അച്ചടക്കം

(Discipline എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീവജാലങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന ശിക്ഷണബോധത്തെയാണ് അച്ചടക്കം എന്ന വാക്കിനാൽ അർഥമാക്കുന്നത്. അച്ചടക്കം എന്ന പദം ഇംഗ്ളീഷിലെ ഡിസിപ്ളിന് (discipline) സമാനമായിട്ടാണ് സാധാരണ പ്രയോഗിച്ചുവരുന്നത്. ഡിസിപ്ളിൻ എന്ന പദത്തിന് പരിശീലനം, അധീനത്തിൽ കൊണ്ടുവരിക എന്നെല്ലാം അർഥങ്ങളുണ്ട്. ഡിസിപ്ളിൻ പാലിക്കുന്നവനാണ് ഡിസൈപ്പിൾ (disciple). ഡിസിപ്ളിൻ എന്ന പദത്തിന് ഓരോ കാലത്തുണ്ടായ അർഥഭേദങ്ങളെയെല്ലാം കണക്കിലെടുത്തുകൊണ്ട് പെരുമാറ്റത്തിലും പ്രവൃത്തിയിലും പ്രത്യേകം അധ്യയനാഭ്യാസങ്ങൾ നൽകി ശിഷ്യരെയും അനുയായികളെയും കീഴുദ്യോഗസ്ഥൻമാരെയും സൈനികരെയും നിർദിഷ്ട പരിശീലനക്രമങ്ങളിൽ ഉറപ്പിച്ചുനിർത്തുന്ന പ്രക്രിയ എന്നും അച്ചടക്കത്തെ നിർവചിക്കാം. അച്ചിൽ - ഒരു നിർദിഷ്ട രൂപമാതൃകയിൽ - അല്ലെങ്കിൽ പെരുമാറ്റരീതിയിൽ (mould or pattern) അടങ്ങൽ എന്നും അച്ചം (ഭയം) കൊണ്ടുള്ള അടക്കം എന്നും അച്ചടക്കത്തിന് മലയാളമഹാനിഘണ്ടുവിൽ അർഥം പറഞ്ഞുകാണുന്നു.

ചിട്ടപ്പെടുത്തിയ പെരുമാറ്റരീതികളെ ഉദ്ദേശിച്ചാണ് സാധാരണയായി അച്ചടക്കമെന്ന പദം പ്രയോഗിക്കുന്നത്. പട്ടാളച്ചിട്ടയെ സൂചിപ്പിക്കുന്നതിന് മിലിട്ടറി ഡിസിപ്ളിൻ (military discipline) എന്നുപറയുന്നു. ഒരു സ്ഥാപനത്തിൽ ക്രമവും ചിട്ടയും കാണുന്നെങ്കിൽ അവിടെ നല്ല അച്ചടക്കമുണ്ടെന്നു പറയുക സാധാരണമാണ്. എന്നാൽ ബാഹ്യമായ ക്രമം (order) മാത്രമല്ല അച്ചടക്കം അഥവാ വിനയം. അത് ആഭ്യന്തരമായുണ്ടാകേണ്ട സ്വയംനിയന്ത്രണം കൂടിയാണ്.

