നർസിയായിലെ ബെനഡിക്ട്

(Benedict of Nursia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൊതുവർഷം ആറാം നൂറ്റാണ്ടിലെ ഒരു ക്രിസ്തീയ വിശുദ്ധനും താപസനുമായിരുന്നു നർസിയായിലെ വിശുദ്ധ ബെനഡിക്ട് (ഏകദേശ ജീവിതകാലം 480–547). ക്രിസ്തീയസന്യാസികളുടെ പെരുമാറ്റചട്ടങ്ങൾ അടങ്ങിയ "ബെനഡിക്ടിന്റെ നിയമം" എന്ന സംഹിതയുടെ കർത്താവായി കരുതപ്പെടുന്ന അദ്ദേഹം, പാശ്ചാത്യലോകത്ത് ക്രിസ്തീയസന്യാസത്തിന്റെ പിതാവെന്നു പോലും വിശേഷിപ്പിക്കപ്പെടുന്നു.[1] കത്തോലിക്കാ സഭ അദ്ദേഹത്തെ യൂറോപ്പിന്റേയും വിദ്യാർത്ഥികളുടെയും മദ്ധ്യസ്ഥനായ വിശുദ്ധനായി വണങ്ങുന്നു.

നർസിയായിലെ വിശുദ്ധ ബെനഡിക്ട്
പാശ്ചാത്യലോകത്ത്, ക്രിസ്തീയ സന്യാസത്തിന്റെ പിതാവെന്നു വിശേഷിക്കപ്പെടുന്ന നർസിയായിലെ ബെനഡിക്ട്: പതിനഞ്ചാം നൂറ്റാണ്ടിൽ ഫ്രാ അഞ്ജെലിക്കോ വരച്ച ചിത്രം
സന്യാസശ്രേഷ്ഠൻ
യൂറോപ്പിന്റെ മദ്ധ്യസ്ഥൻ
ജനനംപൊതുവർഷം 480-നടുത്ത്
ഇറ്റലിയിൽ അംബ്രിയാ പ്രവിശ്യയിലുള്ള നോർസിയ
മരണം547 (67-ആം വയസ്സിൽ)
മോണ്ടെ കാസിനോ
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
ആംഗ്ലിക്കൻ കൂട്ടായ്മ
പൗരസ്ത്യ ഓർത്തഡോക്സ് സഭ
ലൂഥറൻ സഭ
നാമകരണം1220, റോം by ഹൊണോറിയസ് മൂന്നാമൻ മാർപ്പാപ്പ
ഓർമ്മത്തിരുന്നാൾജൂലൈ 11 (റോമൻ കത്തോലിക്കാ സഭ), (ആംഗ്ലിക്കൻ കൂട്ടായ്മ)
മാർച്ച് 14 (ബൈസാന്തിയ റീത്തുകൾ)
മാർച്ച് 21 (പ്രാദേശിക പഞ്ചാംഗങ്ങളും 1962-ൽ പൊതു റോമൻ പഞ്ചാംഗവും അനുസരിച്ച്)

ബെനഡിക്ടിന്റെ സഹോദരി സ്കൊളാസ്റ്റിക്കയും കത്തോലിക്കാ സഭയിലെ വിശുദ്ധയാണ്.[2]

ജീവിതകഥ

തിരുത്തുക

ബെനഡിക്ടിന്റെ ജീവിതത്തെ സംബന്ധിച്ച് വിശ്വസനീയമായ ചരിത്രരേഖകൾ കുറവാണ്. ചരിത്രപരമായ അടിസ്ഥാനമില്ലാത്ത ഐതിഹ്യവ്യക്തിത്വമാണ് അദ്ദേഹമെന്ന നിഗമനത്തിലേക്കു പോലും ചിലരെ ഇതു നയിച്ചിട്ടുണ്ട്.[3] അദ്ദേഹം മരിച്ച് അരനൂറ്റാണ്ടിനു ശേഷം ബെനഡിക്ടൻ സന്യാസത്തിൽ നിന്ന് മാർപ്പാപ്പാ പദവിയിലേക്കുയർന്ന ഗ്രിഗോരിയോസ് ഒന്നാമൻ മാർപ്പാപ്പ രചിച്ച "സംഭാഷണങ്ങൾ" എന്ന കൃതിയാണ് ആകെയുള്ളത്. ഈ കൃതിയിലെ ജീവിതരേഖയാവട്ടെ ഏറെയും അത്ഭുതകഥകളും അവയ്ക്കിടയിൽ വിരളമായി മാത്രം വസ്തുതാകഥനവും അടങ്ങിയതെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[4][൧]

