ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

(Bhandarkar Oriental Research Institute എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംസ്കൃതത്തിലും പ്രാകൃതത്തിലുമുള്ള പുരാതന കൈയെഴുത്തു പ്രതികളുടെ ശേഖരങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ പൂനെ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമാണ്‌ ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്[1]. ഇൻഡോളജിയുടെ സ്ഥാപകനായി പരിഗണിക്കപ്പെടുന്ന ഡോകടർ രാമകൃഷ്ണ ഗോപാൽ ഭണ്ഡാർക്കറുടെ (1837-1925) ജീവിതത്തെയും സേവനത്തേയും ആദരിച്ചുകൊണ്ട് 1917 ജൂലൈ 6 ന്‌ ആണ്‌ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്.

പൂനയിലെ ഭണ്ഡാർക്കർ ഓറിയന്റെൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

സ്വഭാവവും ഘടനയും

തിരുത്തുക

1860 ലെ പൊതുസ്ഥാപന റജിസ്റ്റർ നിയമപ്രകാരമാണ്‌ ഇത് റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ആദ്യഘട്ടത്തിൽ ബോംബെ സർക്കാറിന്റെ 3,000 രൂപ ധനസഹായം കിട്ടിയിരുന്നു. ഇപ്പോൾ മഹാരഷ്ട്ര സർക്കാർ ഭാഗികമായി വാർഷിക ധനസഹായം നൽകി വരുന്നു. ചില സവിശേഷ ഘവേഷണ പദ്ധതികൾക്ക് ഭാരത സർക്കാരിൽ നിന്നും യൂനിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷനിൽ നിന്നും ധനസഹായം ലഭിക്കുന്നു.

വളരെ അപൂർ‌വ്വമായ കൈയെഴുത്തുപ്രതികളുടേയും പുസ്തകങ്ങളുടെയും ഒരു വൻശേഖരം തന്നെയുണ്ട് ഈ സ്ഥാപനത്തിന്‌. 1,25,000 പുസ്തകങ്ങളും 29,510 കൈയെഴുത്തുപ്രതികളും ഉൾക്കൊള്ളുന്നതാണവ. "അന്നൽസ് ഓഫ് ദ ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്" എന്ന ജേർണൽ വർഷത്തിൽ നാലു തവണയായി പ്രസിദ്ധീകരിച്ചു വരുന്നു. ഭാരത സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയ പ്രൊജക്ടായ നാഷണൽ മിഷൻ ഫോർ മാനുസ്ക്രിപ്റ്റിന്റെ ആഭിമുഖ്യത്തിൽ മാനുസ്ക്രിപ്റ്റ് റിസോർസ് ആൻഡ് കൺസർ‌വേഷൻ സെന്റർറിന്‌ ആതിഥ്യമരുളുന്നു ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ട്

