അത്‌ലെറ്റിക്സ്
കായികാധ്വാനം ആവശ്യമായിവരുന്ന മത്സരം എന്നാണ് അത്‌ലെറ്റിക്സിന്റെ സാമാന്യാർഥം. ഒരു സമ്മാനത്തിനുവേണ്ടി മത്സരിക്കുക എന്ന് അർഥം വരുന്ന അത് ലീൻ (Athlein) എന്ന ഗ്രീക്കു ശബ്ദത്തിൽനിന്നാണ് അത്‌ലെറ്റിക്സ് നിഷ്പന്നമായിട്ടുള്ളത്. സമനിരപ്പായ സ്ഥലത്തുകൂടെയോ തടസ്സങ്ങളെ മറികടന്നോ ഓടുകയും ചാടുകയും ചെയ്യുക, ചില പദാർഥങ്ങൾ ചുഴറ്റി എറിയുക എന്നെല്ലാമുള്ള അർഥകല്പന ഇംഗ്ലീഷിൽ ഈ പദത്തിന് സിദ്ധിച്ചിരിക്കുന്നു.
കളിയുടെ ഭരണസമിതി | IAAF |
---|---|
സ്വഭാവം | |
മിക്സഡ് | no |
വർഗ്ഗീകരണം | Outdoor or indoor |
ഒളിമ്പിക്സിൽ ആദ്യം | Present since the 1896 Olympics |
ചരിത്രം
തിരുത്തുകഈജിപ്റ്റ്കാരും മറ്റു മധ്യപൂർവദേശവാസികളും ക്രിസ്തുവിന് വളരെ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ കായികാഭ്യാസങ്ങളിൽ തത്പരരായിരുന്നു. ബി.സി. 800-ന് അടുപ്പിച്ച് സംഘടിപ്പിക്കപ്പെട്ട ഒളിമ്പിക് കായികമത്സരങ്ങളെ സംബന്ധിച്ചതാണ് പ്രാചീനതമമായ ചരിത്രരേഖ. വേഗം, ശക്തി, സാമർഥ്യം എന്നിവയ്ക്കും ചരിത്രാതീതകാലത്തുതന്നെ പ്രാധാന്യം കല്പിച്ചിരുന്നതായി ഹോമറിന്റെ ഇതിഹാസങ്ങളിലും യവന വീരേതിഹാസങ്ങളിലും കാണുന്നുണ്ട്. ബി.സി. 1000-ത്തോടടുപ്പിച്ച് ടെയിൽടീൻ (Tailltean) രാജ്ഞിയുടെ സ്മരണയ്ക്കുവേണ്ടി അയർലണ്ടിൽ നടത്തിയിരുന്ന ടെയിൽടീൻ ഗെയിംസിൽകൂടെയാണ് അത് ലെറ്റിക്സ് സംഘടിതമായി രൂപംകൊണ്ടിട്ടുള്ളതെന്ന് കരുതപ്പെടുന്നു. മാരത്തോൺ മത്സരം ബി.സി. 146-ന് മുൻപാണ് പ്രചാരത്തിൽ വന്നത്. ബി.സി. 5-ആം ശതകത്തോടുകൂടി അമച്വർ, പ്രൊഫഷണൽ എന്ന വിഭജനം അത്‌ലെറ്റിക്സിൽ ഉണ്ടായിക്കഴിഞ്ഞിരുന്നു. സാമ്പത്തികലക്ഷ്യം ഇല്ലാതെ, കേവലം കളിയിലുള്ള താത്പര്യവും വ്യക്തിപരമായ പ്രശസ്തി നേടുന്നതിനുള്ള ഔൽസുക്യവും കരുതി മത്സരിക്കുന്നവരാണ് അമച്വർ അത്‌ലെറ്റുകൾ. തങ്ങളുടെ കായികശേഷിയും കളികളിലുള്ള സാമർഥ്യവും കൊണ്ട് കായികമത്സരങ്ങളെ ഉപജീവനമാർഗ്ഗമായി