മേഘം

(Cloud എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാഴ്ചയ്ക്ക് ഗോചരമായ രീതിയിൽ ഭൗമാന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ചുണ്ടാകുന്ന വാതകപിണ്ഡങ്ങളാണ് മേഘങ്ങൾ. അന്തരീക്ഷത്തിൽ മേഘങ്ങൾ കാണപ്പെടുന്ന ഉയരത്തിനനുസൃതമായി അവയിൽ ഘനീഭവിച്ച നീരാവിയോ, മഞ്ഞുപരലുകളോ കാണപ്പെടാം. മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് നെഫോളജി.

മേഘം‍.
മേഘങ്ങൾ.

രൂപവത്കരണം

തിരുത്തുക
 
ക്യുമുലസ് മഴമേഘങ്ങൾ.

ഉയർന്ന ആപേക്ഷിക ആർദ്രതയിൽ നീരാവിയും വഹിച്ചുകൊണ്ട്‌ അന്തരീക്ഷത്തിലേക്കുയരുന്ന “വായു കുമിളകൾ” (thermals), അന്തരീക്ഷത്തിന്റെ മുകൾ തട്ടുകളിലേക്കെത്തുമ്പോഴേക്കും വികസിക്കുകയും, തണുക്കുകയും ചെയ്യുന്നു. ഓരോ കിലോമീറ്റർ ഉയരം ചെല്ലുന്തോറും അന്തരീക്ഷവായുവിന്റെ താപനില 5-6 °C / km വീതം കുറയുന്നു. ഇങ്ങനെ തണുത്ത്‌ ഡ്യൂ പോയിന്റ് വായുവിന്റെ താപനിലയോടൊപ്പമെത്തുന്ന അവസരത്തിൽ നീരാവി ഘനീഭവിക്കുകയും,condensation nuclei എന്നുവിളിക്കപ്പെടുന്ന അതിസൂക്ഷ പൊടിപടലങ്ങളിലേക്ക് ഘനീഭവിച്ച് മഞ്ഞുകണങ്ങളായി മാറുകയും ചെയ്യുന്നു. ഇതാണ്‌ നമ്മുടെ കാഴ്ചയ്ക്ക് ഗോചരമാകുന്ന മേഘങ്ങൾ.

അന്തരീക്ഷവായുവിലുള്ള നീരാവി ഘനീഭവിച്ച് ഹിമകണങ്ങൾ, ജലകണങ്ങൾ, മഴ, മഞ്ഞ് ഇവയിലേതെങ്കിലും ഒരു രൂപത്തിലായിമാറുന്ന പ്രക്രിയയെയാണ് Precipitation എന്നു പറയുന്നത്. എല്ലാ മേഘങ്ങളും, ഇവയിലേതെങ്കിലും ഒരു രൂപത്തിലുള്ള ജലതന്മാത്രകൾ വഹിച്ചിരിക്കുന്നു.

മേഘങ്ങളുടെ നാമകരണം

തിരുത്തുക

1802 ൽ ലാമർക്ക് (Lamarck)ആണ് ആദ്യമായി മേഘങ്ങൾക്ക് പേരിടാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. 1803 ൽ ലൂക്ക് ഹോവാർഡ് (Luke Howard) മേഘരൂപങ്ങൾക്ക് ലാറ്റിൻ പേരുകൾ നിർദ്ദേശിച്ചു. 1887 ൽ ആബെർ കോംബി, ഹിൽഡിബ്രാന്റ്സൺ (Abercromby and Hildebrandson) എന്നീ ശാസ്ത്രജ്ഞരാണ് ഇന്നത്തെ രീതിയിൽ ഉയരവും, ആകൃതിയും അടിസ്ഥാനമാക്കി മേഘങ്ങൾക്ക് പേരുനൽകുന്ന പദ്ധതി ആവിഷ്കരിച്ചത്.

