ഒന്നാം ബുദ്ധമതസമിതി

ബുദ്ധമതക്കാരുടെ ആദ്യ സമ്മേളനം
(First Buddhist council എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗൗതമ ബുദ്ധന്റെ മരണശേഷം (400 ബി.സി.ഇ )വിളിച്ച ബുദ്ധമതത്തിലെ മുതിർന്ന സന്യാസിമാരുടെ ഒത്തുചേരലായിരുന്നു ഒന്നാം ബുദ്ധമത സമിതി . [1] [2] ഥേരവാദ ബുദ്ധമതവിഭാഗത്തിലെ വിനയ പിടകത്തിലും സംസ്കൃതബുദ്ധമത ഗ്രന്ഥങ്ങളിലും ഈ ഒത്തുചേരൽ പരാമർശിച്ചിട്ടുണ്ട്. ബുദ്ധസൂത്രങ്ങൾക്ക് പുറത്തുനിന്നുള്ള തെളിവുകളുടെ അഭാവത്തിൽ ചില പണ്ഡിതന്മാർ സംഭവത്തിന്റെ ചരിത്രപരതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

രാജ്ഗീറിലെ ആദ്യത്തെ ബുദ്ധസമിതി, ശ്രാവസ്തിയിലെ നവ ജേതവനയിലെ ചിത്രം
ഒന്നാം ബുദ്ധമതസമിതി നടന്നു എന്നു കരുതപ്പെടുന്ന രാജ്ഗിറിലെ,സപ്തപർണി ഗുഹ

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

സ്ഥാപനം

പ്രധാന വിശ്വാസങ്ങൾ

പ്രധാന വ്യക്തിത്വങ്ങൾ

Practices

ആഗോളതലത്തിൽ

വിശ്വാസങ്ങൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

കവാടം

ബുദ്ധന്റെ മരണത്തെത്തുടർന്ന്‌ ധമ്മത്തിലെയും വിനയത്തിലെയും ഉള്ളടക്കങ്ങൾ‌ അംഗീകരിക്കുന്നതിന്‌ മൂന്ന്‌ മാസത്തിനുശേഷം 500 അരഹന്തന്മാരുടെ ഒരു സമിതി രാജ്ഗീറിൽ‌ (സംസ്‌കൃതം: രാജഗൃഹ) നടന്നു. [1] [3] ബുദ്ധന്റെ മരണശേഷം, ബുദ്ധന്റെ പ്രധാനപ്പെട്ട 499 അരഹന്തന്മാരും അപ്പോൾ സോതപന്നനും ആയിരുന്ന ആനന്ദനും സമിതിയിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടിരുന്നു. [4]എന്നാൽ ബുദ്ധസമിതിയുടെ അന്ന് പ്രഭാതത്തിൽ ആനന്ദൻ അരഹന്തപ്രാപ്തി കൈവരിച്ചു.

അജാതശത്രുവിന്റെ രക്ഷാകർതൃത്വത്തിൽ മഹാകശ്യപനാണ് യോഗത്തിന് നേതൃത്വം നൽകിയത്. ബുദ്ധന്റെ വാക്കുകളും ( സൂത്തങ്ങളും ) സന്യാസശിക്ഷണവും നിയമങ്ങളും ( വിനയ ) സംരക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പ്രാധാന്യം കുറഞ്ഞ നിയമങ്ങൾ നിർത്തലാക്കാൻ ബുദ്ധൻ സംഘത്തെ അനുവദിച്ചെങ്കിലും, വിനയത്തിലെ എല്ലാ നിയമങ്ങളും പാലിക്കാൻ സംഘം ഏകകണ്ഠമായി തീരുമാനമെടുത്തു. ആനന്ദൻ സൂത്തങ്ങൾ പാരായണം ചെയ്തു. ഓരോ സൂത്തവും ആരംഭിക്കുന്നത് ഇങ്ങനെയാണ് ' ഇപ്രകാരം ഞാൻ കേട്ടിട്ടുണ്ട് ' (പാലിയിൽ: ഇവെം മി സുതം ).[1] സന്യാസി ഉപാലി വിനയപിടകം ചൊല്ലി. [1]

