താരതമ്യ ഭാഷാശാസ്ത്രപഠനം

(Comparative linguistics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാഷകളുടെ ഉദ്ഭവ-വികാസ-പരിണാമങ്ങളെ ആസ്പദമാക്കി വർഗീകരണവും പരസ്പരബന്ധവും നിർണയിക്കുന്ന ഭാഷാശാസ്ത്രപഠനം. 19-ാം ശ.-ത്തിന്റെ ഉത്തരാർധത്തിലാണ് താരതമ്യപഠനം വളർച്ച പ്രാപിക്കാൻ തുടങ്ങിയത്. പ്രാചീന വൈയാകരണന്മാർ ഓരോ ഭാഷയേയും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്തിരുന്നു. യൂറോപ്യൻ ഭാഷാഗവേഷകരുടെ പരിശ്രമഫലമായിട്ടാണ് താരതമ്യ ഭാഷാശാസ്ത്രപഠനം ആരംഭിച്ചത്. 20-ാം ശ.-ത്തിൽ വ്യാകരണത്തിൽ നിന്നും ഭാഷാപഠനത്തിൽ നിന്നും വ്യത്യസ്തമായി ഭാഷാശാസ്ത്രം എന്ന ഭാഷാപഗ്രഥന രീതി ഉണ്ടായി. ഭാഷാപഠനം താരതമ്യ പഠനത്തിലും ഭാഷാചരിത്രത്തിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു.

ഭാഷകളെ ജൈവബന്ധത്തിന്റെ അടിസ്ഥാനത്തിൽ പല ഭാഷാ കുടുംബങ്ങളായി വിഭജിക്കാമെന്ന് മനസ്സിലായതോടെ ഇന്ത്യയിലെ നാനൂറിലധികം വരുന്ന ഭാഷകളെ ഇന്തോ-ആര്യൻ, മുണ്ഡ, ദ്രാവിഡം, സിനോ-തിബത്തൻ എന്നിങ്ങനെ വിഭജിച്ചു. വ്യാകരണപരമായ സാദൃശ്യങ്ങൾ കണക്കിലെടുത്ത് സംസ്കൃതം, ലത്തീൻ, ഗ്രീക്ക്, അൽബേനിയൻ, പേർഷ്യൻ, ലിഥോ-ലെറ്റിഷ്, അർമേനിയൻ, കെൽറ്റിക് എന്നിവയെ ഇന്തോ-യൂറോപ്യൻ ഗോത്ര ഭാഷകളായും കണക്കാക്കി. കൽക്കട്ട ഹൈക്കോടതിയിലെ ഒരു ന്യായാധിപനായിരുന്ന സർ വില്യം ജോൺസ് സംസ്കൃതത്തിന് ലത്തീൻ, ഗ്രീക്ക് തുടങ്ങിയ പാശ്ചാത്യ ഭാഷകളോട് ബന്ധമുണ്ടെന്ന് (1786) ചൂണ്ടിക്കാണിച്ചു. ചരിത്രാതീതകാലത്തു തന്നെ, പിൻഗാമികളായ വിവിധ ഭാഷകൾക്കു വഴിമാറിക്കൊടുത്ത് പ്രചാരലുപ്തമായിപ്പോയതിനാൽ പില്ക്കാല ഗവേഷകർക്കുപോലും സങ്കല്പത്തിൽ മാത്രം കാണാൻ കഴിയുന്ന പൊതുവായ ഒരു ഉദ്ഭവസ്ഥാനമെന്ന് കരുതാവുന്ന ഒരു മൂലഭാഷയെപ്പറ്റി ഇദ്ദേഹം പ്രസ്താവിച്ചു. 19-ാം ശ.-ത്തിലെ താരതമ്യാത്മകവും ചരിത്രപരവുമായ എല്ലാ ഭാഷാപഠനങ്ങൾക്കും വഴിതെളിച്ചത് വില്യം ജോൺസിന്റെ മർമസ്പർശിയായ ഈ ദർശനമാണ്. അങ്ങനെയാണ് താരതമ്യ ഭാഷാശാസ്ത്രപഠനത്തിന്റെ ഈറ്റില്ലം ഇന്ത്യയായി മാറിയത്. ഫ്രൻസ് ബോപ്പ്, റാസ്മസ് റാസ്ക്, ജേക്കബ് ഗ്രിം, കാൽഡ്വെൽ ആദിയായവർ ഈ രംഗം പുഷ്ടിപ്പെടുത്താൻ അക്ഷീണം യത്നിച്ചവരത്രേ. ജൈവബന്ധമുള്ള ഭാഷാസമൂഹങ്ങളെ അപഗ്രഥിക്കാനും അവയ്ക്കിടയിലുള്ള സാജാത്യ-വൈജാത്യങ്ങളെ എടുത്തുകാണിക്കാനുമാണ് ഭാഷാ വിജ്ഞാനീയ പണ്ഡിതന്മാർ ശ്രമിച്ചത്. ലോകത്തിലെ ഭാഷകളെയെല്ലാം ജൈവബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ഗോത്രങ്ങളായി വിഭജിച്ചിരിക്കുന്നു. പൊതുസ്വഭാവമുള്ള അനേകം അംഗങ്ങളുള്ള ഒരു വിഭാഗത്തെ, അംഗങ്ങളുടെ പൊതു സ്വഭാവങ്ങൾക്ക് പുറമേയുള്ള പ്രത്യേക സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ ഉപവിഭാഗങ്ങളായി തരംതിരിക്കുന്നു. ഇപ്രകാരം ഭാഷകളേയും ഓരോ പ്രത്യേക സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ഉപവിഭാഗങ്ങളായി വിഭജിക്കാം.

ഒരു ഭാഷയിൽ വിവിധ കാലഘട്ടങ്ങളിലായി പല പരിണാമങ്ങൾ ഉണ്ടാകുന്നു. വിവിധ കാലയളവിലെ ലിഖിതങ്ങൾ പഠന വിധേയമാക്കുമ്പോൾ ഭാഷാപരിണാമ ചരിത്രത്തിന്റെ ഏകദേശരൂപം മനസ്സിലാക്കാൻ കഴിയും. വ്യത്യസ്ത മാനദണ്ഡങ്ങളെ ആസ്പദമാക്കി പഠനം നടത്തിയാൽ ഓരോ ഭാഷയ്ക്കും എപ്രകാരം അനവധി ഭേദങ്ങൾ ഉണ്ടാകുന്നുവെന്നും ഒരു ഭാഷയുടെ തന്നെ വ്യത്യസ്ത കാലയളവുകളിലെ ലിഖിതങ്ങൾ താരതമ്യപഠന വിധേയമാക്കുമ്പോൾ കാലം എപ്രകാരം ഭാഷയിൽ ഭേദഗതികൾ സൃഷ്ടിക്കുന്നുവെന്നും വ്യക്തമാകുന്നു. കാലാന്തരത്തിൽ ഭാഷയിൽ സംഭവിക്കുന്ന പരിണാമങ്ങൾ ഭാഷാ പരിണാമ ശാസ്ത്രത്തിൽ പഠനവിധേയമാക്കുന്നു.

ഭാഷയുടെ അപഗ്രഥനത്തിനുശേഷമാണ് ഭാഷാശാസ്ത്ര പഠനവും ഭാഷാപരിണാമപഠനവും നടത്തേണ്ടത്. താരതമ്യപഠനം നടത്താനുദ്ദേശിക്കുന്ന ഭാഷ പ്രത്യേക തലങ്ങളായി അപഗ്രഥിക്കുകയും അതിനുശേഷം ഓരോ തലത്തെയും അതതിന്റെ പില്ക്കാലതലവുമായി താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോൾ ഭാഷാ പരിണാമങ്ങൾ ശ്രദ്ധയിൽപ്പെടുന്നു. മൂലശബ്ദങ്ങൾ, വ്യാകരണങ്ങൾ, സന്ധി, അർഥം, പദം എന്നീ തലങ്ങളിലാണ് താരതമ്യപഠനം നടത്തുന്നത്. ഈ തലങ്ങളെല്ലാം ഒരുപോലെ പ്രാധാന്യമുള്ളതാണെങ്കിലും ആദ്യത്തെ മൂന്ന്തലങ്ങൾ ആന്തരികവും മറ്റു രണ്ടെണ്ണം ബാഹ്യവുമാണ്.

പരസ്പരം ബന്ധമില്ലാത്ത ജനങ്ങൾ ഒരേ ഭാഷ നൂറ്റാണ്ടുകളോളം സംസാരിക്കുമ്പോൾ പല ഭാഷകൾ ഉദ്ഭവിക്കുക സാധാരണമാണ്. ഇങ്ങനെ ഭാഷകളുടെ ഉദ്ഭവം ഏതു പൂർവ ഭാഷാരൂപത്തിൽ നിന്നാണോ ആ ഭാഷയെ പുതുതായി ഉദ്ഭവിച്ച ഭാഷകളുടെ പ്രാഗ്രൂപം എന്നു പറയാം; പുതുതായി ഉണ്ടായ ഭാഷകൾ പൂർവഭാഷയുടെ പുത്രീഭാഷകൾ എന്നും. പുത്രീഭാഷകൾ തമ്മിലുള്ള ബന്ധം വ്യക്തമാക്കാൻ അവയെ സഹോദരീഭാഷകൾ എന്നും വിളിക്കാം. ഇന്ന് പ്രയോഗത്തിലിരിക്കുന്ന നാല് പ്രാഗ് ചരിത്ര ഭാഷാശാസ്ത്ര പദ്ധതികളിൽ പ്രഥമവും പ്രധാനവുമായത് താരതമ്യ (തുലനാത്മക) ഭാഷാശാസ്ത്രമാണ്. ഭാഷാഭേദ ഭൂമിശാസ്ത്രം, ഭാഷാകാലഗണന, ആന്തരിക പുനർനിർമ്മാണം എന്നിവയാണ് മറ്റു പദ്ധതികൾ. ഭാഷകളെ താരതമ്യപഠന വിധേയമാക്കുമ്പോൾ പല ചരിത്രവസ്തുതകളും വെളിച്ചത്തു വരുന്നു. ഭാഷാശാസ്ത്രത്തിന്റെ വളർച്ചയോടുകൂടി താരതമ്യപഠനം ശാസ്ത്രീയമായിത്തീർന്നിട്ടുണ്ട്. ജൈവബന്ധം കണ്ടുപിടിക്കുക, ജൈവബന്ധമുള്ള ഭാഷകളുടെ പ്രാഗ്രൂപത്തിന്റെ പുനർനിർമ്മാണം നടത്തുക, ജൈവബന്ധത്തിന്റെ ഏറ്റക്കുറച്ചിലുകൾ കണ്ടുപിടിക്കുക ആദിയായ പ്രക്രിയകളാണ് താരതമ്യപഠനത്തിൽ വിശദീകരിക്കപ്പെടുന്നത്.

ഏതു ഭാഷയെയും താരതമ്യപഠനത്തിനു വിധേയമാക്കാം. ജൈവബന്ധം സംശയാസ്പദമാണെങ്കിൽ താരതമ്യപഠനത്തിൽ ഇത് വ്യക്തമാക്കപ്പെടുന്നു. മറിച്ച് ജൈവബന്ധമുള്ള ഭാഷകളെ സംബന്ധിച്ചിടത്തോളം പ്രാഗ്രൂപം, ഭാഷകൾ തമ്മിലുള്ള പരസ്പര ജൈവബന്ധം എന്നിവ മനസ്സിലാക്കാം. പഠനവിധേയമാക്കുന്ന ഭാഷകളിലെ അർഥ-രൂപ സാമ്യമുള്ള പദങ്ങൾ ആദ്യം കണ്ടുപിടിക്കുന്നു. ഭാഷകൾ പരിണാമ വിധേയമായതിനാൽ, ഒരേ പദങ്ങൾക്ക് അർഥ-രൂപ സാമ്യം ഭാഗികമായാലും മതി. അർഥത്തിലും രൂപത്തിലും സാമ്യമുള്ള പദങ്ങൾ മൂന്ന് തരത്തിലുണ്ടാകാം.

  1. മറ്റു ഭാഷകളിൽ നിന്ന് കടം കൊണ്ടവ.
  2. സാന്ദർഭികമായി ഭാഷകളിൽ ഉപയോഗിക്കുന്ന അർഥ-രൂപ സാമ്യമുള്ള പദങ്ങൾ.
  3. സജാതീയ പദങ്ങൾ. ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷ ഉദ്ഭവിക്കുമ്പോൾ പ്രാഗ്രൂപത്തിന്റെ പല സ്വഭാവങ്ങളും പുത്രീഭാഷയിൽ അവശേഷിക്കുന്നു.

താരതമ്യപഠനത്തിൽ സജാതീയ പദങ്ങളാണ് അടിസ്ഥാന ഘടകം. അതിനാൽ പരകീയ പദങ്ങളും സാന്ദർഭിക പദങ്ങളും ഒഴിവാക്കുന്നു. പരകീയ പദങ്ങളുടെ ആധിക്യം ഭാഷകളുടെ ജൈവബന്ധത്തിൽ സംശയത്തിനിടനല്കാമെന്നതിനാൽ താരതമ്യപഠനത്തിൽ സജാതീയ പദങ്ങൾക്കു പുറമേ ഭാഷകളുടെ വ്യാകരണതലവും പഠനവിധേയമാക്കുന്നു. ഒരു ഭാഷയുടെ വ്യാകരണം മറ്റൊരു ഭാഷയുടെ സ്വാധീനത്താൽ പരിണാമപ്പെടുന്നതല്ല. സംസ്കൃതത്തിലും മലയാളത്തിലും പൊതുവായി കാണുന്ന പദങ്ങളുടെ അടിസ്ഥാനത്തിൽ ഇവയുടെ ജൈവബന്ധം സംശയിക്കപ്പെട്ടെങ്കിലും വ്യാകരണതല പരിശോധനയിൽ ഈ ധാരണ തിരുത്തിയെഴുതപ്പെട്ടു.

അർഥ-രൂപ സാമ്യമുള്ള പദങ്ങളും വ്യാകരണവുമാണ് ജൈവ ബന്ധം തീരുമാനിക്കാനുള്ള മുഖ്യ ഉപാധികൾ. ജൈവബന്ധം മനസ്സിലാക്കിക്കഴിഞ്ഞാൽ പരകീയ പദങ്ങളെ അനുകൂലന പ്രക്രിയകളിലൂടെ വേർതിരിക്കുന്നു. അതിനുശേഷം സജാതീയ പദസഞ്ചയങ്ങളുടെ പുനർനിർമ്മാണം തുടങ്ങുന്നു. സജാതീയ പദസമൂഹത്തിൽ നിന്ന് ശബ്ദാനുകൂലനം തയ്യാറാക്കണം. ഉദാഹരണമായി തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലെ സജാതീയ പദങ്ങളിൽ ചിലത് പരിശോധിക്കാം.

ഭാഷ പദങ്ങൾ

തിരുത്തുക

തമിഴ് ചെവി-ചിരി-കൈ കെടു

മലയാളം ചെവി-ചിരി-കൈ കെടു

കന്നഡ കെവി-കിരി-കൈ കെടു

ഒന്ന്, രണ്ട് എന്നീ സജാതീയ പദങ്ങളിലെ ആദ്യവ്യഞ്ജനത്തിന്റെ ശബ്ദാനുകൂലനം തമിഴ്, മലയാളം-ച്, കന്നഡ-ക് എന്നും മൂന്ന്, നാല് എന്നിവയിലെ സജാതീയ പദങ്ങളിലെ ശബ്ദാനുകൂലനം തമിഴ്, മലയാളം, കന്നഡ-ക് എന്നുമാണ്. അതായത് കന്നഡയിലെ ക് എന്ന ശബ്ദത്തെ പ്രതിനിധാനം ചെയ്യുവാൻ തമിഴിലും മലയാളത്തിലും രണ്ട ് ശബ്ദങ്ങൾ ഉണ്ട്. 'ക'യും 'ച'യും. ശബ്ദാനുരൂപ്യം സൃഷ്ടിക്കുമ്പോൾ ശബ്ദതത്ത്വം കാര്യമാക്കേണ്ടതില്ല. ക്രമം തെറ്റാതെയുള്ള ആവർത്തനമാണ് പ്രധാനം. ശബ്ദാനുകൂലനം കഴിഞ്ഞാൽ പുനർനിർമ്മാണമാണ് നടത്തേണ്ടത്. ഭാഷകളിൽ ശബ്ദങ്ങൾക്ക് വ്യത്യാസമില്ലെങ്കിൽ പൂർവഭാഷയിലും അതേ ശബ്ദം തന്നെ ആയിരുന്നിരിക്കണം എന്നതാണ് അംഗീകരിക്കപ്പെട്ട തത്ത്വം. ക്/ക് എന്ന അനുകൂലനത്തിന്റെ അടിസ്ഥാനത്തിൽ പ്രാഗ്രൂപത്തിലും *ക് എന്ന ശബ്ദമൂലകം പുനർനിർമ്മിക്കാം. (*എന്ന ചിഹ്നം പ്രാഗ്രൂപത്തെ സൂചിപ്പിക്കുന്നു.) അടുത്ത അനുകൂലനത്തിൽ ക്/ച് എന്ന് കാണാം. അതായത് കന്നഡയിലെ 'ക്' തമിഴിലും മലയാളത്തിലും 'ച്' ആണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പ്രാഗ്രൂപനിർമ്മാണത്തിൽ പരിസരശബ്ദം പരിശോധിക്കുന്നു. തമിഴിലേയും മലയാളത്തിലേയും 'ച്', ജിഹ്വാതലസ്വരങ്ങൾക്ക് മുൻപിൽ വക്രതല ശബ്ദങ്ങൾ പിൻതുടർന്ന് വരാത്തപ്പോൾ മാത്രമാണ് കാണുന്നത്. അതായത് 'ച്'യുടെ സ്ഥാനം പ്രവചനീയമാണ്. പൂർവഭാഷയിൽ ച്/ക് ഇവയിൽ ഏതെങ്കിലും ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന നിഗമനത്തിലെത്തിച്ചേരുന്നു. ശബ്ദപരിണാമം മൂലം വന്നതാണ് ഈ വ്യത്യാസം. പുനർനിർമ്മാണ പ്രക്രിയയിൽ ജിഹ്വാമൂല വ്യഞ്ജനമായ 'ക്' ജിഹ്വാതല സ്വരത്തിന് മുൻപിൽ ജിഹ്വാതലവ്യഞ്ജനമായി മാറുകയെന്നത് സുഗ്രഹമായതിനാൽ, ശബ്ദാനുകൂലനത്തിൽ പൂർവഭാഷയിൽ 'ക്' ആയിരുന്നിരിക്കണം എന്ന് അനുമാനിക്കാം. മലയാളത്തിലും തമിഴിലും പിന്നീട് 'ച്' ആയി പരിണാമപ്പെട്ടതായിരിക്കാം.

