ഡയറി ഫാം

(Dairy farming എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വൻതോതിലുള്ള ക്ഷീരോത്പാദനം പ്രധാന ലക്ഷ്യമാക്കി കന്നുകാലികളെ പറ്റങ്ങളായി വളർത്തുന്ന സ്ഥലമാണ് ഡയറി ഫാം. ഇത് അറിയപെടുനത് ഗോശാല എന്നാണ്.

ഡയറി ഫാം (കന്നുകാലി പരിചരണ കേന്ദ്രം)

പാൽ, പാൽപ്പാട മുതലായവ സൂക്ഷിക്കുകയും വെണ്ണയും മറ്റു ക്ഷീരോത്പന്നങ്ങളും നിർമ്മിക്കുകയും ചെയ്യുന്ന സ്ഥലത്തെയാണ് ഡയറി എന്ന പേരു കൊണ്ട് വിവക്ഷിക്കുന്നത്. ക്ഷീരോത്പാദനശാല എന്നോ ക്ഷീരോത്പന്നങ്ങൾ വിപണനം നടത്തുന്ന സ്ഥലം എന്നോ ഇതിനെ നിർവചിക്കാം.

കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവരിൽ അധികവും ചെറുകിട കർഷകരോ, സ്വന്തമായി അധികം ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികളോ ആയിരിക്കും. ഒന്നോ രണ്ടോ കറവപ്പശുക്കളെ വളർത്തി അതിൽ നിന്നും, മറ്റു ചെറിയ തൊഴിലുകളിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടോ ജീവിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ഒരു മുഴുവൻ സമയ സംരംഭം എന്ന നിലയിൽ ഒരു ഡയറി ഫാം സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ നടത്തിക്കൊണ്ടു പോകുവാൻ കുറഞ്ഞത് 8-10 കറവപ്പശുക്കളും അവയ്ക്കു വേണ്ട തീറ്റപ്പുല്ല് കൃഷി ചെയ്യുവാൻ കുറഞ്ഞത് ഒരു ഹെക്ടർ സ്ഥലവും ആവശ്യമാണ്.

നിർമ്മാണം

തിരുത്തുക

ഒരു ഡയറി ഫാം തുടങ്ങുന്നതിന് ശരിയായ ആസൂത്രണം ആവശ്യമാണ്. ഫാം തുടങ്ങുവാൻ ഉദ്ദേശിക്കുന്ന സ്ഥലം, പശുക്കളുടെ ലഭ്യത, അവയുടെ സംരക്ഷണ രീതികൾ എന്നിവയെല്ലാം പ്രധാന ഘടകങ്ങളാണ്. നഗരപ്രദേശത്ത് ഡയറി ഫാം തുടങ്ങുകയാണെങ്കിൽ പാലിന് ആവശ്യക്കാർ കൂടുതലുണ്ടാകും. പക്ഷേ അവിടെ സ്ഥലത്തിന്റെ വിലയും തൊഴിലാളികളുടെ കൂലിയും കൂടുതലായിരിക്കും. മാത്രവുമല്ല, ഫാമിലേക്കാവശ്യമായ പുല്ല് കൃഷിചെയ്യാനുള്ള സ്ഥലം പരിമിതവുമായിരിക്കും. ഗ്രാമപ്രദേശത്താണ് ഫാം തുടങ്ങുന്നതെങ്കിൽ പാൽ വിറ്റഴിക്കാൻ നഗര പ്രദേശങ്ങളെ ആശ്രയിക്കേതായിവരും. ഇവിടെ സ്ഥലത്തിന്റെ വിലയും തൊഴിലാളികളുടെ കൂലിയും കുറവായിരിക്കും. പുൽകൃഷിക്ക് ആവശ്യമായ സ്ഥലവും ഗ്രാമപ്രദേശങ്ങളിൽ സുലഭമാണ്. ഒരു ഡയറിഫാം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങളെല്ലാം പരിഗണനയിലെടുക്കേതുണ്ട്.

ഡയറി ഫാം തുടങ്ങുന്നതിന് തിരഞ്ഞെടുക്കുന്ന പ്രദേശം ഉയർന്നതും വെള്ളംകെട്ടിനിൽക്കാത്തതും ജലസേചനസൗകര്യങ്ങളുള്ളതുമായിരിക്കണം. ഭാവിയിൽ ആവശ്യമെങ്കിൽ വികസിപ്പിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. ഫാമിന് ആവശ്യമായ കെട്ടിടങ്ങൾ ഉയർന്ന പ്രദേശത്ത് പണിയിച്ചാൽ തൊഴുത്തിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാകും. അതിലുമുപരി, പശുക്കളുടെ മൂത്രവും തൊഴുത്തു കഴുകുന്ന വെള്ളവും മറ്റും പുൽക്കൃഷിക്കാവശ്യമായ ജലസേചനത്തിനായി ഉപയോഗിക്കാനും കഴിയും. നല്ല വായു സഞ്ചാരമുള്ള സ്ഥലത്തായിരിക്കണം കെട്ടിടങ്ങളും തൊഴുത്തും പണിയേണ്ടത്. മാത്രമല്ല ചുറ്റും തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതും നല്ലതാണ്. പശുക്കൾക്ക് കുടിക്കാവാനുള്ള വെള്ളം എപ്പോഴും ലഭ്യമായിരിക്കണം. ചാണകക്കുഴിയും, മൂത്രം ശേഖരിക്കുന്ന കുഴിയും തൊഴുത്തിൽ നിന്നും ഒരല്പം ദൂരെയായിരിക്കുന്നത് നന്നായിരിക്കും. ചാണകവും മറ്റു പാഴ്വസ്തുക്കളും യഥാസമയം തൊഴുത്തിൽ നിന്നും മാറ്റേണ്ടതാണ്. കറവ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഇവ മാറ്റി തൊഴുത്ത് വൃത്തിയായി വയ്ക്കുകയും വേണം. അല്ലെങ്കിൽ അവ കെട്ടിക്കിടന്ന് പല രോഗങ്ങൾക്കും കാരണമായേക്കാം. ചാണകം വളമായും ബയോഗ്യാസ് ഉത്പാദനത്തിനും ഉപയോഗിക്കുകയും ചെയ്യാം.