തുടക്കം

തിരുത്തുക

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മദ്ധ്യപൂർവ ഇറ്റലിയിൽ സ്പോലെറ്റായിലെ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച ബെനഡിക്ട് പഠനത്തിനായി റോമിലേക്കു പോയി. ആ നഗരത്തിന്റെ ലൗകികമോടികൾ നിറഞ്ഞ സംസ്കാരവും കുത്തഴിഞ്ഞ സദാചാരവും അദ്ദേഹം വെറുത്തു.[൨] അതിനാൽ 15-20 വയസ്സുള്ളപ്പോൾ ബെനഡിക്ട് സന്യാസജീവിതം തെരഞ്ഞെടുത്തു.

തുടർന്ന് ഒരു ഗുഹയിൽ ഒറ്റക്കുള്ള തീവ്രതാപസവൃത്തിയിൽ അദ്ദേഹം മൂന്നു വർഷത്തിലേറെ ചെലവഴിച്ചു. ബെനഡിക്ടിന്റെ താപസജീവിതത്തെക്കുറിച്ച് കേട്ടറിഞ്ഞ സമീപത്തുള്ള ഒരു സന്യാസഭവനത്തിന്റെ അന്തേവാസികൾ, തങ്ങളുടെ ശ്രേഷ്ഠനാകാൻ അദ്ദേഹത്തെ ക്ഷണിച്ചു. ആ ക്ഷണം ബെനഡിക്ട് സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ നിഷ്ഠകൾ പിന്തുടരാനാകാതിരുന്ന സന്യാസികൾ അദ്ദേഹത്തെ വിഷം ചേർത്ത വീഞ്ഞു നൽകി കൊല്ലാൻ ശ്രമിച്ചു. അതോടെ ബെനഡിക്ട് പഴയ ജീവിതത്തിലേക്കു മടങ്ങി. ബെനഡിക്ടിന്റെ വിശുദ്ധി പ്രസിദ്ധമായതോടെ മറ്റുള്ളവർ അദ്ദേഹത്തെ തേടിയെത്താൻ തുടങ്ങി. ഒടുവിൽ വീണ്ടും സമൂഹമദ്ധ്യത്തിലേക്കു മടങ്ങിയ ബെനഡിക്ട് റോമിൽ നിന്ന് 64 കിലോമീറ്റർ കിഴക്കു മാറിയുള്ള സുബിയാക്കോയിൽ 12 സന്യാസസമൂഹങ്ങൾ സ്ഥാപിച്ചതായി പറയപ്പെടുന്നു. അവയോരോന്നിലും 12 അന്തേവാസികളും ഒരു ശ്രേഷ്ഠനും ഉണ്ടായിരുന്നു.[5]

