ഗീതാഞ്ജലി

(Gitanjali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രബീന്ദ്രനാഥ ടാഗോറിനു 1913-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ്‌ ഗീതാഞ്ജലി [1]. ഗീതാഞ്ജലിയുടെ ഭാവനാതീതമായ ഉള്ളടക്കം ഒരു സാധാരണ മനുഷ്യനു തന്റെ മനോഗതമനുസരിച്ച് വ്യാഖ്യാനിക്കാൻ സധിക്കുന്നതല്ല. എങ്കിലും ഈ ഗദ്യകാവ്യം മനുഷ്യമനസ്സിനെത്തന്നെ മാറ്റിമറിക്കുന്നു.

ഗീതാഞ്ജലി
കർത്താവ്രബീന്ദ്രനാഥ് ടാഗോർ
രാജ്യംഇന്ത്യ
ഭാഷബംഗാളി, ഇംഗ്ലീഷ്
സാഹിത്യവിഭാഗംഗദ്യകാവ്യം
പ്രസാധകർഇന്ത്യ
പ്രസിദ്ധീകരിച്ച തിയതി
1910 ജൂലൈ

1910 ജൂലൈയിലാണ്‌ 157 ഗാനങ്ങളോടെ ബംഗാളി ഭാഷയിലുള്ള ഗീതാഞ്ജലി പ്രസിദ്ധമായത്. ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ കപ്പലിൽ വെച്ചാണ്‌ ടാഗോർ ഗീതാഞ്ജലി ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ 103 ഗാനങ്ങൾ ടാഗോർ 1912 നവംബർ ഒന്നാം തീയതി ലണ്ടനിലെ ഇന്ത്യ സൊസൈറ്റി ഗീതാഞ്ജലി പ്രസിദ്ധപ്പെടുത്തി. ഈ പരിഭാഷക്ക് ഡബ്ല്യു. ബി. യീറ്റ്സ് ആണ്‌ അവതാരികയെഴുതിയത്[2].

വിശകലനം

തിരുത്തുക

ടാഗോർ മനോഹരവും ഭൗതികവുമായുള്ള വസ്തുക്കളെ ഈ ഗദ്യകാവ്യത്തിൽ പ്രതീകങ്ങളായി ഉപയോഗിച്ചിരിക്കുന്നു. പതിയേ ഒഴുകുന്ന ചിറ്റാറുകൾ, കാറ്റിന്റെ നാദം, ഇടിയുടെ പെരുമ്പറ ശബ്ദം, പാറിപറക്കുന്ന തേനീച്ചകൾ, വിരിയുന്ന താമരകൾ, പ്രകാശിക്കുന്ന നക്ഷത്രങ്ങൾ, കാർമേഘം, നിറഞ്ഞ ആകാശം, ഇരുട്ടുള്ള രാത്രി, മഷിക്കറുപ്പാർന്ന പുഴയുടെ മങ്ങിയ തീരം, ഇളം പൈതലുകളുടെ നിർമ്മലമായ ചിരി, ഇഴജന്തുക്കൾ, കക്കകൾ ഇങ്ങനെ അസംഖ്യം ജീവനുള്ളതും ഇല്ലാത്തതും ഭംഗിയുള്ളതും ഇല്ലാത്തതുമായ വസ്തുക്കളുടെ പ്രതീകാത്മകത ഗീതാഞ്ജലിയെ മികവുറ്റതാക്കിത്തീർക്കുന്നു.

ഗീതാഞ്ജലിയുടെ ഇംഗ്ലീഷിലുള്ള ആദ്യപതിപ്പിന്റെ മുഖവുരയിൽ ഡബ്ള്യു.ബി. യേറ്റ്സ് ഈ കൃതിയെ വാനോളം പുകഴ്ത്തിയിരിക്കുന്നു. ഇതിലെ പൂക്കളും പുഴകളും പെരുമഴയും പൊരിയുന്ന വെയിലും എല്ലാം മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളെ പ്രകടമാക്കുന്നു. ബംഗാളിൽ രബീന്ദ്രസംഗീതത്തിനു വളരെ സ്ഥാനമുണ്ട്. ഗീതാഞ്ജലിയിലും സംഗീതം വളരെ ഫലവത്തായി ഉപയോഗിച്ചിരിക്കുന്നു.

ഈ ഗദ്യകാവ്യത്തിൽ ടാഗോർ ദൈവം സർവ്വവ്യാപിയാണെന്നു ഇങ്ങനെ വിവരിക്കുന്നു:- ദൈവത്തെകാണാൻ ദേവാലയത്തിന്റെ ഇരുണ്ട കോണിൽ വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടത്. കണ്ണു തുറന്നു നോക്കുമ്പോൾ ദൈവം നേരിൽ നിങ്ങളുടെ മുൻപിലല്ല കണപ്പെടുന്നത്. ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങ്ങളുമണിഞ്ഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണുള്ളത്, പാതയിൽ കല്ലുകൊത്തുന്നവന്റെ കൂടെയാണുള്ളത്. അവരുടെ ഇടയിലേക്കു നിങ്ങൾ ഇറങ്ങിച്ചെല്ലൂ, ദൈവത്തെ അവിടെ കാണാൻ സാധിക്കും.

ദീപോത്സവത്തിൽ പങ്കെടുക്കുവാനായി, ദീപവുമേന്തിപോകുന്ന വനിതയോടു തന്റെ വീട്ടിൽ ഏകാന്തതയും ഇരുട്ടും നിറഞ്ഞിരിക്കുന്നു, ഈ ദീപം തനിക്കു നൽകാമോ എന്നു ചോദിക്കുമ്പോൾ ഇരുട്ടുള്ളിടത്താണു ദീപം തെളിയിക്കേണ്ടത് എന്ന സത്യം അദ്ദേഹം ജനതകളെ അനുസ്മരിപ്പിക്കുന്നു. ഗീതാഞ്ജലിയിലൂടെ ടാഗോർ ജനങ്ങൾക്കു വെളിച്ചവും പ്രബോധനവും നൽകുന്നു.

  1. http://nobelprize.org/nobel_prizes/literature/laureates/1913/press.html
  2. [https://web.archive.org/web/20100623014837/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073753695&articleType=English&tabId=9&contentId=7408415&BV_ID=@@@ Archived 2010-06-23 at the Wayback Machine. ഗീതാഞ്ജലിക്ക് 100 വയസ്സ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഗീതാഞ്ജലി യൂണിവേർസിറ്റി ഒഫ് വർജ്ജീനിയ Archived 2014-06-24 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ഗീതാഞ്ജലി&oldid=3653445" എന്ന താളിൽനിന്ന് ശേഖരിച്ചത്