ബാബരി മസ്ജിദ്‌

ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ 400 വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ബാബരി പള്ളിയുടെ ചിത്രം
(Babri Mosque എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ 400 വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ആരാധനാലയമായിരുന്നുബാബറി മസ്‌ജിദ്‌ .പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ആദ്യ മുഗൾ ചക്രവർത്തിയായ ബാബറിന്റെ കമാന്ററായിരുന്ന മിർ ബാക്കിയാണ് ഈ ആരാധനാലയും പണികഴിപ്പിച്ചത്. 1528–29 (935 AH) കാലത്തായിരുന്നു ഇത്.ബാബറി മസ്ജിദ് ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്‌ജിദായി പരിവർത്തി‍പ്പിക്കപ്പെട്ടതാണെന്ന ഒരു ആരോപണമുന്നയിച്ച് 1992ൽ ഹിന്ദു തീവ്രവാദികളാണ് ഈ പള്ളി ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തത്.[1]രാജ്യത്ത് വർഗ്ഗീയ സംഘർഷങ്ങൾക്കും ഇത് കാരണമായി.[2]

ബാബറി മസ്ജിദ്‌
بابری مسجد
ബാബരി മസ്ജിദ്‌

ബാബരി മസ്ജിദ്

Coordinates: 26°47′44″N 82°11′40″E / 26.7956°N 82.1945°E / 26.7956; 82.1945
സ്ഥലം അയോധ്യ, India
സ്ഥാപിതം നിർമ്മിക്കപ്പെട്ടു - 1527
തകർക്കപ്പെട്ടു - 1992
വാസ്തുവിദ്യ വിവരങ്ങൾ
ശൈലി തുഗ്ലുക്ക്

1940-ന് മുമ്പ് 'മസ്‌ജിദ്-ഇ-ജന്മസ്ഥാൻ' എന്നും അറിയപ്പെട്ടിരുന്നു.[3] തകർക്കപ്പെടുന്നതിന് മുൻപ്, ഉത്തരപ്രദേശത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായിരുന്ന ഇത്, ബാബറുടെ നിർദ്ദേശപ്രകാരം ഒരു രാമക്ഷേത്രം തകർത്താണ് 'മിർ ബകി' നിർമ്മിച്ചത് എന്ന് ബ്രിട്ടീഷ് ഓഫീസർ എച്ച്.ആർ.നെവിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.[4]. അതോടൊപ്പം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരം വാദങ്ങൾ കെട്ടിച്ചമച്ചത് ആണെന്നും പറയപ്പെടുന്നു. 1992 ഡിസംബർ ന് ബാബരി മസ്ജിദ് ഹിന്ദുത്വവാദികളാൽ തകർക്കപ്പെട്ടു. രാജ്യത്ത് ഇത് വലിയ സംഘർഷങ്ങൾക്ക് കാരണമായി. നിരവധി സ്ഥലങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. 2000 ആളുകൾ രാജ്യത്തിന്റെ പലയിടങ്ങളിലായി കൊല്ലപ്പെട്ടു. [5][6][7][8]

സ്ഥലത്തിൻ മേലുള്ള തർക്കം

തിരുത്തുക

ഈ സ്ഥലത്തിൻമേലുള്ള തർക്കത്തിൽ ആദ്യമായി രേഖപ്പെടുത്തിയ ഹിന്ദു-മുസ്‌ലിം ലഹള നടന്നത് 1853-ൽ നവാബ് വാജിദ് അലി ഷായുടെ ഭരണകാലത്താണ്. ഹിന്ദുക്കളിലെ ഒരു വിഭാഗമായ നിർമ്മോഹി അഖാര, ഈ മന്ദിരം, ക്ഷേത്രം തകർത്ത സ്ഥലത്താണ് ഇരിക്കുന്നത് എന്ന് അവകാശപ്പെട്ടു. അക്രമങ്ങൾ ഇടയ്ക്കിടയ്ക്ക് ഇതോടനുബന്ധിച്ച് ഉണ്ടായതിനെ തുടർന്ന് അന്നത്തെ ഭരണകൂടം അവിടെ ക്ഷേത്രം പണിയാനും ആരാധനക്കും വിലക്ക് ഏർപ്പെടുത്തി.

1905-ൽ ഫൈസാബാദിലെ ജില്ലാ ഗസ്റ്ററുടെ അഭിപ്രായപ്രകാരം, 1855 വരെ ഹിന്ദുക്കളും മുസ്‌ലിംകളും ഈ മന്ദിരത്തിൽ ആരാധന നടത്തിയിരുന്നു. എന്നാൽ 1857 മുതൽ മന്ദിരത്തിന്റെ മുൻഭാഗം മറക്കുകയും ഹിന്ദുക്കൾക്ക് ഉള്ളിലേയ്ക്ക് പ്രവേശനം നിരോധിക്കുകയും ഹിന്ദുക്കൾ മന്ദിരത്തിന്റെ വെളിയിൽ മുൻഭാഗത്തായി ഒരു തറയിൽ ആരാധന തുടരുകയും ചെയ്തു.

1883-ൽ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്ന തറയിൽ ക്ഷേത്രം പണിയാനുള്ള ശ്രമം ആരംഭിച്ചെങ്കിലും 1885-ൽ ഡെപ്യൂട്ടി കമ്മീഷണർ തടഞ്ഞു. ഒരു ഹിന്ദു പണ്ഡിതൻ ആയിരുന്ന രഘുബിർ ദാസ് ഫൈസാബാദ് സബ് ജഡ്ജിന്റെ സമക്ഷം കേസ് ഫയൽ ചെയ്തു. ആരാധന നടത്തിയിരുന്ന തറയിൽ 17x21 അടി വലിപ്പത്തിൽ ക്ഷേത്രം പണിയാൻ അനുമതിക്കായിരുന്നു കേസ് കൊടുത്തതെങ്കിലും അത് തടയപ്പെട്ടു. 1886-ൽ വീണ്ടും കേസ് കൊടുത്തെങ്കിലും സ്ഥലം പരിശോധിച്ച ശേഷം ഫൈസാബാദ് ജില്ലാ ജഡ്ജ് അപ്പീൽ തള്ളി. ആ വർഷം തന്നെ മറ്റൊരു അപ്പീൽ കൂടി കൊടുത്തെങ്കിലും ജുഡീഷ്യൽ കമ്മീഷണർ ഡബ്ല്യൂ. യോംഗ് അതും തള്ളി. അതോടെ ഹിന്ദുക്കളുടെ ആദ്യഘട്ട നിയമപോരാട്ടം അവസാനിച്ചു.

1934-ലെ വർഗീയ കലാപത്തിൽ മന്ദിരത്തിന്റെ ചുറ്റുമതിലിനും ഒരു മിനാരത്തിനും കേടുവരുത്തിയെങ്കിലും ബ്രട്ടീഷ് സർക്കാർ കേടുപാടുകൾ പരിഹരിച്ചു. തർക്ക മന്ദിരത്തിനടുത്ത് സുന്നി വഖഫ് ബോർഡിന്റെ കീഴിൽ ഗന്ജ്-ഇ-ശഹീദൻ എന്ന പേരിലറിയപ്പെടുന്ന ഖബർസ്ഥാനം രജിസ്റ്റർ ചെയ്തിരുന്നു. സുന്നി വഖഫ് ബോർഡ്‌ ഇൻസ്പെക്ടർ 1949-ൽ രേഖപ്പെടുത്തിയ റിപ്പോർട്ടിൽ മുസ്‌ലിംകൾക്ക് നേരിടേണ്ടി വന്നിരുന്ന എതിർപ്പുകളെക്കുറിച്ച് ഇങ്ങനെ പറയുന്നു. "ഏതെങ്കിലും മുസ്‌ലിംകൾ മസ്ജിദിന്റെ അടുത്തേക്ക് പോയാൽ ഒച്ച വക്കുകയും പേരുകൾ വിളിക്കുകയും ചെയ്യുമായിരുന്നു.... എന്നോട് ആളുകൾ ഹിന്ദുക്കളിൽ നിന്ന് മസ്ജിദിന് ഭീഷണിയുണ്ട് എന്ന് പറഞ്ഞു... പ്രാർഥനക്ക് വരുന്നവരെ അടുത്തുള്ള വീടുകളിൽ നിന്നും ചെരുപ്പുകളും കല്ലുകളും എറിയുമായിരുന്നു. ഭയത്താൽ മുസ്‌ലിംകൾ ഒന്നും മിണ്ടില്ലായിരുന്നു. ലോഹിയ, രഘു ദാസിനെ കാണുകയും അദ്ദേഹം ഒരു വിവരണം നൽകുകയും ചെയ്തു... ഖബർസ്ഥാനത്തിന് കേടു വരുത്തരുത്... സന്യാസിമാർ പറയുന്നത് മന്ദിരം, ശ്രീരാമ ജന്മഭൂമിയാണ് എന്നും അതുകൊണ്ട് ഞങ്ങൾക്ക് വിട്ടുതരൂ എന്നുമാണ്.. ഞാൻ അയോധ്യയിൽ ഒരു രാത്രി ചിലവഴിക്കുകയും സന്യാസിമാർ മന്ദിരം കയ്യടക്കിയിരിക്കുകയും ചെയ്തിരുന്നു..."

