ചൈനീസ് സാഹിത്യം

(Chinese literature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനീസ് സാഹിത്യത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. കൊട്ടാരങ്ങളിൽ ശേഖരിച്ചു വെച്ച ഗ്രന്ഥശേഖരങ്ങൾ മുതൽ നാട്ടുഭാഷകളിൽ എഴുപ്പെട്ടിട്ടുള്ള നിരവധി സാഹിത്യ രചനകൾ ചൈനയിലുണ്ട്. ടാങ് രാജവംശത്തിന്റെ കാലത്ത് (618–907) വ്യാപകമായി വുഡ്ബ്ലോക്ക് പ്രിന്റിങും സോംഗ് രാജവംശത്തിന്റെ കാലത്ത് (960–1279) ബി ഷെങ് (990–1051) കണ്ടുപിടിച്ച അച്ചുകൾ മാറ്റിവെക്കാവുന്ന തരത്തിലുള്ള അച്ചടിയും ചൈനയിലുടനീളം സാഹിത്യ കൃതികൾ അതിവേഗം പ്രചരിക്കുന്നതിന് കാരണമായി. ആധുനിക കാലഘട്ടത്തിൽ, എഴുത്തുകാരനായ ലു ക്സുൻ (1881-1936) ചൈനയിലെ ബൈഹുവ (പ്രാദേശിക ചൈനീസ് സാഹിത്യം) സാഹിത്യത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നു.

ചൈനീസ് സാഹിത്യം

പുരാതന കാലഘട്ടം തിരുത്തുക

ആദ്യകാല ചൈനീസ് സാഹിത്യം സാമൂഹികവും തൊഴിൽപരവുമായ വാമൊഴി പാരമ്പര്യങ്ങളാൽ സ്വാധീനിക്കപ്പെട്ടു. ആരാധനയുമായി ബന്ധപ്പെട്ടവ ( ഷിജിംഗ് ), [1] ദൈവികവും അമാനുഷികവുമായവ ( യി ജിംഗ് ), ജ്യോതിശാസ്ത്രം, ആഭിചാരം തുടങ്ങിയവ ചൈനീസ് സാഹിത്യത്തിന്റെ ഭാഗമായി.

ക്ലാസിക്കൽ കൃതികൾ തിരുത്തുക

കിഴക്കൻ ഷൗ രാജവംശത്തിന്റെ (ബിസി 770-256) കാലഘട്ടത്തിൽ ഉണ്ടായിരുന്ന നൂറു ചിന്തകളുടെ വിദ്യാലയങ്ങൾ ആദ്യകാല ചൈനീസ് സാഹിത്യത്തിന്റെ വളർച്ചയെ എറെ സഹായിച്ചു. കൺഫ്യൂഷ്യനിസം, ഡാവോയിസം, മോഹിസം, ലീഗലിസം, സൈനിക ശാസ്ത്രത്തിന്റെയും ചൈനീസ് ചരിത്രത്തിന്റെയും കൃതികൾ തുടങ്ങിയവ ഇവയിൽ പ്രധാനമാണ്. ശ്രദ്ധിക്കുക, കവിതകളുടെയും പാട്ടുകളുടെയും പുസ്‌തകങ്ങൾ ഒഴികെ, ഈ സാഹിത്യത്തിൽ ഭൂരിഭാഗവും തത്ത്വചിന്താപരവും ഉപദേശപരവുമാണ്. ഫിക്ഷന്റെ വിഭാഗത്തിൽ വരുന്നവ വളരെ കുറവാണ്. എന്നിരുന്നാലും, ഈ പാഠങ്ങൾ അവരുടെ ആശയങ്ങളിലൂടെയും ഗദ്യശൈലിയിലൂടെയും അവയുടെ പ്രാധാന്യം നിലനിർത്തി.