മോണ്ടെ കസിനോ

തിരുത്തുക
 
മോണ്ടെ കസീനോയിലെ ബെനഡിക്ടൻ സന്യാസഭവനം, 2007-ലെ ചിത്രം

സുബിയാക്കോയിൽ ബെനഡിക്ട് സ്ഥാപിച്ച സമൂഹങ്ങളിലെ സന്യസികളിൽ ചിലർക്കും അദ്ദേഹത്തിന്റെ അച്ചടക്കം സ്വീകാര്യമായില്ല. അതോടെ അദ്ദേഹം, തന്റെ ഏറ്റവും വിശ്വസ്തരായി അനുയായികളുമൊത്ത് പൊതുവർഷം 429-നടുത്ത് തെക്കൻ ഇറ്റലിയിൽ നേപ്പിൾസും റോമിനും ഇടയിലുള്ള മോണ്ടെ കസിനോ എന്ന മലയിലേക്കു പോയി. അപ്പോളോ ദേവന്റെ ഒരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നെന്നും അത് ബെനഡിക്ട് നശിപ്പിച്ചെന്നും പറയപ്പെടുന്നു.[6] മലമുകളിൽ ബെനഡിക്ട്, പിൽക്കാലത്ത് ഏറെ പേരെടുത്ത സന്യാസഭവനം സ്ഥാപിച്ചു. തനിക്കും ചുറ്റും നിശ്ശബ്ദശാന്തിയുടെ പരിവേഷം സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. വെറും സാധാരണക്കാരനായി തുടർന്ന ബെനഡിക്ടിനെ മെത്രാന്മാരും മറ്റ് ഉന്നതന്മാരും തേടിയെത്തി.[5]

മോണ്ടെ കാസിനോയിലെ സന്യാസികളുടെ പെരുമാറ്റച്ചട്ടമെന്ന നിലയിൽ ബെനഡിക്ട് രൂപപ്പെടുത്തിയതാണ് പ്രസിദ്ധമായ "ബെനഡിക്ടിന്റെ നിയമം" (Rule of Benedict). അദ്ദേഹത്തിന്റെ സന്യാസഭവനങ്ങളിലെ താപസന്മാർ, ആദിമക്രിസ്ത്യാനികളെപ്പോലെ, പരസ്പരാശ്രയത്തിൽ സ്വയം പര്യാപ്തമായ ഒരു തരം ക്രിസ്തീയകമ്മ്യൂണിസത്തിൽ ജീവിച്ചു.[5]

 
ബെനഡിക്ടിന്റെ 'ഇരട്ട'-സഹോദരി സ്കോളാസ്റ്റിക്കയുടെ പ്രതിമ, മോണ്ടെ കസിനോയിലെ ആശ്രമത്തിൽ

ബെനഡിക്ടിന് സ്കൊളാസ്റ്റിക്ക എന്ന പേരിൽ ഇരട്ടപിറന്ന ഒരു സഹോദരി ഉണ്ടായിരുന്നു. ക്രിസ്തീയസന്യാസത്തിൽ സഹോദരന്റെ വഴി പിന്തുടർന്ന അവർ അടുത്തുള്ള ഒരു കന്യാലയത്തിൽ ജീവിച്ചിരുന്നു. വർഷത്തിലൊരിക്കൽ ആ സഹോദരങ്ങൾ ബെനഡിക്ടിന്റെ ആശ്രമത്തിനടുത്തുള്ള മലഞ്ചെരുവിൽ കണ്ടു മുട്ടി ആത്മീയകാര്യങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നു എന്നു പറയപ്പെടുന്നു.[2] പൊതുവർഷം 542-നടുത്തെങ്ങോ അവർ മരിച്ചു. താമസിയാതെ ബെനഡിക്ടും മരിച്ചു.[5] മോണ്ടെ കസിനോയിലെ തന്റെ ആശ്രമത്തിലെ അൾത്താരക്കു മുന്നിൽ പ്രാർത്ഥനയിൽ മുഴുകിയിരിക്കെ ആയിരുന്നു മരണമെന്ന് പറയപ്പെടുന്നു.[7]

ബെനഡിക്ടിന്റെ സഹോദരി സ്കൊളാസ്റ്റിക്കയും കത്തോലിക്കാ സഭയിൽ വിശുദ്ധയായി വണങ്ങപ്പെടുന്നു.[2]

"ബെനഡിക്ടിന്റെ നിയമം"

