അധികാരവിഭജനം

ഒരു രാജ്യത്തെ വിവിധ തലങ്ങളിലുള്ള ഭരണകൂടങ്ങൾ തമ്മിൽ അധികാരം പങ്കിടുന്നതിനെ വിശേഷിപ്പിക്കുന്
(Federalism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രാജ്യത്തെ വിവിധ തലങ്ങളിലുള്ള ഭരണകൂടങ്ങൾ തമ്മിൽ അധികാരം പങ്കിടുന്നതിനെ വിശേഷിപ്പിക്കുന്ന സംജ്ഞയാണ് അധികാരവിഭജനം (ഫെഡറലിസം). ഇത് ഏറ്റവും പ്രകടമായി കാണാനാവുന്നത് ഫെഡറൽ രാഷ്ട്രങ്ങളിലാണ്. ഫെഡറൽ ഗവൺമെന്റ് രൂപവത്കരിക്കപ്പെടുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിൽപെട്ടതാണ്, കേന്ദ്രഗവൺമെന്റും സ്റ്റേറ്റ്ഗവൺമെന്റുകളും തമ്മിലുള്ള അധികാര വിഭജനം. രാഷ്ട്രം ഒന്ന്, ഗവൺമെന്റുകൾ ധാരാളം എന്ന ആശയത്തിൽ അധിഷ്ഠിതമാണ് ഫെഡറലിസം.

അധികാര വിഭജനത്തിന്റെ രീതി

തിരുത്തുക

ഫെഡറൽ ഭരണ സമ്പ്രദായം രൂപീകരിക്കുന്നതിലെ രീതി വ്യത്യാസമനുസരിച്ച് അധികാരവിഭജനത്തിന്റെ രീതിയും മാറുന്നു. നിലവിലുള്ള പരമാധികാര രാജ്യങ്ങൾ ഐക്യപ്പെട്ട് ഒരു ഫെഡറൽ രാഷ്ട്രമായിമാറുമ്പോൾ (ഉദാ. അമേരിക്കൻ ഐക്യനാടുകൾ) അധികാരം പ്രാദേശിക ഭരണകൂടങ്ങളിൽനിന്ന് കേന്ദ്രത്തിനും; നിലവിലുള്ളൊരു രാജ്യത്തെ ഭരണസൌകര്യാർഥം ചെറുതുണ്ടുകളായി മുറിച്ച് ഒരു ഫെഡറൽ രാഷ്ട്രമാക്കി മാറ്റുന്ന സാഹചര്യത്തിൽ (ഉദാ. ഇന്ത്യ) അധികാരം കേന്ദ്രസർക്കാരിൽനിന്ന് പ്രാദേശിക സർക്കാരുകളിലേയ്ക്കും വിന്യസിക്കപ്പെടുന്നു. പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങൾ - ആഭ്യന്തരം, വനം, ഗ്രാമവികസനം, റവന്യു തുടങ്ങിയവ - സംസ്ഥാന സർക്കാരുകൾക്കും ദേശീയ പ്രാധാന്യമുള്ളവ - രാജ്യരക്ഷ, വിദേശകാര്യം, വാർത്താവിനിമയം തുടങ്ങിയവ - കേന്ദ്രസർക്കാരിനും നൽകുകയെന്നതാണ് അധികാര വിഭജനത്തിന്റെ കാര്യത്തിൽ പിന്തുടരുന്ന പൊതുവായ തത്ത്വം.