പലരും ക്രമം പാലിക്കുന്നത് അധികാരത്തെ ഭയന്നാണ്. എന്നാൽ യഥാർഥ വിനയമാകട്ടെ ആത്മനിയന്ത്രണത്തിൽനിന്നും ഉദ്ഭൂതമാകുന്ന മനോദാർഢ്യത്തിന്റെ ഫലമാകുന്നു. സ്വാതന്ത്ര്യവും വിനയവും ഒന്നിച്ചു പോകേണ്ട രണ്ടു വിശിഷ്ടഗുണങ്ങളാണ്. സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ള ലൈസൻസല്ല. നിയമത്തിനു വിധേയമായി പ്രവർത്തിക്കുവാനുള്ള അവകാശമാണ്. പൊതുനൻമയെ ലാക്കാക്കി മനുഷ്യൻ ചില നിയമങ്ങൾക്കു വിധേയനാകേണ്ടിയിരിക്കുന്നു. ഇതാണ് നാഗരികജീവിതത്തിന്റെ അടിത്തറ. നിയമമില്ലാത്തിടത്ത് അരാജകത്വം വളരും; സുരക്ഷിതത്വം നശിക്കും. നിയന്ത്രണം കൂടുന്തോറും സ്വാതന്ത്യ്രം കുറയും; സ്വാതന്ത്യ്രം കൂടുന്തോറും നിയന്ത്രണം കുറയും. എത്രമാത്രം സ്വാതന്ത്ര്യം, എത്രമാത്രം നിയന്ത്രണം എന്നതാണ് പ്രശ്നം. ഒരാളുടെ പ്രവർത്തനസ്വാതന്ത്ര്യം മറ്റൊരാളുടെ അവകാശത്തെ ധ്വംസിച്ചുകൂടാ. സ്വാതന്ത്യ്രത്തോടൊപ്പം ഒരുവന് ഉത്തരവാദിത്തവുമുണ്ട്. ഒരു നല്ല പൌരന് അന്യരോടും അവനവനോടു തന്നെയും ഉത്തരവാദിത്തം ഉണ്ടായിരിക്കണം. അന്യരുടെ അവകാശങ്ങൾ അനുവദിക്കുന്നതിൽ ശ്രദ്ധാലുവായിരിക്കുക, അവനവന്റെ സിദ്ധികളെ തനിക്കും മറ്റുള്ളവർക്കും ഗുണപ്രദമാംവണ്ണം വളർത്തുന്നതിൽ ഉത്സുകനായിരിക്കുക ആദിയായവയാണ് ഒരുവന്റെ ചുമതലകൾ. ഓരോരുത്തരും ആരംഭത്തിൽ മുതിർന്നവരുടെ നിയന്ത്രണത്തിന് വിധേയരായി അച്ചടക്കം പാലിച്ച് സ്വയം നിയന്ത്രിക്കുവാനുളള കഴിവ് ആർജിക്കുകയാണ് വേണ്ടത്. നൻമയും തിൻമയും വിവേചനം ചെയ്തു നൻമയോടുള്ള താത്പര്യവും തിൻമയോടുള്ള വെറുപ്പും മൂലം ഒരാൾ തന്റെ വ്യാപാരങ്ങളെ സ്വയം നിയന്ത്രിച്ചുതുടങ്ങുമ്പോൾ വിനയബോധമുണ്ടായിത്തുടങ്ങിയെന്നു പറയാം. ചുരുക്കത്തിൽ യഥാർഥമായ അച്ചടക്കം ആത്മനിയന്ത്രണ ഫലമായുണ്ടാകുന്നതാണ്.

അച്ചടക്കം വിദ്യാഭ്യാസത്തിൽ

തിരുത്തുക

വിദ്യാലയപരിപാടികളുടെ സുഗമമായ നടത്തിപ്പിന് അച്ചടക്കം അത്യാവശ്യമാണ്. സ്കൂളിൽ ലഭിക്കുന്ന അച്ചടക്കബോധം പിൽക്കാലജീവിതത്തിലും കുട്ടികൾക്ക് പ്രയോജനപ്പെടുന്നു. വിദ്യാർഥികളുടെ അച്ചടക്കബോധം ഏറിയ പങ്കും അധ്യാപകന്റെ വ്യക്തിമാഹാത്മ്യം, വിദ്യാലയപരിതഃസ്ഥിതികളുടെ പര്യാപ്തത മുതലായവയെ ആശ്രയിച്ചിരിക്കുന്നു. ഇതിന് സഹായകങ്ങളായ രണ്ടു മാർഗങ്ങളാണ് സമ്മാനവും (reward) ശിക്ഷയും (punishment). പ്രതിഫലം പ്രതീക്ഷിക്കാതെയും ശിക്ഷയെ ഭയപ്പെടാതെയും നല്ലതു ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ പെരുമാറ്റവിധം. എന്നാൽ ഈ മാനസികനിലവാരത്തിലെത്താൻ വിദ്യാർഥിക്കെളുപ്പമല്ല. അതിന് സഹായിക്കുകയാണ് അധ്യാപകന്റെ ധർമം. അതുകൊണ്ട് സമ്മാനവും ശിക്ഷയും വളരെ വിവേകപൂർവമായി മാത്രമേ വിദ്യാലയങ്ങളിൽ പ്രയോഗിക്കുവാൻ പാടുള്ളു.