കൈയെഴുത്തുപ്രതികൾ

തിരുത്തുക

1866 പാൻ ഇന്ത്യൻ മാനുസ്ക്രിപ്റ്റ് ശേഖര പദ്ധതിക്ക് ബോംബെ സർക്കാർ തുടക്കമിട്ടു. രാമകൃഷ്ണ ഭണ്ഡാർക്കർ ഉൾപ്പെടെയുള്ള ശ്രദ്ധേയരായ പണ്ഡിതന്മാർ ഈ പദ്ധതിക്ക് കീഴിൽ പ്രധാനപ്പെട്ട 17000 ത്തിൽ പരം കൈയെഴുത്തുപ്രതികൾ ശേഖരിച്ചു. ആദ്യം ഈ ശേഖരം ബോംബെയിലെ എൽഫിൻസ്റ്റോൺ കോളേജിലാണ്‌ സൂക്ഷിച്ചത്. പിന്നീടത് പൂനെയിലെ ഡക്കാൻ കോളേജിലേക്ക് മാറ്റി. 1917 ൽ ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായപ്പോൾ അതിന്റെ സ്ഥാപകർ ഈ വൻ കൈയെഴുത്തു ശേഖരത്തിന്‌ കൂടുതൽ മെച്ചപ്പെട്ട സുരക്ഷ വാഗ്ദാനം ചെയ്തു. ബോംബെ പ്രസിഡൻസിയുടെ ഗവർണറും ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ അധ്യക്ഷനുമായ വില്ലിംഗടൻ പ്രഭു, സർക്കാറിന്റെ വിലപിടിപ്പുള്ള ഈ ശേഖരം ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റാൻ അനുവാദം നൽകി. ഇതിന്റെ ആദ്യ ക്യൂറേറ്റർ പി.കെ ഖോഡെ ഈ ശേഖരം വികസിപ്പിക്കുന്നതിനായി സജീവമായി പങ്കുകൊണ്ടു. ഇപ്പോൾ 29,000 കൈയെഴുത്തുപ്രതികളുണ്ട്. ഗവണ്മെന്റ് മാനുസ്ക്രിപ്റ്റ് ലൈബ്രറി യുടെ ഭാഗമായുള്ളതാണ്‌ ഇതിന്റെ വലിയൊരു ശേഖരം(17,877 കൈയെഴുത്തുപ്രതികൾ) ഇതുകൂടാതെ 11,633 എണ്ണം വരുന്ന മറ്റൊരു ശേഖരവുമുണ്ട്. ഏറ്റവും വിലപിടിപ്പുള്ള ശേഖരമായി കണക്കാക്കുന്നത് 1320 ലെ "ചികിത്സസാരസംഗ്രഹ" എന്ന കടലാസ് കൈയെഴുത്തുപ്രതിയും 906 ലെ "ഉപമതിത്ഭവപ്രപഞ്ചകഥ" എന്ന കൈവെള്ള വലിപ്പമുള്ള കൈയെഴുത്തുപ്രതിയുമാണ്‌.

മഹാഭാരത പഠനം

തിരുത്തുക

മഹാഭാരതത്തിന്റെ നിരൂപണാത്മക പഠനം ഉൾക്കൊള്ളുന്ന പതിപ്പു് തയ്യാറാക്കുന്നതിനായി 1919 ഏപ്രിൽ 1നു് ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ദീർഘകാല പദ്ധതിക്ക് ആരംഭം കുറിച്ചു. 1925 ആഗസ്റ്റ് 1നു് വി.എസ്.സൂക്തങ്കറെ ഈ പതിപ്പിന്റെ ജനറൽ എഡിറ്ററായി നിയമിക്കപ്പെട്ടു. 1943 ൽ അദ്ദേഹം മരണമടയുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു. പിന്നീട് എസ് .കെ . ബെവാൽക്കർ എഡിറ്ററായി നിയമിക്കപ്പെട്ടു . അദ്ദേഹം വിരമിച്ചപ്പോൾ പ്രൊഫ . ഡോക്ടർ . ആർ . എൻ . ദണ്ഡേക്കർ എഡിറ്ററായി നിയമിതനായി. പ്രശസ്ത ബംഗാളി എഴുത്തുകാരനായിരുന്ന എസ്.കെ. ഡേയും ഈ പദ്ധതിയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. ഈ പതിപ്പിന്റെ പ്രസാധനം 1966 സെപ്റ്റംബർ 22നു് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോ. സർവപിള്ളി രാധാകൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചു നടന്ന പ്രത്യേക ചടങ്ങിൽ വച്ചു് പ്രഖ്യാപിച്ചു.

ഈ നിരൂപണാത്മക പഠനം 1259 കൈയ്യെഴുത്തു പ്രതികൾ താരതമ്യം ചെയ്തു.[2]. പത്തൊമ്പതു വാള്യങ്ങളായുള്ള ഈ പതിപ്പ് 89000 വചനങ്ങൾ വരുന്ന മഹാഭാരതത്തിലെ 18 പർവ്വങ്ങളുടെ നിരൂപണാത്മക ടെക്സ്റ്റുകൾ ഉൾക്കൊള്ളുന്നതാണു്.അതാണ് BORI-യുടെ Critical Edition Mahabharatham . മഹാഭാരതത്തിലെ ഏറ്റവും ആധികാരികമായ ഗ്രന്ഥമാണിതെന്നു പറയപ്പെടുന്നുണ്ടെങ്കിലും , ഇതിനെതിരെ ശക്തമായ വിമർശനങ്ങളും നിലനിൽക്കുന്നുണ്ട് .