കൺഫ്യൂഷിയൻ രചനകൾ ചൈനീസ് സാഹിത്യത്തിന്റെയും ചരിത്രത്തിന്റയും പ്രധാന ഘടകങ്ങളായിരുന്നു. നാല് പുസ്തകങ്ങളും അഞ്ച് ക്ലാസിക്കുകളും എന്നറിയപ്പെടുന്ന ഒരു കൂട്ടം കൃതികൾ ഇവയിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു. അതിനാൽ സർക്കാർ ജോലികൾക്കു വേണ്ടിയുള്ള പരീക്ഷകൾ ഇവയെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. അതുകൊണ്ടു തന്നെ ഈ ഒമ്പത് പുസ്തകങ്ങളും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും അടിസ്ഥാനമായി മാറി. കൺഫ്യൂഷ്യസ് വ്യാഖ്യാനിച്ചതും എഡിറ്റുചെയ്തതുമായ കൃതികളെ അഞ്ച് ക്ലാസിക്കുകൾ, നാല് പുസ്തകങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അഞ്ച് ക്ലാസിക്കുകൾ ഇവയാണ്:

  1. ഐ ചിങ്, വിശിഷ്ടമായ മാറ്റങ്ങൾ, ഭാവിപ്രവചനം; [കുറിപ്പ് 1]
  2. ക്ലാസിക് കവിതകൾ, കവിതകൾ, നാടോടി ഗാനങ്ങൾ, ആചാരപരമായ ഗാനങ്ങൾ, കീർത്തനങ്ങൾ,മംഗളാശംസകൾ;
  3. ആചാരക്രമങ്ങളുടെ പുസ്തകം അല്ലെങ്കിൽ ആചാരങ്ങളുടെ രേഖ ;
  4. പ്രമാണങ്ങളുടെ പുസ്തകം, ആദ്യകാല ഭരണാധികാരികളുടെ ഉദ്യോഗസ്ഥരും എഴുതിയ പ്രമാണങ്ങളുടെയും പ്രഭാഷണങ്ങളുടെയും ചൈനീസ് ഗദ്യ ശേഖരം ഷൗ കാലയളവിലോ അതിനു മുമ്പോ ഉള്ളത്
  5. കോൺഫ്യൂഷ്യസിന്റെ ജന്മനാടായ ലുവിന്റെ ചരിത്രരേഖയായ വസന്തത്തിന്റെയും ശരത്തിന്റയും ചരിത്രം ക്രി.മു. 722 മുതൽ 479 വരെ .

നാല് പുസ്തകങ്ങൾ ഇവയാണ്:

  1. കൺഫ്യൂഷ്യസിന്റെ തെരഞ്ഞെടുത്ത രചനകൾ, കൺഫ്യൂഷ്യസ് പറഞ്ഞതും അദ്ദേഹത്തിന്റെ ശിഷ്യന്മാർ രേഖപ്പെടുത്തിയതുമായ സാരവത്തായ കാര്യങ്ങളുടെ പുസ്തകം.
  2. മെൻഷിയസ് രാഷ്ട്രീയ സംഭാഷണങ്ങളുടെ ശേഖരം ;
  3. കൺഫ്യൂഷ്യൻ ധർമ്മ സംഹിത
  4. വിദ്യാഭ്യാസം, സ്വയം കൃഷി, താവോ എന്നിവയെക്കുറിച്ചുള്ള പുസ്തകം.

മോട്സി, ഹാൻ ഫീ എന്നിവരുടെതാണ് മറ്റു പ്രധാന ദാർശനിക കൃതികൾ. താവോ തെ ചിങ്, ചുവാങ്സി, ലീസി എന്നിവയാണ് പ്രധാനപ്പെട്ട താവോയിസ്റ്റ് കൃതികൾ. ലിയൂ ആനിനെ (ബി.സി.ഇ രണ്ടാം നൂറ്റാണ്ട്) പോലെയുള്ള പിൽക്കാല എഴുത്തുകാർ താവോയിസത്തെ കൺഫ്യൂഷ്യനിസവും നിയമവാദവുമായി സംയോജിപ്പിച്ചു.