ശിക്ഷ പ്രധാനമായി രണ്ടു വിധമുണ്ട്: ഒന്ന് മാനസികമായോ ശാരീരികമായോ വേദനയുണ്ടാക്കുന്നത്; മറ്റേത് ഒരുവന് സിദ്ധിച്ചിട്ടുള്ള സുഖസൗകര്യങ്ങളിൽ കുറവു വരുത്തുന്നത്. ദണ്ഡനം (corporal punishment) ശരീരത്തെയും പരിഹാസം മനസ്സിനെയും ബാധിക്കുന്ന ശിക്ഷകളാണ്. ക്ളാസ്സുസമയം കഴിഞ്ഞും ക്ളാസ്സിലിരുന്നു പഠിക്കുവാൻ ആജ്ഞാപിക്കുക, കളികളിൽ ചേരുന്നതിനു വിലക്കു കല്പിക്കുക എന്നിവ രണ്ടാമത്തെ ഇനത്തിൽ പെടുന്നു. യാതൊരു വിധമായ ശിക്ഷാപരിപാടികളും കൂടാതെ ബോധനവും വിദ്യാലയഭരണവും നടത്തുകയെന്നതായിരിക്കണം അധ്യാപകന്റെ ലക്ഷ്യം. എങ്കിലും ശിക്ഷാനടപടികൾ സ്വീകരിക്കേണ്ട സന്ദർഭങ്ങൾ ആകസ്മികമായി വന്നുചേരാതിരിക്കുകയില്ല. വിദ്യാലയങ്ങളിൽ സാധാരണ പ്രയോഗിക്കാറുളള ലഘുശിക്ഷകളാണ് താക്കീത്, പരിഹാസം, ഭർത്സനം, മാർക്കുകുറയ്ക്കൽ, ശിക്ഷാപാഠം (imposition), പിഴ ആദിയായവ. സന്ദർഭാനുസരണമുള്ള താക്കീത് ഒട്ടൊക്കെ ഇതിനെ സഹായിക്കുന്നതാണ്. പരിഹാസം വളരെ സൂക്ഷിച്ചുമാത്രം പ്രയോഗിക്കേണ്ട ഉപായമാണ്. കുട്ടികളുടെ ആത്മാഭിമാനത്തിന് ക്ഷതം പറ്റുന്ന പരിഹാസം ഒരിക്കലും പ്രയോഗിക്കരുത്. ക്ളാസ്സിനു പുറത്താക്കുക, ക്ളാസ്സിൽ നിർത്തുക എന്നിങ്ങനെ കുട്ടികൾക്ക് മാനഹാനിയുണ്ടാക്കുന്ന ശിക്ഷകളും നല്കാറുണ്ട്. ശിക്ഷാപാഠം മൂലം കുട്ടികൾക്ക് പാഠഭാഗത്തോട് വെറുപ്പുണ്ടാകുമെന്നുള്ളതിനാൽ അതൊരു നല്ല ശിക്ഷയാണെന്നു പറയുക വയ്യ. കായികശിക്ഷ മുൻകാലങ്ങളിൽ വിദ്യാലയങ്ങളിൽ സർവസാധാരണമായിരുന്നു; അനുസരണശീലമുണ്ടാക്കാൻ ഇതു അത്യാവശ്യമാണെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ അപരിഷ്കൃതമായ ഈ ശിക്ഷാരീതി വിദ്യാലയങ്ങൾക്ക് ഭൂഷണമല്ലെന്നാണ് ആധുനികപണ്ഡിതമതം. അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള പാവനബന്ധത്തെ ഈ ശിക്ഷാരീതി ശിഥിലമാക്കുന്നു. ദണ്ഡിക്കുന്നതും ദണ്ഡനമേല്ക്കുന്നതും ഒരു പോലെ അപമാനകരമാണ്. ഈ ശിക്ഷാരീതി കഴിയുന്നതും വർജ്ജിക്കേണ്ടതാണെന്ന് അഭിപ്രായമുണ്ട്. അഭിനന്ദനം, സമ്മാനം മുതലായവ മുഖേന മെച്ചപ്പെട്ട പെരുമാറ്റത്തിന് പ്രചോദനം നല്കാവുന്നതാണ്. സന്തോഷവും സംതൃപ്തിയും ഉളവാക്കി വിദ്യാലയപരിപാടികളോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനാവണം അധ്യാപകന്റെ ശ്രമം. സന്തോഷപ്രദമായ അനുഭവങ്ങൾ നല്കി നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ കഴിയും. പ്രശംസയും പ്രോത്സാഹനവും നല്കി നല്ല പെരുമാറ്റസമ്പ്രദായങ്ങൾ ഉറപ്പിക്കുവാൻ കഴിയും. ബുദ്ധിപൂർവം നിർവഹിച്ചാൽ സമ്മാനദാനം അഭിലഷണീയമായ പല ഫലങ്ങളും ഉളവാക്കും. പുസ്തകങ്ങൾ, കൌതുകസാധനങ്ങൾ, കളിപ്പാട്ടങ്ങൾ, മെഡലുകൾ, ഷീൽഡ്, കപ്പ്, സാക്ഷിപത്രങ്ങൾ ഇവയൊക്കെ സന്ദർഭാനുസരണം നല്കുന്നതു കൊള്ളാം. സമ്മാനദാനം നടത്തുമ്പോൾ വ്യക്തിപരമായ മത്സരം കുട്ടികളിൽ അനാരോഗ്യപരമായ മനോഭാവം ജനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