1949 ഡിസംബർ 22-ന് പോലീസ് ഉറക്കത്തിലായപ്പോൾ, ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ മന്ദിരത്തിൽ എത്തിക്കുകയും അവിടെ പ്രതിഷ്ടിക്കുകയും ചെയ്തു. ഇത് മാതാ പ്രസാദ് എന്ന പോലീസുകാരൻ പിറ്റേന്ന് രാവിലെ കാണുകയും അയോധ്യാ പോലീസ് സ്റേഷനിൽ രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് എഫ്.ഐ.ആർ ഇങ്ങനെ വിവരിക്കുന്നു: "50-60 ആളുകൾ അടങ്ങുന്ന ഒരു സംഘം മന്ദിരത്തിൽ പൂട്ടുകൾ തകർത്തോ മതിൽ ചാടിയോ പ്രവേശിച്ചു... പിന്നെ ശ്രീരാമവിഗ്രഹം പ്രതിഷ്ടിക്കുകയും സീതാറാം എന്ന് ഭിത്തിയുടെ അകത്തും പുറത്തും എഴുതി വക്കുകയും ചെയ്തു... പിന്നീട് 5000-6000 ആളുകൾ തടിച്ചു കൂടുകയും ഭജനകൾ പാടി ഉള്ളിൽ പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും തടയപ്പെട്ടു". അടുത്ത പകൽ, ഹിന്ദുക്കളുടെ വലിയൊരു കൂട്ടം മന്ദിരത്തിൽ പ്രവേശിച്ചു പ്രാർഥന നടത്താൻ ശ്രമിച്ചു. ജില്ലാ മജിസ്രേട്ടായിരുന്ന കെ.കെ. നായർ ഇങ്ങനെ രേഖപ്പെടുത്തിയത് "ജനക്കൂട്ടം ഉള്ളിൽ പ്രവേശിക്കാനുള്ള നിശ്ചയത്തോടെ എല്ലാ ശ്രമവും നടത്തി. പൂട്ട്‌ തകർക്കുകയും പോലീസുകാർ തള്ളിമാറ്റപ്പെട്ട് താഴെ വീഴുകയും ചെയ്തു. ഒരു വിധത്തിൽ ജനക്കൂട്ടത്തിനെ തള്ളിമാറ്റി ഗേറ്റ് വലിയ പൂട്ടിനാൽ പൂട്ടുകയും പോലീസ് സുരക്ഷ വർധിപ്പിക്കുകയും ചെയ്തു".


ഈ വിവരം അറിഞ്ഞ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്‌റു ഉത്തരപ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് പണ്ടിനോട് വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. പണ്ടിന്റെ ഉത്തരവിൻ പ്രകാരം ചീഫ് സെക്രട്ടറി ആയിരുന്ന ഭഗവൻ സാഹെ വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ ജില്ലാ മജിസ്രേട്ടായിരുന്ന കെ.കെ. നായരെ ചുമതലപ്പെടുത്തി. എന്നാൽ ഹിന്ദുക്കൾ അക്രമാസക്തമാകുമെന്ന് ഭയന്ന് കെ.കെ നായർ ഉത്തരവ് പാലിക്കാൻ ആകില്ല എന്നറിയിച്ചു.

1984-ൽ വിശ്വ ഹിന്ദുപരിഷത്(വി.എച്.പി) മന്ദിരത്തിന്റെ താഴുകൾ തുറക്കാൻ കൂറ്റൻ പ്രക്ഷോഭം സംഘടിപ്പിച്ചു. 1985-ൽ രാജീവ് ഗാന്ധി സർക്കാർ അയോധ്യയിലെ രാമ ജന്മഭൂമി-ബാബറി മസ്ജിദിന്റെ താഴുകൾ മാറ്റാൻ ഉത്തരവിട്ടു. അതിന് മുൻപുവരെ വർഷത്തിൽ ഒരു പ്രാവശ്യമേ ഒരു പൂജാരിക്ക് അവിടെ പൂജ ചെയ്യാൻ അനുവാദമുള്ളായിരുന്നു. പുതിയ ഉത്തരവോടെ എല്ലാ ഹിന്ദുക്കൾക്കും ശ്രീരാമൻ ജനിച്ച സ്ഥലമായി കരുതപ്പെടുന്ന ഈ സ്ഥലം തുറന്നു കൊടുക്കുകയും പ്രസ്തുത പള്ളിക്ക് ഒരു ഹൈന്ദവ ക്ഷേത്രത്തിന്റെ സ്വഭാവം ലഭിക്കുകയും ചെയ്തു. 1989 നവംബറിൽ നിശ്ചയിച്ചിരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുന്പായി തർക്ക പ്രദേശത്ത് ശിലാന്യാസം(കല്ലിടൽ പൂജ) നടത്താൻ വി.എച്.പിക്ക് അനുമതി കിട്ടിയതോടെ സാമുദായിക സ്പർദ്ധ വർധിച്ചു. ബി.ജെ.പി യുടെ മുതിർന്ന നേതാവായിരുന്ന എൽ.കെ. അദ്വാനി തെക്ക് മുതൽ വടക്ക് അയോധ്യ വരെ 10,000 കിലോമീറ്റർ യാത്ര വരുന്ന രഥയാത്ര സംഘടിപ്പിച്ചു.

ചരിത്രം

തിരുത്തുക

ഹിന്ദുക്കളുടെ ഭാഷ്യം

തിരുത്തുക

മുസ്ലീം ചക്രവർത്തിയായിരുന്ന ബാബർ, മേവറിന്റെ രജ്പുടന രാജ്യവും ഹിന്ദു രാജാവായിരുന്ന റാണാ സംഗ്രമ സിംഗിന്റെ ചിറ്റൊട്ഗഡും ഖൻവാ യുദ്ധത്തിലൂടെ പിടിച്ചെടുക്കുകയും വടക്കൻ ഇന്ത്യയിൽ മുഴുവൻ തന്റെ അധികാരം സ്ഥാപിക്കുകയും ചെയ്തു. ഈ വിജയത്തിന് ശേഷം ജനറൽ ആയിരുന്ന മിർ ബക്ഷി, ഈ പ്രദേശത്തിന്റെ ഗവർണ്ണർ ആയി. മിർ ബക്ഷി ശ്രീരാമന്റെ പേരിൽ നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുള്ള ക്ഷേത്രം തകർത്ത് പ്രസ്തുത പള്ളി പണിയുകയും അതിന് ബാബറിന്റെ പേരിടുകയും ചെയ്തു. ബാബറിന്റെ ചരിത്ര രേഖകളിൽ ഇതിന് തെളിവില്ലെങ്കിലും ബാബറിന്റെ ഈ കാലഘട്ടത്തിലെ രേഖകൾ കാണാതാകപ്പെട്ടിരിക്കുന്നു. ഈ കാലഘട്ടത്തിലെ താരിഖ്-ഇ-ബാബറി രേഖകൾ, ബാബറിന്റെ സൈന്യം "ചന്ദേരിയിലുള്ള നിരവധി ക്ഷേത്രങ്ങൾ തകർത്തു" എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 1992-ലെ തകർക്കപ്പെട്ട മന്ദിര അവശിഷ്ട്ടങ്ങളിൽ നിന്നും ലഭിച്ച പുരാതന ശിലാഫലകത്തിലെ ലിഖിതങ്ങൾ അവിടെ ഒരു പുരാതന ക്ഷേത്രത്തിന്റെ തെളിവാണ്. മന്ദിരം തകർത്ത ദിവസം അവിടെ നിന്നും ലഭിച്ച 260-ൽ കൂടുതൽ ക്ഷേത്ര സംബന്ധിയായ വസ്തുക്കൾ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ട്ടങ്ങൾ ആണ്. ശിലാഫലകത്തിൽ 20 വരികൾ ആണുള്ളത്, അതിൽ 30 പുരാതന നാഗിരി ശൈലിയിലുള്ള സംസ്കൃതശ്ലോകങ്ങൾ ആണുള്ളത്. നാഗിരി ലിപി പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഒന്നായിരുന്നു. ഈ പ്രധാനപ്പെട്ട വിവരം വെളിച്ചത്ത് കൊണ്ടുവന്നത് രാജ്യത്തെ പ്രമുഖരായ ചരിത്രകാരന്മാരുടെയും സംസ്കൃത പണ്ഡിതന്മാരുടെയും പുരാവസ്തുഗവേഷകരുടെയും സംഘമായിരുന്നു.

