1899-ൽ അപ്പു നെടുങ്ങാടി കോഴിക്കോട് ആസ്ഥാനമായി സ്ഥാപിച്ച ഒരു സ്വകാര്യ ബാങ്കായിരുന്നു നെടുങ്ങാടി ബാങ്ക്. ദക്ഷിണേന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ ബാങ്കായിരുന്നു ഇത്. അന്ന് ഗവൺമെന്റ് സ്ഥാപനമായ ഇമ്പീരിയൽ ബാങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1913-ൽ നെടുങ്ങാടി ബാങ്കിനെ കമ്പനിയായി രജിസ്റ്റർ ചെയ്യുകയും[1], അപ്പു നെടുങ്ങാടി അതിന്റെ ഡയറക്ടറായി സ്ഥാനമേൽക്കുകയും ചെയ്തു.

1965-ൽ കോയമ്പത്തൂർ നാഷണൽ ബാങ്ക് ലിമിറ്റഡിനെ ഏറ്റെടുത്തു. ഈ ബാങ്കിനു ഇന്ത്യയിലൊട്ടാകെ 174 ശാഖകളുണ്ടായിരുന്നു. ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഈ ബാങ്കിനു ശാഖകളുണ്ടായിരുന്നു.

2002-ൽ ജോയന്റ് പാർലമെന്റ് കമ്മറ്റി നെടുങ്ങാടി ബാങ്കിന്റെ പ്രവർത്തനങ്ങളിൽ അപാകതകൾ കണ്ടെത്തി. 2003-ൽ പഞ്ചാബ് നാഷണൽ ബാങ്ക് നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്തു. പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിക്കുന്ന സമയത്ത് നെടുങ്ങാടി ബാങ്കിന്റെ ഷെയർ വില പൂജ്യമായിരുന്നു. ഇതു കാരണം നെടുങ്ങാടി ബാങ്കിന്റെ ഷെയർ കൈവശം വെച്ചിരുന്നവർക്ക് ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചപ്പോൾ ഒരു വിഹിതവും ലഭിച്ചില്ല.

  1. http://www.source2update.com/Company-History/Nedungadi-Bank-NEDBAN.html


"https://ml.wikipedia.org/w/index.php?title=നെടുങ്ങാടി_ബാങ്ക്&oldid=1750986" എന്ന താളിൽനിന്ന് ശേഖരിച്ചത്