മാർഗങ്ങൾ

തിരുത്തുക

വിദ്യാലയങ്ങളിൽ അച്ചടക്കം സംരക്ഷിക്കുന്നതിന് അടിച്ചമർത്തൽ (repression), സ്വാധീനം ചെലുത്തൽ (impression), സ്വാതന്ത്ര്യം നൽകൽ (emancipation) എന്നിങ്ങനെ മൂന്നു മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. ശിശുസഹജമായ എല്ലാ വാസനകളെയും അടിച്ചമർത്തി അവരുടെ സകല പ്രകടനസ്വാതന്ത്ര്യങ്ങളെയും നിഷേധിച്ച് അച്ചടക്കം പാലിക്കുന്ന രീതിയാണ് ആദ്യത്തേത്. ജനാധിപത്യരാഷ്ട്രത്തിലെ സ്വതന്ത്രപൌരൻമാരെ വാർത്തെടുക്കുകയാണ് വിദ്യാഭ്യാസലക്ഷ്യമെങ്കിൽ ഈ സമ്പ്രദായം ഒട്ടും അഭികാമ്യമല്ലെന്ന് വ്യക്തമാണ്. അധ്യാപകന്റെയോ രക്ഷാകർത്താവിന്റെയോ വ്യക്തിത്വം കുട്ടികളിൽ സ്വാധീനം ചെലുത്തി അച്ചടക്കം സൃഷ്ടിക്കുന്നതാണ് രണ്ടാമത്തെ രീതി. ചില വിദ്യാലയങ്ങളുടെ പ്രശംസാർഹമായ പാരമ്പര്യം, അധ്യാപകരോടുള്ള ഭയഭക്തിബഹുമാനങ്ങൾ ഇവയെല്ലാം അച്ചടക്കപാലനത്തിൽ കുട്ടികളെ സ്വാധീനിക്കുന്നു. മാനസികമായ ഒരുതരം അടിച്ചമർത്തലാണിതെന്ന് വ്യാഖ്യാനിക്കാമെങ്കിലും വിനയപരിപാലനത്തിന് ഈ രീതി ഉപയോഗിക്കാവുന്നതാണ്. പ്രായമായവരുടെ നിയന്ത്രണത്തിൽനിന്ന് ശിശുക്കളെ വിമുക്തരാക്കി അച്ചടക്കം സ്വയം പരിശീലിക്കുവാൻ അവരെ അനുവദിക്കേണ്ടതാണെന്ന് മാഡം മോണ്ടിസോറി, എ.എസ്. നീൽ ആദിയായ വിദ്യാഭ്യാസവിദഗ്ദ്ധർക്ക് അഭിപ്രായമുണ്ട്. സ്വയം നിയന്ത്രണത്തിനുള്ള കഴിവ് വളർത്തിയെടുക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് അധ്യാപകന്റെ കടമ. എ.എൻ. വൈറ്റ് ഹെഡ് പറയുന്നു: യഥാർഥവിനയനം സ്വയം വിനയനമത്രെ. അതുസാധിച്ചുകൊടുക്കുവാനുള്ള മാർഗ്ഗം സ്വാതന്ത്ര്യവുമാണ്.

അച്ചടക്കരാഹിത്യം വിദ്യാലയത്തിൽ

തിരുത്തുക

അച്ചടക്കരാഹിത്യത്തിനടിസ്ഥാനം ഏറിയപങ്കും ശിശുവിന്റെ അപക്രമവത്കരണമാണ് (maladjustment). വീട്ടിലും വിദ്യാലയത്തിലുമുളള ചില സാഹചര്യങ്ങൾ ശിശുവിന്റെ ശരിയായ മാനസിക വളർച്ചയ്ക്ക് സഹായകമല്ലെന്നുവരാം. നിസ്സഹായതാബോധവും വിനയനരാഹിത്യവും അതു കാരണമായേക്കാം. ഗൃഹത്തിൽ ആവശ്യത്തിലധികം നിയന്ത്രണങ്ങൾക്ക് വിധേയനാകുന്ന ശിശു, അനാഥനായ കുട്ടി, സദാചാരപരമായി താണ മാനദണ്ഡങ്ങൾ പുലർത്തുന്ന ഭവനത്തിൽനിന്നുവരുന്ന ശിശു-ഇവരെല്ലാം വിദ്യാലയത്തിലെ അച്ചടക്കത്തിന് ഭീഷണിയാണ്. ചില വിദ്യാലയസാഹചര്യങ്ങളും അച്ചടക്കരാഹിത്യത്തിന് കാരണമാകാറുണ്ട്. ക്ലാസ്സിൽ പഠിപ്പിക്കുന്നതു മനസ്സിലാക്കാൻ വിഷമിക്കുന്ന കുട്ടി, ക്ലാസ്സിന്റെ നിലവാരത്തിൽ കവിഞ്ഞ വിജ്ഞാന നിലവാരമുള്ള കുട്ടി, കൊച്ചുകുട്ടികളുള്ള ക്ളാസ്സിലെ മടിയനായ മുതിർന്നവൻ, വാസനയ്ക്കനുസൃതമായ പ്രവർത്തന പരിപാടികളില്ലാത്തതിനാൽ നിരാശനായ കുട്ടി, നിർധനത്വമോ ശാരീരികാവശതയോമൂലം കൂട്ടുകാരുടെ മുമ്പിൽ അപഹാസപാത്രമാകുന്ന കുട്ടി - ഇവരെല്ലാം അച്ചടക്കത്തിനു വിലങ്ങുതടികളാണ്.