ആദ്യ 20 ശ്ലോകങ്ങൾ രാജാവായിരുന്ന ഗോവിന്ദ് ചന്ദ്ര ഘർവാളിനെ പ്രകീര്ത്തിക്കുമ്പോൾ അടുത്ത ശ്ലോകത്തിൽ ഇങ്ങനെ പറയുന്നു; "രാജാവിന്റെ മോക്ഷത്തിനു വേണ്ടി അദ്ദേഹത്തിന്റെ എല്ലാം, വാമന അവതാരത്തിന്റെ(മഹാവിഷ്ണുവിന്റെ അവതാരം) കാൽക്കൽ സമർപ്പിച്ച്‌, വിഷ്ണു ഹരിക്ക്(ശ്രീരാമൻ) വേണ്ടിയുള്ള ഈ ക്ഷേത്രം, മനോഹരമായ തൂണുകളും മാനം മുട്ടെയുള്ള കല്ല്‌ കൊണ്ടുള്ള മന്ദിരവും മുകളിലെ സ്വർണ്ണം കൊണ്ടുള്ള സ്തൂപവും കൊണ്ട് ചരിത്രത്തിൽ മറ്റൊരു രാജാവിനും സൃഷ്ട്ടിക്കാൻ കഴിയാത്തത്ര മനോഹരമാണ്". ഈ ലിഖിതത്തിൽ ക്ഷേത്രപട്ടണമായ അയോധ്യയിലാണ് ആ ക്ഷേത്രം നിർമ്മിച്ചത്‌ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു അവലംബം 1886-ൽ രഘുബർ ദാസ് ഫൈസാബാദ് ജില്ലാ ജഡ്ജ് മുന്നാകെ സമർപ്പിച്ച പരാതിയാണ്. പരാതി നിരസിച്ചെങ്കിലും അതിന്റെ വിധിയിൽ രണ്ടു പ്രധാന സൂചകങ്ങൾ ഉണ്ട്:

തകർത്ത ക്ഷേത്രത്തിന്റെ ഭാഗങ്ങൾ തർക്കമന്ദിരം നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ട്, അലഹാബാദ് ഹൈക്കോടതിയിലെ ലക്നൌ ബഞ്ചിലെ ജസ്റ്റിസായിരുന്ന ധരം വീർശർമ ഇന്ത്യൻ പുരാവസ്തുഗവേഷണ സംഘമായ എ.എസ്.ഐ കൊടുത്ത ഈ വിവരങ്ങൾ തെളിവായി സ്വീകരിച്ചു.

ജഡ്ജിയുടെ വിലയിരുത്തൽ പ്രകാരം, 1992 ഡിസംബർ 6-ന് തർക്കമന്ദിരം തകർക്കപ്പെട്ടതിന് ശേഷം ലഭിച്ച 256 ലിഖിതങ്ങളും മറ്റു പുരാവസ്തുക്കളും, ഈ ലിഖിതങ്ങൾ പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന ദേവനഗിരി ലിപിയിൽ എഴുതപ്പെട്ടിട്ടുള്ളതാണ് എന്നതിന് ഒരു സംശയവും ഇടവരുത്തുന്നില്ല.

മൂന്ന് ജഡ്ജിമാരും പള്ളിക്കടിയിൽ ക്ഷേത്രമാണ് എന്ന് സമ്മതിക്കുകയും അതിൽ രണ്ടു ജഡ്ജിമാർ ക്ഷേത്രം പ്രത്യേക ഉദ്ദേശത്തോടെ തകർത്തതാണെന്നും സമ്മതിച്ചു.

മുസ്ലീങ്ങളുടെ ഭാഷ്യം

തിരുത്തുക

1528-ൽ മിർ ബകി പള്ളി പണിതത് ഹൈന്ദവ ക്ഷേത്രം തകർത്താണ് എന്നതിന് ഒരു ചരിത്രരേഖയും സൂചന നൽകുന്നില്ല. 1949-ൽ ശ്രീരാമന്റെ വിഗ്രഹം അനധികൃതമായി കൊണ്ടുവച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ ഉത്തരപ്രദേശത്തെ മുഖ്യമന്ത്രിക്ക് "അപകടകരമായ ഒരു രീതിയാണിത്" എന്ന കാരണത്താൽ അവ മാറ്റാൻ ആവശ്യപ്പെട്ടു. ഫൈസാബാദിലെ പ്രാദേശിക ഭരണകർത്താവായിരുന്ന കെ.കെ നായർ ഇത് അവഗണിച്ചു. "വിഗ്രഹങ്ങൾ കൊണ്ട് വച്ചത് തെറ്റാണെങ്കിലും" എന്ന് നായർ സമ്മതിച്ചെങ്കിലും പ്രക്ഷോഭത്തിനെയും അതിനു പിന്നിലുള്ള വികാരങ്ങളെയും വിലകുറച്ച് കാണാനാകില്ല എന്ന് പറഞ്ഞ് വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. 2010-ലെ ഹൈക്കോടതി വിധി മൂന്നിൽ രണ്ടു ഭാഗം ഹിന്ദുക്കൾക്ക് കൊടുക്കാനുള്ള വിധിയിൽ ആയിരക്കണക്കിന് പേജുകൾ ഹിന്ദു ലിഖിതങ്ങളുടെ വിവരണങ്ങൾക്ക് മാറ്റി വച്ചപ്പോൾ 1949-ലെ അതിക്രമത്തിനെക്കുറിച്ച് തെല്ലും പ്രതിപാദിച്ചില്ല. മനോജ്‌ മിത്തയുടെ അഭിപ്രായപ്രകാരം "വിഗ്രഹങ്ങൾ കൊണ്ട് വച്ച വികൃതിയിലൂടെ പള്ളിയെ ക്ഷേത്രമായി മാറ്റാനുള്ള ശ്രമമാണ് നടത്തിയത്, അത് കോടതി അലക്ഷ്യമാണ്"

എ.എസ്.ഐയുടെ പുരാവസ്തു റിപ്പോർട്ടുകൾ, ഹിന്ദു ക്ഷേത്രമില്ല എന്നതിനെ തള്ളിക്കളഞ്ഞ് തീവ്ര ഹൈന്ദവ സംഘടനകളായ ആർ.എസ്.എസ്, വി.എച്.പി, ഹിന്ദു മുന്നണി തുടങ്ങിയവരുടെ വീക്ഷണത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് എന്നും അതിലൂടെ ബാബറി തർക്കമന്ദിരം ഒരു രാഷ്ട്രീയ വിഷയമായിരുന്നെന്ന് വരുത്തുന്നു എന്നും മുസ്ലീങ്ങളും മറ്റ് വിമർശകരും വിമർശിക്കുന്നത്.

