അതിർത്തി

(Border എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സ്ഥലത്തെ അടുത്ത സ്ഥലത്തുനിന്നും വേർതിരിക്കുന്ന അതിരിനെ അതിർത്തി എന്നു പറയുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയുടേതു മുതൽ പരമാധികാരരാഷ്ട്രങ്ങളുടെ അധികാരത്തിൽപെട്ട ഭൂവിഭാഗങ്ങളുടേതുവരെയുള്ള അതിരുകൾ ഈ പദത്തിന്റെ അർഥവ്യാപ്തിയിൽ ഉൾപ്പെടും. സ്വകാര്യ ഉടമയിലുള്ള ഭൂമി, പഞ്ചായത്ത്, താലൂക്ക്, ബ്ലോക്ക്, ജില്ല, സംസ്ഥാനം, രാജ്യം തുടങ്ങിയവയുടെ അതിരുകൾ അഭിപ്രായഭിന്നതകൾക്കും വിവാദങ്ങൾക്കും ചിലപ്പോൾ കലാപങ്ങൾക്കും വഴി തെളിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ, പരമാധികാരരാഷ്ട്രങ്ങൾ എന്നിവയുടെ അതിരുകളെ ആസ്പദമാക്കിയുള്ള അതിർത്തിപ്രശ്നങ്ങൾക്കാണ് രാഷ്ട്രതന്ത്രത്തിൽ പ്രസക്തി.

ബാർബേറിയന്മാരുടെ ആക്രമണങ്ങളിൽനിന്നു രക്ഷയ്കായി ചൈനയുടെ വടക്കേ അതിർത്തിയിൽ തീർത്ത വന്മതിൽ

പ്രാചീനകാലങ്ങളിൽ

തിരുത്തുക

പ്രാചീന മധ്യകാലഘട്ടങ്ങളിൽ വിവിധ രാഷ്ട്രങ്ങളെ വേർതിരിക്കുന്ന വ്യക്തമായ അതിർത്തിരേഖകൾ ഉണ്ടായിരുന്നില്ല. ഒരു രാഷ്ട്രത്തിന്റെ അധികാരസീമ വ്യക്തമായി നിർവചിക്കുക അന്ന് പ്രയാസമായിരുന്നു. പൊതുവായി ഏതെങ്കിലും പ്രദേശം അതിരായി ഗണിക്കപ്പെടുമായിരുന്നെങ്കിലും ഒരു പ്രത്യേകരേഖ രാഷ്ട്രങ്ങളുടെ അതിരായി അംഗീകരിക്കപ്പെട്ടിരുന്നില്ല.

യൂറോപ്പിൽ

തിരുത്തുക
 
ബർലിൻ മതിൽ

യൂറോപ്പിൽ റോമാ സാമ്രാജ്യത്തിന്റെ അസ്തമയത്തോടുകൂടി (1806) അനേകം ചെറിയ രാഷ്ട്രങ്ങൾ ആവിർഭവിക്കുകയും, ആ രാഷ്ട്രങ്ങളെ തമ്മിൽ വേർതിരിക്കാൻ പ്രത്യേകം വ്യക്തമായ അതിർത്തികൾ ഉണ്ടാവുക ആവശ്യമായിത്തീരുകയും ചെയ്തു. അന്നുണ്ടായിരുന്ന അതിരുകളും ശാസ്ത്രീയാടിസ്ഥാനത്തിൽ ആയിരുന്നില്ല. ഭൂമിശാസ്ത്രത്തിന്റെയും ഭൂപടശാസ്ത്ര(Cartography)ത്തിന്റെയും വികാസത്തോടെ ആധുനിക രീതിയിൽ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികൾ രേഖപ്പെടുത്തിത്തുടങ്ങി. ഭൂമിയുടെ ഉപരിതലത്തെ(Topography)പ്പറ്റിയുള്ള പഠനവും ഗണിതശാസ്ത്രത്തിന്റെ വികാസവും, രാജ്യങ്ങൾ തമ്മിൽ വ്യക്തമായ അതിർത്തിരേഖകൾ നിശ്ചയിക്കുന്നതിനു സഹായകമായി.

നദികൾ, തടാകങ്ങൾ, പർവതങ്ങൾ, മലകൾ എന്നീ പ്രകൃതിഭാഗങ്ങളെ രാജ്യാതിർത്തികളായി അംഗീകരിച്ചു തുടങ്ങിയത് 17-ഉം, 18-ഉം ശതങ്ങളോടുകൂടിയാണ്. ഫ്രഞ്ചു വിപ്ലവാനന്തരം (1789) യൂറോപ്പിൽ നിശ്ചിതവും വ്യക്തവുമായ അതിർത്തികൾ കൂടിയേ കഴിയൂ എന്ന അവസ്ഥ സംജാതമായി. അതിനുശേഷം അതിർത്തി നിർണയനത്തിൽ വളരെയേറെ പുരോഗതിയുണ്ടായി.

