ഏകലവ്യൻ

(Ekalavya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിഷാദരാജാവായ ഹിരണ്യധനുസ്സിന്റെ പുത്രനായിരുന്നു ഏകലവ്യൻ . ആയുധവിദ്യ പഠിക്കാനാഗ്രഹിച്ച് രാജഗുരുവായ ദ്രോണരുടെ അടുക്കലെത്തിയ ഇദ്ദേഹത്തെ നിഷാദിയെന്നു കണ്ട് ദ്രോണാചാര്യർ സ്വീകരിച്ചില്ല .. അവസാനം ഇദ്ദേഹം ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടതായി മഹാഭാരതം , ഉദ്യോഗപർവ്വം , അദ്ധ്യായം 48 , ശ്ളോകം 77 ലായി കാണുന്നു . അർജ്ജുനനോട് ബന്ധപ്പെട്ട ഏകലവ്യന്റെ കഥ - മഹാഭാരതം , ആദിപർവ്വം , സംഭവപർവ്വം , അദ്ധ്യായം-132 -ലായി താഴെ പറയുന്ന പ്രകാരം കാണുന്നു.

ഏകലവ്യൻ
ഏകലവ്യൻ
ഏകലവ്യൻ സ്വയം പരിശീലനം ചെയ്യുന്നു

ഏകലവ്യനും ദ്രോണരും

തിരുത്തുക

ഹിരണ്യധനുസ്സെന്ന നിഷാദരാജാവിന്റെ പുത്രനായ ഏകലവ്യൻ , ദ്രോണരുടെ അടുക്കലെത്തി തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു . നിഷാദനായതിനാൽ ദ്രോണര് മറ്റുള്ളവരുടെ അഭിപ്രായം കണക്കിലെടുത്ത് ഏകലവ്യനെ സ്വീകരിച്ചില്ല .

ന സ തം പ്രതിജഗ്രാഹ നൈഷാദിരിതി ചിന്തയൻ

ശിഷ്യം ധനുഷി ധർമ്മജ്ഞസ്തേഷാ മേവാന്വവേക്ഷയാ [മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം -132 , ശ്ളോകം 32]

(ഭാഷാ അർത്ഥം ) മറ്റു ശിഷ്യന്മാരുടെ ഹിതം നോക്കിയും , അവൻ നിഷാദനാണെന്നു ചിന്തിച്ചും ( നൈഷാദിരിതി ചിന്തയൻ ) ധർമ്മജ്ഞനായ ദ്രോണാചാര്യർ അവനെ ശിഷ്യനായി സ്വീകരിക്കുകയുണ്ടായില്ല .

പക്ഷെ അവൻ ദ്രോണരെ ഭക്തിപൂര്വ്വം വണങ്ങി പാദങ്ങളിൽ നമസ്ക്കരിച്ചു തിരികെ പോന്നു . വനത്തിൽ ചെന്ന് , ഗുരുവായ ദ്രോണരുടെ രൂപം മണ്ണില് തീർത്ത്‌ സാങ്കല്പ്പികമായ ആചാര്യ സാന്നിധ്യത്തിൽ അസ്ത്രപ്രയോഗം നിഷ്ടാപൂര്വ്വം അഭ്യസിച്ചു . അസ്ത്രങ്ങൾ ഇക്ഷ്വ നിര്മ്മിതമായിരുന്നു [ കട്ടിയുള്ള മൂര്ച്ചയുള്ള ഒരുതരം പുല്ല് ] . പരമശ്രധയോടും യോഗത്തോടും സ്വയം അഭ്യസനം നടത്തി ഏകലവ്യൻ അർജ്ജുനനെക്കാളും അസ്ത്രവിദ്യയിൽ സമർത്ഥനായിത്തീർന്നു.