കണക്കാക്കുന്നവരാണ് പ്രൊഫഷണൽ അത്‌ലെറ്റുകൾ. റോമിലെ ഗ്ളാഡിയേറ്റർമാർ പ്രൊഫഷണൽ അത് ലെറ്റുകൾക്ക് ഉദാഹരണമാണ്. താഴ്ന്ന ജനവിഭാഗങ്ങളിൽനിന്നും അടിമകളിൽനിന്നുമാണ് ഇവരെ ഏറിയകൂറും തിരഞ്ഞെടുത്തിരുന്നത്. ഈ പ്രൊഫഷണൽ അത് ലെറ്റുകൾ ഒളിമ്പിക് മത്സരങ്ങളിൽ പ്രശസ്തി നേടി. ഇത്തരം കായികമത്സരക്കാരുടെ പ്രവർത്തനങ്ങളും അഴിമതികളും നിമിത്തം എ.ഡി. 394-ൽ തിയോഡോഷ്യസ് ചക്രവർത്തി ഒളിമ്പിക് മത്സരങ്ങൾ അവസാനിപ്പിച്ചുകൊണ്ട് കല്പന പുറപ്പെടുവിച്ചു. അമച്വർമാർ ആണ് അത് ലെറ്റിക്സിൽ പങ്കെടുക്കുകയും വിജയം നേടുകയും ഒരു നല്ലപങ്ക് ലോകറെക്കാർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുള്ളത്. അമച്വർ അത് ലെറ്റുകൾ സമ്മാനപ്പണത്തിനുവേണ്ടി പ്രൊഫഷണൽ കളിക്കാരുമായി മത്സരിച്ചാൽ അവരുടെ അമച്വർ പദവി നഷ്ടപ്പെടുന്നു.
റോമാ സാമ്രാജ്യത്തിന്റെ പതനത്തോടുകൂടി (എ.ഡി. 5-ആം ശതകം) അത്‌ലെറ്റിക്സിന്റെ പതനവും ആരംഭിച്ചു. 19- ശതകംവരെ ഈ അവസ്ഥ തുടർന്നു. മധ്യകാലഘട്ടത്തിൽ പാശ്ചാത്യദേശങ്ങളിൽ മതാഘോഷങ്ങളോടനുബന്ധിച്ചും വിളവെടുപ്പുത്സവങ്ങളുടെ ഭാഗമായും ചില മത്സരങ്ങൾ നടത്തപ്പെട്ടിരുന്നു. ഗ്രാമങ്ങൾ തമ്മിലും സ്ഥാപനങ്ങൾ തമ്മിലും അന്നു നടത്തിയിരുന്ന മത്സരപ്പന്തുകളി ഇന്നത്തെ ഫുട്ബാൾ, ബേസ്ബാൾ, ടെന്നീസ് എന്നിവയുടെ മുന്നോടിയായിരുന്നു. ഇങ്ങനെ മതപരവും സാമൂഹികവുമായ ആഘോഷങ്ങളുടെ ഭാഗമായുള്ള മത്സരപ്പന്തുകളികളും മറ്റും പണ്ടുമുതൽക്കേ ഇന്ത്യയിലും പൊതുവേ നടത്തപ്പെട്ടുവന്നു. ഓണക്കാലത്ത് കേരളത്തിലെങ്ങും നടത്തപ്പെടാറുള്ള ഓണപ്പന്തുകളി (തലപ്പന്തുകളി, കുഴിപ്പന്തുകളി മുതലായവ) ഇതിനുദാഹരണമാണ്. ഇംഗ്ലണ്ടിൽ 15-ഉം 16-ഉം ശതകങ്ങളിൽ കായികമത്സരങ്ങൾക്ക് കുറച്ചു പ്രചാരമുണ്ടായി. ഹെന്ട്രി എട്ടാമൻ (1491-1547) ഒരു കായികാഭ്യാസകുതുകി ആയിരുന്നു. ഇക്കാലത്ത് ഇംഗ്ലണ്ടിൽ ഒട്ടാകെ ഹൈലാൻഡ് വിനോദങ്ങൾ (Highland games) എന്ന പേരിൽ കായികവിനോദാഭിരുചി വളർത്താനുതകുന്ന പ്രസ്ഥാനങ്ങൾ പ്രചരിച്ചു.