വിഭജനത്തിന്റെ വിശദാംശങ്ങളിലേക്കു വരുമ്പോഴും ശ്രദ്ധേയമായ പല വ്യത്യാസങ്ങളും കാണാം. ചില രാജ്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ അധികാരങ്ങൾ നിർവചിക്കുകയും ബാക്കിയുള്ളവ സംസ്ഥാന സർക്കാരുകൾക്കു നൽകുകയും, മറ്റുചില രാജ്യങ്ങളിൽ നേരേ മറിച്ചും ചെയ്യാറുണ്ട്. ഇനിയും ചില രാജ്യങ്ങളിൽ കേന്ദ്ര-സ്റ്റേറ്റ് ഗവൺമെന്റുകളുടെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളെ പ്രത്യേകം പ്രത്യേകം നിർവചിക്കുന്ന രീതിയും നിലവിലുണ്ട്. ഭരണഘടനയിൽ പ്രത്യേകമായി പരാമർശിക്കാത്ത വിഷയങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങളോ പരിഹാരങ്ങളോ, ചില പ്രത്യേകവിഷയങ്ങളെ സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭങ്ങളോ ഉണ്ടാകുമ്പോൾ അവയിൽ അവസാന നിർണയം ചെയ്യേണ്ടത്, കേന്ദ്രഗവൺമെന്റോ സ്റ്റേറ്റ് ഗവൺമെന്റോ എന്ന് വ്യക്തമായി ഭരണഘടനയിൽ വ്യവസ്ഥ ചെയ്യാറുണ്ട്. അതനുസരിച്ച് തീരുമാനങ്ങൾ കേന്ദ്രഗവൺമെന്റോ, സ്റ്റേറ്റുഗവൺമെന്റുകളോ എടുക്കുന്നു. ചില ഭരണഘടനകൾ ഇമ്മാതിരിയുള്ള വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിന് കേന്ദ്ര-സ്റ്റേറ്റു ഗവൺമെന്റുകൾക്ക് തുല്യാധികാരങ്ങൾ നല്കുന്നുണ്ട്. യു.എസ്സിൽ ഫെഡറൽ ഗവൺമെന്റിനു നല്കിയിട്ടില്ലാത്തതും സ്റ്റേറ്റു ഗവൺമെന്റുകൾക്ക് നിഷേധിച്ചിട്ടില്ലാത്തതുമായ എല്ലാ അധികാരങ്ങളും (Residuary powers) ഭരണഘടന സ്റ്റേറ്റു ഗവൺമെന്റുകൾക്കു നല്കിയിരിക്കുന്നു. ചില അധികാരങ്ങൾ ഫെഡറൽ ഗവൺമെന്റിനും സ്റ്റേറ്റു ഗവൺമെന്റുകൾക്കും കൂട്ടായി അനുഭവിക്കാവുന്നതാണ്. ഇവയെ സമവർത്തി (Concurrent) അധികാരങ്ങൾ എന്നു പറയും. ആസ്ട്രേലിയൻ ഭരണഘടനയുടെ 51-ആം വകുപ്പിൽ കേന്ദ്ര ഗവൺമെന്റിന്റെ അധികാരങ്ങൾ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. അവശിഷ്ടാധികാരം അവിടെ സ്റ്റേറ്റു ഗവൺമെന്റുകളിൽ നിക്ഷിപ്തമാണ്. രണ്ടു ഗവൺമെന്റുകൾക്കും നിയമനിർമ്മാണം നടത്താവുന്ന ചില പൊതുവിഷയങ്ങളുണ്ട്. ഈ വിഷയങ്ങളിൽ സ്റ്റേറ്റു ഗവൺമെന്റുകൾ നിർമ്മിക്കുന്ന നിയമം കേന്ദ്ര ഗവൺമെന്റിന്റേതിന് വിരുദ്ധമാണെങ്കിൽ കേന്ദ്രഗവൺമെന്റിന്റെ നിയമമായിരിക്കും പ്രാബല്യത്തിൽ വരുക. അതേസമയം, ഭരണഘടന ചില വിലക്കുകൾ സ്റ്റേറ്റു ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും ഏർപ്പെടുത്തിയിട്ടുണ്ട്. (ഉദാ. നാണയം ഉണ്ടാക്കുന്നതിന് സ്റ്റേറ്റു ഗവൺമെന്റിന് അധികാരമില്ല. അതുപോലെ കേന്ദ്രഗവൺമെന്റിന് ഒരു സ്റ്റേറ്റിനു കൂടുതൽ ആനുകൂല്യങ്ങൾ നല്കിക്കൊണ്ടു വിവേചനാപരമായി നിയമനിർമ്മാണം നടത്താനും അധികാരമില്ല.)

