ചൊൽക്കാഴ്ച‌

(Cholkkazhcha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കവിത ദൃശ്യഭംഗിയോടെ അഭിനയിച്ച് അവതരിപ്പിക്കുന്ന ഒരു കാവ്യാലാപനരീതിയാണ് ചൊൽക്കാഴ്ച‌.[1] ചൊൽക്കാഴ്ച എന്ന വാക്കിൻ്റെ അർത്ഥം ചൊല്ലി അവതരിപ്പിക്കുക എന്നാണ്. [2]

ചരിത്രം

തിരുത്തുക

1970-കളിൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ചെലവൂർ വേണുവിന്റെ കോഴിക്കോട്ടുള്ള ഓഫീസിലെ കൂട്ടായ്മകളിൽ നിന്നാണ് ചൊൽക്കാഴ്ചയുടെ തുടക്കം. സംവിധായകർ അരവിന്ദൻ, ജോൺ ഏബ്രഹാം, പവിത്രൻ, പി.എ. ബക്കർ എഴുത്തുകാരായ തിക്കോടിയൻ, ചിന്ത രവി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധിയാളുകൾ ഭാഗമായ ഈ കൂട്ടായ്മയ്ക്ക് വേണ്ടി കടമ്മനിട്ട രാമകൃഷ്ണൻ ഉയർന്ന ശബ്ദത്തിൽ തന്റെ കവിതകൾ ചൊല്ലിയിരുന്നു. ഈ കൂട്ടായ്മയിൽ ഭാഗമായ എ. സുജനപാൽ കടമ്മനിട്ടയുടെ കാവ്യാലാപനം പൊതുവേദിയിൽ അവതരിപ്പിക്കുക എന്ന ആശയം മുന്നോട്ടുവെയ്ക്കുകയും 1974-ൽ കാവ്യസന്ധ്യ എന്ന പേരിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ച് അത് നടത്തുകയും ചെയ്തു.[3]

ചൊൽക്കാഴ്ച കൂടുതൽ ഭംഗിയോടെ അവതരിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തത് അടൂർ ഗോപാലകൃഷ്ണനാണ്. അമേരിക്കയിലെ ഡിസൈൻ കോൺഫറൻസിൽ പങ്കെടുക്കാൻ പോയപ്പോൾ ഹിപ്പി സംസ്കാരത്തിന്റെ ഭാഗമായ ഹാപ്പനിംഗ് എന്ന കലാവതരണരീതി കാണാൻ ഇടയായ അടൂർ അതിൽ നിന്ന് പ്രചോദനമുൾക്കൊള്ളുകയും പ്രത്യേകമായ രംഗസജ്ജീകരണങ്ങളോടും ശബ്ദവിന്യാസത്തോടും കൂടെ കവിത അവതരിപ്പിക്കുന്നതിനുള്ള ആശയം കടമ്മനിട്ടയോടും അയ്യപ്പപ്പണിക്കരോടും പങ്കുവെയ്ക്കുകയും ചെയ്തു. അതിനു ചൊൽക്കാഴ്ച എന്ന പേര് നിർദ്ദേശിച്ചത് അയ്യപ്പപ്പണിക്കരാണ്. പിന്നീട് തിരുവനന്തപുരത്ത് വെച്ച് കടമ്മനിട്ട തൻ്റെ കാട്ടാളൻ എന്ന കവിത ഈ രീതിയിൽ അവതരിപ്പിച്ചു. മുണ്ട് മാത്രം ഉടുത്തുകൊണ്ട് ഇരുട്ടിൽ ഇരുകൈകളിലും തീപ്പന്തവുമേന്തി വേദിയിലേക്ക് വന്നുകൊണ്ടായിരുന്നു ആ കവിതയുടെ അവതരണം.[2]

  1. "ഇവിടെ അടുത്തു ഷാപ്പുണ്ടോ? കള്ളുഷാപ്പ്...?; അയ്യപ്പപ്പണിക്കർ സ്മൃതി, നെടുമുടി വേണു എഴുതുന്നു". samakalikamalayalam.com. സമകാലിക മലയാളം വാരിക. Retrieved 12 ഒക്ടോബർ 2021.
  2. 2.0 2.1 "ചൊൽക്കാഴ്ച‌". ManoramaOnline. മലയാള മനോരമ. Retrieved 12 ഒക്ടോബർ 2021.
  3. "ചൊൽക്കാഴ്ച". ManoramaOnline. മലയാള മനോരമ. Retrieved 12 ഒക്ടോബർ 2021.
"https://ml.wikipedia.org/w/index.php?title=ചൊൽക്കാഴ്ച‌&oldid=3677833" എന്ന താളിൽനിന്ന് ശേഖരിച്ചത്