സൈനിക ശാസ്ത്രത്തിന്റെ ക്ലാസിക് കൃതികളിൽ, സൺ റ്റ്സു എഴുതിയ ആർട്ട് ഓഫ് വാർ (ബിസി ആറാം നൂറ്റാണ്ട്) ഒരുപക്ഷേ ഫലപ്രദമായ അന്താരാഷ്ട്ര നയതന്ത്രത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തിയ ആദ്യത്തെ കൃതിയായിരിക്കാം. ജിങ്‌ലിംഗ് സോങ്‌യാവോ (ഏറ്റവും പ്രധാനപ്പെട്ട സൈനിക സാങ്കേതിക വിദ്യകളുടെ ശേഖരം, സി.ഇ. 1044), ഹൂലോങ്‌ജിംഗ് (ഫയർ ഡ്രാഗൺ മാനുവൽ, സി.ഇ. 14-ആം നൂറ്റാണ്ട്) എന്നിവ ഉൾപ്പെട്ട ചൈനീസ് സൈനിക കൃതികളിൽ ആദ്യത്തേതും ഇതാണ്.

ചരിത്രകൃതികൾ, നിഘണ്ടുക്കൾ, വിജ്ഞാനകോശങ്ങൾ തിരുത്തുക

 
സി-മാ ചിയാൻ ചൈനീസ് ചരിത്രരചനാശാസ്ത്രത്തിന്റെ പിതാവ്

ബി.സി.ഇ 841 മുതൽ തന്നെ കോടതിരേഖകൾ കൃത്യമായി എഴുതി സൂക്ഷിക്കുന്ന പതിവ് ചൈനയിൽ ഉണ്ടായിരുന്നു. ചൈനയിലെ ആദ്യത്തെ വിവരണാത്മക ചരിത്രപുസ്തകം ബി.സി.ഇ 389നു ശേഷം രചിക്കപ്പെട്ട സുവോ ഷുവാൻ ആയിരുന്നു. ബി.സി.ഇ 5-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂ ക്വിമിങ് എന്ന അന്ധനായ ചരിത്രകാരന്റെ ഇടപെടലുകളും ഈ ഗ്രന്ഥത്തിന്റെ നിർമ്മിതിക്കു പിന്നിലുണ്ടായിരുന്നു. പ്രമാണങ്ങളുടെ പുസ്തകം (Book of Documents) ബി.സി.ഇ 6-ാം നൂറ്റാണ്ടിനും 4-ാം നൂറ്റാണ്ടിനും ഇടയിൽ സമാഹരിക്കപ്പെട്ടതാണ്. 1993ൽ ഹൂബിയിലെ ഒരു ശവകുടീരത്തിൽ നിന്നും കണ്ടെടുത്തതാണ് ഗൗഡിയാൻ ചു സ്ലിപ്പുകൾ. പ്രമാണങ്ങളുടെ പുസ്തകത്തിലെ യു ഗോങ് എന്ന അദ്ധ്യായത്തിൽ ആദ്യകാല ഭൂമിശാസ്ത്രവുമായിബന്ധപ്പെട്ട വിവരങ്ങളാണുള്ളത്.[2] ബാംബൂ ആന്നൽസ് എന്നറിയപ്പെടുന്ന ചരിത്രരേഖകൾ ബി.സി.ഇ 296ൽ മരിച്ച വേയ് രാജാവിന്റെ ശവകുടീരത്തിൽ നിന്നാണ് കണ്ടെത്തിയത്. പുരാതന ചൈനയിലെ മറ്റൊരു രാഷ്ട്രീയ നയതന്ത്രഗ്രന്ഥമായിരുന്നു ഷാൻ ഗോ സേ. ബി.സി.ഇ 1-ാം നൂറ്റാണ്ടിനും 3-ാം നൂറ്റാണ്ടിനും ഇടയിലായാണ് ഇത് സമാഹരിക്കപ്പെട്ടിട്ടുള്ളത്. മാവാങ്ഗുഡിയിൽ നിന്നാണ് ഇതിന്റെ കുറച്ചു ഭാഗങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ചൈനയിലെ ഏറ്റവും പുരാതനമായ നിഘണ്ടുവാണ് എര്യാ. ഇതിന്റെ യഥാർത്ഥ രചയിതാവ് ആരാണെന്ന് അറിയില്ല. പിൽക്കാല ചരിത്രകാരനായ ഗൗ പുവിന്റെ (276–324) കുറിപ്പുകൾ പിന്നീട് ഇതിൽ ചേർത്തിട്ടുണ്ട്. മറ്റു പ്രധാന നിഘണ്ടുക്കളാണ് യാങ് സിയോങ് (53 BC – 18 AD) രചിച്ച ഫാങ്യാൻ, സൂ ഷെൻ (58–147 AD) രചിച്ച ഷോവൻ ജീസി എന്നിവ. വലിയ നിഘണ്ടുക്കളിൽ ഒന്നാണ് കാങ്സി ചക്രവർത്തിയുടെ (5 May 1654 – 20 December 1722) നേതൃത്വത്തിൽ 1716ൽ സമാഹൃതമായ കാങ്സി നിഘണ്ടു. 47,000 വാക്കുകളുടെ നിർവ്വചനം ഇതിലുണ്ട്.