ത്രിപിടകങ്ങളിലെ മൂന്നാമത്തെ പ്രധാന വിഭാഗമായ അഭിധമ്മപിടകത്തെ സംബന്ധിച്ചിടത്തോളം, അതിലെ ഭാഷയിലും ശൈലികളിലും ഉള്ള വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി പാശ്ചാത്യപഠനങ്ങൾ സൂചിപ്പിക്കുന്നത് അഭിധമ്മപിടകം 300 ബി.സി.ഇ യോടുകൂടി രചിച്ചതാകാം എന്നാണ്. [5] [6] അഭിധമ്മപിടകം മനഃപാഠമാക്കി പരിപാലിക്കുന്ന അഥകഥാ-ആചാര്യൻമാർ പുലർത്തുന്ന ഥേരവാദപാരമ്പര്യങ്ങൾ പ്രകാരം, അഭിധമ്മപിടകത്തിന്റെ ആറു പ്രമാണസംഹിതകളും അതിന്റെ ഒരു മടികവും ("മടിക", പാലിയിൽ മാട്രിക്സ് എന്നർത്ഥം വരുന്നു. അഭിധമ്മപിടകത്തിലെ ഓരോ അധ്യായത്തിലേയും വർഗ്ഗീകരണങ്ങളാണ് മടിക കൊണ്ടുദ്ദേശിക്കുന്നത്) പുരാതനമായ അഥകഥായും (വ്യാഖ്യാനം) ആദ്യബുദ്ധമതസമിതിയിൽ സൂത്ത വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. സൂത്തയിൽ നിന്ന് വ്യത്യസ്തമാണ് അഭിധമ്മപിടകത്തിന്റെ ശൈലി. അഭിധമ്മപിടകം രചിച്ചത് സാരിപുത്തയാണ്. [7] [8]

ചരിത്രപരത

തിരുത്തുക

പാരമ്പര്യപ്രകാരം ആദ്യത്തെ സമിതി ഏഴുമാസം നീണ്ടുനിന്നു. [9] എന്നാൽ മുഴുവൻ സംഹിതയും ആദ്യസമിതിയിൽ ചൊല്ലപ്പെട്ടിരുന്നു എന്ന വിവരണത്തിൽ ചരിത്രകാരന്മാർ സംശയം പ്രകടിപ്പിക്കുന്നു. [1] എന്നിരുന്നാലും, വിനയപിടകത്തിന്റേയും, സൂത്തപിടകത്തിന്റേയും ആദ്യകാലപാഠങ്ങൾ സമിതിയിൽ പാരായണം ചെയ്തിരിക്കാമെന്നു കരുതുന്നു. [10] ഓറിയന്റലിസ്റ്റുകളായ ലൂയിസ് ഡി ലാ വല്ലേ-പുസിൻ, ഡി.പി. മിനയേഫ് തുടങ്ങിയ ചില പണ്ഡിതന്മാർ ബുദ്ധന്റെ മരണശേഷം സമ്മേളനങ്ങൾ നടന്നിരിക്കാമെന്ന് കരുതുന്നു. എങ്കിലും ഒന്നാം സമിതിക്കു മുമ്പോ ശേഷമോ നടന്ന ചില സംഭവങ്ങളും സമിതിയിൽ പരാമർശിക്കുന്ന ചില വ്യക്തികളും മാത്രം ചരിത്രപരമെന്നു പരിഗണിക്കുന്നു. [11] [12] ബുദ്ധമതചരിത്രകാരന്മാരായ ആൻഡ്രെ ബാരൂ, ഇൻഡോളജിസ്റ്റായ ഹെർമൻ ഓൾഡെൻബെർഗ് എന്നിവർ, ആദ്യത്തെ ബുദ്ധസമിതിയുടെ വിവരണം രണ്ടാം ബുദ്ധസമിതിക്ക് ശേഷം രണ്ടാമത്തെ സമിതിയെ അടിസ്ഥാനമാക്കി എഴുതിയതാകാമെന്നു കരുതുന്നു. [13] [14] പാലിഗ്രന്ഥങ്ങളും സംസ്‌കൃതപാരമ്പര്യങ്ങളും തമ്മിലുള്ള സാദൃശ്യം അടിസ്ഥാനമാക്കി, പുരാവസ്തു ഗവേഷകനായ ലൂയിസ് ഫിനോട്ട്, ഇൻഡോളജിസ്റ്റ് ഇ.ഇ. ഒബർമില്ലർ, ഒരു പരിധിവരെ ഇൻഡോളജിസ്റ്റ് നളിനാക്ഷ ദത്ത് എന്നിവർ ആദ്യത്തെ സമിതിയുടെ വിവരണം ആധികാരികമാണെന്ന് കരുതുന്നു. [15] ഇൻഡോളജിസ്റ്റ് റിച്ചാർഡ് ഗൊംബ്രിച്ച്, ഭിക്കു സുജാതോയുടേയും ഭിക്കു ബ്രഹ്മലിയുടേയും വാദത്തെ അടിസ്ഥാനമാക്കി, പറയുന്നു, "ഒന്നാം ബുദ്ധസമിതിയിൽ ബുദ്ധശിഷ്യനായ ആനന്ദനിലൂടെ പാലിയിലുള്ള ബുദ്ധസംഹിതയുടെ പ്രധാനഭാഗങ്ങളായ, ബുദ്ധ-വചന, അതായത് 'ബുദ്ധന്റെ വാക്കുകളെ', നമുക്കു പരിരക്ഷിച്ചുവച്ചു എന്നു വിശ്വസിക്കാവുന്നതാണ്."