തിരുത്തുക

ബെനഡിക്ടിന്റെ പ്രധാന നേട്ടം ക്രിസ്തീയ സന്യാസത്തിന്റെ മാർഗരേഖയെന്ന നിലയിൽ അദ്ദേഹം എഴുതിയ നിയമസംഹിത ആണ്. ബെനഡിക്ടിന്റെ നിയമസംഹിത നിലവിൽ വരുന്നതിനു മുൻപ് ക്രൈസ്തവലോകത്ത് സന്യാസികൾക്കിടയിൽ താപോനിഷ്ഠയിൽ ധാരാളിത്തത്തിന്റെ അനാരോഗ്യകരമായ മത്സരം നിലവിലിരുന്നു. താപോവിധികളുടെ അതിതീവ്രത, വിശുദ്ധിയുടെ മാനദണ്ഡമായി കണക്കാക്കപ്പെട്ടിരുന്നു. തപഃനിഷ്ഠകളുടെ ഈ അതിരുവിടൽ അവസാനിപ്പിച്ച ബെനഡിക്ട്, നിയമത്തിൽ പറയാത്ത നിഷ്ഠകൾ പിന്തുടരാൻ ആശ്രമശ്രേഷ്ഠന്റെ പ്രത്യേകാനുമതി വേണമെന്നാക്കി.[4]

ഒന്നര നൂറ്റാണ്ടു മുൻപ് ദൈവശാസ്ത്രജ്ഞനും സന്യാസിയുമായ യോഹന്നാൻ കാസിയൻ നിർദ്ദേശിച്ച സന്യാസനിയമങ്ങളുടെ ആശ്രയത്തിൽ രചിക്കപ്പെട്ട ബെനഡിക്ടിന്റെ നിയമം, ആറാം നൂറ്റാണ്ടിൽ പ്രചരിച്ച "ശ്രേഷ്ഠന്റെ നിയമങ്ങൾ" (Rule of the Master) എന്ന സംഹിതയോട് കടപ്പെട്ടിരിക്കുന്നതായി ആധുനികകാലത്തെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എങ്കിലും ബെനഡിക്ടിന്റെ സംഹിതയിൽ തെളിഞ്ഞുകാണുന്ന സന്തുലനത്തിന്റെയും, മിതത്വത്തിന്റേയും, പ്രായോഗികതയുടേയും ചൈതന്യം, അതിനെ ഇതര സന്യാസനിയമങ്ങളിൽ നിന്നു വേറിട്ടു നിർത്തി.[3]

ബെനഡിക്ടൻ സഭ

തിരുത്തുക

മദ്ധ്യയുഗങ്ങളിൽ കൂടുതൽ സന്യാസസമൂഹങ്ങൾക്ക് ബെനഡിക്ടിന്റെ നിയമം ആകർഷകമാകാൻ അതിന്റെ മിതത്വവും പ്രായോഗക്ഷമതയും കാരണമായി. അങ്ങനെ ബെനഡിക്ടിന്റെ അറിയപ്പെട്ട സന്യാസനിയമങ്ങൾ പാശ്ചാത്യ ക്രിസ്തീയതയെ ഏറ്റവുമേറെ സ്വാധീനിച്ച ധാർമ്മികസംഹിതകളിൽ ഒന്നായി മാറി. പാശ്ചാത്യ സന്യാസത്തിന്റെ സ്ഥാപകൻ എന്ന വിശേഷണം ബെനഡിക്ടിനു ലഭിക്കാൻ പോലും ഇത് ഇടയാക്കി.

അതേസമയം, സന്യാസസമൂഹങ്ങൾ സ്ഥാപിച്ചെങ്കിലും അവയെ ഒരു സന്യാസസഭയായി ബെനഡിക്ട് കരുതിയിരുന്നോ എന്നു വ്യക്തമല്ല. അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ബെനഡിക്ടൻ സന്യാസസഭ മോണ്ടെ കാസിനോയിൽ അദ്ദേഹം സ്ഥാപിച്ച സമൂഹത്തെ പിന്തുടർന്ന് പിൽക്കാലത്ത് ഉത്ഭവിച്ചതാണ്. സാധാരണ മനസ്സിലാക്കുന്ന തരത്തിലുള്ള ഒരു സന്യാസസഭയല്ലാത്ത അത്, സ്വതന്ത്രമായ പല സഭകളുടെ ഒരു കൂട്ടായ്മ മാത്രമാണ്.[8]