കോടതിവ്യവഹാരരേഖകൾ എഴുതിവെക്കുന്ന പതിവ് മുൻപുതന്നെ ഉണ്ടായിരുന്നുവെങ്കിലും ഷിജി എന്ന കൃതിയിലാണ് ഇത് ആധികാരികമായി രേഖപ്പടുത്തി വെയ്ക്കുന്ന പതിവ് തുടങ്ങിയത്. ഹാൻ സാമ്രാജ്യത്തിലെ കൊട്ടാരം ചരിത്രകാരനായ സി-മാ ചിയാൻ (145 BC – 90 BC) ആയിരുന്നു ഇതിന്റെ കർത്താവ്. ഈ കൃതിയാണ് പിന്നീട് വന്ന ചൈനീസ് ചരിത്രരചനാ സമ്പ്രദായത്തിന് അടിത്തറയിട്ടത്. സി മാ ചിയാനെ ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസുമായി താരതമ്യം ചെയ്യാറുണ്ട്. രണ്ടു പേരുടെയും രീതിശാസ്ത്രത്തിനും ചരിത്രരചനയുടെ ഉദ്ദേശ്ശത്തിനും ചില സമാനതകളുണ്ടായിരുന്നതു കൊണ്ടാണിത്. ചൈനയിലെ ആദ്യരാജവംശമായി കരുതപ്പെടുന്ന സിയ രാജവംശം മുതൽ സിമാ ചിയാന്റെ കാലത്ത് ജീവിച്ചിരുന്ന ഹാൻ രാജവംശത്തിലെ വൂ ചക്രവർത്തിയെ കുറിച്ചു വരെ അദ്ദേഹത്തിന്റെ ചരിത്രഗ്രന്ഥത്തിൽ പ്രദിപാതിച്ചിരുന്നു. കൃത്യമായ അടിത്തറയില്ലാത്ത ഊഹാപോഹങ്ങളും അദ്ദേഹം തന്റെ ചരിത്രരചനക്കായി സ്വീകരിച്ചിരുന്നു. നിലവിലുള്ള രാജവംശത്തിന്റെ ഭരണത്തെ ന്യായീകരിക്കാൻ ചരിത്രകൃതികൾ ഉപയോഗിച്ച ഔദ്യോഗിക രാജവംശ ചരിത്രകാരന്മാർക്ക് ഇത് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പിന്നീട് വന്ന പല ചൈനീസ് ചരിത്രകാരന്മാരിലും സിമാ ചിയാന്റെ സ്വാധീനമുണ്ടായിരുന്നു. ഹാനിന്റെ പുസ്തകം എഴുതിയ ബാൻ ഗു (സി ഇ 32–92), ബാൻ ഷാവോ, സിമാ ഗ്വാങ് ((1019–1086 സിഇ) എന്നിവർ ഇവരിൽ ചിലരാണ്. മിങ് രാജവംശം (1368–1644) വരെയുള്ള ചൈനീസ് രാജവംശങ്ങളെ കുറിച്ചുള്ള ചരിത്രകൃതികളെയാണ് ഇരുപത്തിനാല് ചരിത്രങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ചൈനയിലെ അവസാന രാജവംശമായ ക്വിങ് രാജവംശത്തെ (1644–1911) കുറിച്ചുള്ള ചരിത്രം ഇവയിലില്ല.