വ്യാസമഹാഭാരതം ഇതിഹാസം

തിരുത്തുക

ഏകദേശം 400 BCE- യിൽ എഴുതപ്പെട്ട മഹാഭാരതം മൂലഗ്രന്ഥത്തിന്‌ ഏതാണ്ട് 8,800 ശ്ലോകങ്ങൾ മാത്രമാണുണ്ടായിരുന്നതെന്ന് പാശ്ചാത്യരും പൗരസ്ത്യരുമായ പണ്ഡിതന്മാർ ഒരേ പോലെ സമ്മതിക്കുന്ന കാര്യമാണ്. പിന്നീട് 24,000 ശ്ലോകങ്ങളായി വികസിച്ച മഹാഭാരതം , 400 CE ആയപ്പോഴേക്കും ഒരു ലക്ഷം ശ്ലോകങ്ങളായി വികസിച്ചുവെന്നു ഗവേഷകർ വിലയിരുത്തുന്നു. എന്നാൽ ഇതിനെയൊക്കെ എതിർക്കുന്ന ഒരു വിഭാഗവുമുണ്ട്. വ്യാസമുനി എഴുതിയ മഹാഭാരതം വാസ്തവത്തിൽ ഒരു ലക്ഷം ശ്ലോകങ്ങളുള്ള മഹാഗ്രന്ഥം തന്നെയാണെന്ന് അവർ വാദിക്കുന്നു. സൂതൻ പ്രവചിച്ച മഹാഭാരതത്തെ, ഭൃഗു സമ്പ്രദായക്കാർ ധാരാളം കൈകടത്തലുകൾ നടത്തി ഇന്നത്തെ മഹാഭാരതമാക്കി എടുത്തുവെന്നും BORI-യുടെ എഡിറ്റർ സൂക്തങ്കർ സ്ഥാപിക്കുവാൻ ശ്രമിക്കുന്നു. അതുപോലെ 'വ്യാസൻ' ഒരു വ്യക്തിയല്ലെന്നും, അതൊരു കുലനാമം ആണെന്നും സൂക്തങ്കർ സ്ഥാപിക്കുവാൻ ശ്രമിക്കുന്നു. വ്യാസകുലത്തിലെ അനേകം വ്യാസന്മാർ ചേർന്ന് രൂപം കൊടുത്തതാണ് മഹാഭാരതമെന്നും സൂക്തങ്കർ പറയുന്നുണ്ട്.

BORI Critical Edition മഹാഭാരതത്തിലെ ശ്ലോകസംഖ്യ

തിരുത്തുക

വ്യാസമഹാഭാരതം-ആദിപർവ്വം-അദ്ധ്യായം 2-പർവ്വസംഗ്രഹപർവ്വം -പ്രകാരം മഹാഭാരതത്തിൽ ഓരോ പർവ്വങ്ങളിലുമുള്ള ശ്ലോകങ്ങളുടെ എണ്ണം താഴെ കൊടുക്കുന്നത് പ്രകാരമാണ് . ആദിപർവ്വം - 8,884 , സഭാപർവ്വം -2,511 , വനപർവ്വം -11,664 , വിരാടപർവ്വം -2,050 , ഉദ്യോഗപർവ്വം -6,698 , ഭീഷ്മപർവ്വം -5,884 ,ദ്രോണപർവ്വം -8,909 ,കർണ്ണപർവ്വം -4,964 , ശല്യപർവ്വം -3,220 , സൗപ്തികപർവ്വം -870 , സ്ത്രീപർവ്വം -775 ,ശാന്തിപർവ്വം -14,732 ,അനുശാസനപർവ്വം -8000 ,അശ്വമേധികപർവ്വം -3,320 , ആശ്രമവാസികപർവ്വം -1,506 , മൗസലപർവ്വം -320 , മഹാപ്രസ്ഥാനപർവ്വം -320 , സ്വർഗ്ഗാരോഹണപർവ്വം -209 . ഇതിനു പുറമെ , ഹരിവംശവും മഹാഭാരതത്തിന്റെ അനുബന്ധമായി വ്യാസമുനി രചിച്ചിട്ടുണ്ട് . അതിനു 12,000 ശ്ലോകങ്ങളുണ്ട്‌ . വ്യാസഭാരതത്തിലെ ഈ വർണ്ണന തള്ളിക്കളയാവുന്നതല്ല . കുഞ്ഞിക്കുട്ടൻ തമ്പുരാൻ വൃത്താനുവൃത്തം പദ്യവിവർത്തനം നിർവ്വഹിച്ച മഹാഭാരതത്തിനു ഹരിവംശമുൾപ്പെടെ ഏകദേശം 1,25,000 പദ്യവാക്യങ്ങളുണ്ടായിരുന്നു . ഇരട്ട വാക്യങ്ങളുള്ള ശ്ലോകങ്ങൾ കണക്കിലെടുത്താൽ ശ്ലോകസംഖ്യ ഏകദേശം 1,00,000 (ഒരു ലക്ഷം ) വരുന്നതാണ് . .ഇതുതന്നെയാണ് Kisori Mohan Ganguly ആംഗലേയ വിവർത്തനം നിർവ്വഹിച്ച മഹാഭാരതം മൂലഗ്രന്ഥത്തിനും ഉണ്ടായിരുന്നത് . അതിൽത്തന്നെ ഹരിവംശത്തിന് 16,374 ആണ് പദ്യവാക്യങ്ങളുടെ എണ്ണം .