അതിർത്തിനിർണയനവും (delimitation) അതിർത്തി തിരിക്കലും (demarcation) അതിർത്തിയെ സംബന്ധിച്ചുള്ള പ്രധാന ഘടകങ്ങളാണ്. രാജ്യങ്ങൾ തമ്മിൽ അതിർത്തിയെ ആസ്പദമാക്കി അഭിപ്രായഭിന്നതകൾ ഉണ്ടെങ്കിൽ അന്താരാഷ്ട്ര നീതിന്യായക്കോടതിയോ മറ്റു കോടതികളോ ഉഭയകക്ഷി സമ്മതപ്രകാരം രൂപവത്കരിക്കപ്പെടുന്ന സമിതിയോ ആയിരിക്കും അതിർത്തിനിർണയനം നടത്തുന്നത്. വിവാദപ്രശ്നങ്ങളില്ലെങ്കിൽ രണ്ടു രാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിലുള്ള കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ അതിർത്തി നിർണയിക്കപ്പെടും. നയതന്ത്രപരമായ നടപടിക്രമങ്ങളിലൂടെയാണ്, അതിർത്തി സാധാരണ നിർണയിക്കപ്പെടുന്നത്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിനിർണയനത്തിൽ ഉഭയകക്ഷികൾ കൂടാതെ, അതിൽ താത്പര്യമുള്ള മറ്റു രാഷ്ട്രങ്ങളും ഇടപെടുന്ന സന്ദർഭങ്ങൾ വിരളമല്ല. യുദ്ധം കഴിഞ്ഞു രാജ്യാതിർത്തികളിൽ മാറ്റങ്ങൾ ഉണ്ടാവുക സാധാരണമാണ്. ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കുശേഷം യൂറോപ്പിലെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികളിൽ വളരെ മാറ്റങ്ങൾ ഉണ്ടായി. വൻ ശക്തികൾക്ക് പ്രാബല്യം ഉണ്ടായിരുന്ന യുദ്ധാനന്തര സമാധാനസമ്മേളനങ്ങളാണ് യൂറോപ്പിലെ രാജ്യങ്ങളുടെ അതിർത്തികൾ നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്.

അതിർത്തി നിർണയനം

തിരുത്തുക

അതിർത്തിനിർണയനത്തിൽ യുദ്ധതന്ത്ര(strategic) പ്രാധാന്യം, ജനങ്ങളുടെ വർഗം, സാമ്പത്തികഘടകങ്ങൾ, ഭൂമിശാസ്ത്രം, ചരിത്രം ആദിയായവ സ്വാധീനത ചെലുത്താറുണ്ട്. ഒരു രാജ്യത്തിന്റെ അതിർത്തി അതിന്റെ ഭൂപരമായ സുരക്ഷിതത്വത്തെ എങ്ങനെ ബാധിക്കുമെന്ന അടിസ്ഥാനത്തിലുള്ള പരിഗണന അതിർത്തിനിർണയനത്തിൽ സ്വാധീനത ചെലുത്താറുണ്ട്. സാമ്പത്തികം, ഭൂമിശാസ്ത്രപരം, ചരിത്രപരം, സാംസ്കാരികം എന്നീ അടിസ്ഥാനങ്ങളും രാജ്യങ്ങളുടെ അതിർത്തി നിർണയനത്തിൽ സ്വാധീനത ചെലുത്താറുണ്ട്.

അതിർത്തി അടയാളപ്പെടുത്തൽ

തിരുത്തുക

(Demarcation)

 
കാനഡ-അമേരിക്ക ബോർഡർ

അതിർത്തി നിർണയനത്തിനുശേഷം അതിർത്തികൾ അടയാളപ്പെടുത്തൽ നടത്തുന്നു. ബന്ധപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികൾ അടങ്ങിയ സംഘത്തിന്റെ മേൽനോട്ടത്തിലാണ് അതിർത്തികൾ അടയാളപ്പെടുത്തുന്നത്. സ്തൂപങ്ങളോ അതിർത്തിക്കല്ലുകളോ സ്ഥാപിച്ച് അതിർത്തി വേർതിരിച്ച് അറിയുന്നതിനുള്ള സൌകര്യങ്ങൾ ഉണ്ടാക്കാറുണ്ട്. നദിയോ, തടാകമോ അതിർത്തിയായി നിശ്ചയിക്കുകയാണെങ്കിൽ അതിലെ ഗതാഗതയോഗ്യമായ ഭാഗമാണ് അതിരായി അംഗീകരിക്കുക. തടാകങ്ങൾ, കടലിടുക്കുകൾ, പർവതനിരകൾ ആദിയായവയെയും അതിർത്തികളായി അംഗീകരിക്കാറുണ്ട്. പർവതങ്ങളെ അതിർത്തിയായി അംഗീകരിക്കുമ്പോൾ, ജലവിഭാജകം (water shed) ആണ് അതിർത്തിരേഖയായി സ്വീകരിക്കുന്നത്. നദികൾ അതിർത്തിയായി നിർണയിക്കപ്പെട്ടാൽ, നദികളുടെ ഗതിയിലുണ്ടാകുന്ന മാറ്റങ്ങൾ, പിന്നീടു പല തർക്കങ്ങൾക്കും കാരണമാകും. ഇംഗ്ലണ്ടിലെ കൌണ്ടികളുടെയും യൂറോപ്യൻ രാജ്യങ്ങളിലെ പല ഭരണവിഭാഗങ്ങളുടെയും അതിർത്തികൾ നദികളാണ്. ആസ്ട്രേലിയ, കാനഡ, യു.എസ്. എന്നീ രാജ്യങ്ങളിൽ നദികളെ അതിർത്തികളായി അംഗീകരിക്കാറുണ്ട്. ഏഷ്യൻ രാജ്യങ്ങളിലും ഇതിനു ധാരാളം ഉദാഹരണങ്ങൾ കാണാം.

