ധർണ

(Dharna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഹിംസാമാർഗ്ഗത്തിലുള്ള ഒരു സമരമുറയാണ് ധർണ (ഹിന്ദി: धरना). ഒരാൾ ഒറ്റയ്ക്കോ കൂട്ടായോ ഭരണാധികാരികൾക്കു മുന്നിൽ നീതിക്കായി സ്വീകരിക്കുന്ന സമര രീതിയാണ് ഇത്. ഇന്തൻ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടിഷ് ഭരണത്തിനെതിരെ ഗാന്ധിജി വിഭാവന ചെയ്ത ധർണ പിന്നീട് ലോകത്തിനുതന്നെ മാതൃകയായി. രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തികമോ ആയ ആവശ്യങ്ങൾക്കായി അഹിംസാമാർഗ്ഗത്തിലൂടെ നടത്തപ്പെടുന്ന ധർണയ്ക്ക് വളരെ പെട്ടെന്ന് ജനങ്ങളുടെ സഹതാപവും പിന്തുണയും നേടുവാൻ സാധിക്കാറുണ്ട്. ഭരണസ്ഥാനങ്ങൾക്കു മുന്നിൽ നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ധർണയിലൂടെ പ്രതിഷേധിക്കുകയും ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യാം. ഭരണാധികാരിയുടെയോ ഭരണകൂടത്തിന്റെയോ സ്ഥാപനത്തിന്റെയോ തെറ്റായ നിലപാടുകൾക്കെതിരെ സൂചനാ പ്രതിഷേധസമരം, പ്രശ്നപരിഹാരം നേടുന്നതുവരെയുള്ള അനിശ്ചിതകാല കുത്തിയിരുപ്പുസമരം എന്നിങ്ങനെ ധർണയ്ക്ക് വിവിധ രൂപങ്ങളുണ്ടാകാം. ധർണയെ കരുതലോടെ സമീപിക്കാത്തതുമൂലം കാര്യങ്ങൾ അക്രമത്തിലേക്കു നീങ്ങുകയും പ്രശ്നം കൂടുതൽ ദുഷ്കരമാവുകയും ചെയ്യുക പതിവാണ്. അതിനാൽ ജനാധിപത്യ ഭരണകൂടങ്ങൾ പൊതുവേ ധർണയെ കരുതലോടെയാണ് സമീപിക്കാറുള്ളത്. സമാധാനമാർഗ്ഗത്തിലൂടെ മുന്നേറുന്ന ധർണകൾ പൊതുജനസമ്മതി ആർജിച്ച് ഭരണകൂടത്തെ സമ്മർദത്തിലാക്കി ലക്ഷ്യം കൈവരിക്കാറുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ധർണകൾക്ക് നിർണായക സ്ഥാനമുണ്ട്.

ഈ സമര രീതി പൗരാവകാശ മുന്നേറ്റകാലത്ത് മാർട്ടിൻ ലൂഥർ കിങ്ങിന്റെ നേതൃത്വത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചു. വർണവിവേചനത്തിന് അന്ത്യം കുറിക്കാൻ അമേരിക്കയിൽ ദ് ഫെലോഷിപ്പ് ഒഫ് റീകൺസീലിയേഷനും (FOR), കോൺഗ്രസ് ഒഫ് റേഷ്യൽ ഇക്ക്വാളിറ്റിയും (CORE) ചേർന്ന് 1940-കളിൽ നടത്തിയ നിയമലംഘന മുന്നേറ്റങ്ങൾ ധർണയുടെ സ്വഭാവം സ്വീകരിച്ചിരുന്നു. 1950-കളിൽ ടെക്സാസിലും 1960-കളിൽ ജർമനിയിലും അരങ്ങേറിയ വിദ്യാർഥിസമരങ്ങൾ ധർണയുടെ രൂപത്തിലാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിശേഷിച്ച് ഇന്ത്യയിൽ, ഇന്നും തുടർന്നുപോരുന്ന പ്രധാന സമരമുറകളിലൊന്നാണ് ധർണ.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധർണ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ധർണ&oldid=2603011" എന്ന താളിൽനിന്ന് ശേഖരിച്ചത്