BORI Critical edition Mahabharatham- ശ്ലോകസംഖ്യ ഇത്തരത്തിലാണ് . ആദിപർവ്വം അദ്ധ്യായങ്ങൾ 225 ശ്ലോകങ്ങൾ 7,205 , സഭാ പർവ്വം - അദ്ധ്യായങ്ങൾ 72 ശ്ലോകങ്ങൾ 2,387 , വനപർവ്വം - 299 അദ്ധ്യായങ്ങൾ ശ്ലോകങ്ങൾ 10,239 , വിരാടപർവ്വം - അദ്ധ്യായങ്ങൾ 67 ശ്ലോകങ്ങൾ 1,736 , ഉദ്യോഗപർവ്വം - അദ്ധ്യായങ്ങൾ 197 , ശ്ലോകങ്ങൾ 6,001 , ഭീഷ്മപർവ്വം - അദ്ധ്യായങ്ങൾ 117 , ശ്ലോകങ്ങൾ 5,381 , ദ്രോണപർവ്വം - അദ്ധ്യായങ്ങൾ 173 ശ്ലോകങ്ങൾ 8,069 , കർണ്ണപർവ്വം - അദ്ധ്യായങ്ങൾ 69 ശ്ലോകങ്ങൾ 3,872 , ശല്യപർവ്വം - അദ്ധ്യായങ്ങൾ 64 ശ്ലോകങ്ങൾ 3,541 , സൗപ്തികപർവ്വം - അദ്ധ്യായങ്ങൾ 18 ശ്ലോകങ്ങൾ 771 , സ്ത്രീപർവ്വം - അദ്ധ്യായങ്ങൾ 27 ശ്ലോകങ്ങൾ 713 , ശാന്തിപർവ്വം - അദ്ധ്യായങ്ങൾ 353 ശ്ലോകങ്ങൾ 13,006 , അനുശാസനപർവ്വം - അദ്ധ്യായങ്ങൾ 154 ശ്ലോകങ്ങൾ 6,493 , അശ്വമേധികപർവ്വം - അദ്ധ്യായങ്ങൾ 96 ശ്ലോകങ്ങൾ 2,741 , ആശ്രമവാസികപർവ്വം - അദ്ധ്യായങ്ങൾ 47 ശ്ലോകങ്ങൾ 1,061 , മൗസലപർവ്വം - അദ്ധ്യായങ്ങൾ 9 ശ്ലോകങ്ങൾ 273 , മഹാപ്രസ്ഥാനപർവ്വം - അദ്ധ്യായങ്ങൾ 3 ശ്ലോകങ്ങൾ 106 , സ്വർഗ്ഗാരോഹണപർവ്വം - അദ്ധ്യായങ്ങൾ 5 ശ്ലോകങ്ങൾ 194 എന്നിങ്ങനെയാണ്.BORI-യിലെ മൊത്തം ശ്ലോക സംഖ്യ 73,789 ഉം , പദ്യ വാക്യങ്ങളുടെ എണ്ണം 18 പർവ്വങ്ങളിലായി 89,000 - ത്തോടടുപ്പിച്ചുമാണ് .

