പാകം ചെയ്യാത്ത മുട്ടകളുടെ വെള്ളക്കരുവിൽ അടങ്ങിയിട്ടുള്ള ഒരു പ്രോട്ടീൻ ആണ് അവിഡിൻ. സ്വതന്ത്രാവസ്ഥയിലല്ല, നൂക്ലിയിക് ആസിഡ്, കാർബൊഹൈഡ്രേറ്റ് എന്നിവയുമായി സംയോജിച്ചനിലയിലാണ് ഇത് ഉപസ്ഥിതിചെയ്യുന്നത്. സ്വതന്ത്രനിലയിൽ ഇതു വളരെ ബേസിക് ആണ്; തന്മാത്രാഭാരം 60,000-70,000 ഉണ്ടായിരിക്കും. ദീപനവ്യൂഹത്തിൽ നിന്നു ബയോട്ടിൻ എന്ന ജീവകം അകത്തേക്ക് അവശോഷണം ചെയ്യപ്പെടുന്നതിനു തടസ്സമായി നിന്നുകൊണ്ട് ഇത് ഒരു പ്രതിജീവകം ആയി പ്രവർത്തിക്കുന്നു. ബയോട്ടിൻ എന്ന ജീവകം ജന്തുക്കൾക്ക് ആഹാരത്തിലൂടെ കിട്ടിയില്ലെങ്കിലും, കുടലിലുള്ള ബാക്റ്റീരിയ ഈ പദാർഥത്തെ സംശ്ലേഷണം വഴി നിർമിച്ചു നല്കാറുണ്ട്. എന്നാൽ പാകംചെയ്യാത്ത മുട്ട കഴിക്കുമ്പോൾ അതിലെ വെള്ളയിലുള്ള അവിഡിൻ കുടലിലുള്ള ബയോട്ടിനുമായി രാസപരമായിത്തന്നെ സംയോജിക്കുകയും അങ്ങനെ ശരീരത്തിനകത്തേക്കു അവശോഷണം ചെയ്യപ്പെടുന്നതിൽനിന്ന് അതിനെ വിലക്കുകയും ചെയ്യുന്നു. ഒരു അവിഡിൻ തന്മാത്ര രണ്ടു ബയോട്ടിൻ തന്മാത്രകളുമായിട്ടാണ് സംയോജിക്കുന്നത്. മുട്ട പാകം ചെയ്യപ്പെടുമ്പോൾ അവിഡിൻ വികൃതീകരിക്കപ്പെടുകയും തൻമൂലം പ്രസ്തുത ദോഷം സംഭവിക്കാതിരിക്കുകയും ചെയ്യും.