അന്നാ കരേനിന
ലിയോ ടോൾസ്റ്റോയ് എഴുതിയ വിഖ്യാത റഷ്യൻ നോവൽ . പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ സാമൂഹിക ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ചില കുടുംബങ്ങളുടെ കഥകൾ കൂട്ടിയിണക്കിയതാണ് ഇതിവൃത്തം. പത്തൊൻപതാം നൂറ്റാണ്ടിലെ തന്നെ മറ്റൊരു പ്രശസ്ത നോവലായ ഗുസ്താവ് ഫ്ലോബേറിന്റെ (Gustav Flaubert)മദാം ബോവറിയെപ്പോലെ, സ്നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയിൽ വിവാഹേതരപ്രണയത്തിലേക്കും അവിശ്വസ്തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് നോവൽ പറയുന്നത്.[1]
കർത്താവ് | ലിയോ ടോൾസ്റ്റോയ് |
---|---|
യഥാർത്ഥ പേര് | Анна Каренина |
പരിഭാഷ | Constance Garnett (initial) |
രാജ്യം | റഷ്യ |
ഭാഷ | റഷ്യൻ |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | The Russian Messenger |
പ്രസിദ്ധീകരിച്ച തിയതി | 1877 |
മാധ്യമം | Print (Serial) |
ഏടുകൾ | 864 |
ISBN | 978-1-84749-059-9 |
OCLC | 220005468 |
കഥാസംഗ്രഹം
തിരുത്തുക“ | സന്തുഷ്ടകുടുംബങ്ങളെല്ലാം ഒരേ മട്ടാണ്, എന്നാൽ ഓരോ അസന്തുഷ്ടകുടുംബവും അസന്തുഷ്ടമായിരുക്കുന്നത് അതിന്റെ പ്രത്യേക വഴിക്കാണ്[൧] | ” |
എന്ന പ്രശസ്തമായ വാക്യത്തിൽ തുടങ്ങുന്ന നോവൽ, കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിന്റെ അർത്ഥത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥയും പറയുന്നുണട്. തീവണ്ടിക്കുമുൻപിൽ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലാണ് അന്നാ കരേനിനയുടെ പ്രസിദ്ധമായ ദുരന്തസമാപ്തി.[2]
പീറ്റേഴ്സ് ബർഗിലെ ഒരുയർന്ന ഉദ്യോഗസ്ഥന്റെ ഭാര്യയായ അന്നാ കരേനിന മോസ്‌കോവിൽ വച്ച് വ്രോൺസ്കി എന്നൊരാളുടെ കാമുകിയായിത്തീർന്നു. അവരുടെ അവിഹിതബന്ധം അന്നയുടെ കുടുംബജീവിതം തകർത്തു. ഒടുവിൽ വോൺസ്കിയിൽ ദുശ്ശങ്ക തോന്നിയ അവൾ ആത്മഹത്യ ചെയ്തു. ഈ ദുരന്തകഥയ്ക്ക് സമാന്തരമായി ലെവിൻ എന്നൊരാളുടെ ആദർശപൂർണമായ കുടുംബജീവിതത്തിന്റെ കഥയും അവതരിപ്പിച്ചിരിക്കുന്നു. പരസ്പരം സ്‌നേഹിക്കുകയും തെറ്റുകൾ പൊറുക്കുകയും ചെയ്യുന്ന മനുഷ്യാത്മാക്കളാണ് ആ കുടുംബത്തിലുള്ളത്. ലെവിന്റെ കഥയിൽ ടോൾസ്റ്റോയിയുടെ ജീവിതകഥ പ്രതിഫലിക്കുന്നതായി കരുതപ്പെടുന്നു.
മഹത്ത്വം
തിരുത്തുകവിശ്വസാഹിത്യത്തിലെ ഏറ്റവും മഹത്തായ സൃഷ്ടികളിലൊന്നായി കരുതപ്പെടുന്ന `അന്ന കരേനിന' ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലും വിവർത്തനം ചെയ്യ പ്പെട്ടിട്ടുണ്ട്. പിന്നീടുണ്ടായ ആത്മീയ പ്രതിസന്ധിയുടെ അവസാനം പഴയതരം കഥകൾ എഴുതുന്നത് നിർത്തിയപ്പോൾ ടോൾസ്റ്റൊയി പറഞ്ഞത്, തനിക്ക് എഴുതാനുണ്ടായിരുന്നതൊക്കെ, അന്നാ കരേനിനയിൽ എഴുതിയിട്ടുണ്ട് എന്നാണ്. ഹോളിവുഡിന്റെ ഇഷ്ടകഥകളിലൊന്നായ അന്നാ കരേനിന, പലവട്ടം അവിടെ ചലച്ചിത്രവൽക്കരിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഏറെ പ്രശസ്തമായ ചലചിത്രാവിഷ്കരണങ്ങളിലൊന്നിൽ അന്നയായി അഭിനയിച്ചത് പ്രഖ്യാത നടി ഗ്രെറ്റ ഗാർബോ ആയിരുന്നു. 2007 ജനുവരിയിൽ അമേരിക്കയിലെ ടൈം മാസിക അന്നാ കരേനിന, യുദ്ധവും സമാധാനവും എന്നിവയെ എല്ലാക്കാലത്തേയും ഏറ്റവും നല്ല പത്തു നോവലുകളിൽ യഥാക്രമം ഒന്നാമത്തേതും മൂന്നാമത്തേതും ആയി വിലയിരുത്തി.[3]
കുറിപ്പുകൾ
തിരുത്തുക൧ ^ "Happy families are alike; but every unhappy family is unhappy in its own way" എന്ന് ആംഗലം.
അവലംബം
തിരുത്തുക- ↑ Books and Writers Lev Tolstoi Archived 2008-04-09 at the Wayback Machine.
- ↑ Gret Books Index അന്നാ കരേനിന ഓൺലൈൻ Archived 2008-05-01 at the Wayback Machine.
- ↑ The literature network