യൂണിറ്ററി ഫെഡറൽ സംവിധാനങ്ങളിലെ വ്യത്യാസം

തിരുത്തുക

ചില യൂണിറ്ററി ഗവൺമെന്റുകളിലും ഏതാണ്ട് ഈ രീതിയിലുള്ള അധികാര വിഭജനം കാണാം. ജനങ്ങളുടെ ദൈനംദിന ജിവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ തീരുമാനങ്ങളെടുക്കാനുള്ള അവകാശങ്ങൾ ഉൾപ്പെടെയുള്ള ചില അധികാരങ്ങൾ, പ്രാദേശിക ഗവൺമെന്റുകളും മുനിസിപ്പാലിറ്റികളുമടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങൾക്കു നല്കുന്ന പതിവിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഫെഡറൽ ഭരണ സംവിധാനത്തിൽ കേന്ദ്രഗവൺമെന്റിനും സ്റ്റേറ്റു ഗവൺമെന്റുകൾക്കുമായി അധികാര വിഭജനം നടത്തുന്നതിൽ നിന്ന് വ്യത്യസ്തമാണ്, യൂണിറ്ററി ഗവൺമെന്റുകളിലെ ഈ അധികാരവിഭജനം.

ഫെഡറൽ ഭരണസംവിധാനത്തിൽ കേന്ദ്രഗവൺമെന്റിനും സ്റ്റേറ്റു ഗവൺമെന്റുകൾക്കും അധികാരം ലഭിക്കുന്നത് ജനങ്ങളിൽനിന്നാണ്. അതുകൊണ്ട് കേന്ദ്രഗൺമെന്റിന് മറ്റൊരു സ്റ്റേറ്റു ഗവൺമെന്റിന്റെ അധികാരങ്ങളിൽ കൈകടത്താൻ അവകാശമില്ല. ഇരുഗവൺമെന്റുകളും അവരവരുടെ പ്രവർത്തനപരിധിക്കുള്ളിൽ പരമാധികാരമുള്ളവയാണ്; നേരേ മറിച്ച് യൂണിറ്ററി ഗവൺമെന്റിലാണെങ്കിൽ, ചില അധികാരങ്ങൾ ഭരണസൌകര്യാർഥം ദേശീയ സർക്കാർ സ്വമേധയാ സ്വയംഭരണ സ്ഥാപനങ്ങൾക്കായി വിട്ടുകൊടുക്കുന്നുവെന്നേയുള്ളു; പരമാധികാരം എപ്പോഴും കേന്ദ്ര ഗവൺമെന്റിനുതന്നെ ആയിരിക്കും. എന്നാൽ ഒരു ഫെഡറേഷനിലെ സ്റ്റേറ്റുഗവൺമെന്റിന് ഭരണഘടനാനുസൃതമായി ലഭിച്ചിട്ടുള്ള വിഷയങ്ങളിലെ നിയമനിർമ്മാണത്തിന് പരമാധികാരമുള്ളതിനാൽ, അതു നടപ്പിലാക്കുന്ന നിയമങ്ങൾക്ക്, മറ്റൊരു ഗവൺമെന്റിനും നിഷേധിക്കാനാവാത്ത നിയമസാധുത ഉണ്ട്. യൂണിറ്ററി രാഷ്ട്രത്തിലെ സ്വയംഭരണ സ്ഥാപനങ്ങളെ നിയമാനുസൃതം നിലവിൽ വരുത്താനും നിലനിർത്താനും ഇല്ലാതാക്കാനും ഉള്ള അധികാരങ്ങൾ അവിടത്തെ കേന്ദ്രഗവൺമെന്റിന് ഉണ്ടായിരിക്കും. ഉദാ. ഇംഗ്ലണ്ടിലെ ഒരു കൌണ്ടി(County)യെയോ മുനിസിപ്പാലിറ്റിയെയോ ഭരണഘടനാതത്ത്വങ്ങൾക്കു വിരുദ്ധമാകാതെ തന്നെ, വേണമെങ്കിൽ, ഇംഗ്ലണ്ടിലെ പാർലമെന്റിനു ഇല്ലാതാക്കാൻ സാധിക്കും. എന്നാൽ, ആസ്ട്രേലിയയിലെ ഒരു സ്റ്റേറ്റു ഗവൺമെന്റിന്റെ അധികാരങ്ങളെ മറികടക്കാനോ ചോദ്യം ചെയ്യാനോ ഇല്ലാതാക്കാനോ കേന്ദ്ര ഗവൺമെന്റിനു നിയമാനുസൃതം അസാധ്യമാണ്.