ബ്രിട്ടീഷ് ഭാഷ്യം

തിരുത്തുക

ജൈനരുടെ ഭാഷ്യം

തിരുത്തുക

ആർക്കിയോളജി റിപ്പോർട്ട്

തിരുത്തുക

2003-ൽ എ.എസ്.ഐയോട് ആഴത്തിൽ പഠിക്കാനും പര്യവേഷണങ്ങൾ നടത്തി തർക്ക മന്ദിരത്തിന്റെ അടിയിലുള്ള സമുച്ചയം എന്താണെന്ന് കണ്ടെത്താനും കോടതി ഉത്തരവിട്ടു. എ.എസ്.ഐയുടെ റിപ്പോർട്ട് പ്രകാരം തർക്കമന്ദിരത്തിന്റെ അടിയിൽ ക്ഷേത്രം ആണെന്നുള്ള വ്യക്തമായ തെളിവുകളിലേയ്ക്ക് വിരൽ ചൂണ്ടി.ആർക്കിയോള ജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) 1970-ലും 1992-ലും 2003-ലും തർക്കസ്ഥലത്തിന് ചുറ്റും നടത്തിയ പുരാവസ്തു ഗവേഷണങ്ങൾ, അവിടെ ഒരു വലിയ ഹൈന്ദവ സമുച്ചയം ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നു. "വിവിധ ദൈവിക പ്രതിമകളാൽ കൊത്തിവച്ചിട്ടുള്ള കല്ലുകളാലും പുരാതന കൊത്തുപണികളാലും നിറഞ്ഞ 50 തൂണുകൾ ഒരു വലിയ സമുച്ചയത്തിന്റെ ഭാഗമാണ്"

2003 മാർച്ചിൽ തുടങ്ങി, ആഗസ്റ്റിൽ കോടതിയുടെ ഉത്തരവുപ്രകാരം നടത്തിയ പര്യവേഷണത്തിൽ എ.എസ്.ഐ സംഘത്തിന് 1360 തെളിവുകൾ ലഭിച്ചു. കോടതി എ.എസ്.ഐയോട് പഠനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും എ.എസ്.ഐ 574 പേജുള്ള റിപ്പോർട്ട് അലഹാബാദ് ഹൈക്കോടതിക്ക് സമർപ്പിക്കുകയും ചെയ്തു. രേഖാചിത്രങ്ങളും സ്ഥലത്തിന്റെ ഭൂമിശാസ്ത്രരേഖകളും എഴുതപ്പെട്ട അഭിപ്രായങ്ങളും ചേർത്താണ് എ.എസ്.ഐ റിപ്പോർട്ട് സമർപ്പിച്ചത്. "തർക്കമന്ദിരത്തിന്റെ അടിയിൽ കണ്ടെത്തിയ സമുച്ചയം പത്താം നൂറ്റാണ്ട് മുതൽ നിലനിന്നിരുന്ന ഒന്നാണ്" എന്നതിന് തെളിവുണ്ട് എന്നാണ് എ.എസ്.ഐ റിപ്പോർട്ടിൽ ഉള്ളത്. 50x30 മീറ്റർ ചുറ്റളവിലുള്ള ബ്രുഹത്തായ സമുച്ചയം തർക്കമന്ദിരത്തിന്റെ കൃത്യം അടിയിലായി സ്ഥിതി ചെയ്യുന്നു. പര്യവേക്ഷണത്തിൽ 50 തൂണുകളുടെ അടിസ്ഥാനശിലകൾ, അടിയിലുള്ള ചുണ്ണാമ്പ് കല്ലുകളുടെ മുകളിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ഭരണം ആരംഭിച്ചതിനു മുൻപുവരെ തർക്കസ്ഥലം പൊതുവായ ഇടമായി വളരെക്കാലം നിലനിന്നിരുന്നു എന്നും ആധുനിക പര്യവേഷണ രീതികളിലൂടെ ഇത് പതിമൂന്നാം നൂറ്റാണ്ട് വരെ പിന്നോട്ട് പോകുന്നു എന്നും കണ്ടെത്തി.

എ.എസ്.ഐയുടെ റിപ്പോർട്ട് പ്രകാരം, അശോകൻ ബ്രാഹ്മിയുടെ മുദ്രയുള്ള ഒരു വളയം മറ്റൊരു പ്രധാന കണ്ടെത്തലായിരുന്നു. സുംഗ കാലഘട്ടത്തിലെ സാംസ്കാരിക അധിനിവേശത്തിനു ശേഷം കുഷൻ കാലഘട്ടം വരുകയും പിന്നീട് മെഡീവൽ കാലഘട്ടത്തിന്റെ ആദ്യ സമയങ്ങളിൽ 50 മീറ്റർ ചുറ്റളവുള്ള സമുച്ചയം നിർമ്മിക്കപ്പെടുകയും അതിന് അധികകാലം നിലനിൽക്കാൻ സാധിക്കാതെ വരികയും ചെയ്തപ്പോൾ ആ സമുച്ചയത്തിലെ 50 തൂണുകളിൽ നാലെണ്ണം പര്യവേക്ഷണത്തിൽ കണ്ടെത്തുകയും ചെയ്തു. മൂന്നു നിലകളിലായി നിലകൊണ്ടിരുന്ന അന്നത്തെ തകർക്കപ്പെട്ട സമുച്ചയത്തിന്റെ നിരവധി ഭാഗങ്ങൾ തർക്കമന്ദിരം പണിയാൻ വീണ്ടും ഉപയോഗിക്കുകയും അതിലൂടെ അവ പൊതുവായി ഉപയോഗിച്ചിരുന്ന സമുച്ചയത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ പുരാതന സമുച്ചയത്തിന്റെ മുകളിലായി ആണ് പതിനാറാം നൂറ്റാണ്ടിൽ പണിത തർക്കമന്ദിരം സ്ഥിതി ചെയ്യുന്നത് എന്ന് എ.എസ്.ഐ റിപ്പോർട്ട് പറഞ്ഞവസാനിപ്പിക്കുന്നു.

വിമർശനം

തിരുത്തുക

എ.എസ്.ഐയുടെ കണ്ടെത്തലുകളെ മുസ്ലീം സംഘടനകൾ ഉടൻ തന്നെ എതിർത്തു. സഫ്ദാർ ഹാഷ്മി ട്രസ്റ്റ് "സ്ഥലത്ത് ഉടനീളം കണ്ട മൃഗങ്ങളുടെ എല്ലുകളും സുര്ഖിയുടെ ഉപയോഗവും അവിടെ മുസ്ലീങ്ങളുടെ സാന്നിധ്യവും ഹൈന്ദവ ക്ഷേത്രത്തിന്റെ അസാന്നിധ്യവും വെളിവാക്കുന്നു" എന്ന് പറഞ്ഞു വിമർശിച്ചു. തൂണുകൾ കണ്ടെത്തി എന്ന് പറയുന്നത് കളവാണെന്നും തൂണുകളെക്കുറിച്ചുള്ള വാദത്തിന് ഇതര പര്യവേക്ഷകർക്ക് വിരുദ്ധ അഭിപ്രായമുണ്ടെന്നും വിമർശിച്ചു. ആൾ ഇന്ത്യ മുസ്ലീം പേർസണൽ ലോ ബോർഡ്‌ ചെയർമാൻ സയെദ് ഹസൻ, എ.എസ്.ഐയുടെ റിപ്പോർട്ട് തുടക്കത്തിൽ ക്ഷേത്രം ഉണ്ട് എന്ന് അവകാശപ്പെട്ടിരുന്നില്ല എന്നും റിപ്പോർട്ട് സമർപ്പിച്ച സമയം സംശയം ഉളവാക്കുന്നതാണെന്നും ആരോപിച്ചു.