2003 ലെ കൈയ്യേറ്റവും നശീകണവും

തിരുത്തുക

മറാത്ത യുവജന സംഘങ്ങളുടെ ഒരു കൂട്ടം തീവ്രവാദികൾ‍ 2003 ഡിസംബറിൽ ഈ സ്ഥാപനത്തെ കൈയ്യേറ്റം ചെയ്യുകയുണ്ടായി. ശിവജിയുടെ മൂത്തപുത്രനായ സംബാജിയുടെ പേർ സ്വീകരിച്ച ഇവർ സംബാജി ബ്രിഗേഡ് എന്നാണ്‌ തങ്ങളെ സ്വയം വിശേഷിപ്പിച്ചത്. പാശ്ചാത്യ എഴുത്തുകാരൻ ഡോ. ജൈംസ് ലയനിനെ (ശിവജിയുടെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് പറയപ്പെടുന്നതും ആവർത്തിക്കുന്നതുമായ കഥകളെ തന്റെ പുസ്തകത്തിൽ വിശകലന വിധേയമാക്കുന്നുണ്ട് ജൈംസ് ലയ്ന്[3].) ചില കൈയ്യെഴുത്തുപ്രതികൾ വിവർത്തനം ചെയ്യാൻ ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർ സഹായിച്ചതിൽ പ്രകോപിതരായാണ്‌ തങ്ങൾ അക്രമണം നടത്തിയത് എന്ന് അക്രമികൾ അവകാശപ്പെട്ടു. നിരവധി കൈയ്യെഴുത്തു പ്രതികളും അക്രമികൾ നശിപ്പിക്കുകയുണ്ടായി[4]. ഡോ. ലയ്നിനു്‌ ചില സംസ്കൃത തെളിവുകൾ വിശദീകരിച്ചു കൊടുക്കുക മാത്രം ചെയ്ത ശ്രീകാന്ത് ബഹുൽകർ എന്ന സംസ്കൃത പണ്ഡിതനെയും ഇവർ അക്രമിച്ചു[5]. വ്യാപകമായ പ്രതിഷേധത്തിനു ഈ ആക്രമണം ഇടവരുത്തി[6] . ചരിത്രകാരനായ ഗജനൻ മെഹെന്തലെ, ശിവജിയെ കുറിച്ചു താൻ എഴുതിക്കൊണ്ടിരിക്കുന്ന ജീവചരിത്രത്തിന്റെ ഭാഗങ്ങൾ നശിപ്പിക്കാനും ഇതു കാരണമായി.[7][8].

ഈ കൈയേറ്റത്തിലും ഡോ. ലയ്നിന്റെ പുസ്തകം നിരോധിച്ചതിലും പ്രതിഷേധിച്ച് ഇന്ത്യയിലെ പ്രഗല്ഭരായ ചരിത്രകാരന്മാർ വാർത്താകുറിപ്പുകളിറക്കി. ആർ.എസ്. ശർമ്മ, ആർ.സി. തരകൻ, സൂരജ് ഭാൻ,ഇർഫാൻ ഹബീബ്, ഡി.എൻ. ജാ,ഷിരീൻ മൂസവി, കെ.എം. ശ്രിമലി എന്നിവർ പ്രതിഷേധക്കുറിപ്പിൽ ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു.[9]

  1. "Bhandarkar Institute, Pune". Archived from the original on 2018-10-19. Retrieved 2009-09-02.
  2. "Bhandarkar Oriental Research Institute". Archived from the original on 2008-02-09. Retrieved 2009-09-02.
  3. 'Maratha' activists vandalise Bhandarkar Institute Times of India - January 6, 2004
  4. Mob ransacks Bhandarkar Institute, destroys rare manuscripts Archived 2004-01-17 at the Wayback Machine., The Hindu
  5. [1]
  6. [2]
  7. Historian destroys magnum opus
  8. Scholar destroys own work on Shivaji
  9. "Historians protest ban on book". The Hindu. 2004-01-18. Archived from the original on 2004-05-04. Retrieved 2009-04-05.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക