ഹല്ലെലൂയ്യാ

(Hallelujah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

"യഹോവയെ സ്തുതിപ്പിൻ" അല്ലെങ്കിൽ "കർത്താവിനെ സ്തുതിക്കുക" എന്ന അർത്ഥം വരുന്ന ബൈബിളിലെ ഒരു എബ്രായ പദമാണ് "ഹല്ലെലൂയ്യാ" എന്നത്. ഹല്ലേൽ-യാഹ് എന്നീ രണ്ടു എബ്രായ പദങ്ങളുടെ സമന്വയമാണിത്. ലോകത്തിലെ മിക്ക ഭാഷകളിലും ഈ പദം പരിഭാഷകൂടാതെ ഉപയോഗിക്കപ്പെടുന്നു.  പുരാതന കാലം മുതൽ യിസ്രായേൽ മക്കളുടെ ആലയത്തിലും സിനഗോഗിലും "ഹല്ലെലൂയ്യാ" ഉപയോഗിച്ചിരുന്നു.[അവലംബം ആവശ്യമാണ്] ഹീബ്രു ബൈബിളിൽ (സങ്കീർത്തനങ്ങളുടെ പുസ്തകത്തിൽ) 24 തവണയും, ഡ്യൂട്ടെറോക്കനോനിക്കൽ പുസ്തകങ്ങളിൽ രണ്ടുതവണയും, ക്രിസ്ത്യൻ വെളിപാടിന്റെ പുസ്തകത്തിൽ നാല് തവണയും ഈ പദം ഉപയോഗിച്ചിട്ടുണ്ട്.[1]

"ഹല്ലെലൂയ്യാ"  എന്ന ആഹ്വാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്  Praise the Lord!

പദോൽപ്പത്തി

തിരുത്തുക

"യഹോവയെ സ്തുതിക്കുക" എന്നർത്ഥം വരുന്ന ഹീബ്രൂ പദപ്രയോഗത്തിന്റെ (הַלְלוּ יָהּ‬) ലിപ്യന്തരണം ആണ് ഹല്ലേലൂയ.[2][3][4][5] ഹീബ്രുവിൽ ഹല്ലെൽ എന്ന വാക്കിന്റെ അർത്ഥം പാട്ടിലെ സന്തോഷകരമായ സ്തുതി എന്നാണ്. പദത്തിൻ്റെ രണ്ടാം ഭാഗമായ യാഹ് യഹോവ എന്നതിന്റെ ചുരുക്കിയ രൂപമാണ്.

ഹല്ലെലൂയ്യാ ബൈബിളിലെ പഴയനിയമത്തിൽ

തിരുത്തുക

പഴയനിയമത്തിൽ 24 തവണ ഹല്ലേലൂയ്യാ കാണപ്പെടുന്നു, അവ എല്ലാം സങ്കീർത്തനപുസ്തകത്തിൽ ആണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.  സങ്കീർത്തനങ്ങൾ 113 നും 150 നും ഇടയിലുള്ള  15 വ്യത്യസ്ത സങ്കീർത്തനങ്ങളിൽ നമുക്ക് "ഹല്ലെലൂയ്യാ"  എന്ന പദം കാണാവുന്നതാണ്. മലയാളം ബൈബിളിൽ ഇത് "യഹോവയെ സ്തുതിപ്പിൻ" എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഈ ഗണത്തിലുള്ള സങ്കീർത്തനങ്ങളിൽ, ആരംഭത്തിലും അവസാനത്തിലും "ഹല്ലെലൂയ്യാ"  അഥവാ, "യഹോവയെ സ്തുതിപ്പിൻ" എന്ന ആഹ്വാനം കാണുന്നു. തന്നിമിത്തം, ഇപ്രകാരമുള്ള സങ്കീർത്തനങ്ങളെ "ഹല്ലെലൂയ്യാ സങ്കീർത്തനങ്ങൾ" എന്നും വിളിക്കാറുണ്ട്.  ഉദാഹരണമായി, സങ്കീർത്തനം 113: യഹോവയെ സ്തുതിപ്പിൻ! എന്ന് ആരംഭിച്ചിട്ട്, യഹോവയെ സ്തുതിപ്പിൻ! എന്ന ആഹ്വാനത്തോടെ അവസാനിപ്പിച്ചിരിക്കുന്നു.

യഹൂദന്മാർ പരമ്പരാഗതമായി പെസഹാ പെരുന്നാൾ, പെന്തക്കോസ്ത് പെരുന്നാൾ, കൂടാര പെരുന്നാൾ, സമർപ്പണ പെരുന്നാൾ (പ്രതിഷ്ഠോത്സവം) എന്നിവയിൽ 113-118 വരെയുള്ള 6 സങ്കീർത്തനങ്ങൾ പാടുന്ന പതിവുണ്ട്.

"ഹല്ലെലൂയ്യാ"  പുതിയ നിയമത്തിൽ

തിരുത്തുക

പുതിയ നിയമത്തിൽ "ഹല്ലെലൂയ്യാ"  എന്ന പദം 4 പ്രാവശ്യം മാത്രം ഉപയോഗിച്ചിരിക്കുന്നു. അവയെല്ലാം തന്നെ വെളിപ്പാടു പുസ്തകത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ഈ നാലു സന്ദർഭങ്ങളിലും "ഹല്ലെലൂയ്യാ"  എന്ന ആഹ്വാനം സ്വർഗ്ഗത്തിൽ കേട്ടതായാണ് യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നത്.

(വെളിപാട് 19:1-6 വരെയുള്ള വാക്യങ്ങളിലാണ് ഈ നാലു സന്ദർഭങ്ങൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.)

(1) അനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.

(2) അവർ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.

(3) ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.

(4) നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽനിന്നു പുറപ്പെട്ടു. 6 അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ

ആധുനിക കാല ഉപയോഗം

തിരുത്തുക

ആധുനിക ഇംഗ്ലീഷിൽ, "ഹല്ലേലൂയ" എന്ന പ്രയോഗം, പ്രതീക്ഷിച്ചതോ കാത്തിരുന്നതോ ആയ ഒരു കാര്യം സംഭവിച്ചതിന്റെ സന്തോഷം പ്രകടിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്.[6]

  1. Woods, F. H. (1902). "Hallelujah". In James Hastings (ed.). A Dictionary of the Bible. New York: Charles Scribner's Sons. p. 287.
  2. Page H. Kelley, Biblical Hebrew, an Introductory Grammar, page 169. Ethics & Public Policy Center, 1959. ISBN 978-0-8028-0598-0.
  3. Hallelujah, also spelled Alleluia, Encyclopædia Britannica
  4. Brown-Driver-Briggs (Hebrew and English Lexicon, page 238)
  5. page 403, note on line 1 of Psalm 113, Alter, Robert (2007). The Book of Psalms: A Translation with Commentary. W. W. Norton & Company. ISBN 978-0-393-06226-7.
  6. Hallelujah definition in Macmillan Dictionary
"https://ml.wikipedia.org/w/index.php?title=ഹല്ലെലൂയ്യാ&oldid=3709677" എന്ന താളിൽനിന്ന് ശേഖരിച്ചത്