എന്തായാലും, ജഡ്ജിമാരിൽ ഒരാളായിരുന്ന ജഡ്ജ് അഗർവാൾ, നിഷ്പക്ഷരായിരുന്ന ചരിത്രകാരന്മാരിൽ ചിലരുടെ "ഒട്ടകപക്ഷി സ്വഭാവം" അവരുടെ വിജ്ഞാനക്കുറവ് വെളിവാക്കുകയും അത് കണ്ടെത്തലുകൾ വെട്ടിച്ചുരുക്കാൻ കാരണമായി എന്നും അഭിപ്രായപ്പെട്ടു. കൂടാതെ വിദഗ്ദ്ധർ പരസ്പരം ബന്ധപ്പെട്ടിരിക്കുകയോ വാർത്താ ലേഖനങ്ങൾ വായിച്ച് വിദഗ്ദ്ധരായതോ വക്കഫ് ബോർഡിലെ "മറ്റ് സാക്ഷികളുമായി" ബന്ധമുണ്ടായിരിക്കുകയോ ആയിരിക്കാം എന്നും മറ്റുള്ളവരുടെ സാക്ഷികളുടെ വെളിപ്പെടുത്തലുകൾക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു എന്ന് അഭിപ്രായപ്പെട്ടു. എല്ലാ അഭിപ്രായങ്ങളും ഒരു സാക്ഷിയായ പ്രൊഫ. ഡി.മണ്ഡലിന്റെ, വിദഗ്ദ്ധാഭിപ്രായത്തിന്റെ സഹായമില്ലാതെ പ്രൊഫ. ബി.ബി.ലാലിന്റെ ചെറുപുസ്തകത്തിനെ വിമർശനാൽമകമായി എഴുതിയ പുസ്തകത്തിനെ ആധാരമാക്കിയാണ് എന്ന് കോടതി കണ്ടെത്തി. ഒരു വിദഗ്ദ്ധൻ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ വിദഗ്ദ്ധാഭിപ്രായം രേഖപ്പെടുത്തി. അലഹാബാദ് ഹൈക്കോടതി എ.എസ്.ഐയുടെ കണ്ടെത്തലുകൾ തടഞ്ഞുവച്ചു.

എ.എസ്.ഐയുടെ തർക്കമന്ദിരത്തിന്റെ അടിയിൽ ക്ഷേത്രമാണ് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വി.എച്.പിയും ആർ.എസ്.എസും ഹിന്ദുക്കളുടെ മൂന്നു വിശുദ്ധ പ്രദേശങ്ങൾ മുസ്ലീങ്ങൾ തിരിച്ചു നൽകണം എന്ന് ആവശ്യപ്പെട്ടു.

തകർക്കൽ

തിരുത്തുക

1992 ഡിസംബർ 6 ഞായറാഴ്ച രാവിലെ എൽ.കെ അദ്വാനിയും മറ്റുള്ളവരും വിനയ് കത്യാരുടെ വീട്ടിൽ ഒത്തുകൂടി. പിന്നീട് തർക്ക മന്ദിരത്തിന്റെ അടുത്തേയ്ക്ക് പോയി. മുരളി മനോഹർ ജോഷിയും കത്യാരും പ്രതീകാല്മക പൂജയായ കർസേവ നടക്കുന്നിടത്ത് എത്തി. അദ്വാനിയും ജോഷിയും അടുത്ത ഇരുപത് മുനിട്ടുകൾ കര്സേവാ സംവിധാനങ്ങൾ പരിശോധിക്കുകയും ചെയ്തു. പിന്നീട് രണ്ടു മുതിർന്ന നേതാക്കളും രാമകഥാ കഞ്ചിന്റെ 200 മീറ്റർ അടുത്ത് വരെ എത്തി. തർക്ക മന്ദിരത്തിനെ അഭിമുഖമായി നിർമിച്ചിരുന്ന മുതിർന്ന നേതാക്കൾക്കുള്ള ഇരിപ്പിടമായിരുന്നു അത്.

ഉച്ചക്ക്, ഒരു കൗമാരപ്രായക്കാരനായ കർസേവകൻ തർക്കമന്ദിരത്തിന്റെ മുകളിൽ കയറുകയും അത് വേലി തകർക്കപ്പെട്ടു എന്ന് ബോധ്യമാക്കി. ആ സമയം അദ്വാനിയും ജോഷിയും വിജയ്‌ രാജ് സിന്ധ്യയും കർസേവകരോട് ഇറങ്ങിവരാൻ ബലം കുറഞ്ഞ നിർദ്ദേശങ്ങൾ നൽകിയതായി റിപ്പോർട്ട് പറയുന്നു. അത് ആത്മാർഥമായോ മാധ്യമങ്ങൾക്ക് വേണ്ടിയോ ആവാം എന്നും റിപ്പോർട്ട് പറയുന്നു. കർസേവകരോട് മന്ദിരം തകർക്കരുതെന്നോ അങ്ങോട്ടേയ്ക്ക് പ്രവേശിക്കരുതെന്നോ ആവശ്യം ഉയർന്നില്ല. "ഈ പ്രവൃത്തി നേതാക്കൾക്ക് തർക്ക മന്ദിരം തകർക്കപ്പെടണം എന്ന ഒളിച്ചുവച്ച ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്ന് വെളിവാക്കുന്നു" എന്ന് റിപ്പോർട്ട് രേഖപ്പെടുത്തുന്നു. "രാമ കഥാ കഞ്ചിലുണ്ടായിരുന്ന നേതാക്കൾക്ക് അനായാസം തകർക്കൽ ഒഴിവാക്കാൻ കഴിയുമായിരുന്നു." എന്നും റിപ്പോർട്ട് പറയുന്നു.

മുൻകൂട്ടിയുള്ള പദ്ധതി

തിരുത്തുക

രഹസ്യാന്വേഷണ ഏജൻസിയായ ഐ.ബിയുടെ പഴയ ഉദ്യോഗസ്ഥനായ കൃഷ്ണധർ 2005-ൽ എഴുതിയ ഒരു ബുക്കിൽ തർക്കമന്ദിരം തകർക്കൽ 10 മാസം മുൻപേ ആർ.എസ്.എസ്, വി.എച്.പി, ബി.ജെ.പ്പി നേതാക്കൾ ആസൂത്രണം ചെയ്തിരുന്നു എന്നും അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നരസിംഹറാവു ഇത് കൈകാര്യം ചെയ്ത രീതി ചോദ്യങ്ങൾ ഉയർത്തുന്നു എന്നും പറയുന്നു. ധറിന്റെ അഭിപ്രായപ്രകാരം, താൻ സംഘപരിവാറിന്റെയും ബി.ജെ.പ്പിയുടെയും കൂടിക്കാഴ്ച ചിത്രീകരിച്ചിരുന്നുവെന്നും അതിൽ നിന്ന് ഡിസംബറിൽ നടക്കാനുള്ള തകർക്കൽ മനസ്സിലാക്കാമായിരുന്നു എന്നും പറയുന്നു. ഈ ടേപ്പ് പിന്നീട് ഉയർന്ന അധികാരിക്ക്‌ കൈമാറുകയും അതിലെ ഉള്ളടക്കം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അറിഞ്ഞിരിക്കണം എന്നും അദ്ദേഹം അവകാശപ്പെടുന്നു. അയോധ്യയിലെ സംഭവം നിശ്ശബ്ദമായി ഒരു രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചു എന്നും ലേഖകൻ പറയുന്നു.

ലിബർഹാൻ റിപ്പോർട്ട്

തിരുത്തുക

1992 ഡിസംബർ 6 ലെ ബാബരി മസ്ജിദ്‌ ധ്വംസനവും അയോധ്യയിലുണ്ടായ കലാപവും അന്വേഷിക്കുന്നതിന്‌ ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മൻമോഹൻ സിംഗ് ലിബർഹാൻ മേധവിയായി 1992 ഡിസംബർ 16 ന്‌ രൂപവത്കരിക്കപ്പെട്ട കമ്മീഷനാണ്‌ ലിബർഹാൻ കമ്മീഷൺ. മൂന്നു മാസത്തിനുള്ളിൽ കമ്മീഷൺ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ 17 വർഷം വൈകി 2009 ജൂൺ 30 ന്‌ ആണ്‌ കമ്മീഷൺ അതിന്റെ റിപ്പോർട്ട് പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംങിന്‌ സമർപ്പിച്ചത്. 1000 ത്തിലധികം പുറങ്ങൾ വരുന്നതാണ്‌ റിപ്പോർട്ട്. 2009 നവംബർ 23 ന്‌ ഈ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നു. പിന്നീടങ്ങോട്ട് മാധ്യമങ്ങൾ ഏറ്റെടുത്ത ഈ റിപ്പോർട്ട്‌ സമർപ്പണം ചൂടുപിടിച്ച ചർച്ചകൾക്കും ഒട്ടേറെ വിവാദങ്ങൾക്കും വേദിയായി. ലോകസഭയിൽ ഇതിനെ ചൊല്ലി ബഹളമുണ്ടാവുകയും തുടർന്ന് ഒരു ദിവസത്തേക്ക് സഭാനടപടികൾ നിർത്തിവെക്കുകയുമുണ്ടായി. ആഭ്യന്തര മന്ത്രാലയം ബോധപൂർ‌വ്വം റിപ്പോർട്ട് ചോർത്തിയതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 2009 നവംബർ 24 ന്‌ ലിബർഹാൻ കമ്മീഷൺ റിപ്പോർട്ടും (REPORT OF THE LIBERHAN AYODHYA COMMISSION OF INQUIRY) 13 പേജുള്ള നടപടി റിപ്പോർട്ടും(Action Taken Report) ആഭ്യന്തര മന്ത്രി പി. ചിദംബരം പാർലമെന്റിന്റെ മേശപ്പുറത്തു വച്ചു. . രാഷ്ട്രീയ സ്വയം സേവക് സംഘിനെ മസ്ജിദ് ധ്വംസനത്തിന്റെ മുഖ്യ സൂത്രധാരകരായി റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. ബാബരി മസ്ജിദ് തകർക്കപ്പെടുന്ന കാലത്ത് കേന്ദ്രം ഭരിച്ചിരുന്ന നരസിംഹ റാവു സർക്കാറിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട്, മുസ്ലിം സംഘടനകളുടെ നിലപാടുകളേയും വിമർശിക്കുന്നു.