വ്യാവസായിക വിപ്ലവത്തിന്റെ (1760)യും, തോമസ് ആർനോൾഡ് ഇംഗ്ലീഷ് പബ്ലിക് സ്കൂളുകളിൽ കായികാഭ്യാസം ഒരു സാധാരണ പാഠ്യേതരവിഷയമാക്കിയതിന്റെ(1830)യും ഫലമായി വിക്ടോറിയൻ കാലഘട്ടത്തിൽ കായികാഭ്യാസരംഗത്തുണ്ടായ നവോത്ഥാനം 1896-ൽ ആഥൻസിൽ ഒളിമ്പിക് മത്സരങ്ങൾ പുനരാരംഭിക്കുന്നതിന് വഴിതെളിച്ചു. 19-ആം ശതകത്തിന്റെ മധ്യത്തോടെ അമച്വർ അത്‌ലെറ്റിക്സ് (Amateur athletics) ബ്രിട്ടിഷ് ദ്വീപുകളിലെ മിക്ക സർവകലാശാലാകേന്ദ്രങ്ങളും ആരംഭിച്ചു കഴിഞ്ഞിരുന്നു. ഏതാണ്ട് ഈ കാലഘട്ടത്തിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും അവരുടെ സമുദ്രാന്തര ഡൊമിനിയനുകളിലും അമേരിക്കയിലും കായികാഭ്യാസകൗതുകം സാർവത്രികമായി പരന്നു.
പരിശീലനം
തിരുത്തുകഅത് ലെറ്റുകൾക്ക് ശാരീരികമായ ശിക്ഷണത്തോടൊപ്പം തന്നെ മാനസികമായ തയ്യാറെടുപ്പുകൾക്കും പുരാതന ഗ്രീസിൽ സന്ദർഭം നല്കിയിരുന്നു. പ്രത്യേക ആഹാരക്രമങ്ങളും ബ്രഹ്മചര്യവും പരിശീലനകാലത്ത് നിർബന്ധമാക്കിയിരുന്നു. അത് ലെറ്റുകൾ ഓട്ടം, ചാട്ടം, ജാവലിൻത്രോ, ഡിസ്കസ്ത്രോ, ബോക്സിങ്, ഗുസ്തി എന്നിവയിൽ അഭ്യസനം നടത്തുന്നതോടൊപ്പം മാംസപേശികൾ ദൃഢപ്പെടുത്തുന്നതിന് ഭാരോദ്വഹനം, ഇരുമ്പുകമ്പി വളയ്ക്കൽ, കാളയെമെരുക്കൽ എന്നിവയും പരിശീലിച്ചിരുന്നു. സ്ത്രീകളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചിരുന്നില്ലെന്നു മാത്രമല്ല, പ്രേക്ഷകവിഭാഗത്തിൽപോലും ഉൾപ്പെടുത്തിയിരുന്നില്ല. മത്സരങ്ങൾക്കുമുമ്പ് അത്‌ലെറ്റുകൾ മതപരമായ ചടങ്ങുകൾ ആചരിക്കാറുണ്ടായിരുന്നു. കളിക്കാരുടെ സാങ്കേതികപരിജ്ഞാനത്തിനും പ്രത്യേക വിഭാഗം കളികളിലുള്ള പ്രാഗല്ഭ്യത്തിനുമാണ് കായികബലത്തേക്കാൾ ഇന്ന് പ്രാധാന്യം നല്കുന്നത്. ഗോൾഫ്, ബേസ്ബാൾ, ക്രിക്കറ്റ് എന്നീയിനങ്ങളിലെല്ലാം തന്നെ സാങ്കേതിക പരിജ്ഞാനത്തിനാണ് പ്രാധാന്യം. കളികളിൽ പങ്കെടുക്കുന്നവരെ മാനസികമായും ശാരീരികമായും ചിട്ടപ്പെടുത്തുകയാണ് ആധുനിക പരിശീലനത്തിന്റെയും ഉദ്ദേശ്യം. കായികശിക്ഷണ(Physical education)ത്തിനുള്ള ഒരു വകുപ്പ് ആദ്യമായി ആരംഭിച്ചത് ഫ്രാൻസാണ്. 