ആനന്ദമോഹൻ ബോസ്
ബ്രിട്ടീഷ് രാജ് ഭരണകാലത്തിലെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഒരു ബാരിസ്റ്ററുമായിരുന്നു ആനന്ദ മോഹൻ ബോസ് (ബംഗാളി: আনন্দমোহন বসু) (23 സെപ്റ്റംബർ 1847 – 20 ഓഗസ്റ്റ് 1906). ഇന്ത്യൻ നാഷണൽ അസോസിയേഷൻ എന്ന സംഘടനയുടെ സ്ഥാപകനായിരുന്ന ആനന്ദമോഹൻ ബോസ്, പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി. 1874-ൽ ആദ്യത്തെ ഇന്ത്യക്കാരനായ റാങ്‌ളർ (കേംബ്രിഡ്ജ് സർവകലാശാലയിൽനിന്നും ഗണിതശാസ്ത്രബിരുദ പഠനത്തിൽ മൂന്നാം വർഷം പൂർത്തിയാക്കുകയും ഫസ്റ്റ് ക്ലാസ് ഓണേഴ്സ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാർത്ഥി) ആയി മാറി. ബ്രഹ്മോയിസത്തിന്റെ പ്രാദേശിക നേതാവും, ശിവാനന്ദ് ശാസ്ത്രിയോടൊപ്പം ആദി ധർമ്മത്തിന്റെ നേതാവുമായിരുന്നു ബോസ്. [1][2] 1898-ൽ മദ്രാസിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ആനന്ദമോഹൻ ബോസ് | |
---|---|
ജനനം | 23 സെപ്റ്റംബർ 1847 |
മരണം | 20 ഓഗസ്റ്റ് 1906 |
തൊഴിൽ | രാഷ്ട്രീയ പ്രവർത്തകൻ, സാമൂഹ്യപരിഷ്കർത്താവ് |
ആദ്യകാല ജീവിതം
തിരുത്തുകബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രവിശ്യയിലെ മിമേൻസിങ് ജില്ലയിലെ ജയ്‌സിദ്ധി ഗ്രാമത്തിൽ (ഇപ്പോൾ ബംഗ്ലാദേശിലെ കിഷോർഗഞ്ച് ജില്ലയിലെ ഇത്‌നാ ഉപസിലയിൽ സ്ഥിതി ചെയ്യുന്നു.) പദ്‌മലോചൻ ബോസ്, ഉമാകിഷോരി ദേവി എന്നിവരുടെ മകനായാണ് ആനന്ദമോഹൻ ജനിച്ചത്. മേമെൻസിങ് ജില്ലാ സ്കൂളിൽ നിന്നും മെട്രിക്കുലേഷൻ പരീക്ഷ വിജയിച്ചു. കൽക്കട്ടയിലെ പ്രസിഡൻസി കോളേജിൽ നിന്നും എഫ്.എ, ബി.എ പരീക്ഷകളും വിജയിച്ചു. ഈ രണ്ട് പരീക്ഷകളിലും ഒന്നാം റാങ്കോടുകൂടിയാണ് ആനന്ദമോഹൻ വിജയിച്ചത്. 1870-ൽ പ്രേംചന്ദ് റോയ്‌ചന്ദ് സ്റ്റുഡന്റ്ഷിപ്പ് ലഭിച്ചു. തുടർന്ന് 1878-ൽ കേശബ് ചന്ദ്ര സെന്നിനോടൊപ്പം ഇംഗ്ലണ്ടിലേക്ക് ഉപരിപഠനത്തിനായി പോയി.