ഇതുവരെ പറഞ്ഞതിൽനിന്നും ഒരുകാര്യം വ്യക്തമാണ്: ഓരോ രാഷ്ട്രവും അതിന്റേതായ പ്രത്യേക പരിതഃസ്ഥിതികളെ കണക്കിലെടുത്തുകൊണ്ടാണ് അധികാരവിഭജനം നടത്തുന്നത്. ഇങ്ങനെയുള്ള അധികാര വിഭജനത്തിൽ ഒരു സാമാന്യവത്കരണം സാധ്യവുമല്ല. ഓരോ രാഷ്ട്രത്തിന്റെയും ചരിത്രവും മറ്റു ഭൌതികപരിതഃസ്ഥിതികളും വ്യത്യസ്തമായിരിക്കുന്നതുപോലെതന്നെ, അവയുടെ അധികാര വിഭജനത്തിലും വിവിധ മാനദണ്ഡങ്ങളാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. യു.എസ്., സ്വിറ്റ്സർലണ്ട്, കാനഡ, ആസ്ട്രേലിയ, ഇന്ത്യഎന്നീ ഫെഡറൽ ഗവൺമെന്റുകളിലെല്ലാം, കേന്ദ്രഗവൺമെന്റിനും സ്റ്റേറ്റു ഗവൺമെന്റുകൾക്കുമായി അധികാരവിഭജനം നടത്തിയിട്ടുള്ളതിൽ ഐകരൂപ്യം കാണുകയില്ല. അതിനാൽ ആ ഫെഡറേഷൻ രാഷ്ട്രങ്ങളിലെ കേന്ദ്രഭരണകൂടവും സ്റ്റേറ്റു ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. ചില രാഷ്ട്രങ്ങളിൽ ഭരണഘടനയിൽ പ്രത്യേകം പരാമർശിക്കാത്ത വിഷയങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടാധികാരങ്ങൾ കേന്ദ്രഗവൺമെന്റിനും മറ്റു ചില രാഷ്ട്രങ്ങളിൽ സ്റ്റേറ്റ് ഗവൺമെന്റുകൾക്കുമാണ്.

അധികാര വിഭജനം-ഇന്ത്യൻ ഭരണഘടനയിൽ

തിരുത്തുക

അധികാരവിഭജനത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ഭരണഘടന, 1935-ലെ ഇന്ത്യാഗവൺമെന്റ് നിയമത്തിലെ വ്യവസ്ഥകളെയാണ് അനുവർത്തിച്ചിട്ടുള്ളത്. ഇന്ത്യൻ ഭരണഘടനയിൽ അധികാര കേന്ദ്രീകരണപ്രവണത കൂടുതലായി കാണാം. പ്രവിശ്യകൾക്കു കൂടുതൽ അധികാരങ്ങൾ നല്കുന്നതിനുള്ള വൈമനസ്യം 1935-ലെ നിയമത്തിന് രൂപംനല്കിയ ബ്രിട്ടീഷുകാർക്കുണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയിലെ ഏഴാം പട്ടികയിൽ ഫെഡറൽ ലെജിസ്ലേറ്റീവ് ലിസ്റ്റിൽ കേന്ദ്രഗവൺമെന്റിന് നിയമനിർമ്മാണാവകാശമുള്ള വിഷയങ്ങൾ, സ്റ്റേറ്റിനു നിയമനിർമ്മാണാവകാശമുള്ള വിഷയങ്ങൾ, കേന്ദ്രത്തിനും സ്റ്റേറ്റിനും നിയമനിർമ്മാണാവകാശമുള്ള വിഷയങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ കാണാം. കേന്ദ്രത്തിന്റെയും സ്റ്റേറ്റിന്റെയും നിയമങ്ങൾ തമ്മിൽ വൈരുദ്ധ്യമുണ്ടെങ്കിൽ 254-ആം വകുപ്പനുസരിച്ച് കേന്ദ്രനിയമത്തിനാണ് പ്രാബല്യം. 248-ആം വകുപ്പ്, അവശിഷ്ടാധികാരങ്ങൾ കേന്ദ്രത്തിനു നല്കിയിരിക്കുന്നു. ദേശീയതാത്പര്യത്തെ ലാക്കാക്കി കേന്ദ്ര ഗവൺമെന്റിന്, സ്റ്റേറ്റ് ലിസ്റ്റിൽപ്പെട്ട സംഗതികളിലും നിയമനിർമ്മാണം നടത്താൻ അധികാരം നല്കുന്ന വകുപ്പുകളാണ് 249-ഉം 250-ഉം.

