസ് ബേർഡിനെ വിവാഹം കഴിച്ചു. അവർക്ക് അഞ്ച് കുട്ടികളുണ്ട്.

അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു ശേഷം ബ്ലാക്പൂളിൽ ഒരു മധുരപലഹാര വ്യാപാരം ചെയ്തു. ഒപ്പം കളിച്ചിരുന്ന ജാക് ഫിംഗിൾട്ടൺ എന്ന കളിക്കാരന്റെ നിർദ്ദേശപ്രകാരം 1950 ൽ അദ്ദേഹം ഓസ്ട്രേലിയയിലേക്ക് കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അദ്ദേഹം ധാരാളം വർഷം അവിടെ പെപ്സി - കോള കമ്പനിയിൽ ജോലി ചെയ്തു.[3] അദ്ദേഹത്തിന്റെ ഓസ്ട്രേലിയയിലേക്കുള്ള വരവ് പത്രങ്ങൾ പ്രസിദ്ധീകരിച്ചു. അദ്ദേഹം സിഡ്നിയിൽ ശാന്തജീവിതമാണ് നയിച്ചത്.

90 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. അന്ത്യകാലത്ത് അദ്ദേഹത്തിന് ഭാഗികമായി അന്ധതയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിതാഭസ്മം, ഭാര്യയുടേതിനൊപ്പം, ന്യൂ സൗത്ത് വെയ്‌ൽസിലെ കിംഗ്സ്ഫോർഡിലെ ഹോളി ട്രിനിറ്റി ആഞ്ച്ലിക്കൻ പള്ളിയിൽ സ്ഥാപിച്ചിരിക്കുന്നു.

  1. "Benaud, Gooch, Compton, Larwood and Woolley inducted into Cricket Hall of Fame".
  2. http://content.cricinfo.com/ci/content/story/86029.html
  3. Frank Tyson, In the Eye of the Typhoon, The Parrs Wood Press, 2004
"https://ml.wikipedia.org/w/index.php?title=ഹാരോൾഡ്_ലാർവുഡ്&oldid=2286779" എന്ന താളിൽനിന്ന് ശേഖരിച്ചത്