ഒരു പ്രത്യേക പ്രദേശത്തു ഡയറി ഫാം തുടങ്ങുമ്പോൾ അവിടെ വിറ്റഴിക്കാൻ സാധ്യതയുള്ള പാലിന്റെ അളവനുസരിച്ച് പശുക്കളുടെ എണ്ണം നിശ്ചയിക്കണം. ആവശ്യമായി വരുന്ന പാലിന്റെ അളവിനേക്കാൾ 20-25% കൂടുതൽ കണക്കാക്കി പശുക്കളുടെ എണ്ണം നിശ്ചയിക്കാവുന്നതാണ്. കറവ വറ്റുന്ന പശുക്കളെയും കൂടി കണക്കിലെടുത്താണ് ഇപ്രകാരം ചെയ്യുന്നത്.

 
യന്ത്ര സഹായത്താൽ പശുക്കളിൽ നിന്നും പാൽ ശേഖരിക്കുന്നു

കറവയുള്ള പശുക്കളും കറവ വറ്റിയ പശുക്കളും തമ്മിലുള്ള അനുപാതം 4:1 അല്ലെങ്കിൽ 5:1 എന്ന ക്രമത്തിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാൽ വിപണനം മാത്രമാണ് ലക്ഷ്യമെങ്കിൽ 10 ലിറ്ററിൽ കൂടുതൽ പാൽ നൽകുന്ന പശുവിനെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം അതിന്റെ പാലുത്പാദനശേഷിയാണെങ്കിലും, പശുവിന്റെ ആരോഗ്യം, ആദ്യപ്രസവം നടന്ന പ്രായം, പ്രസവങ്ങൾ തമ്മിലുള്ള കാലദൈർഘ്യം എന്നിവയും ഇതോടൊപ്പം കണക്കിലെടുക്കേണ്ടതുണ്ട്. കഴിയുന്നതും ഒന്നാമത്തേയോ രണ്ടാമത്തേയോ പ്രസവത്തിലെ ഇളം കറവയിലുള്ള പശുക്കളെ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. നമ്മുടെ കാലാവസ്ഥയ്ക്ക് സങ്കരയിനം പശുക്കളാണ് ഏറ്റവും യോജിച്ചത്.

പ്രധാനമായും പാൽ വിൽപ്പനയിലൂടെയാണ് ഡയറി ഫാമിൽ വരുമാനം ലഭിക്കുന്നത്. പ്രായം ചെന്ന പശുക്കളേയും കന്നുകുട്ടികളേയും വിൽപന നടത്തിയും വരുമാനമുണ്ടാക്കാം. പുൽക്കൃഷിക്കായി മുഴുവൻ ചാണകവും ഉപയോഗിക്കുന്നില്ലെങ്കിൽ അതും ഒരു വരുമാനമാർഗ്ഗമായിരിക്കും.

ഡയറി ഫാം വിജയകരമായി നടത്തുന്നതിന് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ

തിരുത്തുക
  1. ഗതാഗത സൗകര്യമുള്ള സ്ഥലമായിരിക്കണം ഫാമിനുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. വിപണന സൗകര്യമുള്ള സ്ഥലമായിരിക്കുകയും വേണം.
  2. വർധിച്ച ഉത്പാദന ശേഷിയുള്ള കന്നുകാലികളെ തിരഞ്ഞെടുക്കണം.
  3. കന്നുകാലികൾക്കാവശ്യമായ പുല്ല് കൃഷി ചെയ്യാനുള്ള സൗകര്യം സമീപത്തുതന്നെ ഉണ്ടായിരിക്കണം.
  4. ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കണം.
  5. ശരിയായ തീറ്റക്രമം പാലിക്കണം.
  6. ശാസ്ത്രീയമായ പ്രജനന പരിപാടികൾ പ്രയോജനപ്പെടുത്തണം.
  7. കൃത്യമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കണം.
  8. അത്യാവശ്യ സാഹചര്യങ്ങളിൽ വിദഗ്ദ്ധ ചികിത്സക്കായി, മൃഗചികിത്സാ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കാൻ സൗകര്യമുണ്ടായിരിക്കണം.

കേരളത്തിൽ

തിരുത്തുക

കേരളത്തിൽ സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ കുടപ്പനക്കുന്ന്, വിതുര, ചെറ്റച്ചൽ, കുരിയോട്ടുമല എന്നീ സ്ഥലങ്ങളിലും കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിന്റെ മേൽനോട്ടത്തിൽ മാട്ടുപ്പെട്ടി, കുളത്തുപ്പുഴ, ധോണി എന്നീ സ്ഥലങ്ങളിലും ഡയറി ഫാമുകൾ പ്രവർത്തിച്ചു വരുന്നു. സമീപവാസികൾക്ക് ഗുണമേന്മയുള്ള പാൽ, കർഷകർക്ക് നല്ല സങ്കരയിനം കന്നുകുട്ടികൾ, പുൽക്കൃഷിക്കാവശ്യമായ വിത്തുകൾ എന്നിവ ലഭ്യമാക്കുന്നതിനും ഈ ഫാമുകൾ ഒരു പരിധിവരെ സഹായിക്കുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയറി ഫാം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയറി_ഫാം&oldid=2282988" എന്ന താളിൽനിന്ന് ശേഖരിച്ചത്