ചാകര

മൺസൂൺ കാലത്ത് തീരത്ത് ധാരാളം മത്സ്യങ്ങൾ വന്നുകൂടുന്ന ഒരു സമുദ്ര പ്രതിഭാസം.
(Chakara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശാന്തമായ കര എന്ന അർത്ഥത്തിലാണ് ചാകര എന്ന് വിളിക്കപ്പെടുന്നത്. കായംകുളം പൊഴി മുതൽ വടക്കോട്ട് മംഗലാപുരം വരെയുള്ള തീരക്കടലിൽ ചില ഭാഗങ്ങളിൽ കാലവർഷക്കാലത്ത് ചെളിയടിഞ്ഞ് കാണപ്പെടുന്ന പ്രതിഭാസമാണ് ചാകര (mud bank).[1]

ചെളിയും വെള്ളവും കൂടിക്കലർന്ന് കട്ടികുറഞ്ഞ കുഴമ്പുരൂപത്തിൽ ഏതാണ്ട് 4-5 കി.മി. നീളത്തിൽ തീരത്തോടു ചേർന്നും 5-6 കി.മി. അർദ്ധചന്ദ്രാകൃതിയിൽ കടലിലേക്കുമായാണ് ചാകര വ്യാപിച്ചുകിടക്കുന്നത്. ചെളിനിറഞ്ഞ ഇത്തരം തീരക്കടൽ പ്രതിഭാസം തെക്കേ അമേരിക്കയിലും ചൈനയിലും വലിയ നദികളുടെ നദീമുഖങ്ങളോടു ചേർന്നുള്ള തീരക്കടലിൽ കാണാറുണ്ട്. അവിടെയൊക്കെ ഏതാണ്ട് സ്ഥിരമായി ഇതു കാണുന്നു. എന്നാൽ കേരളതീരത്ത് കാലവർഷക്കാലത്തു മാത്രമാണ് ചാകര വളരെ പ്രകടമായി പ്രത്യക്ഷപ്പെടുന്നത്.

ഏറ്റവുമധികം നദികളും നദീമുഖങ്ങളുമുള്ളതിനാലാവും കേരളത്തിൽ ചാകര ഉണ്ടാവുന്നത്. കാലവർഷക്കാലത്ത് അതിരൂക്ഷമായി കാണേണ്ട കടൽ ചാകരപ്രദേശത്ത് വളരെ ശാന്തമായി കാണുന്നു.

കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം എന്നിവമൂലമാണ് ചാകര ഉണ്ടാവുന്നത്. രണ്ട് അഴിമുഖങ്ങൾക്കിടയിലാണ് ചാകര കാണുന്നത്. നദീമുഖത്ത് നിന്നുവരുന്ന ചെളിയും എക്കലും ഒരു സ്ഥലത്ത് അടിഞ്ഞു കൂടുന്നു. എന്നാൽ കടൽ ഇവയെ പുറം തള്ളുന്നു. മീനുകൾക്ക് ഭക്ഷണസങ്കേതമാകുന്ന ഇവിടേക്കു വൻതോതിൽ മീനുകൾ എത്തിച്ചേരും. രണ്ടാഴ്ച മുതൽ മൂന്നു മാസം വരെ ഈ ചെളിക്കലക്കം ഒരിടത്തു തന്നെ നിന്ന ശേഷം മാറിപ്പോകുന്നു. ചാകര വീഴുന്നിടത്ത് കടലിനു പ്രത്യേക ശാന്തതയായിരിക്കും. ആ സമയത്ത് ചുറ്റിലും കടൽ ഇളകി ആർത്തിരമ്പുകയാവും.

ചാകര ഉള്ളപ്പോഴാണ് അപകട ഭയം കൂടാതെ മത്സ്യ ബന്ധനത്തിനു പോകാൻ കഴിയുന്നത്. ശാന്തമായ കടലിനെത്തേടി പല ഭാഗത്തുനിന്നും വരുന്ന നൂറുകണക്കിനു മത്സ്യത്തൊഴിലാളികളും അവരുടെ യാനങ്ങളും മത്സ്യക്കച്ചവടക്കാരും അനുബന്ധ കച്ചവടക്കാരും എല്ലാവരുംകൂടി ഒരുക്കുന്ന ആരവം ചാകരപ്രദേശത്തിന് ഒരു ഉത്സവച്ഛായ പകരുന്നു. അതു കൊണ്ടിതിനെ ചാകരക്കൊയ്ത്ത് എന്നും പറയാറുണ്ട്.