തകർക്കലിന് ശേഷം

തിരുത്തുക

നാൾവഴികൾ

തിരുത്തുക
  • 1528: മുഗൾ ചക്രവർത്തി ബാബറുടെ ഗവർണർ ജനറലായിരുന്ന മീർബാഖി ബാബരിമസ്ജിദ് പണിതു.[9]
  • 1853: പുരാതനമായ രാമക്ഷേത്രം തകർത്താണു മുഗൾ ചക്രവർത്തി ബാബർ പള്ളിപണിതതെന്ന് ആരോപിച്ച് നിർമോഹി എന്ന ഹിന്ദുവിഭാഗം ബാബരിമസ്ജിദിന് അവകാശവാദം ഉന്നയിക്കുന്നു.
  • 1853-55: അയോധ്യയിൽ വിവിധ ഭാഗങ്ങളിൽ ഹിന്ദു-മുസ്ലിം സംഘർഷം.
  • 1883 മെയ്: ഒരു പ്ളാറ്റ്ഫോമിൽ ക്ഷേത്രം പുനസ്ഥാപിക്കുന്നതിനു മുസ്ലിംകളുടെ എതിർപ്പിനെ തുടർന്ന് ഫൈസാബാദ് പോലിസ് ഡെപ്യൂട്ടി കമ്മീഷണർ അനുമതി നിഷേധിക്കുന്നു.
  • 1885: പുരോഹിതനായ രഘുബീർദാസ് ക്ഷേത്രം പണിയാൻ അനുമതിതേടി കോടതിയിൽ ഹരജി നൽകുന്നു.
  • 1886 മാർച്ച്: ദാസിന്റെ ഹരജിക്ക് ജഡ്ജി അനുമതി നിഷേധിക്കുന്നു, അപ്പീൽ തള്ളുന്നു.
  • 1870: ബ്രിട്ടീഷുകാരനായ എച്ച്.ആർ. നെവിൽ തയ്യാറാക്കിയ ഫൈസാബാദ് ഗസറ്റിയറിൽ ബാബരിമസ്ജിദ് എന്നതിനു പകരം ജന്മസ്ഥാൻ-മസ്ജിദ് എന്നു പ്രയോഗിക്കുന്നു. പ്രദേശം തർക്കസ്ഥലം എന്ന ഒരു നോട്ടീസ് ബോർഡ് സ്ഥാപിച്ചതായും പരാമർശം.
  • 1934: പള്ളിക്കുനേരെ ആക്രമണം നടത്തി അക്രമിസംഘം ഗേറ്റും ഗോപുരവും തകർത്തു. പ്രദേശത്തെ ഹിന്ദുക്കൾക്കു കൂട്ടപ്പിഴ ചുമത്തിയ ബ്രിട്ടീഷ് സർക്കാർ പള്ളി സർക്കാർ ചെലവിൽ കേടുപാടു തീർത്തു.
  • 1949 ഡിസംബർ 22: ബാബരിമസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ സംഘം ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. തുടർന്ന്, ഹൈന്ദവരും മുസ്ലിംകളും പള്ളിയിൽ കടക്കുന്നതു ജില്ലാ ഭരണകൂടം തടയുന്നു.
  • 1950 ജനുവരി: ആരാധനാസ്വാതന്ത്യം തേടി ഗോപാൽസിങ് വിശാരദ് കോടതിയിൽ. വിഗ്രഹം നീക്കുന്നതു തടഞ്ഞ കോടതി ആരാധനയ്ക്കു ഭംഗം വരുത്തുന്നതും തടഞ്ഞു. വിഗ്രഹം നീക്കുന്നതിൽ നിന്നും ആരാധനയ്ക്കു ഭംഗം വരുത്തുന്നതിൽ നിന്നും സർക്കാരിനെയും മുസ്ലിംകളെയും തടയണമെന്നു രണ്ടു ഹരജികളിലൂടെ ആവശ്യം.
  • 1959: തർക്കസ്ഥലത്തിന്റെ മാനേജർ തങ്ങളാണെന്ന് അവകാശപ്പെട്ട് നിംറോഹികൾ കോടതിയിൽ.
  • 1961: പള്ളിയിൽ നിന്നു വിഗ്രഹം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് ബോർഡ് കോടതിയിലെത്തി. കേസ് ഇപ്പോഴും കോടതിയിൽ.
  • 1984 ഒക്ടോബർ: ബാബരിമസ്ജിദ് തർക്കം ദേശീയപ്രശ്നമാക്കുന്നതിന് വി.എച്ച്.പിയുടെ തീരുമാനം.
  • 1984 ഒക്ടോബർ 8: അയോധ്യയിൽ നിന്നു ലഖ്നോയിലേക്ക് വി.എച്ച്.പിയുടെ 130 കിലോമീറ്റർ ലോങ് മാർച്ച്.
  • 1984 ഒക്ടോബർ 14: ക്ഷേത്രം പുനസ്ഥാപിക്കുക, ഹിന്ദുക്കൾക്കു പൂജയ്ക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങളുമായി ലോങ് മാർച്ച് ലഖ്നോയിൽ.
  • 1985: പള്ളിയുടെ പരിസരം ഉപയോഗിക്കാൻ പുരോഹിതർക്ക് പ്രാദേശിക കോടതിയുടെ അനുമതി.
  • 1986 ഫെബ്രുവരി 1: പള്ളിയുടെ പൂട്ടുകൾ തുറന്ന് ഹൈന്ദവർക്കു ദർശനത്തിന് അനുമതി. മുസ്ലിംകൾ പ്രശ്നമുണ്ടാക്കരുതെന്ന് യ.പി. വഖ്ഫ് മന്ത്രി.
  • 1989 ജൂൺ: ബാബരിമസ്ജിദ് പ്രശ്നം ഏറ്റെടുത്ത് ബി.ജെ.പി. പ്രമേയം അംഗീകരിക്കുന്നു.
  • 1989 നവംബർ 9: ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കുമാത്രം മുമ്പ് രാജീവ്ഗാന്ധി സർക്കാർ പള്ളിയുടെ സ്ഥലത്ത് ക്ഷേത്രത്തിനു ശിലാന്യാസത്തിന് അനുമതിനൽകുന്നു. തർക്കസ്ഥലത്തു നടത്തിയ തറക്കല്ലിടൽ തർക്കസ്ഥലത്തല്ലെന്നു പ്രചരിപ്പിക്കാൻ ഗൂഢനീക്കം.
  • 1990 ജനുവരി 8: സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതുവരെ ക്ഷേത്രനിർമ്മാണം തടയണമെന്നു സ്പെഷ്യൽ ജുഡീഷ്യൽ കോടതി മുമ്പാകെ അപേക്ഷ.
  • 1990 ഫെബ്രുവരി 14: ക്ഷേത്രനിർമ്മാണം തുടങ്ങാൻ ശുഭസമയം വി.എച്ച്.പി. പ്രഖ്യാപിക്കുന്നു. പ്രധാനമന്ത്രി വി.പി. സിങ് തിയ്യതി മാറ്റിവയ്ക്കുന്നതിൽ വിജയിക്കുന്നു.
  • 1990 ജൂൺ 8: ക്ഷേത്രനിർമ്മാണത്തിനുള്ള പുതിയ അന്തിമ തിയ്യതിയായി വി.എച്ച്.പി. ഒക്ടോബർ പ്രഖ്യാപിക്കുന്നു.
  • 1990 ആഗസ്ത്: എൽ.കെ. അഡ്വാനി അയോധ്യയിൽ സമാപിക്കുന്ന പതിനായിരം കിലോമീറ്റർ രഥയാത്ര ആരംഭിക്കുന്നു.
  • 1990 സപ്തംബർ: എൽ.കെ. അഡ്വാനി സോമനാഥ് - അയോധ്യ രഥയാത്ര തുടങ്ങുന്നു.
  • 1990 ഒക്ടോബർ: അഡ്വാനിയെ ബിഹാറിൽ അറസ്റ്റ് ചെയ്തു. വി.പി. സിങ് മന്ത്രിസഭയ്ക്കുള്ള പിന്തുണ ബി.ജെ.പി. പിൻവലിച്ചു.
  • 1990 നവംബർ: വി.പി. സിങ് മന്ത്രിസഭ തകർന്നു.
  • 1991: തർക്കപ്രദേശത്തിനുമേലുള്ള ചരിത്രപരവും പുരാവസ്തുഗവേഷണ പഠനപരവുമായ അവകാശവാദങ്ങൾ പരിശോധിക്കുന്നതിനായി നാലു വിദഗ്ദ്ധസംഘങ്ങളെ നിയോഗിക്കാൻ വി.എച്ച്.പിയും ആൾ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിയും തീരുമാനിക്കുന്നു. ബാബരി കമ്മിറ്റിയുടെ അവകാശവാദങ്ങൾ വി.എച്ച്.പി. നിരാകരിക്കുന്നു.
  • 1992 ജൂലൈ: സ്ഥിരം നിർമ്മാണത്തിന്റെ ആദ്യഘട്ടമായി മൂന്നടി ഉയരത്തിലുള്ള തറ ഉയർന്നു. നിർമ്മാണം നിർത്തിവയ്ക്കണമെന്നു യു.പി. സർക്കാരിന് സുപ്രിംകോടതിയുടെ നിർദ്ദേശം.
  • 1992 നവംബർ 23: അയോധ്യാ പ്രശ്നത്തിൽ ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുന്നതിന് എന്തു നടപടി സ്വീകരിക്കുന്നതിനും ദേശീയോദ്ഗ്രഥന കഈ
  • കൗൺസിൽ (എൻ.ഐ.സി.) പ്രധാനമന്ത്രിക്ക് പൂർണ്ണ സമ്മതം നൽകി.
  • 1992 ഡിസംബർ 6: കർസേവകർ ബാബരി മസ്ജിദ് തകർത്തു[10]. രാജ്യമെങ്ങും സംഘർഷം. എൽ.കെ. അഡ്വാനിക്കും മറ്റു വി.എച്ച്.പി, ബി.ജെ.പി, നേതാക്കൾക്കും മറ്റും എതിരേ കേസ്.
  • 1992 ഡിസംബർ 7: ബാബരി മസ്ജിദ് അതേ സ്ഥാനത്ത് പുനസ്ഥാപിക്കുമെന്നു പ്രധാനമന്ത്രി റാവു.
  • 1992 ഡിസംബർ 16: ലിബർഹാൻ കമ്മീഷനെ നിയമിച്ചു.
  • 1992 ഡിസംബർ 27: പള്ളി തകർത്ത സ്ഥാനത്തു പണിത താൽക്കാലിക ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി.
  • 1993: ബാബരി തകർത്തതിനുശേഷം പ്രദേശത്തെ നിലവിലുള്ള അവസ്ഥ തുടരും വിധം പ്രധാനമന്ത്രി റാവുവിന്റെ സർക്കാർ ചില പ്രദേശങ്ങൾ ഏറ്റെടുക്കുന്നു.
  • 1993 ജനുവരി: അയോധ്യയിൽ അലഹബാദ് ഹൈക്കോടതി ദർശനം അനുവദിച്ചു.
  • 1994 ഒക്ടോബർ 24: പള്ളി നിന്ന സ്ഥലത്തു പണിത താൽക്കാലിക ക്ഷേത്രത്തിൽ ആരാധന നടത്തുന്നതിന് സുപ്രിംകോടതിയുടെ അനുമതി (അറബ് ന്യൂസ്, 2000 ഡിസം. 7).
  • 1997 ഫെബ്രുവരി: സർക്കാർ ഏറ്റെടുത്ത ജന്മഭൂമിസ്ഥാനത്തിന്റെ ചുമതലക്കാരനായിരുന്ന ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് അമിതാഭ് ശ്രീവാസ്തവയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
  • 2005-ൽ മന്ദിരം അക്രമിക്കപ്പെടുകയും അക്രമികൾ സുരക്ഷാസേനയുടെ വെടിയേറ്റ്‌ വീഴുകയും ചെയ്തു. ആ സംഭവത്തിൽ 3 സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു.
  • 2009 ജൂൺ 30: ലിബർഹാൻ കമ്മീഷൻ റിപോർട്ട് സമർപ്പിച്ചു.
  • 2009 നവംബർ 23: ലിബർഹാൻ റിപ്പോർട്ട് ചോർന്നു.
  • 2009 നവംബർ 24: ലിബർഹാൻ റിപ്പോർട്ട് പാർലമെന്റിൽ വച്ചു.
  • 2010 സപ്തംബർ 23: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ അലഹബാദ് ഹൈക്കോടതി വിധി പറയാൻ ഒരു ദിവസം ശേഷിക്കെ സുപ്രിം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
  • 2010 സെപ്റ്റംബർ 30: തർക്കഭൂമി മുന്ന് വിഭാഗങ്ങൾക്കും തുല്യമായി വീതിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധിച്ചു. രാമക്ഷേത്രം തകർത്താണ് പള്ളിനിർമ്മിച്ചതെന്നും അതിനാൽ പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും ചരിത്രപ്രധാന വിധിയിൽ കോടതി വ്യക്തമാക്കി[11].
  • 2011 മെയ് 8 ന് രാജ്യത്തെ പരോമോന്നത കോടതി 2010 സെപ്റ്റംബർ 30 ലെ അലഹബാദ് ഹൈകോടതിയുടെ വിധിക്ക് സ്റ്റേ പ്രഖ്യാപിച്ചു[12].
  • 2014 ഡിസംബർ 3 നു ബാബരി മസ്ജിദ് തർക്ക കേസിൽ നിന്ന് പിന്മാറുന്നതായി ഹർജിക്കാരിൽ ഒരാളായ ഹാഷിം അൻസാരി പ്രഖ്യാപിച്ചു.
  • 40 ദിവസത്തോളം നീണ്ടു നിന്ന വാദം കേട്ടതിനു ശേഷം 2019 നവംബർ 9 ന്‌ രാവിലെ 10:30 മണിക്ക് സുപ്രീം കോടതി അയോധ്യ പ്രശ്നത്തിൽ വിധി പറയുകയുണ്ടായി. തർക്ക ഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് പൂർണ്ണമായും വിട്ടുകൊടുക്കാൻ കോടതി വിധിച്ചു. തർക്ക ഭൂമിയ്ക്ക് പുറത്ത് അയോധ്യയിൽ 5 ഏക്കർ മസ്ജിദ് നിർമ്മാണത്തിന് കൊടുക്കാനും വിധിച്ചു. [13]
  • 2020 സെപ്റ്റംബർ 30ന്, ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും കോടതി വിട്ടയച്ചു. ബാബറി മസ്ജിദ്, മുൻകൂട്ടി ആസൂത്രണം ചെയ്തു തകർത്തതല്ലെന്ന് കോടതി പറഞ്ഞു. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവാണ് വിധി പ്രസ്താവിച്ചത്. ലാൽ കൃഷ്ണ അഡ്വാണി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാ ഭാരതി, മഹന്ത് നൃത്യഗോപാൽദാസ്, സതീഷ് പ്രധാൻ തുടങ്ങിയവർ കേസിൽ പ്രതികൾ ആയിരുന്നു.[14]
  • 2023 ജനുവരി 22 തർക്കപ്രദേശത്ത് നിർമ്മിച്ച് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തി
  1. "Timeline: Ayodhya holy site crisis - BBC News". 2019-12-10. Archived from the original on 2019-12-10. Retrieved 2024-01-21.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "The complex history of India's Ayodhya holy site" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2019-10-16. Retrieved 2024-01-21.
  3. "All you need to know about Babri Masjid".
  4. H.R. Neville in the Barabanki District Gazetteer, Lucknow, 1905, pp 168-169
  5. Fuller, Christopher John (2004), The Camphor Flame: Popular Hinduism and Society in India, Princeton University Press, p. 262, ISBN 0-691-12048-X
  6. Guha, Ramachandra (2007). India After Gandhi. MacMillan. pp. 582–598.
  7. Khalid, Haroon (14 November 2019). "How the Babri Masjid Demolition Upended Tenuous Inter-Religious Ties in Pakistan". The Wire. Retrieved 30 May 2020.
  8. "As a reaction to Babri Masjid demolition, What had happened in Pakistan and Bangladesh on 6 December, 1992". The Morning Chronicle. 6 December 2018. Archived from the original on 2021-02-03. Retrieved 30 May 2020.
  9. BABARI MASJID Agony of Demolition Symbol of Resurgence. December 2007, Deccan House,Benson Town, Bangalore 560 046
  10. November 30, DlLIP AWASTHI; December 31, 1999 ISSUE DATE:; August 13, 1992UPDATED:; Ist, 2015 12:54. "Babri Masjid demolition: A detailed report" (in ഇംഗ്ലീഷ്). Retrieved 2020-08-16. {{cite web}}: |first4= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  11. "തർക്കഭൂമി മൂന്നായി വീതിക്കണം". മാധ്യമം ദിനപത്രം. 2010-10-01. Archived from the original on 2010-10-04. Retrieved 2010-10-01.
  12. http://www.thehindu.com/news/national/article2003448.ece ദി ഹിന്ദു ഓൺലൈൻ 2011 മെയ് 9]
  13. "Ram Mandir verdict: Supreme Court verdict on Ram Janmabhoomi-Babri Masjid case". The Times of India. 2019-11-09. Retrieved 2019-11-09.{{cite web}}: CS1 maint: url-status (link)
  14. "ബാബറി മസ്ജിദ് തകർത്ത കേസിൽ അഡ്വാനി അടക്കം എല്ലാ പ്രതികളേയും വിട്ടയച്ചു". Retrieved 2020-10-01.

