അപ്പു നെടുങ്ങാടി

(Appu Nedungadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സാഹിത്യത്തിൽ നോവൽ വിഭാഗത്തിൽ വളരെയധികം സംഭാവനകൾ നൽകിയ ഒരു വ്യക്തിയായിരുന്നു അപ്പു നെടുങ്ങാടി. മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന കുന്ദലതയുടെ കർത്താവ്, ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ, മലബാറിലെ ആദ്യ ക്ഷീരവ്യവസായ കമ്പനിയുടെ സ്ഥാപകൻ, അച്യുതൻ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥാപകൻ, അഭിഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അപ്പു നെടുങ്ങാടി[1].

അപ്പു നെടുങ്ങാടി
തൊഴിൽനോവലിസ്റ്റ്, ഉപന്യാസകാരൻ
ശ്രദ്ധേയമായ രചന(കൾ)കുന്ദലത

ജീവിതരേഖ

തിരുത്തുക

കോഴിക്കോട് സാമൂതിരിക്കോവിലകത്തെ മൂന്നാംകൂർവാഴ്ചയായ പടിഞ്ഞാറേ കോവിലകത്ത് മാനവിക്രമൻ തമ്പുരാന്റെയും ടി എം കുഞ്ചുക്കുട്ടിക്കോവിലമ്മയുടെയും മകനായി 1863 ഒക്ടോബർ 11-നു് ഒറപ്പാലത്ത് കോതകുറുശ്ശി അംശത്തിൽ ഉള്ള തലക്കൊടിമഠത്തിൽ(അമ്മ വീട്) ജനിച്ചു. ഇദ്ദേഹത്തിനു 13 വയസ്സുള്ളപ്പോൾ അച്ഛനും പിന്നീട് ഒരു വർഷം കഴിഞ്ഞതിനു ശേഷം അമ്മയും മരിച്ചു. ശേഷം സ്വന്തം വീടു വിട്ട് അമ്മാവന്റെ വീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം.

കോഴിക്കോട് ഗവണ്മെന്റ് സ്കൂളിലും കേരളവിദ്യാശാലയിലും (പിൽക്കാലത്തെ സാമൂതിരി-ഗുരുവായൂരപ്പൻ കോളേജ്) പഠിച്ച് എഫ് എ ബിരുദം നേടി. മദ്രാസിൽനിന്ന് ബി.എ. ബിരുദം സമ്പാദിച്ചശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്കൂൾ അദ്ധ്യാപകനായി. നെല്ലായി കിഴക്കെപ്പാട്ട് കേളു ഏറാടി (അമ്മാവൻ)യുടെ മകൾ മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് പതിനൊന്നു മക്കളാണ് ഉണ്ടായത്.

മദ്രാസ് ക്രിസ്ത്യൻ കോളജിൽ ട്യൂട്ടറായിരിക്കെ ബി.എൽ. പരീക്ഷ ജയിച്ചു. ബാങ്കിങ്ങും പഠിച്ചു. ഇംഗ്ലീഷ് സാഹിത്യവുമായി ഗാഢബന്ധത്തിലായിരുന്ന ഇക്കാലത്താണ് കുന്ദലത രചിക്കുന്നത്. ബി.എൽ. പരീക്ഷയിൽ ആദ്യമുണ്ടായ പരാജയത്തിൽനിന്ന് രക്ഷനേടാനാണ് കുന്ദലത രചിച്ചതെന്നു പറയാം.

1888-ൽ കോഴിക്കോട്ട് ബാറിൽ അഡ്വക്കേറ്റായി ചേർന്നു. 1897-ൽ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസാരംഭിച്ചെങ്കിലും അനാരോഗ്യംമൂലം തിരിച്ചുപോന്നു. പിന്നീട് വ്യവസായകാര്യങ്ങളിൽ ശ്രദ്ധചെലുത്തി. മലബാറിലെ ആദ്യത്തെ ക്ഷീരവ്യവസായക്കമ്പനി സ്ഥാപിക്കുന്നത് അപ്പു നെടുങ്ങാടിയാണ്. ക്ഷീരവ്യവസായത്തിനുപുറമേ, ജൗളി, കൊപ്രാ, സ്റ്റേഷനറി എന്നിവയുടെ വിപണനത്തിലും ഇദ്ദേഹം വ്യാപൃതനായി. വമ്പിച്ച നഷ്ടമാണ് എല്ലാ രംഗങ്ങളിലും സംഭവിച്ചതെങ്കിലും ഇദ്ദേഹത്തിന്റെ വ്യവസായഭ്രമം ഈ പരാജയങ്ങളെ നേരിടുവാൻ സഹായിച്ചു.