പ്രമാണം:Princes surprised at dog.jpg
അസ്ത്രനൈപുണ്യം കണ്ടു അത്ഭുതപ്പെട്ട രാജകുമാരന്മാർ

ഒരിക്കൽ കുരുപാണ്ടവന്മാർ രഥങ്ങളിൽ നായാട്ടിനായി കാട്ടിലേക്ക് പോയി . അവരുടെ കൂടെയുണ്ടായിരുന്ന വേട്ടനായ അലയുമ്പോൾ , അസ്ത്രാഭ്യാസം ചെയ്യുന്ന ഏകലവ്യന്റെ അടുക്കലെത്തി . നായ കുരച്ചുകൊണ്ടു അടുത്തെത്തുമ്പോൾ ഏകലവ്യൻ തന്റെ അമിതമായ കൈവഴക്കത്തോടെ വേഗതയിൽ ഏഴു അസ്ത്രങ്ങൾ നായുടെ വായിലേക്ക് എയ്തു കയറ്റി . നായ നിലവിളിച്ചുകൊണ്ട് പാണ്ഡവരുടെ അടുക്കലെത്തി . അവരെല്ലാം ആ അസ്ത്രനൈപുണ്യം കണ്ടു അത്ഭുതപ്പെട്ടു . കൈവേഗം , ശബ്ദഭേദിത്വം തുടങ്ങിയ വൈദ്യഗ്ധ്യത്തോടെയുള്ള ആ അസ്ത്രപ്രയോഗം കണ്ടു പാണ്ടവന്മാർ ലജ്ജിച്ചു . കാട്ടിൽ വസിക്കുന്ന ആ അസ്ത്രവിശാരദനെ അവർ അന്വേഷിച്ചു കണ്ടെത്തി . വിവരങ്ങൾ ചോദിച്ചപ്പോൾ , ഏകലവ്യൻ ഇങ്ങനെ പറഞ്ഞു . " ഞാൻ നിഷാദരാജാവായ ഹിരണ്യധനുസ്സിന്റെ മകനും , ദ്രോണാചാര്യരുടെ ശിഷ്യനുമാണ് . " ഈ വിവരം ദ്രോണരും അർജ്ജുനനും അറിഞ്ഞു .


അർജുനന് ഇത് സഹിക്കുവാൻ കഴിഞ്ഞില്ല . തന്നെ ഏറ്റവും വലിയ വില്ലാളിയാക്കാമെന്നു ദ്രോണര് വാക്ക് നല്കിയിരുന്നതാണ് .എന്നാൽ ഇന്ന് കേവലം ഒരു നിഷാദൻ തന്നെക്കാൾ വലിയ ഒരു വില്ലാളിയായിരിക്കുന്നു . അതും ദ്രോണരുടെ ശിഷ്യനെന്നു അവകാശപ്പെടുന്നു . അസൂയാലുവായിത്തീർന്ന അർജ്ജുനൻ ഇക്കാര്യം ദ്രോണരോട് പരിഭവിച്ചുകൊണ്ട് അറിയിച്ചു . [മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകങ്ങൾ 47 ,48 ,49].

കൗന്തേയസ്ത്വർജ്ജുനോ രാജന്നേകലവ്യമനുസ്മരൻ

രഹോ ദ്രോണ സമാസാദ്യ പ്രണയാദിദമബ്രവീത് (47 )

(വൈശമ്പായന മുനി ജനമേജയ രാജാവിനോട് ഏകലവ്യന്റെ കഥ പറയുന്നതാണ് സന്ദർഭം .) (ഭാഷാ അർത്ഥം) രാജാവേ , കൗന്തേയനായ അർജ്ജുനൻ ഏകലവ്യനെ ഓർത്തു . തുടർന്ന് രഹസ്യമായി ദ്രോണരുടെയടുത്തു ചെന്നിട്ട് സസ്നേഹം ഇങ്ങനെ പറഞ്ഞു .