ശാന്തമായ ചാകരപ്രദേശം മത്സ്യങ്ങൾ കൂട്ടമായി വന്ന് വസിക്കുവാൻ കളമൊരുക്കുമെന്നും അവിടെ നിന്നാണ് ചാകര മത്സ്യബന്ധനം നടക്കുന്നതെന്നും കരുതുന്നവർ ധാരാളമുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളികൾ പറയുന്നത്, മത്സ്യബന്ധനം നടക്കുന്നത് ചാകരയ്ക്കുള്ളിലല്ല ചാകരയ്ക്കു പുറത്ത് പുറംകടലിലാണെന്നാണ്. കാലവർഷക്കാലത്ത് ചാകര ഒരുക്കുന്ന സ്വാഭാവിക തുറമുഖം മത്സ്യത്തൊഴിലാളികൾ വള്ളമിറക്കുന്നതിനും മത്സ്യം പിടിച്ചു തിരിച്ചുവരുന്ന യാനങ്ങൾ കരയ്ക്കടുപ്പിക്കുന്നതിനും ഫലപ്രദമായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്.

ചാകരയുടെ ഉല്പത്തിയെക്കുറിച്ച് വ്യത്യസ്തമായ ആശയങ്ങളാണുളളത്. ചാകരയുടെ ചെളിത്തട്ട് സ്ഥിരമായിട്ടുള്ളതാണെന്നും കാലവർഷക്കാലത്തെ ശക്തമായ തിരകൾ ചാകരപ്രദേശത്തിന്റെ അടിത്തട്ടുമായി പ്രതിപ്രവർത്തിച്ച് അടിത്തട്ടിലെ ചെളിയെ ജലോപരിതലത്തിലേക്ക് തള്ളുകയും അവ ജലാശയത്തിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു എന്ന ആശയമാണ് ചാകരോല്പത്തിയുമായി ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. സൂക്ഷ്മജലസസ്യങ്ങളുടെ സാന്നിധ്യം ചാകരപ്രദേശത്തെ ഫലസമൃദ്ധമാക്കുന്നു. വലിയ തോതിലുള്ള ജന്തുപ്ലവകങ്ങളുടെ സാന്നിധ്യം ചാകരയെ ജീവൻതുടിക്കുന്ന ഒരു ആവാസവ്യവസ്ഥയായി മാറ്റുന്നു. ചാകര ഉണ്ടാകുന്നതിനെക്കുറിച്ചും ഉണ്ടാകാതിരിക്കുന്നതിനെക്കുറിച്ചും തീരസന്തുലിതാവസ്ഥ നിലനിർത്തുന്നതിനെക്കുറിച്ചും ഇനിയും വളരെ അറിയാനുണ്ട്. നിരന്തരമായ പഠനങ്ങളിലൂടെയേ ഇതു സാധ്യമാകൂ.

ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഒഷീനോഗ്രഫി (എൻഐഒ) ശാസ്ത്രജ്ഞർ, ആലപ്പുഴ തീരത്തെ ചാകരയെ കുറിച്ച് നടത്തിയ പഠനത്തിൽ ആഗോളതാപനം തടയാൻ സഹായകരമാകുന്ന ബാക്ടീരിയ അടക്കം നിരവധി ജൈവ കൗതുകങ്ങളാണ് ചാകരയിൽ ഒളിഞ്ഞിരിക്കുന്നുവെന്നും. ചാകര മൂലമുണ്ടാകുന്ന ഫ്രജിലേറിയ, നോക്റ്റിലുക്ക, കോസിനോഡിസ്‌കസ് പോലെയുള്ള സസ്യപ്ലവകങ്ങൾ കഴിക്കനാണ് മത്സ്യങ്ങൾ എത്തുന്നതെന്നും കണ്ടെത്തി. ഫ്രജിലേറിയ കൂടുതലായി രൂപപ്പെടുന്ന സമയത്ത് ചാള ആകും കൂടുതൽ എത്തുക. ചാള, അയല, ചെമ്മീൻ, കൊഴുവ എന്നീ മത്സ്യങ്ങളാണ് ഇങ്ങനെ ഒന്നിച്ചു കൂടുന്നത്. തവിട്ടു നിറം കലർന്ന പച്ചനിറമുള്ള പോളവെള്ളമായിരിക്കും ഈ പ്രദേശങ്ങളിൽ കാണപ്പെടുക. അടിത്തട്ടിൽ നിന്ന് ജലം ശക്തിയായി മുകളിലേക്ക് തള്ളുമ്പോൾ ഓക്‌സിജൻ ലഭിക്കാൻ മീനുകൾ മുകൾ ഭാഗത്തേക്ക് വരും.[2]

  1. exceditor (2020-01-13). "എന്താണ് ചാകര എന്ന പ്രതിഭാസം ?" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-12-24.
  2. "ജന്മഭൂിമ". February 11, 2017. Archived from the original on 2018-07-22.
"https://ml.wikipedia.org/w/index.php?title=ചാകര&oldid=4287078" എന്ന താളിൽനിന്ന് ശേഖരിച്ചത്