ഇവ കൂടാതെ ആധുനികലോകത്തിലെ യുവവിദ്യാർഥികളുടെ അച്ചടക്കരാഹിത്യത്തിനുള്ള പുതിയ ചില കാരണങ്ങൾ കൂടിയുണ്ട്. പഴയ തലമുറയുടെ ആദർശങ്ങളിലും നേട്ടങ്ങളിലും പുതിയ തലമുറ നിരാശാഭരിതരും അസംതൃപ്തരുമാണ്. പഴയ തലമുറയോട് അവർക്കു തീരെ ആദരവില്ല. ഭാവിയെ സംബന്ധിച്ച അരക്ഷിതബോധം അവരെ അലട്ടുന്നു. എങ്കിലും ഏതുരംഗത്തും സംഖ്യാബലം മൂലം എന്തും നേടിയെടുക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അവർ അതിർകടന്നു വിശ്വസിക്കുന്നു. വിദ്യാർഥിക്ക് സ്വതഃസിദ്ധമായ അമിതോർജം സൃഷ്ടിപരമായി ചെലവഴിക്കാനുള്ള അവസരം ലഭിക്കാതെ വഴിമുട്ടിനില്ക്കുന്നതിനാൽ സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവർ പ്രേരിതരാകുന്നു. ബാല്യത്തിനും യൗവനത്തിനും ഇടയിലുള്ള ഘട്ടമായ കൗമാരം ഒരു പ്രശ്നകാലമാണ്. ഇതോടൊപ്പം സമുദായത്തിൽ നടന്നുകൊണ്ടിരിക്കുന്ന പരിവർത്തനം മൂലം, മഹത്തായ ജീവിതമാതൃകകളായി പ്രവർത്തിക്കാൻ മുതിർന്നവർക്ക് കഴിയുന്നില്ല. ഏതുവിധം പെരുമാറണമെന്നു നിശ്ചയമില്ലാതെ അവരും കുഴങ്ങുകയാണ്. അച്ചടക്കരാഹിത്യത്തിന് മറ്റൊരു കാരണമാണ് രാഷ്ട്രീയനേതാക്കളും അധ്യാപകരും വിദ്യാർഥികളെ അവരുടെ കരുവാക്കാൻ ശ്രമിക്കുന്നത്. അശ്ളീല സാഹിത്യവും ഇന്നത്തെ സിനിമകളും വിദ്യാർഥികളെ അക്രമാസക്തരും അവിവേകികളുമാക്കിത്തീർക്കാൻ പോരുന്നവയാണ് എന്നും അഭിപ്രായമുണ്ട്.

==പരിഹാരമാർഗങ്ങൿ''''കട്ടികൂട്ടിയ എഴുത്ത്''''കട്ടികൂട്ടിയ എഴുത്ത്'കട്ടികൂട്ടിയ എഴുത്ത്''''