സാധാരൺ ബ്രഹ്മ സമാജ്
തിരുത്തുകസ്കൂൾ പഠനകാലം മുതൽ ബ്രഹ്മ ധർമ്മത്തോട് ആനന്ദമോഹൻ ബോസ് ആഭിമുഖ്യം പുലർത്തിയിരുന്നു. 1869-ൽ കേശബ് ചന്ദ്ര സെന്നിന്റെ സഹായത്തോടെ ആനന്ദമോഹനും ഭാര്യയായ സ്വർണപ്രഭാ ദേവിയും (ജഗദീഷ് ചന്ദ്ര ബോസിന്റെ സഹോദരി) ഔദ്യോഗികമായി ബ്രഹ്മ മതത്തിലേക്ക് പരിവർത്തനം ചെയ്തു. ബ്രഹ്മ സമാജത്തിലെ യുവാക്കളായ അംഗങ്ങൾ ശൈശവവിവാഹം, സംഘടനയുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേശബ് ചന്ദ്ര സെന്നുമായി അഭിപ്രായഭിന്നതകൾ പുലർത്തിയിരുന്നു. ഇതിനെത്തുടർന്ന് 1878 മേയ് 15-ന് കേശബ് ചന്ദ്ര സെൻ, ശിബ്‌നാഥ് ശാസ്ത്രി, ശിവ ചന്ദ്ര ദേബ്, ഉമേഷ് ചന്ദ്ര ദത്ത എന്നിവർ ചേർന്നുകൊണ്ട് സാധാരൺ ബ്രഹ്മ സമാജ് എന്ന പുതിയ സംഘടനയ്ക്ക് രൂപം നൽകി. ഈ സംഘടനയുടെ ആദ്യ പ്രസിഡന്റായി ആനന്ദമോഹൻ തിരഞ്ഞെടുക്കപ്പെട്ടു. 1879 ഏപ്രിൽ 27-ന് സാധാരൺ ബ്രഹ്മ സമാജിന്റെ വിദ്യാർത്ഥി സംഘടനയായ ഛാത്ര സമാജ് രൂപീകരിച്ചു. ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി 1879-ൽ കൽക്കട്ടയിൽ സിറ്റി കോളേജ് എന്ന വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചു.
രാഷ്ട്രീയ ജീവിതം
തിരുത്തുകകൊൽക്കത്തയിലെ സിറ്റി സ്കൂളിന്റെയും സിറ്റി കോളേജിന്റെയും സ്ഥാപകനായിരുന്നു ആനന്ദമോഹൻ. വിദ്യാർത്ഥികൾക്കിടയിൽ ദേശീയത പ്രചരിപ്പിക്കുന്നതിനായി സുരേന്ദ്രനാഥ് ബാനർജി, ശിബ്‌നാഥ് ശാസ്ത്രി എന്നിവരോടൊപ്പം ചേർന്ന് സ്റ്റുഡന്റ്സ് അസോസിയേഷൻ എന്ന പേരിൽ സംഘടന രൂപീകരിക്കുകയും ഇവരുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കൽക്കട്ട സർവകലാശാലയുമായി സഹകരിച്ചിരുന്ന ആനന്ദമോഹൻ ബോസ്, എഡ്യുക്കേഷൻ കമ്മീഷനിലെ അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിദ്യാഭ്യാസ കാലത്തുതന്നെ ആനന്ദമോഹൻ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്നു. ഇംഗ്ലണ്ടിൽ താമസിക്കുന്നതിനിടെ, മറ്റു ഇന്ത്യക്കാരോടൊപ്പം ചേർന്ന് ഇന്ത്യ സൊസൈറ്റി എന്ന സംഘടന രൂപീകരിച്ചു. ശിശിർ കുമാർ ഘോഷ് സ്ഥാപിച്ച ഇന്ത്യൻ ലീഗ് എന്ന സംഘടയിലും ആനന്ദമോഹൻ ബോസ് പ്രവർത്തിച്ചിരുന്നു. 1884 വരെ ഇന്ത്യൻ അസോസിയേഷന്റെ സെക്രട്ടറിയും തുടർന്ന് മരിക്കുന്നതുവരെ സംഘടനയുടെ പ്രസിഡന്റുമായിരുന്നു. വെർണാക്കുലർ പ്രസ് നിയമത്തിനെതിരെയും സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരമാവധി പ്രായം കുറച്ചതിനെതിരെയുമുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിരുന്നു. 1905-ൽ ഫെഡറേഷൻ ഹാളിൽ വച്ചുനടന്ന ബംഗാൾ വിഭജനത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രധാന നേതാവായിരുന്നു ബോസ്. എന്നാൽ ഈ ചടങ്ങിൽ ബോസിന്റെ സന്ദേശം, വേദിയിൽ രബീന്ദ്രനാഥ് ടാഗോർ വായിക്കുകയുണ്ടായി.
അവലംബം
തിരുത്തുക- ↑ Islam, Sirajul (2012). "Bose, Ananda Mohan". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
- ↑ Ananda Mohan Bose Britannica.com.
- Ananda Mohan Bose Archived 2012-03-31 at the Wayback Machine. W.B.P.C.C. website