വലിയ വിജ്ഞാനകോശങ്ങളുടെ നിർമ്മാണവും ഈ കാലത്ത് ചൈനയിൽ നടന്നിരുന്നു. താങ് രാജവംശത്തിന്റെ കാലത്തു രചിച്ച യിവെൻ ലെയ്ജു ആണ് ഇതിലൊന്ന്. സി.ഇ 624ൽ ഔയാങ് സുൻ ആണ് ഇതിന്റെ രചന പൂർത്തീകരിച്ചത്. ലിങ്ഹു ദെഫെൻ, ചെൻ ഷുദാ എന്നിവരും ഈ പ്രവൃത്തിയിൽ അദ്ദേഹത്തെ സഹായിച്ചു. സോങ് രാജവംശത്തിന്റെ കാലഘട്ടത്തിലാണ് സോങിന്റെ നാല് മഹദ്ഗ്രന്ഥങ്ങൾ പുറത്തിറങ്ങിയത്. ലീ ഫാങ് തുടങ്ങിവെച്ച ഇതിന്റെ രചന പൂർത്തിയാക്കിയത് സെഫു യ്വാൻഗൂയി ആയിരുന്നു. ഈ വിജ്ഞാനകോശം വളരെയേറെ വിവരങ്ങളാൽ സമ്പന്നമായിരുന്നു.തായ്പിങ് ഗ്വാങ്ജി (978), തായ്പിങ് യുലാൻ (983), വെന്യുവാൻ യിങ്ഹ്വാ (986), സെഫു യ്വാൻഗൂയി (1013) എന്നിവയാണ് ഈ വിജ്ഞാനകോശത്തിന്റെ നാലു ഭാഗങ്ങൾ. ചൈനയിലെ ഏറ്റവും വലിയ വിജ്ഞാനകോശങ്ങളിൽ ഒന്നായിരുന്നു ഇത്. ലക്ഷക്കണക്കിന് ചൈനീസ് അക്ഷരങ്ങൾ ആണ് ഇതിൽ എഴുതിച്ചേർത്തിരിക്കുന്നത്. ഈ നാലു ഗ്രന്ഥങ്ങളും ചേർത്തുവെച്ചാൽ 1408ൽ പ്രസിദ്ധീകരിച്ച യോങ്ഗ്ൾ വിജ്ഞാനകോശത്തോളം വരും. ഇതിൽ അഞ്ചു കോടി ചൈനീസ് അക്ഷരങ്ങളാണ് അടങ്ങിയിരിക്കുന്നത്.[3] ഇവയെക്കാൾ വലിയതായിരുന്നു ക്വിങ് രാജവംശത്തിന്റെ കാലത്ത് പ്രസിദ്ധീകരിച്ച ഗുജിൻ തുഷു ജിചെങ് (1726) എന്ന വിജ്ഞാനകോശം. ഇതിൽ എട്ടു ലക്ഷം പേജുകളും പത്തു കോടി ചൈനീസ് അക്ഷരങ്ങളും ഉണ്ടായിരുന്നു. മാറ്റിവെക്കാവുന്ന ലോഹഅച്ചുകൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അന്ന് ഇതിന്റെ 60 കോപ്പികൾ അച്ചടിച്ചത്. മറ്റു പ്രധാന ചൈനീസ് വിജ്ഞാനകോശങ്ങൾ ഒരു ബഹുമുഖപ്രതിഭയായിരുന്ന ഷെൻ കുവോ‌‌‌‌‌‌യുടെ (1031–1095) ഡ്രീം പൂൾ ലേഖനങ്ങൾ, കാർഷികവിദഗ്ദ്ധനും കണ്ടുപിടിത്തക്കാരനുമായ വാങ് സെനിന്റെ (1290–1333) നോങ്ഷു, ചൈനീസ് ശാസ്ത്രജ്ഞനായിരുന്ന സോങ് യിങ്ഷിങിന്റെ (1587–1666) ടിയാൻഗോങ് കൈവു എന്നിവയാണ്.

അവലംബം തിരുത്തുക

  1. Chen Zhi, The Shaping of the Book of Songs, 2007.
  2. Needham, Volume 3, 500–501.
  3. Ebrey (2006), 272.
"https://ml.wikipedia.org/w/index.php?title=ചൈനീസ്_സാഹിത്യം&oldid=3257076" എന്ന താളിൽനിന്ന് ശേഖരിച്ചത്