അച്ചടക്കത്തിന്റെ പരമമായ ലക്ഷ്യം ആത്മനിയന്ത്രണം വളർത്തുകയാണ്. മാനസികവും സാമൂഹികവുമായ വളർച്ചയ്ക്കനുസൃതമായിരിക്കണം നിയമങ്ങൾ. അവ പരിപാലിക്കേണ്ടതിന്റെ ആവശ്യകത കഴിയുന്നത്ര വിദ്യാർഥിയെ ബോധ്യപ്പെടുത്തുകയും വേണം. നിയമങ്ങൾ കഴിയുന്നിടത്തോളം നിഷേധാത്മകങ്ങളാകാതെ നോക്കണം. നിയമലംഘനവും വിട്ടുവീഴ്ചയും ഒഴിവാക്കണം. സ്ഥിരത അച്ചടക്കപാലനത്തിന് അത്യാവശ്യമാണ്. കുട്ടികളുടെ സ്വാതന്ത്ര്യവാഞ്ഛയെ തൃപ്തിപ്പെടുത്തുന്നതിനുള്ള പരിപാടികൾ സ്കൂളിലുണ്ടാകണം. സ്കൂൾ പാർലമെന്റും വിദ്യാർഥിപ്രതിനിധികൾ അടങ്ങുന്ന ഭരണസമിതികളും സംഘടിപ്പിക്കാവുന്നതാണ്. കുട്ടികളിൽ വിദ്യാലയാഭിമാനം ഉണ്ടാക്കിയെടുക്കണം. അധ്യാപകരുടെ വ്യക്തിമാഹാത്മ്യം, പൂർവവിദ്യാർഥികളുടെ പ്രശസ്തമായ നേട്ടങ്ങൾ ഇവയൊക്കെ അഭിമാനബോധമുണ്ടാക്കാൻ സഹായിക്കുന്നവയാണ്. സംഘംചേർന്നുള്ള കളികൾ, വിദ്യാലയദിനാചരണംപോലുള്ള ആഘോഷപരിപാടികൾ, സ്കൗട്ടിംഗ്, എൻ.സി.സി., വിവിധതരം ക്ളബുകൾ ഇവയെല്ലാം അച്ചടക്കപരിശീലനത്തിനുള്ള ഉത്തമരംഗങ്ങളാണ്. അധ്യാപകരും അധ്യേതാക്കളും തമ്മിൽ ഉത്തമവും സൗഹൃദപൂർണവുമായ ബന്ധം ഉണ്ടായിരിക്കുന്നത് അച്ചടക്ക പരിപാലനത്തെ വളരെ സഹായിക്കും. വിദ്യാർഥികളുടെ ഊർജ്ജം മുഴുവനും ഉപയോഗിക്കത്തക്കവണ്ണം രാഷ്ട്രപുനഃസംഘടനാ പ്രവർത്തനങ്ങൾക്ക് സ്ഥാനം നല്കുന്ന ഒരു വിദ്യാഭ്യാസപദ്ധതി ആസൂത്രണം ചെയ്യുന്നത് മറ്റൊരു പരിഹാരമാർഗ്ഗമായിരിക്കും.

അച്ചടക്കം പൊതുഭരണരംഗത്ത്

തിരുത്തുക

അച്ചടക്കബോധം അനുപേക്ഷണീയമായ ഒരു രംഗമാണ് പൊതുഭരണം. ഭരണാധികാരികൾ ഭരിക്കപ്പെടുന്ന ജനങ്ങൾക്ക് മാതൃകകാണിച്ചുകൊടുക്കുവാൻ ബാധ്യസ്ഥരാണ്. ഭരണരംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻമാർ പൊതുജീവിതരംഗത്തും സ്വകാര്യജീവിതത്തിലും ഉന്നതമായ സന്മാർഗനിലവാരവും അച്ചടക്കവും നിലനിർത്തേണ്ടതുണ്ട്. പൊതുജനങ്ങളുടെ ജീവിതത്തിലും സമ്പത്തിലും പ്രവർത്തനങ്ങളിലും സ്വാധീനം ചെലുത്താൻ കഴിവുള്ള ഉദ്യോഗസ്ഥൻമാർ അധികാരം ദുർവിനിയോഗം ചെയ്യുന്നത് സമൂഹത്തിന് ഹാനികരമാണ്. ഭരണരംഗത്ത് അച്ചടക്കം നിലനിർത്തുന്നതിനായി ഉദ്യോഗസ്ഥൻമാരുടെ പെരുമാറ്റച്ചട്ടങ്ങൾക്ക് എല്ലാ ഗവൺമെന്റുകളും രൂപംകൊടുത്തിട്ടുണ്ട്. ഈ നിയമങ്ങളനുസരിച്ച് മേലധികാരികളോടു ബഹുമാനപൂർവം പെരുമാറുന്നതിനും രാഷ്ട്രത്തോട് കൂറു പ്രകടിപ്പിക്കുന്നതിനും ഓരോ ഉദ്യോഗസ്ഥനും ബാധ്യസ്ഥനാണ്. ഉദ്യോഗസ്ഥൻമാർ അവരുടെ സ്വകാര്യപ്രവർത്തനങ്ങളിലും അവരേർപ്പെടുന്ന കരാറുകളിലും വസ്തുസമ്പാദനത്തിലും അതിന്റെ കൈമാറ്റത്തിലും സത്യസന്ധതപാലിക്കണം. ഒരു ഉദ്യോഗസ്ഥൻ ആഫീസിലും ഗൃഹത്തിലും മറ്റു സ്വകാര്യജീവിതരംഗങ്ങളിലും വ്യക്തമായ സദാചാരപരിപാലനച്ചട്ടങ്ങൾ (code of ethics) നിലനിർത്തുന്നവനായിരിക്കണം. അച്ചടക്കബോധത്തിന്റെ പേരിൽ ചിലപ്പോൾ അയാൾക്ക് അഭിപ്രായപ്രകടന സ്വാതന്ത്ര്യം, വിമർശന സ്വാതന്ത്ര്യം തുടങ്ങിയ ചില മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടു എന്നു വരാം. രാഷ്ട്രത്തിന്റെ പൊതുനൻമയെക്കരുതി അത്തരം നിയന്ത്രണങ്ങൾ സർക്കാർ ഉദ്യോഗസ്ഥൻമാർ സ്വമേധയാ സ്വീകരിക്കണം.

ഇന്ത്യയിലെ പൊതുഭരണത്തിൽ ഏർ പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥൻമാരുടെ ഇടയിൽ അച്ചടക്കം നിലനിർത്തുന്നതിനുവേണ്ടി ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെടാതെ കക്ഷിരഹിതരായി കഴിയുവാൻ ഉദ്യോഗസ്ഥൻമാർ നിർബന്ധിതരാണ്. ലാഭേച്ഛയോടുകൂടി ഊഹക്കച്ചവടത്തിൽ ഏർപ്പെടുന്നതോ പലിശ ലഭിക്കത്തക്കവണ്ണം പണം നിയമരഹിതമായ രീതിയിൽ നിക്ഷേപിക്കുന്നതോ കുറ്റകരമാണ്. സർക്കാരിന്റെ അനുവാദംകൂടാതെ ഒരു ഉദ്യോഗസ്ഥൻ സ്വകാര്യവ്യാപാരം നടത്തി ലാഭമുണ്ടാക്കുന്നതും കുറ്റകരമാണ്. ഉദ്യോഗസ്ഥൻമാർ ഓരോ വർഷവും തങ്ങളുടെ അധീനതയിലുള്ള സ്ഥാവരവസ്തുക്കളുടെ വിവരങ്ങൾ സത്യസന്ധമായി സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. അവർ വിവാഹം, ജന്മദിനം തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് വിലകൂടിയ സമ്മാനങ്ങൾ അന്യരിൽനിന്നും സ്വീകരിക്കുകയാണെങ്കിൽ ആ വിവരം സർക്കാരിനെ അറിയിക്കണമെന്നാണ് നിബന്ധന. ഒരേ സമയം ഒന്നിലധികം സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചിട്ടുള്ള വ്യക്തികൾ ഉദ്യോഗസ്ഥൻമാരായി തുടരുവാൻ അയോഗ്യരാണെന്ന് നിയമമുണ്ട്. ഒരു ഉദ്യോഗസ്ഥൻ തന്റെ ഭാര്യ ആരോഗ്യവതിയായി ജീവിച്ചിരിക്കുമ്പോൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതും നിയമവിരുദ്ധമാകുന്നു. സർക്കാരിന്റെ അനുവാദംകൂടാതെ സ്വന്തമായി എന്തെങ്കിലും എഴുതി പ്രസിദ്ധീകരിക്കാൻ അയാൾക്ക് സ്വാതന്ത്ര്യമില്ല. ഈ നിയമത്തിൽ ചില അയവുകൾ വരുത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥൻമാർ കൃത്യവിലോപം വരുത്തിയാൽ അവരുടെമേൽ ശിക്ഷാനടപടികൾ ഗവണ്മെന്റ് കൈക്കൊള്ളാറുണ്ട്. അലസതകൊണ്ടോ അശ്രദ്ധകൊണ്ടോ ആഫീസ് ജോലികൾ കൃത്യസമയത്തിന് ചെയ്തുതീർക്കാതിരിക്കുക, ആഫീസുവക സാധനങ്ങൾക്ക് നാശനഷ്ടം വരുത്തുക, ഔദ്യോഗികകൃത്യങ്ങളിൽ കാര്യക്ഷമത ഇല്ലാതിരിക്കുക, മേലധികാരികളോടും മറ്റു സഹപ്രവർത്തകരോടും അപമര്യാദയായി പെരുമാറുക, നിയമം ലംഘിക്കുക, സത്യസന്ധത ഇല്ലാത്തവിധം പെരുമാറുക, കൈക്കൂലി വാങ്ങുക, പരസ്യമായി മദ്യപിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഒരു ഉദ്യോഗസ്ഥന്റെ മേൽ അച്ചടക്കനടപടി ആവശ്യമായി വരുന്നത്. ഇൻക്രിമെന്റ് തടയുക, തരംതാഴ്ത്തുക നഷ്ടപരിഹാരം ഈടാക്കുക, നിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്യുക, നിർബന്ധിതപെൻഷൻ നല്കി