ശബ്ദതത്ത്വത്തേയും ഭൂരിഭാഗം ഭാഷകളിലെ സമാനതകളേയും അടിസ്ഥാനമാക്കി പുനർനിർമ്മാണം നടത്തിയിരുന്നെങ്കിലും ഇവയെ ആസ്പദമാക്കിയുള്ള നിഗമനങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല. പുനർനിർമ്മാണത്തിൽ ഇവ പരിഗണിക്കാറുണ്ടെങ്കിലും ശബ്ദമൂലക സിദ്ധാന്തത്തിലെ വ്യത്യയം, ആശ്രിതബന്ധം എന്നിവയാണ് അടിസ്ഥാന ഘടകങ്ങൾ. ശബ്ദമൂലകങ്ങളുടെ പുനർനിർമ്മാണംപോലെതന്നെ ശബ്ദമൂലകങ്ങളുടെ വിതരണക്രമം, സന്ധി നിയമങ്ങൾ, രൂപമൂലകതലം തുടങ്ങിയ ഭാഷകളുടെ മൂലകങ്ങളെക്കൂടി പുനർനിർമ്മിക്കാവുന്നതാണ്. ഈ ഭാഷ മുൻപു സംസാരിച്ചിരുന്നവരെപ്പറ്റിയും അവരുടെ സംസ്കാരത്തെപ്പറ്റിയും ചില വിവരങ്ങളും ലഭിച്ചേക്കാം. പ്രാഗ്രൂപത്തിൽ നിന്ന് പുത്രീഭാഷകളിലേക്കുള്ള പരിണാമം സ്വാഭാവികമായ ഭാഷാ പരിണാമ മാർഗങ്ങൾക്കനുസൃതമായിരിക്കണം. പ്രാഗ്രൂപം ഒരു കാലത്ത് പ്രയോഗത്തിലിരുന്നു എന്ന് അനുമാനിക്കുന്നതിനാൽ പുനർനിർമ്മിക്കപ്പെടുന്ന ഭാഷ ഒരു സാധാരണ ഭാഷയോട് സാദൃശ്യമുള്ളതാകണം. പ്രാഗ്രൂപം ഭാഷാഭേദരഹിതമായിരിക്കണമെന്ന് താരതമ്യപഠനത്തിൽ നിഷ്കർഷിക്കുന്നുണ്ടെങ്കിലും ഇത് പ്രായോഗികമാകാനിടയില്ല.

പൂർവഭാഷയിൽ നിന്ന് പുത്രീഭാഷകളിലേക്കുള്ള പരിണാമം പെട്ടെന്ന് ഉണ്ടാകാനിടയില്ല. പുത്രീഭാഷകളായി പരിണമിക്കുന്നതിനു മുമ്പ് പല ദശകളും പിന്നിട്ടിട്ടുണ്ടാകണം. അതായത് മൂല ദ്രാവിഡഭാഷയ്ക്കും അതിൽനിന്ന് പിരിഞ്ഞിട്ടുള്ള ഓരോ ദ്രാവിഡഭാഷയ്ക്കും തമ്മിലുള്ള ബന്ധങ്ങൾ പലതരത്തിലായിരിക്കാം. അതുപോലെതന്നെ ദ്രാവിഡഭാഷാകുടുംബത്തിലെ സഹോദരീഭാഷകൾ തമ്മിലുള്ള ബന്ധങ്ങളിലും വ്യത്യാസങ്ങൾ കാണാം. പുത്രീഭാഷയിലേക്കുള്ള പരിണാമ പ്രക്രിയയിൽ ഉണ്ടായിട്ടുള്ള ദശകൾ കണ്ടുപിടിക്കാനും താരതമ്യപഠനത്തിൽ സാധ്യമാകുന്നു. ഈ ദശകളെ ആസ്പദമാക്കിയാണ് ഭാഷാ കുടുംബത്തിൽ ഉപവിഭജനം നടക്കുന്നത്. പ്രാഗ്രൂപത്തിൽ വന്നിട്ടുള്ള പൊതുപരിണാമങ്ങളാണ് ഉപവിഭജനത്തിന്റെ അടിസ്ഥാനം. ഇങ്ങനെയുള്ള പൊതുപരിണാമങ്ങളുടെ അടിസ്ഥാനത്തിൽ മൂല ദ്രാവിഡഭാഷയെ ദക്ഷിണ-മധ്യ-ഉത്തര ദ്രാവിഡ ഭാഷകൾ എന്ന് വിഭജിച്ചിരിക്കുന്നു. പൂർവഭാഷയ്ക്ക് ഒട്ടേറെ ഉപവിഭാഗങ്ങളുണ്ടാകാം. അതായത് ദക്ഷിണ ദ്രാവിഡത്തിലെ ഉപ വിഭാഗങ്ങളാണ് തമിഴും മലയാളവും. സന്ദർഭവശാൽ ഉണ്ടാകാവുന്ന പല പൊതുപരിണാമങ്ങളാണ് വിഭജനത്തിന്റെ അടിസ്ഥാനം.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താരതമ്യ ഭാഷാശാസ്ത്രപഠനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.