പ്രാർത്ഥനയും അച്ചടക്കത്തോടു കൂടിയ അദ്ധ്വാനവും ചേർന്ന ജീവിതചര്യ പിന്തുടർന്ന ബെനഡിക്ടൻ സന്യാസികൾ പാശ്ചാത്യലോകത്ത് കായികാദ്ധ്വാനത്തിന്റെ മഹത്ത്വം എടുത്തുകാട്ടിയവരിൽ മുമ്പന്മാരായി. ബൗദ്ധികവ്യാപാരങ്ങളിലും അവർ മികവു കാട്ടി. പ്രാർത്ഥന, പഠനം, അദ്ധ്വാനം എന്ന അവരുടെ സൂത്രവാക്യം ബെനഡിക്ടൻ സന്യാസ ഭവനങ്ങളെ യൂറോപ്യൻ സംസ്കാരത്തിന്റെ വികാസത്തിലെ നിർണ്ണായകസ്വാധീനങ്ങളിൽ ഒന്നാക്കി മാറ്റി.[9]

നുറുങ്ങുകൾ

തിരുത്തുക

യൂറോപ്യൻ ചരിത്രത്തിലെ അന്ധകാരയുഗമെന്ന് ചിലപ്പോൾ വിശേഷിപ്പിക്കപ്പെടാറുള്ള മദ്ധ്യകാലത്തിന്റെ തുടക്കം സൂചിപ്പിച്ചു കൊണ്ട്, റോമാസാമ്രാട്ട് ജസ്റ്റിനിയൻ ആഥൻസിലെ പുരാതനമായ ദാർശനിക വിദ്യാപീഠങ്ങൾ അടച്ചു പൂട്ടിയതും, ബെനഡിക്ട് മോണ്ടെ കസിനോയിൽ തന്റെ സന്യാസഭവനം തുടങ്ങിയതും ഒരേവർഷം, എ.ഡി.529-ൽ, തന്നെ ആയിരുന്നു.[6]

കുറിപ്പുകൾ

തിരുത്തുക

^ "അത്ഭുതകഥകൾക്കിടെ വല്ലപ്പോഴുമൊക്കെ ബെനഡിക്ടിന്റെ ജീവിതത്തിലെ വസ്തുതകൾ പറയാനും ഗ്രിഗറി കനിയുന്നുണ്ട്" എന്നു ബെർട്രാൻഡ് റസ്സൽ."[4]

^ പ്രേമനൈരാശ്യമാണ് ബെനഡിക്ടിനെ വിരക്തിയിൽ എത്തിച്ചതെന്നും കഥയുണ്ട്. "...,or, some say, he loved and lost."[6]

  1. നർസിയായായിലെ വിശുദ്ധ ബെനഡിക്ട്, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  2. 2.0 2.1 2.2 സ്കൊളാസ്റ്റിക്ക, "ബ്രോക്കാംബ്ടൻ റെഫറൻസ് ഡിക്ഷ്ണറി ഓഫ് സെയിന്റ്സ്" (പുറം 166)
  3. 3.0 3.1 വിവിയൻ ഗ്രീൻ, ക്രിസ്തുമതത്തിന്റെ ഒരു പുതിയ ചരിത്രം(പുറങ്ങൾ 43-44)
  4. 4.0 4.1 4.2 ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം "വിശുദ്ധ ബെനഡിക്ടും, മഹാനായ ഗ്രിഗരിയും"(പുറങ്ങൾ 375-87)
  5. 5.0 5.1 5.2 5.3 A History of Christianity, Kenneth Scott Latourette (പുറങ്ങൾ 333-36)
  6. 6.0 6.1 6.2 വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം(പുറങ്ങൾ 517-19)
  7. ബെനഡിക്ട്, "ബ്രോക്കാംബ്ടൻ റെഫറൻസ് ഡിക്ഷ്ണറി ഓഫ് സെയിന്റ്സ്" (പുറങ്ങൾ 32-34)
  8. Called into existence by Pope Leo XIII's Apostolic Brief "Summum semper", 12 July 1893, see OSB-International website Archived 2013-03-06 at the Wayback Machine.
  9. John A. Hutchison, Paths of Faith (പുറം 445)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നർസിയായിലെ_ബെനഡിക്ട്&oldid=3825794" എന്ന താളിൽനിന്ന് ശേഖരിച്ചത്