പിരിച്ചുവിടുക, സർവീസിൽനിന്ന് നീക്കം ചെയ്യുക മുതലായവയാണ് കൃത്യവിലോപംചെയ്ത സർക്കാർ ഉദ്യോഗസ്ഥൻമാർക്കെതിരായി കൈക്കൊള്ളുന്ന പ്രധാന നടപടികൾ. ഉദ്യോഗസ്ഥൻ കാണിക്കുന്ന അച്ചടക്കരാഹിത്യം ഗുരുതരമല്ലെങ്കിൽ താക്കീത്, സർവീസ് പുസ്തകത്തിൽ അയാൾക്ക് ദോഷകരമായ രേഖപ്പെടുത്തൽ, പിഴയിടൽ തുടങ്ങിയവയായിരിക്കും അയാൾക്ക് നല്കുന്ന ശിക്ഷ, സാധാരണഗതിയിൽ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുമേധാവിയാണ് ശിക്ഷണനടപടിയുടെ സ്വഭാവം നിശ്ചയിക്കേണ്ടതും അതു നടപ്പിൽ വരുത്തേണ്ടതും. അദ്ദേഹത്തിന് വേറെയും ഭാരിച്ച ചുമതലകൾ നിർവഹിക്കാനുള്ളതുകൊണ്ട് ശിക്ഷണനടപടികൾ കൈക്കൊള്ളുന്നതിനുള്ള അധികാരം മറ്റ് ഉദ്യോഗസ്ഥൻമാരെയുമേല്പിക്കാറുണ്ട്. ശിക്ഷിക്കപ്പെടുന്നയാളിന് നീതി ലഭിക്കത്തക്കവിധം ശിക്ഷണനടപടികൾ എടുക്കുന്നതിനുള്ള അധികാരം ഡിപ്പാർട്ടുമെന്റ് മേധാവിയുടെ നിയന്ത്രണത്തിൽനിന്നും സ്വതന്ത്രമായ ഒരു നിഷ്പക്ഷഘടകത്തിൽ നിക്ഷിപ്തമാക്കണമെന്നും അഭിപ്രായഗതിയുണ്ട്. ഇന്ത്യയിൽ ചില ഉദ്യോഗസ്ഥൻമാരുടെമേൽ ശിക്ഷണനടപടി സ്വീകരിക്കുന്നതിനുമുമ്പ്, പബ്ളിക് സർവീസ് കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞറിയുന്ന പതിവുണ്ട്. ഒരു ഉദ്യോഗസ്ഥനെ നിയമിച്ച അധികാരിക്കല്ലാതെ അയാളുടെ പദവിയിൽ കുറഞ്ഞവർക്ക് ആ ഉദ്യോഗസ്ഥനെ ഡിസ്മിസ് ചെയ്യുവാൻ അധികാരമില്ലെന്ന് ഇന്ത്യൻ ഭരണഘടനയിലെ 311-ം വകുപ്പ് അനുശാസിക്കുന്നു. ശിക്ഷണനടപടി സ്വേച്ഛാനുസൃതം (arbitrary) ആയിപ്പോകാതിരിക്കുന്നതിന് പ്രത്യേക നടപടിക്രമം സ്വീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിശദീകരണം ആവശ്യപ്പെടുക, വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഉദ്യോഗസ്ഥന്റെമേൽ വ്യക്തമായ കുറ്റാരോപണം നടത്തുക, ഈ കുറ്റം ശരിയാണോ എന്ന് അന്വേഷണം നടത്തുക, അന്വേഷണം നടത്തുന്നകാലത്ത് ആവശ്യമെന്നുകണ്ടാൽ ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്തുക, ഉദ്യോഗസ്ഥന് തന്റെ നിരപരാധിത്വത്തെ അന്വേഷണക്കമ്മീഷന്റെ മുമ്പാകെ തെളിയിക്കുന്നതിനുള്ള സൌകര്യം നല്കുക, ശിക്ഷയിൻമേൽ അപ്പീൽ ബോധിപ്പിക്കുന്നതിനുള്ള അവസരം നല്കുക തുടങ്ങിയവ ഇതോടനുബന്ധിച്ചുള്ള നടപടിക്രമങ്ങളാണ്.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അച്ചടക്കം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അച്ചടക്കം&oldid=3991107" എന്ന താളിൽനിന്ന് ശേഖരിച്ചത്