തദാഹം പരിരഭ്യൈകഃ പ്രീതിപൂർവ്വമിദം വചഃ

ഭവതോക്തോ നമേ ശിഷ്യസത്വ ദ്വിശിഷ്ടോ ഭവിഷ്യതി (48)

(ഭാഷാ അർത്ഥം) അങ്ങ് ഒരിക്കൽ എന്നെ സന്തോഷത്തോടെ തഴുകിക്കൊണ്ട് അങ്ങയുടെ ശിഷ്യരിൽ ആരും എനിക്ക് തുല്യനാവുകയില്ലെന്ന് ഉറപ്പു പറഞ്ഞിരുന്നു .

അഥ കസ്മാൻ മദ്വിഷിഷ്ടോ ലോകാദപി ച വീര്യവാൻ

അന്യോസ്ഥി ഭവത ശിഷ്യോ നിഷാദാധിപതേ സുതഃ (49 )

(ഭാഷാ അർത്ഥം) എന്നിട്ട് എന്തേ ? ഇന്ന് എന്നെക്കാൾ ശ്രേഷ്ഠനാണെന്നു മാത്രമല്ല ലോകത്തിൽത്തന്നെ ഏറ്റവും ഉത്തമനായി മറ്റൊരുവൻ - ഭവാന്റെ ശിഷ്യനായിട്ടുണ്ടെന്നറിയുന്നു . നിഷാദാധിപതിയുടെ മകൻ !. [മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകങ്ങൾ 47 , 48 , 49]

ദ്രോണര് അർജുനനെ സാന്ത്വനപ്പെടുത്തി .അദ്ദേഹം അർജ്ജുനനേയും കൂട്ടി ഏകലവ്യന്റെ സമീപമെത്തി . തുടർന്ന് ഏകലവ്യനോട്‌ ഇങ്ങനെ ദ്രോണര് ആവശ്യപ്പെട്ടു . "എന്റെ ശിഷ്യനെന്നു നീ അവകാശപ്പെടുന്നു . അങ്ങനെയെങ്കിൽ ഗുരു ദക്ഷിണ എവിടെ ? എനിക്ക് ഗുരുദക്ഷിണ തരിക ". "എന്താണ് അങ്ങേക്ക് വേണ്ടത് ? "- മഹാനായ ഏകലവ്യൻ തിരക്കി . " നിന്റെ വലതു കയ്യിലെ തള്ളവിരലാണ് ഗുരുദക്ഷിണയായി എനിക്ക് വേണ്ടത് "-ദ്രോണർ പറഞ്ഞു .

പ്രമാണം:Ekalavya's Guru Dakshina.jpg
ഏകലവ്യന്റെ വലതുകൈയ്യിലെ തള്ളവിരൽ ഗുരു ദക്ഷിണയായി കൊടുക്കുന്നു

ഏകലവ്യനെ ചതിക്കാനാണ് ദ്രോണര് ഇത് ചോദിച്ചതെങ്കിലും ഗുരുത്വത്തിന്റെ എക്കാലത്തെയും മകുടോദാഹരണമായ ഏകലവ്യൻ സന്തോഷത്തോടെ അത് നല്കുവാൻ തയ്യാറായി . അദ്ദേഹം മൂര്ച്ചയേറിയ ഒരു ആയുധത്താൽ വലതുകയ്യിലെ തള്ളവിരല് മുറിച്ചെടുത്തു ദ്രോണർക്കു നല്കി . അന്നുമുതൽ അദ്ദേഹം അർജുനനെക്കാളും താണ നിലയിലുള്ള വില്ലാളിയായി മാറി . തുടർന്ന് വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു

തതോർജ്ജുന പ്രീതമനാ ബഭൂവ വിഗതജ്വരഃ

ദ്രോണശ്ച സത്യവാഗാസിന്നാന്യോഭിഭവിതാർജ്ജുനം [മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകം -60 ]

(ഭാഷാ അർത്ഥം) ഇത്തരത്തിൽ അർജ്ജുനൻ അദ്ദേഹത്തിൻറെ വിഗതജ്വരം(അസൂയ കൊണ്ടുള്ള പനി) വിട്ടു പ്രീതനായി . അർജ്ജുനന് തുല്യനായി മറ്റാരുമുണ്ടാകില്ലെന്ന ദ്രോണരുടെ വാക്കുകൾ സത്യമായി .