ഇതും കാണുക

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • 15th edition of the Encyclopaedia Britannica, 1986, entry "Ayodhya", Chicago: Encyclopedia Britannica Inc.
  • Romila Thapar. Tom Bottomore: Dictionary of Marxist Thought, Blackwell, Oxford 1988, entry “Hinduism”.
  • a b c d BBC.com Timeline: Ayodhya Crisis, 5 July, 2005
  • BBC Mark Tully, Eyewitness: Ayodhya destruction London, UK, July 5, 2005
  • Kuldeep Nair, Editors and Prime Ministers Rediff
  • P. Carnegy: A Historical Sketch of Tehsil Fyzabad, Lucknow 1870, cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4 p.8-9, and by Peter Van der Veer Religious Nationalism, p.153
  • R.S. Sharma et al.: Historians Report, p.19
  • A.K. Chatterjee: “Ram Janmabhoomi: some more evidence”, Indian Express, 27-3-1990 and History and Geography of India, by Joseph Tieffenthaler, (published in French by Bernoulli in 1785)
  • Joseph Tieffenthaler, History and Geography of India,1785, publisher: Bernoulli, Frace, cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4 p.8-9, and by Peter Van der Veer Religious Nationalism, p.153
  • Mirza Jan, Hadiqa-i Shahada (“The garden of martyrdom”),1856, Lucknow, cited by VHP evidence bundle History vs. Casuistry, Voice of India, Delhi, 1991, p.14; also cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4 p.8-9, and by Peter Van der Veer Religious Nationalism, p.153
  • Sahifa-i Chahal Nasaih Bahadur Shahi, Letter of the Forty Advices of Bahadur Shah, also cited in VHP evidence bundle. History vs. Casuistry, p. 13-14.), cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4 p.8-9, and by Peter Van der Veer Religious Nationalism, p.153
  • Shykh Azamat Ali Kakorawi Nami, Muraqqah-i Khusrawi or Tarikh-i Avadh cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4
  • Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, pp 14-15, 1993, New Delhi, Penman Publications. ISBN 81-85504-16-4
  • Ram Sharan Sharma|R.S. Sharma et al.: Historians’ Report, p.16.
  • A. Führer: The Monumental Antiquities and Inscriptions in the North-Western Provinces and Oudh, Archaeological Survey of India Report, 1891, pp 296-297) cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4
  • H.R. Neville, Fyzabad District Gazetteer, Lucknow, 1905, pp 172-177) cited by Harsh Narain The Ayodhya Temple Mosque Dispute: Focus on Muslim Sources, 1993, New Delhi, Penman Publications. ISBN 81-85504-16-4
  • Amir Ali Shahid aur Ma’rkah-i Hanuman Garhi, p. 3
  • Communal Politics: myths versus facts. by RAM PUNIYANI. Sage Publications, 2003.
  • Bacchetta, Paola. "Sacred Space in Conflict in India: The Babri Masjid Affair." Growth & Change. Spring2000, Vol. 31, Issue 2.
  • Baburnama: Memoirs of Babur, Prince and Emperor. 1996. Edited, translated and annotated by Wheeler M. Thacktson. New York and London: Oxford University Press.
  • Swapan Dasgupta et al.: The Ayodhya Reference: Supreme Court Judgement and Commentaries. 1995. New Delhi: Voice of India. ISBN 81-85990-30-1
  • Ayodhya and the Future of India. 1993. Edited by Jitendra Bajaj. Madras: Centre for Policy Studies. ISBN 81-86041-02-8 hb ISBN 81-86041-03-6 pb
  • Elst, Koenraad. 1991. Ayodhya and After: Issues Before Hindu Society. 1991. New Delhi: Voice of India. [1] Archived 2016-03-04 at the Wayback Machine.
  • Elst, Koenraad, Ayodhya, The Finale - Science versus Secularism the Excavations Debate (2003) ISBN 81-85990-77-8
  • Elst, Koenraad, Ayodhya: The Case Against the Temple (2002) ISBN 81-85990-75-1
  • Emmanuel, Dominic. 'The Mumbai bomb blasts and the Ayodhya tangle', National Catholic Reporter (Kansas City, August 27 2003).
  • Sita Ram Goel: Hindu Temples - What Happened to Them, Voice of India, Delhi 1991. [2] Archived 2012-01-06 at the Wayback Machine. [3]
  • Harsh Narain. 1993. The Ayodhya Temple Mosque Dispute: Focus on Muslim Sources. Delhi: Penman Publishers.
  • R. Nath. Babari Masjid of Ayodhya, Jaipur 1991.
  • A.G. Noorani. 2003. The Babri Masjid Question, 1528-2003: 'A Matter of National Honour'. New Delhi: Tulika Books.
  • Rajaram, N.S. (2000). Profiles in Deception: Ayodhya and the Dead Sea Scrolls. New Delhi: Voice of India
  • Romey, Kristin M., "Flashpoint Ayodhya." Archaeology Jul/Aug2004, Vol. 57, Issue 4.
  • Thapar, Romila. 'A Historical Perspective on the Story of Rama' in Thapar (2000).
  • Thapar, Romila. Cultural Pasts: Essays in Early Indian History (New Delhi: Oxford University, 2000) ISBN 0-19-564050-0.
  • Ayodhya ka Itihas evam Puratattva— Rigveda kal se ab tak (‘History and Archaeology of Ayodhya— From the Time of the Rigveda to the Present’) by Thakur Prasad Varma and Swarajya Prakash Gupta. Bharatiya Itihasa evam Samskrit Parishad and DK Printworld. New Delhi.
  • History versus Casuistry: Evidence of the Ramajanmabhoomi Mandir presented by the Vishwa Hindu Parishad to the Government of India in December-January 1990-91. New Delhi: Voice of India.
  • Ayodhya 6 December 1992 (ISBN 0-670-05858-0) by P. V. Narasimha Rao
"https://ml.wikipedia.org/w/index.php?title=ബാബരി_മസ്ജിദ്‌&oldid=4286464" എന്ന താളിൽനിന്ന് ശേഖരിച്ചത്