ഒരു നാടപോലെ നീണ്ട്‌, തൂവൽ പോലെ മൃദുലമായ വശങ്ങളോടുകൂടിയവ, ചെറിയമേഘശകലങ്ങൾ നിരത്തിയിട്ടപോലെ കാണപ്പെടുന്നവ, ആകാശം മുഴുവൻ നിറഞ്ഞ്‌ നിർത്താതെ മഴപെയ്യിക്കുന്നവ,കാറ്റിന്റേയും ഇടിയുടേയും അകമ്പടിയോടെ കറുത്തിരുണ്ട്‌ വരുന്നവ എന്നിങ്ങനെ പലതരത്തിൽപ്പെട്ട മേഘങ്ങളെ കാണാം. ഇവയേയൊക്കെ പ്രത്യേകരീതിയിൽ തരംതിരിച്ചാണ്‌ കാലാവസ്ഥാ വിദഗ്ദ്ധർവിളിക്കുന്നത്‌. മേഘങ്ങളെ അവയുടെ രൂപത്തിന്റെ (shape) അടിസ്ഥാനത്തിലും അവ സ്ഥിതിചെയ്യുന്ന ഉയരത്തിന്റെ (altitude) അടിസ്ഥാനത്തിലും തരം തിരിച്ചിരിക്കുന്നു. ഓരോ ഇനങ്ങളേയും സൂചിപ്പിക്കുന്ന പേരും ഉണ്ട്.

രൂപത്തിന്റെ അടിസ്ഥാനത്തിൽ, പ്രധാനമായും മൂന്നു പേരുകളിൽ മേഘങ്ങൾ അറിയപ്പെടുന്നു.

  • സ്ട്രാറ്റസ് (stratus) : ഒരു പാളിപോലെ കാണപ്പെടുന്നു, കൃത്യമായ അരികുകളില്ല
  • ക്യുമുലസ് (cumulus) : ഒരു കൂന, കൂമ്പാരം പോലെ കാണപ്പെടുന്നു. കൃത്യമായ അരികുകൾ ഉണ്ടായിരിക്കും
  • സീറസ് (cirrus) : നാട, നാര്, തൂവൽ തുടങ്ങിയ ആകൃതിയിൽ, വളരെ മൃദുവായി തോന്നുന്ന അരികുകൾ ഉണ്ടായിരിക്കും

ഇനി ഇവയോരോന്നും ആകാശവിതാനത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ കാണപ്പെടുന്നു എന്നു നോക്കാം. താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഭൂതലത്തിൽ നിന്നും മുകളിലേക്ക്‌ അന്തരീക്ഷത്തെ മൂന്നു വ്യത്യസ്ത മേഖലകളായി കാലാവസ്ഥാ നിരീക്ഷകർ തിരിച്ചിരിക്കുന്നു.

 
പലതരം മേഘങ്ങളും അവ കാണപ്പെടുന്ന തലങ്ങളും

സമുദ്രനിരപ്പിൽനിന്നും ഏകദേശം 2 കിലോമീറ്റർ വരെയുള്ള ഭാഗത്തെ നിമ്നതലം lower level) എന്നും ആ ഭാഗത്ത്‌ രൂപംകൊള്ളുന്ന മേഘങ്ങളെ നിംനതല മേഘങ്ങൾ (low level clouds) എന്നും വിളിക്കുന്നു. അതിനുമുകളിൽ 6 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭാഗത്തെ മധ്യതലം (mid level) എന്നും ആ ഭാഗത്ത്‌ കാണപ്പെടുന്ന മേഘങ്ങളെ മദ്ധ്യതല മേഘങ്ങൾ(mid level clouds) എന്നും വിളിക്കുന്നു. ആറുമുതൽ ഏകദേശം 13 കിലോമീറ്റർ വരെയുള്ള വായുമണ്ഡലത്തെ ശീർഷതലം(high level) എന്നും ആ ഭാഗത്തെ കാണപ്പെടുന്ന മേഘങ്ങളെ ശീർഷതല മേഘങ്ങൾ (high level clouds) എന്നും വിളിക്കുന്നു.

മേഘങ്ങളുടെ പേരുകൾക്ക്‌ രണ്ട്‌ ഭാഗങ്ങൾ ഉണ്ടായിരിക്കും. ഒന്നാമത്തെ ഭാഗം ആ മേഘം ഏതു തലത്തിലാണ്‌ കാണപ്പെടുന്നതെന്നും, രണ്ടാമത്തെ ഭാഗം ആ മേഘത്തിന്റെ രൂപത്തെയും കുറിക്കുന്നു. ഉദാഹരണങ്ങൾ "ആൾട്ടോ-ക്യുമുലസ്‌", "സിറോ-ക്യുമുലസ്‌".

high level clouds ന്റെ പേരിനൊപ്പം "സിറോ" (cirro) എന്നും മധ്യതല മേഘങ്ങളുടെ പേരിനൊപ്പം "ആൾട്ടോ" (alto) എന്നും സൂചിപ്പിച്ചിരിക്കും. ഏറ്റവും താഴെയുള്ള നിമ്നതലമേഘങ്ങളുടെ പേരിനൊപ്പം ഇത്തരത്തിൽ ഉയരം സൂചിപ്പിക്കുന്ന വാക്കുകൾ ഉണ്ടാവില്ല; അവയുടെ രൂപം മാത്രമേ പറയാറുള്ളൂ. മേഘങ്ങളുടെ പേരിനൊപ്പം “നിംബസ്” “നിംബോ” എന്നിവയിലേതെങ്കിലും വാക്ക് ഉണ്ടെങ്കിൽ അവ മഴമേഘങ്ങളാണെ എന്നർത്ഥം.

ശീർഷതല മേഘങ്ങൾ

തിരുത്തുക

അന്തരീക്ഷത്തിന്റെ ശീർഷതലത്തിൽ മൂന്നുതരം മേഘങ്ങളാണ് കാണപ്പെടുന്നത്.

  • സിറസ് മേഘങ്ങൾ
  • സിറോ ക്യുമുലസ് മേഘങ്ങൾ
  • സിറോ സ്ട്രാറ്റസ് മേഘങ്ങൾ

സിറസ് മേഘങ്ങൾ

തിരുത്തുക

ആകാശത്തിന്റെ മുകൾത്തട്ടിലായി മിനുമിനുത്തൊരു സിൽക്ക്‌ ഷാൾ പോലെ, നാടകെട്ടിയതുമാതിരിയുള്ള മേഘങ്ങളെ കണ്ടിട്ടില്ലേ? ഇവയാണ്‌ "സിറസ്‌" (cirrus) എന്നറിയപ്പെടുന്ന മേഘങ്ങൾ.

"സിറസ്‌" എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം curly, നാരുപോലെയുള്ള എന്നൊക്കെയാണ്‌. നിശ്ചലമായി, ഒരേസ്ഥലത്ത്‌ കുറേയേറെനേരം ഇവയുണ്ടാവും, സൂര്യൻ ഉയർന്നതലങ്ങളിൽ നിൽക്കുമ്പോൾ തൂവെള്ളനിറത്തിലായിരിക്കും ഇവ കാണപ്പെടുക. അന്തരീക്ഷത്തിന്റെ ശീർഷമേഖലയിൽ (high level) മാത്രമേ ഇവയെ കാണുകയുള്ളൂ. ഭൗമാന്തരീക്ഷത്തിൽ മുകളിലേക്കു പോകുന്തോറും ഊഷ്മാവ്‌ കുറഞ്ഞുവരുന്നു. സിറസ്‌ മേഘങ്ങൾ കാണപ്പെടുന്ന 6 കിലോമീറ്ററിനും മുകളിലുള്ള മേഖലയിലെ താപനില -40 °C യ്കും താഴെയാണ്‌. അതായത് ജലം തണുത്ത്‌ ഐസായിമാറുന്ന പൂജ്യം ഡിഗ്രി സെൽഷ്യസിനേക്കാൾ 40 ഡിഗ്രി താഴെ എന്നർത്ഥം. ഇത്രയും വലിയ കൊടുംതണുപ്പിൽ വായുവിലുള്ള ജലബാഷ്പം ജലകണങ്ങളായല്ല, ഐസ്‌ ക്രിസ്റ്റലുകളായിത്തന്നെയാണ്‌ കാണപ്പെടുന്നത്‌. അതിനാൽ സിറസ്‌ മേഘങ്ങൾ ഐസ്‌ ക്രിസ്റ്റലുകൾ തന്നെയാണ്‌, വളരെ നേരിയവ. അതുകൊണ്ടാണ്‌ സൂര്യപ്രകാശത്തിൽ തട്ടിത്തിളങ്ങി അവ തൂവെള്ളനിറത്തിൽ കാണപ്പെടുന്നത്‌. ഉദയാസ്തമന വേളകളിൽ ചുവപ്പുനിറത്തിലും ചാരനിറത്തിലും, സൂര്യപ്രകാശത്തിന്റെ നിറവ്യത്യാസമനുസരിച്ച്‌ ഇവയുടെ നിറവും മാറും.