ഭഗവാൻ കൃഷ്ണൻ ഏകലവ്യനെപ്പറ്റി ഇങ്ങനെ പറയുന്നുണ്ട് ." ഏകലവ്യൻ സാക്ഷാൽ ഭാർഗ്ഗവരാമന്‌ തുല്യനാണ് . പെരുവിരലുള്ള ഏകലവ്യനെ തോൽപ്പിക്കാൻ ദേവദാനവർക്കോ ഗന്ധർവ്വ കിന്നരർക്കോ , രാക്ഷസർക്കോ നാഗങ്ങൾക്കോ പോലും സാധിക്കുകയില്ല . അങ്ങനെയുള്ളവനെ മനുഷ്യർക്ക് എന്തുചെയ്യുവാൻ സാധിക്കും ?. അതുകൊണ്ടാണ് ദ്രോണരെക്കൊണ്ട് അവന്റെ പെരുവിരല് ഇരന്നു വാങ്ങിപ്പിച്ചത് . അര്ജ്ജുനന് വേണ്ടിയാണ് അത് ചെയ്തതെന്നും കൃഷ്ണൻ പറയുന്നുണ്ട് . [ മഹാഭാരതം , ദ്രോണപർവ്വം , അദ്ധ്യായം 181 , ഘടോൽക്കച്ചവധ ഉപപർവ്വം ]

ഏകലവ്യന്റെ കഥ ഹരിവംശത്തിൽ

തിരുത്തുക

മഹാഭാരതത്തിന്റെ അനുബന്ധമായ ഹരിവംശ പുരാണത്തിൽ ഏകലവ്യനെപ്പറ്റി ചുരുങ്ങിയ വാക്കുകളിൽ ഒരു സൂചനയുണ്ട് . ഹരിവംശം പിന്നീട് കൂട്ടിച്ചേർത്തതാകയാൽ എത്രത്തോളം ആധികാരികമാണെന്നു പറയാനാകില്ല . ഹരിവംശപർവ്വം 34-ആം അദ്ധ്യായത്തിൽ യദുകുലവർണ്ണനയിലാണ് ഈ സൂചനയുള്ളത് .അത് ഇങ്ങനെയാണ് . "ശൂരസേനന് വസുദേവനെക്കൂടാതെ വേറെയും പുത്രന്മാരുണ്ടായി.അതിലൊരാളാണ് പ്രസിദ്ധനായ ദേവശ്രവസ്സ് .ദേവശ്രവസ്സിനു ശത്രുനാശകനായ ശത്രുഘ്നൻ എന്നൊരു പുത്രനുണ്ടായി.ബാല്യത്തിൽ തന്നെ ഈ കുട്ടി വനത്തിൽ ഉപേക്ഷിക്കപ്പെട്ടു . (കാരണം ഒരിടത്തും പറയുന്നില്ല ). ഇവനെ നിഷാദന്മാർ വളർത്തി .ഇവനാണ് പ്രസിദ്ധനായ ഏകലവ്യൻ .നിഷാദൻമാരാണ് ഇവനെ കണ്ടെടുത്തു വളർത്തിയത് .അങ്ങനെ അവൻ നിഷാദിയായി." മറ്റൊരിടത്തും ഏകലവ്യന്റെ പൂർവ്വചരിത്രത്തെക്കുറിച്ചു സൂചനയില്ല . 18 പുരാണങ്ങളുള്ളതിൽ ചിലതിലും , പ്രധാനമായി മഹാഭാരതത്തിലും ഏകലവ്യൻ ഹിരണ്യധനുസ്സ് എന്ന കാട്ടാളരാജാവിന്റെ പുത്രനായ നിഷാദിയെന്നു തന്നെയാണ് വർണ്ണന .

"https://ml.wikipedia.org/w/index.php?title=ഏകലവ്യൻ&oldid=4115686" എന്ന താളിൽനിന്ന് ശേഖരിച്ചത്