ധീരൻ ചിന്നമലൈ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ പോരാടിയ ഒരു തമിഴ് ഭരണാധികാരിയും പാളയക്കാരനും കൊങ്ങുനാടിന്റെ മുഖ്യനുമായിരുന്നു ധീരൻ ചിന്നമലൈ (17 ഏപ്രിൽ 1756 – 31 ജൂലൈ 1805).
ധീരൻ ചിന്നമലൈ | |
---|---|
കൊങ്ങുനാട് രാജ്യത്തിന്റെ മുഖ്യൻ | |
ജനനം | 17 ഏപ്രിൽ 1756 |
ജന്മസ്ഥലം | മേലപ്പാളയം, തിരുപ്പൂർ, തമിഴ്നാട് |
മരണം | 31 ജൂലൈ 1805 |
മരണസ്ഥലം | ശങ്കഗിരി, തമിഴ്നാട് |
അടക്കം ചെയ്തത് | ഓടനിലൈ, അരചല്ലൂർ, തമിഴ്നാട്, 31 ജൂലൈ 1805 |
പിൻഗാമി | ബ്രിട്ടീഷ് രാജ് |
ആദ്യകാല ജീവിതം
തിരുത്തുക1756 ഏപ്രിൽ 17-ന് തമിഴ്‌നാട്ടിലെ കാങ്കേയത്തിന് സമീപത്തുള്ള നാതകടയൂരിലെ മേലപ്പാളയത്തിൽ രത്തിനം ശർക്കരൈ മൻറാടിയാറിന്റെയും പെരിയാത്താളിന്റെയും മകനായി ജനിച്ചു. തീർത്ഥഗിരി എന്നായിരുന്നു മാതാപിതാക്കൾ ഇട്ട പേര്. കുളന്തൈസ്വാമി, കീലേധർ, കുട്ടിസ്വാമി എന്ന സഹോദരന്മാരും മരഗതം എന്ന സഹോദരിയും ചിന്നമലൈയ്ക്ക് ഉണ്ടായിരുന്നു. [1] ബാല്യകാലത്തു തന്നെ കുതിര സവാരിയും അമ്പെയ്ത്തും വാൾപ്പയറ്റും അഭ്യസിച്ചിരുന്നു. കൂടാതെ തമിഴ്, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളും ചിന്നമലൈയ്ക്ക് കൈകാര്യം ചെയ്യാൻ അറിയാമായിരുന്നു. കറുപ്പു സെർവൈ, വേലപ്പൻ എന്നിവരായിരുന്നു ചിന്നമലൈയുടെ അടുത്ത സുഹൃത്തുക്കൾ. കൊങ്ങു നാട് മേഖലയിൽ താമസിച്ചിരുന്ന മൻറാടിയർമാരുടെയും പാളയക്കാരരുടെയും കയ്യിൽനിന്നും മൈസൂരിന്റെ രാജാവായിരുന്ന ഹൈദർ അലി പിടിച്ചെടുത്ത പണം തിരികെ കൊണ്ടുവന്നതിനായുള്ള ആദരസൂചകമായാണ് ധീരൻ ചിന്നമലൈ എന്ന പേര് ലഭിച്ചത്. പണം തിരികെ പിടിച്ചെടുക്കുന്നതിനിടെ മൈസൂർ രാജാവിവോട് എന്ത് പറയണമെന്ന് സൈനികർ ചോദിച്ചപ്പോൾ "ചെന്നിമലൈയുടെയും ശിവൻമലൈയുടെയും മധ്യത്തുള്ള പ്രദേശത്ത് ജീവിക്കുന്ന ചിന്നമലൈ, പിടിച്ചെടുക്കപ്പെട്ട എല്ലാ സ്വർണവും പണവും തിരികെ കൊണ്ടുപോകുന്നു" എന്ന് പറയാൻ സൈനികരോട് ആവശ്യപ്പെട്ടു. എന്നാൽ, ഹൈദർ അലിയുടെ മരണത്തെ തുടർന്ന് ടിപ്പു സുൽത്താൻ ഭരണത്തിന്റെ തലപ്പത്ത് എത്തിയതോടെ ചിന്നമലൈ, ടിപ്പുവുമായി സഖ്യം രൂപീകരിച്ച് ഒന്നാം പാളയക്കാരർ യുദ്ധത്തിലും, രണ്ടാം പാളയക്കാരർ യുദ്ധത്തിലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കെതിരെ പോരാടുകയുണ്ടായി.
