ആംഗ് സാൻ

(Aung San എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മ്യാൻമറിലെ സ്വാതന്ത്ര്യ സമര പോരാളിയും "കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബർമ്മ "-യുടെ സ്ഥാപകനുമായിരുന്നു ബർമ്മയുടെ രാഷ്ട്ര പിതാവായി കണക്കാക്കപ്പെടുന്ന ജനറൽ ആംഗ് സാൻ( ഓങ് സാൻ). അദ്ദേഹം ബാമോയുടെ പാവഗവണ്മെന്റിൽ രാജ്യരക്ഷാ വകുപ്പു മന്ത്രി(1943-45)യായി സേവനം അനുഷ്ഠിച്ചു. ബർമീസ് സൈന്യത്തോടുള്ള ജപ്പാൻകാരുടെ പെരുമാറ്റത്തിൽ അമർഷം തോന്നിയതിനാൽ ഇദ്ദേഹം കൂറുമാറുകയും ബർമാ ദേശീയ സൈന്യം രൂപവത്കരിക്കുകയും ചെയ്തു. 1947 ജൂലൈ 19-ന് അദ്ദേഹം വധിക്കപ്പെട്ടു.പട്ടാള ഭരണകൂടത്തോട് പതിറ്റാണ്ടുകളായി ഏറ്റുമുട്ടുകയും 2012ൽപ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഓങ് സാൻ സൂ ചി , ജനറൽ ഓങ് സാൻ-ന്റെ പുത്രിയാണ്.

Aung San
အောင်ဆန်း
NicknameBuffalo General
ജനനം13 February 1915
Natmauk, Magwe, British Burma
മരണം19 July 1947 (aged 32)
Rangoon, British Burma
അടക്കം ചെയ്തത്Martyrs' Mausoleum, Myanmar
ദേശീയതBurma National Army
Anti-Fascist People's Freedom League
Communist Party of Burma
പദവിMajor General
യുദ്ധങ്ങൾWorld War II


ജീവിതരേഖ

തിരുത്തുക

1915 ഫെബ്രുവരി 13-ന് മധ്യബർമയിൽ മഗ്വെ ജില്ലയിലെ നച്ചമോക്കിൽ ജനിച്ചു. റംഗൂൺ സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ സെക്രട്ടറി എന്ന നിലയിൽ ഊനൂവുമൊന്നിച്ച് 1936 ഫെബ്രുവരി-ൽ വിദ്യാർഥിസമരം നയിച്ചു. 1938-ൽ ബിരുദം നേടിയശേഷം ഇദ്ദേഹം ഒരു വിപ്ലവസംഘടനയുടെ (Dobama Asiayon, We Burmans Association) പ്രവർത്തകനായി; 1939-ൽ അതിന്റെ സെക്രട്ടറി ജനറലുമായി. 1940-41 കാലത്ത് ഇദ്ദേഹം രഹസ്യമായി ജപ്പാനിലെത്തി സൈനിക പരിശീലനം നേടി. തിരിച്ചു നാട്ടിലെത്തിയപ്പോൾ ആംഗ് സാൻ ബർമീസ് സ്വാതന്ത്യ്രസേനയുടെ സൈന്യാധിപനായി. ഈ സൈന്യം രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ സൈന്യത്തെ സഹായിച്ചു. ജപ്പാൻകാരെ ചെറുക്കാൻ 1944-ൽ ഫാസിസ്റ്റ് വിരുദ്ധസംഘടന സ്ഥാപിക്കുകയും 1945 മാ.-ൽ സഖ്യകക്ഷികൾക്കനുകൂലമായി ജപ്പാനെതിരെ യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അതിനുശേഷം ഇദ്ദേഹം ദേശീയ സ്വാതന്ത്ര്യം നേടാനായി ഫാസിസ്റ്റ് വിരുദ്ധ ജനകീയ സ്വാതന്ത്ര്യലീഗും (Anti-Fascist People's Freedom League) ജനകീയ സന്നദ്ധസംഘടനയും (People's Volunteer league) സ്ഥാപിച്ചു. 1946 സെപ്റ്റംബർ 26-ന് ഇദ്ദേഹം ഗവർണറുടെ കൗൺസിലിലെ ഡെപ്യൂട്ടി ചെയർമാനായി. ലണ്ടൻ സന്ദർശിച്ചശേഷം ഉണ്ടാക്കിയ 'ആറ്റ്ലി-ആംഗ് സാൻ കരാറി'ൽ ഇദ്ദേഹം ഒപ്പുവച്ചു. ഒരു വർഷത്തിനുള്ളിൽ ബർമയ്ക്ക് സ്വാതന്ത്ര്യം നല്കുമെന്നതായിരുന്നു ഈ കരാറിലെ മുഖ്യ വ്യവസ്ഥ. 1947 ഏപ്രിൽ-ൽ ഭരണഘടനാനിർമ്മാണസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ആംഗ് സാന്റെ കക്ഷി 202 സ്ഥാനങ്ങളിൽ 196-ഉം കരസ്ഥമാക്കി. എക്സിക്യൂട്ടിവ് കൌൺസിൽ സമ്മേളിച്ചുകൊണ്ടിരിക്കവേ, 1947 ജൂലൈ 19-ന് ഒരു സായുധസംഘം അവിടേക്ക് പ്രവേശിക്കയും, ആംഗ് സാനെയും അദ്ദേഹത്തിന്റെ ആറു സഹപ്രവർത്തകരെയും വധിക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ പ്രതിയോഗിയായ യുസോയുടെ നിർദ്ദേശമനുസരിച്ചാണ് ആംഗ് സാനും കൂട്ടരും വധിക്കപ്പെട്ടത് എന്നു കരുതപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സാൻ, യു (1915 - 47) ആംഗ് സാൻ, യു (1915 - 47) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആംഗ്_സാൻ&oldid=2607887" എന്ന താളിൽനിന്ന് ശേഖരിച്ചത്