1958-ൽ ഇത് ഒരു പ്രത്യേക മന്ത്രാലയത്തിന്റെ (ഹൈക്കമ്മീഷൻ ഫോർ ദ് യൂത്ത് ആൻഡ് സ്പോർട്ട്സ്)കീഴിലാക്കുകയുണ്ടായി. ഇന്ന് എല്ലാ സംഘടനകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേർന്ന് കായികശിക്ഷണവകുപ്പും പ്രവർത്തിക്കുന്നുണ്ട്. മത്സരരംഗത്തുനിന്നും പിൻമാറുന്ന പ്രൊഫഷണൽ അത് ലെറ്റുകളാണ് സാധാരണയായി ചെറുപ്പക്കാരുടെ പരിശീലകന്മാരായി മാറുന്നത്. പരിശീലനം തുടങ്ങുന്നതിനുമുമ്പും പരിശീലനകാലത്തും അത്‌ലെറ്റുകൾക്ക് വൈദ്യപരിശോധനയും പരിചരണവും ലഭിക്കുന്നു. കായികമത്സരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും അധികം പരിശീലനം ആവശ്യമായത് ഓട്ടത്തിനാണ്. ബാറ്റ്മിന്റൻ, ക്രിക്കറ്റ് എന്നിവയിൽ ഓരോ അത് ലെറ്റിനേയും പ്രത്യേകം പ്രത്യേകം പരിശീലിപ്പിച്ചതിനുശേഷമാണ് ഒന്നിച്ചു കളിക്കാൻ അനുവദിക്കുന്നത്.
അത്‌ലെറ്റിക് സംഘടനകൾ
തിരുത്തുക19-ആം ശതകത്തിന്റെ ഉത്തരാർധത്തിലാണ് അത് ലെറ്റിക് സംഘടനകൾ രൂപംകൊണ്ടു തുടങ്ങിയത്. 1880-ൽ ബ്രിട്ടനിൽ അമച്യുർ അത്‌ലെറ്റിക് അസോസിയേഷൻ (A.A.A) രൂപംകൊണ്ടു. 1887-ൽ ന്യൂസിലൻഡ് അമച്യുർ അത്‌ലെറ്റിക് അസോസിയേഷനും 1888-ൽ ബൽജിയത്തിലും 1895-ൽ ദക്ഷിണാഫ്രിക്കയിലും സ്വീഡനിലും 1897-ൽ ആസ്ട്രേലിയ, ചെക്കോസ്ലവാക്യ, ഗ്രീസ്, ഹംഗറി എന്നീ രാജ്യങ്ങളിലും 1898-ൽ ഇറ്റലിയിലും ജർമനിയിലും അത്‌ലെറ്റിക് അസോസിയേഷനുകൾ രൂപമെടുത്തു. 1912-ൽ അന്താരാഷ്ട്ര അത്‌ലെറ്റിക് ഫെഡറേഷൻ സ്ഥാപിതമായി. വിവിധ ദേശീയമാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രൊഫഷണൽ അത്‌ലെറ്റിക്സ്, വിമൻസ് അമച്വർ അത്‌ലെറ്റിക്സ്, സ്കൂൾ അത്‌ലെറ്റിക്സ്, ജൂനിയർ അത്‌ലെറ്റിക്സ് എന്നിങ്ങനെ വിവിധ ഘടകങ്ങൾ ഇതിൽ പെടുന്നു.
