ആന്ത്രശൂല

(Colitis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൻകുടലിനുണ്ടാകുന്ന വീക്കമാണ് ആന്ത്രശൂല. ഇത് രണ്ടു തരമുണ്ട്:

  1. ശ്ലേഷ്മശൂല. (Mucous or Spastic colon)
  2. വ്രണമുണ്ടാക്കുന്ന ആന്ത്രശൂല (Ulcerative Colitis)
ആന്ത്രശൂല
സ്പെഷ്യാലിറ്റിഗ്യാസ്ട്രോഎൻട്രോളജി Edit this on Wikidata

ശ്ലേഷ്മാന്ത്രശൂല

തിരുത്തുക

(Mucous or Spastic colon).

രോഗം താരതമ്യേന നിസ്സാരമാണ്.[1] ഇതു ബാധിച്ചാൽ കുടലിൽ വീക്കമുണ്ടാകണമെന്നില്ല. എന്നാൽ അപൂർവമായി വളരെ ചെറിയതോതിൽ വീക്കമുണ്ടാകാറുണ്ട്. രോഗിക്ക് വയറിന്റെ ഇടതുവശത്തായി അല്പമായ വേദന അനുഭവപ്പെടുന്നു. അതിസാരവും മലബന്ധവും മാറി മാറി ഉണ്ടാവുകയും ചെയ്യും. വൻകുടലിന്റെ ഭിത്തികൾക്കുണ്ടാകുന്ന സത്വരമായ സങ്കോചവികാസങ്ങൾ (spasma) കുടലിന്റെ തരംഗരൂപത്തിലുള്ള പെരിസ്റ്റാൾട്ടിക് ചലനങ്ങളെ ബാധിക്കുന്നതിനാലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. തുടർച്ചയായി വിരേചനൗഷധങ്ങൾ ഉപയോഗിക്കുന്നതുമൂലം ഈ രോഗമുണ്ടാവുകയും ഉള്ള രോഗം വർധിക്കുകയും ചെയ്യാൻ ഇടയുണ്ട്. ഭക്ഷണം ശരിയായി നിയന്ത്രിക്കുകയും വിരേചനൗഷധങ്ങൾ ഉപയോഗിക്കാതിരിക്കയുമാണ് ചികിത്സാ നടപടികൾ.

വ്രണമുണ്ടാക്കുന്ന ആന്ത്രശൂല

തിരുത്തുക

(Ulcerative Colitis)

ഇന്നോളം കാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതും വളരെ ഗുരുതരവും ആയ ഒരു രോഗമാണിത്.[2] 20-നും 40-നും ഇടയ്ക്കു പ്രായമുള്ളവരെയാണ് ഇതു സാധാരണയായി ബാധിക്കുക. ഭക്ഷ്യവിഷബാധ, ഏതെങ്കിലും ഭക്ഷണത്തിനോടുള്ള അരോചകത്വം, വികാരവിക്ഷോഭങ്ങൾ എന്നിവ ഇതിനു കാരണങ്ങളാണ്. മറ്റു രോഗങ്ങൾ, ക്ഷതങ്ങൾ എന്നിവയോടൊപ്പം ഉപരോഗങ്ങൾ ആയും ആന്ത്രശൂല ഉണ്ടാകാം. ഉദാഹരണത്തിന് കുടലിൽ ട്യൂമറുണ്ടാകുന്നതിനോടൊപ്പം ആന്ത്രശൂലയും ഉണ്ടാകാറുണ്ട്.

ഗുദത്തിനടുത്ത്, വൻകുടലിന്റെ അവസാനഭാഗത്തായാണ് സാധാരണയായി ഈ രോഗം ആരംഭിക്കുക. അവിടെ നിന്നും അത് മുകളിലേക്കു വ്യാപിക്കുന്നു. രോഗബാധയുണ്ടായ ഭാഗങ്ങൾ ചുവന്നു തുടുക്കുകയും, തുറന്ന വ്രണങ്ങൾ ഉണ്ടാവുകയും ചെയ്യും. മലത്തിൽ രക്തം കാണുക സാധാരണമാണ്. വയറുവേദനയും കഠിനമായ അതിസാരവും ഉണ്ടാകാം. 15-20 പ്രാവശ്യം വരെ വയറിളകുക സാധാരണമാണ്. പലപ്പോഴും ഈ രോഗം സ്ഥിരമോ, വളരെക്കാലം നീണ്ടുനിൽക്കുന്നതോ ആയിരിക്കും. എന്നാൽ ഇടയ്ക്കിടെ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാവുകയോ, രോഗത്തിന് താത്കാലിക ശമനം ഉണ്ടാവുകയോ ചെയ്യുക പതിവാണ്. സാധാരണയായി രോഗികൾക്ക് വികാരസംഘർഷം സംഭവിക്കാറുണ്ട്. ഇത് രോഗത്തോടൊപ്പമുള്ള വേദനയുടെയും മറ്റും ഫലമാണോ അതോ ഒരു രോഗകാരണം തന്നെയാണോ എന്നു നിർണയിക്കപ്പെട്ടിട്ടില്ല.

ചികിത്സ

തിരുത്തുക

പരിപൂർണ വിശ്രമമാണ് രോഗത്തിനുള്ള പ്രധാന ചികിത്സ. പഴങ്ങൾ, പച്ചക്കറികൾ എന്നിവ കുറവും, ജീവകങ്ങളും ധാതുലവണങ്ങളും ധാരാളവും ഉള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. കോർട്ടിസോൺ പോലെയുള്ള ഔഷധങ്ങൾ ഗുളികകളായോ എനിമ മുഖാന്തരമോ കൊടുക്കാറുണ്ട്. വളരെ ഗുരുതരമായ അവസ്ഥയിൽ കുടലിൽ രോഗം ബാധിച്ച ഭാഗം മുറിച്ചു കളയേണ്ടിവരും. (കോളോസ്റ്റമി അഥവാ ഇലിയോസ്റ്റമി എന്ന പേരിൽ ഇതറിയപ്പെടുന്നു.) ഇതോടൊപ്പം കുടലിന്റെ അറ്റം പുറത്തേക്കു തുറക്കുന്നതിനുവേണ്ടി ഉദരഭിത്തിയിൽ കൃത്രിമമായി ദ്വാരമിടുകയും വേണം. വിസർജനത്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആന്ത്രശൂല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആന്ത്രശൂല&oldid=2343237" എന്ന താളിൽനിന്ന് ശേഖരിച്ചത്