അന്താരാഷ്ട്രപ്രാധാന്യമുള്ള ചില അതിർത്തിരേഖകളാണ്, ഇന്ത്യയെയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന മക്മോഹൻരേഖ, പാകിസ്താനെയും അഫ്ഗാനിസ്താനെയും വേർതിരിക്കുന്ന ഡുറൻഡ്‌ലൈൻ, സൈപ്രസ്സിലെ ഗ്രീൻലൈൻ ആദിയായവ. ഗ്രീൻലൈൻ സൈപ്രസ്സിൽ തുർക്കികളും ഗ്രീക്കു വംശജരും വസിക്കുന്ന പ്രദേശങ്ങളെ വേർതിരിക്കുന്നു. ഉത്തരകൊറിയയെയും ദക്ഷിണകൊറിയയെയും തമ്മിൽ വേർതിരിക്കുന്ന 38-ആം സമാന്തരരേഖയും ഉത്തര വിയറ്റ്നാമിനെയും ദക്ഷിണവിയറ്റ്നാമിനെയും വേർതിരിക്കുന്ന 17-ആം സമാന്തരരേഖയും അന്താരാഷ്ട്രപ്രാധാന്യമുള്ള അതിർത്തിരേഖകളാണ്.

അതിർത്തിത്തർക്കങ്ങൾ

തിരുത്തുക
 
ജർമനി ആസ്ട്രിയ അതിർത്തി

കാനഡയും യു.എസും തമ്മിൽ അതിർത്തിത്തർക്കങ്ങളുണ്ടായിട്ടുണ്ട്. ബ്രിട്ടിഷ് അധിനിവേശപ്രദേശങ്ങളും യു.എസും തമ്മിലുണ്ടായ അതിർത്തിത്തർക്കങ്ങൾ കാനഡയ്ക്കു ഡൊമിനിയൻ പദവി നല്കിയ ശേഷവും തുടർന്നു. ആംഗ്ളോ-അമേരിക്കൻ ബന്ധങ്ങളെ ഈ അതിർത്തിത്തർക്കങ്ങൾ വളരെ ഉലച്ചിട്ടുണ്ട്. യു.എസും മെക്സിക്കോയും തമ്മിലും, യു.എസും ഇംഗ്ളണ്ടും തമ്മിലും ഉണ്ടായ അതിർത്തിത്തർക്കങ്ങൾ ചരിത്രസംഭവങ്ങളാണ്. യു.എസ്.എസ്.ആറും ചൈനയും തമ്മിൽ അതിർത്തിത്തർക്കമുണ്ടാവുകയും ചെറിയ തോതിൽ സായുധസംഘട്ടനം നടക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ അതിർത്തിയെ സംബന്ധിച്ച് എത്യോപ്യയും സോമാലിയയും തമ്മിലും തർക്കങ്ങൾ നിലവിലുണ്ട്.

ഇന്ത്യയും പാകിസ്താനും തമ്മിൽ ഗുജറാത്തിലെ റാൻ ഒഫ് കച്ചിലെ അതിർത്തിയെ സംബന്ധിച്ചിട്ടുണ്ടായ തർക്കം ഒരു അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിൽ പരിഹൃതമായി. ഇന്ത്യയും ചൈനയും തമ്മിൽ ഉത്തരേന്ത്യയിലെ അതിർത്തിയെ സംബന്ധിക്കുന്ന തർക്കം നിലവിലുണ്ട്. ഇംഗ്ലീഷുകാരുടെ ഇന്ത്യാ അധിനിവേശകാലത്തു നിർണയിക്കപ്പെട്ട മക്മോഹൻരേഖ ആധുനിക ചൈനീസ് ഭരണാധികാരികൾ അംഗീകരിക്കുന്നില്ല. തൻമൂലം ഇന്ത്യാ-ചൈനാ അതിർത്തിത്തർക്കം സായുധസംഘട്ടനത്തിലെത്തി (1962).

ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ പ്രവിശ്യകളെ പുനർവിഭജനം നടത്തിയ ശേഷവും (1956) അതിർത്തിത്തർക്കങ്ങളുണ്ടായി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതിർത്തിയിലെ നദീജലത്തെ സംബന്ധിച്ച് തർക്കങ്ങൾ നിലവിലുണ്ട്.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിർത്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതിർത്തി&oldid=2617117" എന്ന താളിൽനിന്ന് ശേഖരിച്ചത്