കേന്ദ്രഗവൺമെന്റിന് നിയമനിർമ്മാണാധികാരം നല്കുന്ന കേന്ദ്രലിസ്റ്റിൽ 97 വിഷയങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്തിന് പൊതുവേ താത്പര്യമുള്ളവയും നിയമങ്ങൾക്ക് ഐകരൂപ്യം ആവശ്യമുള്ളവയുമായ വിഷയങ്ങളാണ് കേന്ദ്രലിസ്റ്റിൽ ഉള്ളത്. രാജ്യരക്ഷ, വിദേശകാര്യം, യുദ്ധസമാധാനങ്ങൾ, റെയിൽവെ, അന്താരാഷ്ട്രവ്യാപാരം, വാണിജ്യം, ബാങ്കിങ്, നാണയം, തെരഞ്ഞെടുപ്പുകൾ, ആദായനികുതി, വർത്തമാനപത്രങ്ങൾ ആദിയായവ കേന്ദ്രലിസ്റ്റിൽ ഉൾപ്പെടുന്നു.

സംസ്ഥാന ലിസ്റ്റിൽ 66 വിഷയങ്ങൾ ഉൾപ്പെടുന്നു. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യത്തിന് അനുസൃതമായി നിയമനിർമ്മാണം നടത്തുന്നത് സഹായകമായ രീതിയിലാണ് ഈ വിഷയങ്ങൾ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിയമസമാധാനം, പോലീസ്, നീതിന്യായം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം ആദിയായ വിഷയങ്ങൾ സ്റ്റേറ്റുലിസ്റ്റിലാണ്. ഒരു സംസ്ഥാനത്തിൽ രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ സംസ്ഥാന ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിനുള്ള അധികാരം ഭരണഘടനാ വ്യവസ്ഥയനുസരിച്ച് കേന്ദ്രഗവൺമെന്റിനു ലഭിക്കുന്നു.

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണാധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ 47 വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിമിനൽ നിയമം, കരുതൽ തടങ്കൽ നിയമം, വസ്തു കൈമാറ്റം, കരാറുകൾ, ഭക്ഷ്യങ്ങളിൽ മായം ചേർക്കൽ, ട്രേഡ് യൂണിയൻ, വ്യവസായ തൊഴിൽത്തർക്കങ്ങൾ, ധർമസ്ഥാപനങ്ങൾ, തുറമുഖങ്ങൾ, പാപ്പരത്വ-നിർധനത്വനിയമങ്ങൾ ആദിയായവ ഇതിൽപ്പെടുന്നു. കേന്ദ്രനിയമവും സംസ്ഥാനനിയമവും തമ്മിൽ യോജിപ്പില്ലാതെ വന്നാൽ കേന്ദ്രനിയമത്തിനാണ് പ്രാബല്യം. ഒരു സംസ്ഥാന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിക്കഴിഞ്ഞാൽ ആ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ആ നിയമത്തിനു പ്രാബല്യമുണ്ടെങ്കിലും, അത് അസാധുവാക്കാനും രാഷ്ട്രപതിക്ക് കഴിയും. സംസ്ഥാനങ്ങൾക്കു ലഭിച്ചിട്ടുള്ള നിയമനിർമ്മാണാധികാരം തന്മൂലം ശാശ്വതമല്ല.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധികാരവിഭജനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധികാരവിഭജനം&oldid=4031910" എന്ന താളിൽനിന്ന് ശേഖരിച്ചത്