ധ്രുപദ്

ഹിന്ദുസ്താനി സംഗീതത്തിൽ പരമ്പരാഗതമായി പാടിവരുന്ന സംഗീത രൂപം
(Dhrupad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ധ്രുപദ് ഹിന്ദുസ്താനി സംഗീതത്തിൽ പരമ്പരാഗതമായി പാടിവരുന്ന സംഗീത രൂപമാണ്. 'ധ്രുവ' എന്ന വാക്കിൽ നിന്നുത്ഭവിച്ച സംസ്കൃതനാമമാണിത്. ധ്രുപദ് പൗരാണികവുമാണ്.[1][2] ധ്രുവ്പദ് എന്നും ഇതിനെ വിളിക്കുന്നു. ധ്രുവ്പദിന്റെ ആവിഷ്കാരത്തെക്കുറിച്ച് ആധികാരികമായ രേഖകളൊന്നുമില്ലെങ്കിലും അതിന്റെ പ്രാരംഭം 15-ാം നൂറ്റാണ്ടിൽ ഗ്വാളിയോർ മാൻതോമർന്റെ (മാൻസിംഗ് തോമർ 1486-1576) കാലത്താണെന്ന് ഹിന്ദുസ്താനി സംഗീതവിദ്വാന്മാർ അഭിപ്രായപ്പെടുന്നു. ഹിന്ദു സംസ്കൃത ഗ്രന്ഥമായ നാട്യശാസ്ത്രത്തിൽ (~200 BCE – 200 CE) ഇതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.[3] മറ്റൊരു പുരാണ സംസ്കൃത ഗ്രന്ഥമായ ശ്രീമദ്ഭാഗവതത്തിലും ഇതിനെക്കുറിച്ച് വിവരണമുണ്ട്. [4] കർക്കശമായ നിയമങ്ങളിൽ ഒതുങ്ങിയ സംഗീതമായതുകൊണ്ട് അത് മറ്റു സംഗീതരൂപങ്ങളെപ്പോലെ അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നതല്ല. ഇതുതന്നെയാവണം ഈ സംഗീതശൈലിയുടെ ക്ഷയത്തിന് കാരണമെന്ന് വിദ്വാന്മാർ കരുതുന്നു. സാമ്രാട്ട് അക്ബറിന്റെ (1556-1605) ഭരണകാലത്ത് അദ്ദേഹത്തിന്റെ സംഗീതസദസ്സിൽ അംഗങ്ങളായിരുന്ന ധ്രുവ്പദ് ഗായകരെ കലാവന്ത് എന്നായിരുന്നു സംബോധന ചെയ്തിരുന്നത്.

ധ്രുപദ് ഗാനരചനകളിൽ സ്ഥായി, അന്തര, സഞ്ചാരി, ആഭോഗി എന്നീ അംഗങ്ങളുണ്ട്. എന്നാൽ ഇന്ന് പാടിവരുന്ന ദ്രുപദിൽ സ്ഥായി, അന്തര എന്നീ രണ്ടുവിഭാഗങ്ങൾ മാത്രമാണുള്ളത്. ധ്രുപദ് രചനകളിൽ അധികവും ബ്രജ് ഭാഷയിലുള്ളതാണ്. എന്നാൽ മറ്റു ഭാഷകളാായ ഹിന്ദി, ഉറുദു ഭാഷകളിലും ഈ സംഗീതരൂപങ്ങളുണ്ട്. രാഗശുദ്ധിയും ലയശുദ്ധിയുമാണ് ഇതിന്റെ പ്രത്യേകതകൾ. ഖ്യാലിലെന്നപോലെ (ഖയാൽ) എല്ലാരംഗങ്ങളിലും ഈ രചനകൾ പ്രയോഗത്തിലില്ല. കൂടാതെ ഖ്യാൽ രചനകളിൽ പ്രത്യക്ഷപ്പെടുന്നു. ഖട്കാ, താൻ തുടങ്ങിയവ ഇതിൽ പ്രയോഗിക്കുക പതിവില്ല. എന്നാൽ ഇതിലുടനീളം ഗമകവിശേഷങ്ങളും മീംഡും പ്രയോഗിക്കുന്നു. ധ്രുപദ് അവതരിപ്പിക്കുന്നതിനുമുമ്പ് ഗായകൻ തോം തോം എന്നീ ശബ്ദങ്ങളിലൂടെ ഒരു നിശ്ചിതകാലപ്രമാണത്തോടുകൂടി ദീർഘലാപനം ചെയ്യുന്നു. ആലാപനശേഷം പഖാവജ് (മൃദംഗം)ന്റെ അകമ്പടിയോടെ ധ്രുപദ് അവതരിപ്പിക്കുന്നു.[5]

ധ്രുപദിൽ പഖാവജിന്റെ അകമ്പടിയോടുള്ള ലയസംബന്ധമായ(ലയകാരി) പ്രകടനങ്ങൾ മനോഹരങ്ങളാണ്. ധ്രുപദിൽ ഇഷ്ടദേവതകളെക്കുറിച്ചുള്ള ഭക്തിരസപ്രധാനങ്ങളായ വർണ്ണനകളായിരിക്കും അധികമുണ്ടായിരിക്കുക.സാഹിത്യപരമായ ഉള്ളടക്കത്തേക്കാൾ സംഗീതപരമായ ഉള്ളടക്കത്തിനാണ് ഇതിൽ പ്രാധാന്യം കല്പിക്കുന്നത്. ധ്രുപദിൽ വിവിധ ഘരാനകളെ അഥവാ ശൈലികളെ വാണി എന്നാണ് വിശേഷിപ്പിക്കുന്നത്.

  1. T.M. Krishna (2013). A Southern Music: Exploring the Karnatik Tradition. HarperCollins Publishers. p. 151. ISBN 978-93-5029-822-0.
  2. Peter Fletcher; Laurence Picken (2004). World Musics in Context: A Comprehensive Survey of the World's Major Musical Cultures. Oxford University Press. p. 258. ISBN 978-0-19-517507-3.
  3. Te Nijenhuis 1974, pp. 81-82.
  4. Guy L. Beck (2012). Sonic Liturgy: Ritual and Music in Hindu Tradition. University of South Carolina Press. pp. 241–242. ISBN 978-1-61117-108-2.
  5. ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1
"https://ml.wikipedia.org/w/index.php?title=ധ്രുപദ്&oldid=3518347" എന്ന താളിൽനിന്ന് ശേഖരിച്ചത്