സിറോക്യുമുലസ് മേഘങ്ങൾ

തിരുത്തുക

ചില അവസരങ്ങളിൽ, ആകാശം "കൊത്തിക്കിളച്ചിട്ടതുമാതിരി" മേഘശകലങ്ങൾ നിരത്തിയിട്ടിരിക്കുന്നതുപോലെ കാണാം. താഴെയുള്ള ചിത്രം നോക്കുക. ഇംഗ്ലീഷിൽ ഇതിനെ mackerel sky അഥവാ "മീൻചെതുമ്പൽ പോലെയുള്ള ആകാശം" എന്നു പറയും. ഈ മേഘങ്ങളും ശീർഷതലത്തിലാണ്‌ (high level) സ്ഥിതിചെയ്യുന്നത്‌. ഉള്ളിൽ ഐസ്‌ ക്രിസ്റ്റലുകൾ തന്നെ. പക്ഷേ ആകൃതിക്ക്‌ വ്യത്യാസമുണ്ട്‌ - ചെറിയ കൂനകൾ / കൂമ്പാരങ്ങളാണിവ - "ക്യുമുലസ്‌" ആകൃതി. അതുകൊണ്ടാണിവയെ സിറോക്യുമുലസ്‌ മേഘങ്ങൾ എന്നു വിളിക്കുന്നത്. സിറോ-ക്യുമുലസ്‌ മേഘങ്ങൾക്കിടയിൽ നിഴൽ ഉണ്ടാവില്ല എന്നത്‌ അവയുടെ പ്രത്യേകതയാണ്‌.

സിറോസ്ട്രാറ്റസ് മേഘങ്ങൾ

തിരുത്തുക

ശീർഷ മേഖലയിൽ ഒരു പാളിപോലെ കാണപ്പെടുന്ന മേഘങ്ങളാണിവ. കാഴ്ചയ്ക്ക് അത്ര ഗോചരമല്ല. പുകമൂടിയ ആകാശം പോലെയാണിവ പ്രത്യക്ഷമാവുക. നിലാവുള്ള ചില രാത്രികളിൽ ചന്ദ്രനുചുറ്റും ഒരു പ്രകാശവലയം കാണപ്പെടാറുണ്ടല്ലോ. ഇത്തരം മേഘങ്ങളുള്ള രാത്രികളീലാണ് ഇങ്ങനെ കാണപ്പെടുന്നത്.

മധ്യതല മേഘങ്ങൾ

തിരുത്തുക

ഭൂതലത്തിൽ നിന്നും രണ്ടുകിലോമീറ്ററിനു മുകളിൽ ആറുകിലോമീറ്റർ വരെയുള്ള അന്തരീക്ഷമേഖലയാണ്‌ മധ്യമേഖല. ഇവിടെ രണ്ടുതരം മേഘങ്ങളാണ്‌ കാണപ്പെടുന്നത്‌.

  • ആൾട്ടോ ക്യുമുലസ് മേഘങ്ങൾ - ചെറിയ കൂമ്പാരം പോലെയുള്ളവ
  • ആൾട്ടോ സ്ട്രാറ്റസ് മേഘങ്ങൾ - പാളിയായി കാണപ്പെടുന്നവ

ആൾട്ടോ ക്യുമുലസ് മേഘങ്ങൾ

തിരുത്തുക

ആൾട്ടോ ക്യുമുലസ്‌ മേഘങ്ങളും ആകാശം കൊത്തിയിളക്കിമാതിരിയാണ്‌ കാണപ്പെടുന്നത്‌. പക്ഷേ സിറോക്യുമുലസുകളേക്കാൾ വലിയ കഷണങ്ങളായിരിക്കും എന്നു മാത്രം.

 
ആൾട്ടോ ക്യുമുലസ് മേഘങ്ങൾ

ആൾട്ടോ സ്ട്രാറ്റസ് മേഘങ്ങൾ

തിരുത്തുക

ചിലദിവസങ്ങളിൽ സൂര്യബിംബത്തെ പ്രകാശം കുറഞ്ഞ ഒരു ഗോളമായി നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കുമല്ലോ? ആൾട്ടോ മേഖലയിൽ കാണപ്പെടുന്ന സ്ട്രാറ്റസ് (മഞ്ഞുപോലെയുള്ള) മേഘങ്ങളാണ്‌ സൂര്യപ്രകാശത്തെ ഈ അവസരങ്ങളിൽ തടയുന്നത്‌. ഈ മേഖലയിലുള്ള മേഘങ്ങളും ഐസ്‌ ക്രിസ്റ്റലുകളാൽ നിർമ്മിതമാണ്‌, ജലത്തുള്ളികളല്ല. വിമാ‍നത്തിൽ നിന്നും നോക്കിയാൽ മൂടൽമഞ്ഞുപോലെ ആൾട്ടോസ്ട്രാറ്റസ് മേഘങ്ങൾ കാണപ്പെടും.