1899-ൽ കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യബാങ്കായ നെടുങ്ങാടി ബാങ്ക് ആരംഭിച്ചു. നെടുങ്ങാടി ബാങ്ക് 1913-ൽ രജിസ്റ്റേർഡു കമ്പനിയായുയർന്നു. 1906 മുതൽ തുടർന്നുവന്ന കോഴിക്കോട്ടെ പബ്ളിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച് 1915-ൽ അദ്ദേഹം ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി. തെക്കേ ഇന്ത്യയിലെ മികച്ച ബാങ്കുകളിലൊന്നായിരുന്നു, അക്കാലത്തു നെടുങ്ങാടി ബാങ്ക്.

കോഴിക്കോട് നഗരസഭയിൽ അംഗമായ അപ്പു നെടുങ്ങാടി 1918-19 കാലത്ത് അതിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് അനുകൂലിയായിരുന്ന നെടുങ്ങാടിക്ക് 1919-ൽ റാവുബഹദൂർ ബഹുമതി ലഭിച്ചു.

  • 1863 ജനനം
  • 1887 കുന്ദലത
  • 1889 നെടുങ്ങാടി ബാങ്ക് തുടങ്ങി
  • 1906 കോഴിക്കോട് പബ്ലിക് പ്രോസിക്യൂട്ടർ
  • 1913 ബാങ്ക് ലിമിറ്റഡ് കമ്പനിയായി
  • 1918-19 നഗരസഭാദ്ധ്യക്ഷൻ
  • 1933 മരണം

സാമൂഹിക-സാഹിത്യപ്രവർത്തനങ്ങൾ

തിരുത്തുക

അപ്പു നെടുങ്ങാടി, ഒരു വിദ്യാഭ്യാസപ്രവർത്തകൻ കൂടിയായിരുന്നു. ഇദ്ദേഹം സ്ത്രീവിദ്യാഭ്യാസ പുരോഗതിക്കായി ഒരു സമിതി (സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് എജുക്കേഷൻ ഓഫ് വിമൻ) സംഘടിപ്പിച്ച് അതിന്റെ ആഭിമുഖ്യത്തിൽ ചാലപ്പുറത്ത് ഒരു ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളപത്രികയുടെ തുടക്കക്കാരിൽ ഒരാളായിരുന്നു നെടുങ്ങാടി. കേരള സഞ്ചാരി (കോഴിക്കോട്), വിദ്യാവിനോദിനി (തൃശൂർ) എന്നീ പത്രമാസികകളിലും ഉടമസ്ഥത വഹിച്ചു. കുന്ദലതയും ഒരു പാഠാവലിയും മാത്രമേ അപ്പു നെടുങ്ങാടിയുടെ കൃതികളായുള്ളൂ. 1887-ൽ ഇംഗ്ലീഷ് നോവൽ രീതിയിൽ രചിച്ച കുന്ദലത ഒന്നുതന്നെ അദ്ദേഹത്തിന് മലയാളസാഹിത്യചരിത്രത്തിൽ ശാശ്വതപദവി നേടിക്കൊടുത്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനുദ്ദേശിച്ച് അപ്പു നെടുങ്ങാടി ചാലപ്പുറത്തു സ്ഥാപിച്ച പെൺപള്ളിക്കൂടമാണ് പിന്നീട് ഗവ അച്യുതൻ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളായി മാറിയത്. കോഴിക്കോട് മുൻസിപ്പൽ കൗൺസിലിന്റെ അന്നത്തെ ചെയർമാനായിരുന്ന അച്യുതൻ വക്കീലിന്റെ മുൻകൈ പ്രവർത്തനം മൂലമാണ് സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുന്നത്. ഇക്കാരണത്താലാണ് പൊതുജനാഭ്യർഥന പ്രകാരം വിദ്യാലയത്തിന് അച്യുതൻ ഗേൾസ് എന്നു പേരു വന്നത്.

പ്രമേഹം ബാധിച്ച് കിടപ്പിലായ അപ്പു നെടുങ്ങാടി 1933 നവംബർ 7-ന് അന്തരിച്ചു.

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 700. 2011 ജൂലൈ 25. Retrieved 2013 മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=അപ്പു_നെടുങ്ങാടി&oldid=3623217" എന്ന താളിൽനിന്ന് ശേഖരിച്ചത്