ഇന്ത്യയിൽ
തിരുത്തുകഈജിപ്റ്റിലും ഗ്രീസിലും എന്നപോലെ ഇന്ത്യയിലും വേദങ്ങളുടെ കാലത്തുതന്നെ ശരീരപോഷണത്തിന് പ്രാധാന്യം കല്പിച്ചിരുന്നുവെന്ന് ശാസ്ത്രങ്ങളും ഇതിഹാസങ്ങളും തെളിയിക്കുന്നു. അസ്ത്രപ്രയോഗം, വെടിവയ്പ്, വാൾപ്പയറ്റ്, കുതിരയോട്ടം, നായാട്ട് തുടങ്ങിയ മത്സരങ്ങൾ യുദ്ധസംബന്ധിയായ അവയുടെ പ്രയോജനത്തെ കണക്കാക്കി രാജാക്കന്മാരും നാടുവാഴികളും പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഒളിമ്പിക് പ്രസ്ഥാനം ആദ്യമായി ഉടലെടുത്തത് 1928-ലാണ്. 1946-ൽ അമച്വർ അത്‌ലെറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ നിലവിൽവന്നു. ഗുരുദത്ത് സോന്ധിയാണ് ഇന്ത്യൻ അത്‌ലെറ്റിക്സിന്റെ പിതാവ്.
അമച്വർ അത്‌ലെറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ മേൽനോട്ടത്തിലും 1960-ൽ സ്ഥാപിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പോർട്ട്സിന്റെ സഹകരണത്തിലും ഇന്ത്യയിൽ അത് ലെറ്റിക്സ് ഗണ്യമായ പുരോഗതി നേടി. വർഷംതോറും അന്തർസംസ്ഥാനമീറ്റുകളും അഖിലേന്ത്യാ ഓപ്പൺ മീറ്റുകളും സംഘടിപ്പിക്കാറുണ്ട്. പ്രതിരോധം, പോലീസ്, റെയിൽവേ, കമ്പിത്തപാൽ, സിവിൽ സർവീസ് എന്നീ വകുപ്പുകളും സർവകലാശാലകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാ വർഷങ്ങളിലും അത്‌ലെറ്റിക് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും സംസ്ഥാന സ്പോർട്ട്സ് കൌൺസിലിന്റെ കീഴിൽ ഒരു അമച്വർ അത് ലെറ്റിക്സ് അസോസിയേഷൻ രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്. ഇത് അമച്വർ അത്‌ലെറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സംഘടനയുടെ കീഴിൽ എല്ലാ ജില്ലകളിലും പ്രത്യേകം പ്രത്യേകം അസോസിയേഷനുകളുണ്ട്.
ഏറ് മത്സരങ്ങൾ (ജാവലിൻ, ഡിസ്കസ്, ഹാമർ), ഓട്ടമത്സരങ്ങൾ, കുതിരപ്പന്തയം (Steeple Chasing), ചാട്ടമത്സരങ്ങൾ, നടപ്പ് മത്സരങ്ങൾ, ഭാരോദ്വഹനം എന്നിവയാണ് പ്രധാനപ്പെട്ട കായികാഭ്യാസയിനങ്ങൾ.
പുറംകണ്ണികൾ
തിരുത്തുക- അത്‌ലെറ്റിക്സ് ചിത്രങ്ങൾ
- ഇന്ത്യൻ അത്ലെറ്റ്
- അത്‌ലെറ്റിക്സ് ട്രാക് ആൻഡ് ഫീൽഡ് ഉപകരണങ്ങൾ
- ഏഷ്യൻ അത്‌ലെറ്റിക്സ് അസോസിയേഷൻ
- ഉഷ സ്കൂൾ ഒഫ് അത്‌ലെറ്റിക്സ്
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അത്‌ലെറ്റിക്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |