ഗഗനേന്ദ്രനാഥ് ടാഗൂർ

(Gaganendranath Tagore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ബംഗാളി ചിത്രകാരനാണ് ഗഗനേന്ദ്രനാഥ് ടാഗൂർ[1]. നാടകാഭിനയവും പുസ്തക പാരായണവുമായി കഴിഞ്ഞ ഇദ്ദേഹം ഇളയസഹോദരൻ അബനീന്ദ്രനാഥ ടാഗൂർ ചിത്രകാരനെന്ന നിലയിൽ പ്രശസ്തനായശേഷമാണ് ഈ രംഗത്തേയ്ക്കു കടന്നു വന്നത്. സ്വദേശിവാദത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഇദ്ദേഹം ഭാരതീയമായ ചിത്രകലാശൈലിയുടെ ആരാധകനും പ്രയോക്താവുമാകാനാണ് ആഗ്രഹിച്ചത്.

ഗഗനേന്ദ്രനാഥ് ടാഗൂർ
ഗഗനേന്ദ്രനാഥ ടാഗോർ (1867 - 1938)
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്ചിത്രകാരൻ, കാർട്ടൂണിസ്റ്റ്

ജീവിതരേഖ

തിരുത്തുക

1867 സെപ്റ്റംബർ 18-ന് കൊൽക്കത്തയിൽ ജനിച്ചു. വിഖ്യാത കലോപാസകനായ ഗുണേന്ദ്രനാഥ ടാഗൂറാണ് പിതാവ്. അദ്ദേഹത്തിന്റെ മരണത്തോടെ (1881) ഗഗനേന്ദ്രന്റെ വിദ്യാഭ്യാസം നിലച്ചു. ഹരിനാരായൺ ബാനർജിയിൽ നിന്ന് പാശ്ചാത്യ ജലച്ചായ ചിത്രരചനാരീതി വശമാക്കി. 1905 മുതൽ ജലച്ചായത്തിൽ ഇദ്ദേഹം വരച്ച ബംഗാൾ പ്രകൃതിദൃശ്യങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി.

ഒകാകുറ, തയ്ക്ക്വാൻ തുടങ്ങിയ ജാപ്പനീസ് ചിത്രകാരന്മാരുമായുണ്ടായ ചങ്ങാത്തം പിന്നീട് ഇദ്ദേഹത്തെ 'സ്വദേശിശൈലി'യിൽ നിന്നു വഴിമാറുന്നതിനു പ്രേരിപ്പിച്ചു. രവീന്ദ്രനാഥ ടാഗൂറിന്റെ ജീബൻസ്മൃതിയ്ക്കുവേണ്ടി (1912) ഇദ്ദേഹം വരച്ച ചിത്രങ്ങൾ ഇതിനുദാഹരണമാണ്. 1910 മുതൽ 21 വരെയുള്ള ഇദ്ദേഹത്തിന്റെ സംഭാവനകളിൽ മികച്ചവ ഹിമാലയൻ സ്കെച്ചുകൾ ആണ്. ഈ ചിത്രങ്ങളുടെ പരമ്പര അത്ഭുത് ലോക് (1915), വിരൂപ് വജ്ര (1917) നയാ ഹുല്ലോഡ് ഓർ റിഫോം സ്ക്രീംസ് (1921) എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാർട്ടൂൺ രചനയിലും ഗഗനേന്ദ്രനാഥ് പ്രശസ്തനായിരുന്നു. 1920-നുശേഷം ഇദ്ദേഹത്തിന്റെ രചനകളിൽ ഫ്രഞ്ച് ക്യൂബിസത്തിന്റെ സ്വാധീനമുണ്ടായി. ക്യൂബിസത്തെ അനുകരിക്കുകയായിരുന്നില്ല, സ്വാംശീകരിക്കുകയായിരുന്നു ഇദ്ദേഹം. അപ്പോഴും റിയലിസത്തോട് പൂർണമായി വിട പറഞ്ഞിരുന്നില്ല എന്നതാണ് മറ്റൊരു സവിശേഷത. ജീവിതാന്ത്യത്തിൽ മരണത്തെക്കുറിച്ചും, അഭൗമജീവിതത്തെക്കുറിച്ചുമുള്ള ഏതാനും രചനകളും ഇദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

ഛായാചിത്രങ്ങൾ, നാടോടി ചിത്രങ്ങൾ എന്നിവ രചിക്കുന്നതിലും ഭാരതീയ ശൈലിയിലുള്ള ഗൃഹോപകരണങ്ങൾ രൂപകല്പന ചെയ്യുന്നതിലും ഗഗനേന്ദ്രനാഥ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 1916-ൽ സ്ഥാപിച്ച ബംഗാൾ ഹോം ഇൻഡസ്ട്രീസിന്റെ സെക്രട്ടറിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ത്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്ടിലെ എല്ലാ ഉപകരണങ്ങളും രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്. നാടക സംവിധായകൻ, നടൻ എന്നീ നിലകളിൽക്കൂടി ഇദ്ദേഹത്തിന്റെ കലാസപര്യ വ്യാപിച്ചുകിടക്കുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ഫാൽഗുനി അവതരിപ്പിക്കുകയും അതിൽ രാജാവിന്റെ വേഷം അഭിനയിക്കുകയും ചെയ്തു.

പാരീസ്, ലണ്ടൻ, ഹാംബർഗ്, ബർലിൻ എന്നിവിടങ്ങളിലും ഏതാനും ദക്ഷിണാമേരിക്കൻ നഗരങ്ങളിലും 1914-നും 27-നുമിടെ ഇദ്ദേഹത്തിന്റെ ചിത്രപ്രദർശനങ്ങൾ നടന്നിട്ടുണ്ട്. ഔർ ഇന്നർ ഗാർഡൻ, കാഞ്ചൻ ജംഗ, പദ്മ, പുരി ടെംപിൾ, ഗാർഡൻ പാർട്ടി അറ്റ് ആൻ ഇൻഡ്യൻ ഹൗസ്, കൂലീസ് ഫ്യൂണെറൽ, സ്ലീപ്പി ഓൾഡ് മാൻ പണ്ഡിറ്റ്സ്, ചൈതന്യാസ് ഇനിഷിയേഷൻ, പാലസ് ഒഫ് സ്നോ, ഫെയറി ലാൻഡ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ വിഖ്യാതചിത്രങ്ങൾ. 1938-ൽ ഗഗനേന്ദ്രനാഥ് അന്തരിച്ചു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-22. Retrieved 2011-03-31.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഗഗനേന്ദ്രനാഥ് ടാഗൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഗഗനേന്ദ്രനാഥ്_ടാഗൂർ&oldid=3821208" എന്ന താളിൽനിന്ന് ശേഖരിച്ചത്