പാളയക്കാരർ യുദ്ധങ്ങൾ
തിരുത്തുകപാളയക്കാരർ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കെതിരെ നടത്തിയ യുദ്ധത്തിലെ ഒരു പ്രധാന സൈന്യാധിപനായിരുന്നു ധീരൻ ചിന്നമലൈ. 1801 മുതൽ 1802 വരെ നടന്ന രണ്ടാം പാളയക്കാരർ യുദ്ധത്തിലായിരുന്നു ചിന്നമലൈ പ്രധാനപ്പെട്ട ചുമതല ഏറ്റെടുത്തത്. ഫ്രഞ്ച് സൈനികകേന്ദ്രത്തിൽ നിന്നും ടിപ്പു സുൽത്താനോടൊപ്പം ആധുനിക യുദ്ധരീതികളിൽ ചിന്നമലൈ പരിശീലനം നേടിയിരുന്നു. ഈ പരിശീലനങ്ങൾ തുടർന്ന് ചിതേശ്വരത്തും മഴവല്ലിയിലും ശ്രീരംഗപട്ടണത്തും വച്ച് നടന്ന യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരെ വിജയിക്കാൻ സഹായകമായിത്തീർന്നു.
കട്ടബ്ബൊമ്മന്റെയും ടിപ്പു സുൽത്താന്റെയും മരണത്തിനുശേഷം 1800-ൽ കോയമ്പത്തൂരിൽ വച്ച് മരതരുടെയും മരുതു പാണ്ടിയരുടെയും സഹായത്തോടെ ബ്രിട്ടീഷുകാരെ ആക്രമിച്ചു. എന്നാൽ കോയമ്പത്തൂരിൽ സ്വന്തം സൈന്യത്തെ വച്ച് യുദ്ധം ചെയ്ത ചിന്നമലൈയെ ബ്രിട്ടീഷുകാർ പ്രതിരോധിച്ചു. ഒടുവിൽ ചിന്നമലൈയുടെ സൈന്യം പരാജയപ്പെട്ടെങ്കിലും അവർ ബ്രിട്ടീഷ് സൈനികരിൽ നിന്നും രക്ഷപ്പെടുകയുണ്ടായി. [2] തുടർന്ന്, 1801-ൽ കാവേരിയിൽ വച്ചും 1802-ൽ ഓടനിലൈയിൽ വച്ചും 1804-ൽ ആരച്ചല്ലൂരിൽ വച്ചും നടന്ന യുദ്ധങ്ങളിൽ ചിന്നമലൈ ഗറില്ലാ യുദ്ധരീതി പ്രയോജനപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി. [1]
മരണം
തിരുത്തുക1805-ൽ പാചകക്കാരനായിരുന്ന നല്ലപ്പൻ, ചിന്നമലൈയെ ഒറ്റുകൊടുക്കുകയും ചിന്നമലൈയെ ബ്രിട്ടീഷുകാർ തടവിലാക്കുകയും ചെയ്തു. [2] തുടർന്ന് ബ്രിട്ടീഷ് നിയമങ്ങൾ അനുസരിക്കാനും ചുമത്തപ്പെട്ട പിഴ അടയ്ക്കാനും ചിന്നമലൈ നിർബന്ധിതനായി. എന്നാൽ ഇതിനെ എതിർത്ത ചിന്നമലൈയെ ഒടുവിൽ 1805 ജൂലൈ 31-ന് ആടി പെറുക്കു ദിനത്തിൽ തന്റെ രണ്ട് സഹോദരങ്ങളോടൊപ്പം ശങ്കരഗിരി കോട്ടയിൽ വച്ച് തൂക്കിക്കൊന്നു. [1][2][3]
പൈതൃകം
തിരുത്തുകധീരൻ ചിന്നമലൈയുടെ സ്മരണയ്ക്കായുള്ള പ്രതിമകളും സ്മാരകങ്ങളും ചെന്നൈയിലും തിരുച്ചിറപ്പള്ളിയിലും ഈറോഡിലും ഓടനിലൈയിലും സ്ഥിതി ചെയ്യുന്നുണ്ട്. [4][1][5] 2005 ജൂലൈ 31-ന് ഇന്ത്യാ പോസ്റ്റ്, ചിന്നമലൈയ്ക്കുള്ള ആദരസൂചകമായി ഒരു പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. [6][7]