നിംനതല മേഘങ്ങൾ

തിരുത്തുക

ഭൂതലത്തിൽനിന്നും പരമാവധി രണ്ടു കിലോമീറ്റർവരെ ഉയരത്തിലുള്ള അന്തരീക്ഷമേഖലയിലാണ് ഇവ കാണപ്പെടുന്നത്‌. മഴമേഘങ്ങളും ഈ മേഖലയിൽ മാത്രമാണ്‌ കാണപ്പെടുന്നത്‌. ഇവിടെയും മേഘങ്ങളുടെ ആകൃതിക്കനുസരിച്ച്‌ ക്യുമുലസ്‌ (കൂമ്പാരം പോലെ), സ്ട്രാറ്റസ് (മൂടൽമഞ്ഞുപോലെ) എന്നു തന്നെയാണ്‌ പേരുനൽകുന്നത്‌. എന്നാൽ ഉയരം സൂചിപ്പിക്കുന്ന വാക്കുകൾ പേരിനോടൊപ്പം ഉണ്ടാവില്ല.

ഈ മേഖലയിലുള്ള മേഘങ്ങളുടെ പേരിനോടൊപ്പം “നിംബോ" (nimbo) എന്ന വാക്ക്‌ ഉണ്ടെങ്കിൽ അവ മഴമേഘങ്ങളാണെന്ന് അർത്ഥം. രണ്ടുവിധത്തിലുള്ള മഴമേഘങ്ങളേയുള്ളൂ. 1 നിംബോ സ്റ്റ്രാറ്റസ്‌, 2 നിംബൊ ക്യുമുലസ്‌ ഇവയെ ക്യുമുലോ നിംബസ്‌ എന്നും വിളിക്കാറുണ്ട്‌).

ക്യുമുലസ് മേഘങ്ങൾ

തിരുത്തുക

വെളുത്ത്‌ ഉരുണ്ട പഞ്ഞിക്കെട്ടുകൾപോലെ ആകാശത്തിന്റെ താഴ്‌ന്ന തലങ്ങളിൽ ഇവ മഴക്കാലത്തോടടുത്ത സമയങ്ങളിൽ കാണപ്പെടും. കേരളത്തിൽ വളരെ സാധാരണമാണിവ. നീലാകാശത്ത്‌, വ്യക്തമായ അതിരുകളോടുകൂടിയാണ്‌ ഇവ കാണപ്പെടുന്നത്‌. Supersaturated ആയ വായുവിലെ നീരാവി ഘനീഭവിച്ച്‌ ജലകണങ്ങളായി മാറിയവയാണ്‌ ഈ മേഘങ്ങൾ. ഇവയക്കുള്ളിലെ വായുപ്രവാഹത്തിനനുസരിച്ച്‌ ഇവയുടെ ആകൃതി മാറിക്കൊണ്ടേയിരിക്കും. അനുകൂല സാഹചര്യങ്ങളിൽ ഇവയ്ക്ക്‌ മഴമേഘങ്ങളായി മാറാൻ സാധിക്കും. എങ്കിലും ഒറ്റയായി കാണപ്പെടുമ്പോൾ തെളിഞ്ഞകാലാവസ്ഥയായിരിക്കു ഉണ്ടായിരിക്കുക.