സ്രോതസ്സുകൾ

തിരുത്തുക

അവശേഷിക്കുന്ന ആറ് വിനയ പാരമ്പര്യങ്ങളിലും ഒന്നാമത്തെയും രണ്ടാമത്തെയും സമിതികളുടെ വിവരങ്ങൾ പൂർണ്ണമായോ ഭാഗികമായോ അടങ്ങിയിരിക്കുന്നു ഒപ്പം അവയുടെ വിശദാംശങ്ങൾ യോജിക്കുന്നു. [16] ആദ്യത്തെ സമിതിയുടെ കഥ ബുദ്ധന്റെ അവസാന നാളുകളുടെയും മരണത്തിന്റേയും മഹാപരിനിബ്ബാന സൂത്തത്തിലും ആഗമത്തിലും പറഞ്ഞ കഥയുടെ തുടർച്ചയാണെന്ന് കരുതപ്പെടുന്നു. ഈ രണ്ട് ഗ്രന്ഥങ്ങളും തമ്മിലുള്ള പരസ്പരബന്ധത്തിന്റെയും തുടർച്ചയുടെയും അടിസ്ഥാനത്തിൽ, പിന്നീട് സുത്തപിടകവും വിനയപിടകവും ആയി വിഭജിക്കപ്പെട്ട ഒറ്റ ആഖ്യാനത്തിൽ നിന്നാണ് മേൽപ്പറഞ്ഞ കഥകൾ ഉടലെടുത്തതെന്നു ലൂയിസ് ഫിനോട്ട് നിഗമനത്തിലെത്തി. മിക്ക ബുദ്ധമതപാരമ്പര്യങ്ങളിലും, ഒന്നാം സമിതിയുടെ വിവരങ്ങൾ വിനയപിടകത്തിലെ സ്കന്ധക വിഭാഗത്തിന്റെ അവസാനത്തിലും പക്ഷേ ഏതെങ്കിലും അനുബന്ധങ്ങൾക്ക് മുമ്പായുമാണ് അവതരിക്കപ്പെട്ടിരിക്കുന്നത്.

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 Harvey 2013, പുറം. 88.
  2. Bechert, Heinz; Akademie der Wissenschaften in Göttingen, eds. (1995). When did the Buddha live?: the controversy on the dating of the historical Buddha (in English). Delhi, India: Sri Satguru Publications. ISBN 8170304695.{{cite book}}: CS1 maint: unrecognized language (link)
  3. "Life of Buddha: The 1st Buddhist Council (Part 2)". www.buddhanet.net. Retrieved 2017-12-30.
  4. "Life of Buddha: The 1st Buddhist Council (Part 2)". www.buddhanet.net. Retrieved 2017-12-30.
  5. Gombrich 2006, പുറം. 4.
  6. Damien Keown (2004). A Dictionary of Buddhism. Oxford University Press. p. 2. ISBN 978-0-19-157917-2.
  7. Dī.A. (sumaṅgala.1) Sumaṅgalavilāsinī dīghanikāyaṭṭhakathā sīlakkhandhavaggavaṇṇanā nidānakathā
  8. Saṅgaṇi.A. (aṭṭhasālinī) Dhammasaṅgiṇī Abhidhamma-Atthakathā Nidānakathā
  9. Buswell & Lopez 2013, Council, 1st.
  10. Hirakawa 1993, പുറം. 69.
  11. Prebish 2005, പുറം. 226.
  12. Mukherjee 1994, പുറങ്ങൾ. 453.
  13. Prebish 2005, പുറം. 231.
  14. Mukherjee 1994, പുറങ്ങൾ. 454–6.
  15. Mukherjee 1994, പുറം. 457.
  16. Frauwallner, Erich (1956). The Earliest Vinaya and the Beginnings of Buddhist Literature (in English). Rome: Istituto Italiano per il Medio ed Estremo Oriente. pp. 42–45. ISBN 8857526798.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഒന്നാം_ബുദ്ധമതസമിതി&oldid=3998992" എന്ന താളിൽനിന്ന് ശേഖരിച്ചത്