1997 വരെ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ തിരുച്ചിറപ്പള്ളി ഡിവിഷൻ, ധീരൻ ചിന്നമലൈ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. [8] 1996 വരെ ധീരൻ ചിന്നമലൈ ജില്ല എന്നായിരുന്നു കാരൂർ ജില്ല അറിയപ്പെട്ടിരുന്നത്. [9][10] ഈറോഡ് മുനിസിപ്പൽ കോർപ്പറേഷന്റെ ആസ്ഥാനം ചിന്നമലൈയുടെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. [11]
2012-ൽ തമിഴ്നാട് സംസ്ഥാന സർക്കാർ, ധീരൻ ചിന്നമലൈയുടെ പേരിലുള്ള സ്മാരകം ശങ്കരഗിരിയിൽ സ്ഥാപിച്ചു.
ഓടനിലൈയിലെ ചിന്നമലൈയുടെ ജന്മസ്ഥലത്തിനു സമീപത്തും ഒരു സ്മാരകം സ്ഥിതി ചെയ്യുന്നുണ്ട്. എല്ലാ വർഷവും ചിന്നമലൈയുടെ ചരമദിനത്തോടനുബന്ധിച്ച് ഈ സ്മാരകത്തിൽ വച്ച് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
കൊങ്ങുനാട് രാജാവായിരുന്ന ധീരൻ ചിന്നമലൈയെയാണ് കൊങ്ങു വെള്ളാളർ എന്ന സമുദായം അവരുടെ കുടുംബ ദൈവമായി ആരാധിച്ചു വരുന്നത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Dheeran Chinnamalai statue to be installed in Odanilai soon". The Hindu. 10 ജൂലൈ 2007. Archived from the original on 1 ഡിസംബർ 2007.
- ↑ 2.0 2.1 2.2 "Chinnamalai, a lesser-known freedom fighter of Kongu soil". The Hindu. 2 August 2008. Archived from the original on 2008-09-14. Retrieved 2018-08-21.
- ↑ Ram Govardhan (2001). Rough with the Smooth. Leadstart publishing. p. 212. ISBN 9789381115619.
- ↑ "Memorial of Dheeran Chinnamalai set for face lift". Times of India. 18 April 2013.
- ↑ "Government to construct manimandapam for Sivaji". The Hindu. 26 August 2015.
- ↑ "Stamp on Dheeran Chinnamalai released". The Hindu. 1 August 2005.
- ↑ "Postage Stamps". postagestamps.gov.in. Archived from the original on 2015-07-10. Retrieved 12 September 2015.
- ↑ P. Jegadish Gandhi (1 January 1998). State Transport undertakings. Deep and Deep. ISBN 9788176290845.
- ↑ Records of Geological Survey Volume 130, Parts 5-6. Government of India. 1997.
- ↑ Viswanathan (2005). Dalits in Dravidian land:Frontline reports on Anti-Dalit violence in Tamil Nadu, 1995-2004. Navayana. ISBN 9788189059057.
- ↑ "In memory of a valiant Kongu Chieftain". Times of India. 5 April 2012.