സ്ട്രാറ്റസ് മേഘങ്ങൾ

തിരുത്തുക

സ്ട്രാറ്റസ് മേഘ്ങ്ങളും ജലകണികകൾ തന്നെയാണ്‌. എന്നാൽ ക്യുമുലസ്‌ മേഘങ്ങളെപ്പോലെ ഇവയ്ക്ക്‌ വ്യക്തമായ അതിരുകളുണ്ടാവില്ല. ആകാശം മുഴുവൻ "മേഘാവൃതമായിരിക്കും" എന്നു കാലാവസ്ഥാ നിരീക്ഷകർ പറയുമ്പോൾ ഇത്തരം മേഘങ്ങളെപ്പറ്റിയാണ്‌ പറയുന്നത്‌. സ്ട്രാറ്റസ്‌ മേഘങ്ങൾ അനുകൂല സാഹചര്യങ്ങളിൽ മഴക്കാറുകളായി മാറും. അപ്പോൾ ഇവയെ നിംബോ സ്ട്രാറ്റസ് എന്നു വിളിക്കുന്നു. മഴക്കാലത്ത്‌ ഇത്തരം മേഘപാളികളെ കാണാവുന്നതാണ്‌. ഇങ്ങനെപെയ്യുന്ന മഴയോടൊപ്പം കാറ്റോ ഇടിമിന്നലോ ഉണ്ടാവില്ല. ഹൈറേഞ്ച്‌ മേഖലയിലുള്ളവർക്ക്‌ നേരിയ സ്ട്രാറ്റസ് മേഘങ്ങൾ, മഴക്കാറില്ലാതെതന്നെ പെട്ടെന്നുണ്ടാവുന്ന ചാറ്റൽമഴയായും അനുഭവപ്പെടാറുണ്ട്‌. സ്ട്രാറ്റസ് മേഘങ്ങളിൽ ഉദയാസ്തമനവേളകളിലെ ചുവന്ന സൂര്യപ്രകാശം പതിക്കുമ്പോഴാണ് “ചെമ്മാനം” കാണപ്പെടുന്നത്.

ക്യുമുലോ നിംബസ് മേഘങ്ങൾ

തിരുത്തുക

മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനം ഇതാണ്‌. അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽനിന്നാരംഭിച്ച്‌ ഇവയുടെ മേലറ്റം സീറസ്‌ മേഖല (13 kilometer) വരെ ഉയരത്തിൽ എത്താം! ഒരു വലിയ മേഘത്തൂൺ പോലെയാണ്‌ ഇവ കാണപ്പെടുക. ഇവയുടെ മുകളറ്റം വളരെ ഉയരത്തിൽ പടർന്നുകയറുന്ന ശക്തമായ കാറ്റായി കാണാവുന്നതാണ്‌. കേരളത്തിൽ തുലാമഴയുടെ സമയത്തും, കാലവർഷത്തിൽ വലിയ കാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും ഈ മേഘങ്ങളെ കാണാവുന്നതാണ്‌.

 
ക്യുമുലോ നിംബസ് മേഘം

ശക്തമായ മഴയും,കാറ്റും, ഇടിയും, ചിലപ്പോഴൊക്കെ ആലിപ്പഴ വർഷവും ഈ മേഘങ്ങളുടെ പ്രത്യേകതയാണ്‌ ഈ ഇനത്തിൽപ്പെട്ട മേഘത്തിനുള്ളിൽ ശക്തിയേറിയ വായുപ്രവാഹം ഒരു കൊടുങ്കാറ്റ്‌ പോലെ ഉണ്ടാകുന്നുണ്ട്‌. മേഘത്തിന്റെ നടുഭാഗത്തുകൂടി അടിയിൽനിന്നു മുകളിലേക്കുയരുന്ന വായു പ്രവാഹത്തെ updraft എന്നും, മേഘത്തിന്റെ വശങ്ങളിലൂടെ താഴേക്ക് പതിക്കുന്ന വായുപ്രവാഹത്തെ down draftഎന്നും വിളിക്കുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും, മുകളറ്റത്ത്‌ ഐസ് ക്രിസ്റ്റലുകളുമാണുണ്ടാവുക. ഈ മേഘങ്ങൾക്ക്‌ വളരെകട്ടിയുള്ളതിനാൽ (10 കിലോമീറ്റർവരെ കനം!) സൂര്യപ്രകാശത്തെ അവ ഗണ്യമായി തടഞ്ഞുനിർത്തുന്നു. അതിനാലാണ്‌ മഴമേഘങ്ങളുടെ അടിഭാഗം കറുത്തിരുണ്ട്‌ കാണപ്പെടുന്നത്‌.

 
മേഘം-ആകാശ ദൃശ്യം

ചിത്രശാല

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മേഘം&oldid=3761415" എന്ന താളിൽനിന്ന് ശേഖരിച്ചത്